Mortui vivos docent

 

സഖാവ് ജോസഫൈന്റെ മരണം തികച്ചും യാദൃശ്ചികമായിരുന്നു. അവരുടെ രാഷ്ട്രീയത്തോടും വ്യക്തിത്വത്തോടും എതിർപ്പുള്ളവരിൽ ചിലർ സോഷ്യൽ മീഡിയയിൽ സന്ദർഭോചിതമല്ലാതെ പെരുമാറുന്നതും കാണാം. ആരു മരിച്ചാലും ഇതൊക്കെ ഇക്കാലത്ത് സ്വാഭാവികമാണെന്ന് കരുതാനെ പറ്റൂ.

എന്നാൽ അത്ര സ്വാഭാവികമല്ലാത്ത മറ്റൊരു മാതൃക ജോസഫൈന്റെ മരണം നമ്മുടെ മുന്നിൽ വയ്ക്കുന്നുണ്ട്. മരണശേഷം, ചാരമായോ പുഴുവരിച്ചോ മണ്ണിൽ ചേരേണ്ട തന്റെ മൃതശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടു നൽകുക എന്ന മാതൃക. ഇതാദ്യമായൊന്നുമല്ല ഒരാൾ മൃതദേഹം പഠനാവശ്യത്തിന് നൽകുന്നത്. പ്രശസ്തരും അല്ലാത്തവരും ആയ പലരും അത് ചെയ്തിട്ടുണ്ട്. പക്ഷെ, സമൂഹം കൂടുതൽ ശ്രദ്ധിക്കുന്നവർ ചെയ്യുമ്പോൾ, അക്കാര്യം ഒരുപാടാളുകളിലേക്കെത്തും.

മരണാനന്തര അവയവദാനം പോലെ തന്നെ പ്രോത്സാഹിപ്പിക്കേണ്ടതും പ്രകീർത്തിക്കപ്പെടേണ്ടതുമായ ഒന്നാണ് ഈ മൃതദേഹദാനവും. മരണാനന്തര അവയവദാനത്തെ പറ്റി നമുക്കിപ്പോൾ ചെറിയ ചില ധാരണകളെങ്കിലും ഉണ്ട്. എന്നാൽ മൃതദേഹം ദാനം ചെയ്യുന്നതെങ്ങനെയാണ്? യഥാർത്ഥത്തിൽ അവയവദാനത്തേക്കാൾ എളുപ്പമാണിത്.

അതിനാകെ വേണ്ടത്, "ജീവിച്ചിരിക്കുമ്പോഴേ അതിനുള്ള സമ്മതം നൽകുക എന്നതാണ്"

നിങ്ങൾക്കാർക്കെങ്കിലും അങ്ങനൊരു ആഗ്രഹം മനസിലുണ്ടെങ്കിൽ അതാദ്യം ഏറ്റവും വേണ്ടപ്പെട്ടവരോട് പറഞ്ഞു വയ്ക്കുക. അത്, പങ്കാളിയോ മക്കളോ സഹോദരങ്ങളോ സുഹൃത്തുക്കളോ ആരോ ആവാം. അവർ നിങ്ങളുടെ മരണശേഷം ആ വിവരം അടുത്തുള്ള മെഡിക്കൽ കോളേജിൽ അറിയിച്ച്, മൃതദേഹം രേഖാമൂലം കൈമാറിയാൽ മാത്രം മതി. മറ്റൊരു രീതി, നിങ്ങളുടെ ആഗ്രഹം, സമ്മതപത്രമായി ഒരു 100 രൂപ സ്റ്റാമ്പ് പേപ്പറിൽ എഴുതി അടുത്തുള്ള മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിൽ ഏൽപ്പിക്കുക എന്നതാണ്. അപ്പോഴും അക്കാര്യം രഹസ്യമായി ചെയ്തിട്ട് കാര്യമില്ല. നിങ്ങളുടെ അടുത്ത ബന്ധുക്കൾ അതറിഞ്ഞിരിക്കണം. കാരണം, മരിച്ച ശേഷം അവരാണല്ലോ മൃതദേഹം അവിടെ എത്തിക്കേണ്ടത്.കഴിഞ്ഞാഴ്ച, ഒരു അധ്യാപിക തന്റെ റിട്ടയർമെന്റിന്റെ ഭാഗമായി അവരുടെ കുടുംബത്തിലെ എല്ലാവരും മരണാനന്തരം മൃതദേഹം മെഡിക്കൽ കോളേജിന് പഠനാവശ്യത്തിന് നൽകുമെന്ന് സമ്മതപത്രം കൈമാറുന്നത് ചെറിയൊരു കോളം വാർത്തയായി എവിടെയോ വായിച്ചിരുന്നു. അതിനപ്പുറം വലിയ പ്രാധാന്യം ആ വാർത്ത യഥാർത്ഥത്തിൽ അർഹിക്കുന്നുണ്ടായിരുന്നു. 

