കൊവിഡ് വാക്സിൻ എപ്പോൾ വരും?

ലോകമിന്ന് അസാധാരണമായ ഒരു ആരോഗ്യ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിലത് ഒരാരോഗ്യപ്രതിസന്ധിയല്ല ഇന്ന്, ജീവിതത്തിൻ്റെ സകല മേഖലകളെയും പ്രതിസന്ധിയിലാക്കിയ ഒരു സാമൂഹികദുരന്തമായി മാറിക്കഴിഞ്ഞു. ചൈനയിലെ ഒരു ചന്തയിൽ നിന്നും ലോകത്താകമാനം പടർന്ന്, മനുഷ്യൻ്റെ സ്വൈര്യജീവിതത്തിൻ്റെ താളമാകെ തെറ്റിച്ച SARS Cov2 എന്ന അദൃശ്യനായ ഭീകരനാണാ പ്രതിസന്ധിക്ക് കാരണം. ഈ വൈറസ് കാരണമുണ്ടാകുന്ന കൊവിഡ്-19 എന്ന രോഗത്തിന് മുന്നിൽ ലോകമിന്ന് വിറങ്ങലിച്ച് നിൽപ്പാണ്. 

ഇതൊരു പുതിയ വൈറസും പുതിയ രോഗവുമാണ്. അതുകൊണ്ടുതന്നെ അതിനെതിരെ ഫലപ്രദമായ മരുന്നുമില്ല. മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ ധാരാളമായി നടക്കുന്നുണ്ട്. ഗുരുതരാവസ്ഥയിലേക്ക് പോകുന്ന രോഗികളിൽ മുമ്പുണ്ടായിരുന്ന പല മരുന്നുകളും പരീക്ഷിച്ചുകൊണ്ടുള്ള ഒരു ചികിത്സാരീതിയാണ് ലോകത്താകെയിന്ന് നടക്കുന്നത്. വന്നാൽ ചികിത്സിക്കാൻ വഴിയില്ലെങ്കിൽ ആ രോഗം വരാതിരിക്കാൻ നോക്കുകയേയുള്ളൂ, പിന്നെ പോംവഴി. വരാതിരിക്കാൻ എന്തു ചെയ്യണം? മാസ്ക്, സാമൂഹിക അകലം, കൈകളുടെ വൃത്തിയെന്നൊക്കെയായിരിക്കും എല്ലാവരും ആദ്യമോർക്കുക. അതു ശരിയാണ്, പക്