കൂടുതൽ ആൾക്കാർ മരണശേഷവും സ്വന്തം ശരീരത്തിന്റെ ഈ വിധത്തിലുള്ള സാധ്യതകൾ തിരിച്ചറിയണം. മണ്ണിലലിഞ്ഞും ചാരമായും ആർക്കും ഗുണമില്ലാതെ പോകുന്നതിലും എത്രയോ നല്ലതാണ്, കുറേയധികം വിദ്യാർത്ഥികൾക്ക് ഗുരുവാകുന്നത്. ഗുരുവെന്ന് വച്ചാൽ, ശരിക്കും ഗുരു തന്നെ. മരിച്ചവർ ജീവിച്ചിരിക്കുന്നവരെ പഠിപ്പിക്കുന്ന സ്ഥലമാണ് മെഡിക്കൽ കോളേജിലെ അനാട്ടമി, ഫോറൻസിക് ഡിപ്പാർട്ട്മെന്റുകൾ. അതിന് "Mortui vivos docent" എന്ന് ലാറ്റിനിൽ പറയും.

എന്റെ ആഗ്രഹവും ഏതാണ്ടിതുപോലെ ആണ്. എന്റെ മരണശേഷം, പരമാവധി അവയവങ്ങൾ ആവശ്യക്കാർക്ക് മാറ്റിവയ്ക്കാൻ എടുക്കണം. അത് ആന്തരികാവയവങ്ങൾ മാത്രമല്ല, കൈപ്പത്തികൾ, ചർമ്മം, സ്നായുക്കൾ, ഞരമ്പുകൾ തുടങ്ങി എടുക്കാവുന്നവ എല്ലാം എടുക്കണം. ഇനിയഥവാ അത് പറ്റാത്ത അവസ്ഥയാണെങ്കിൽ ആ ശരീരം മെഡിക്കൽ കോളേജിന് കൊടുക്കണം. വെറുതെ കത്തിച്ചോ കുഴിച്ചിട്ടോ വേസ്റ്റാക്കരുത്. ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും ഇതൊക്കെ പറഞ്ഞേൽപ്പിച്ചിട്ടുമുണ്ട്.

ഒന്ന് മനസിരുത്തി ചിന്തിച്ചാൽ ഇതൊക്കെ ആർക്കും ചെയ്യാവുന്ന നിസാരകാര്യങ്ങളാണ്. അങ്ങനെ ചെയ്യുമ്പോൾ, നമ്മുടെ മരണം ഒരു മാതൃകയാവും. മൃതശരീരം ഗുരുവും. 

©മനോജ്‌ വെള്ളനാട്

(ഒറിജിനൽ പോസ്റ്റും ചർച്ചകളും ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.)


2 comments:

 1. Sir, myself Sameer. Residing in Kannur, Kuthuparamba. Sir I wrote a book(first one) 'Belsnapile valiyamaram' and published it on 2may 2022. I would like to introduce my book to you. The reason for my request is to get support in this field as I'm a begginner and to get feedback from people like you, representing this generation. I'm mentioning this in the comments because I wasn't able to find any other ways to contact you. I hope that you can help me reach my book in out.
  Amazon link for the book : https://www.amazon.in/Belsnapile-Valiyamaram-Sameer/dp/9354462855/ref
  contact details(author) : 9847455411

  ReplyDelete
 2. Sir, myself Sameer. Residing in Kannur, Kuthuparamba. Sir I wrote a book(first one) 'Belsnapile valiyamaram' and published it on 2may 2022. I would like to introduce my book to you. The reason for my request is to get support in this field as I'm a begginner and to get feedback from people like you, representing this generation. I'm mentioning this in the comments because I wasn't able to find any other ways to contact you. I hope that you can help me reach my book in the out.
  Amazon link for the book : https://www.amazon.in/Belsnapile-Valiyamaram-Sameer/dp/9354462855/ref
  contact details(author) : 9847455411

  ReplyDelete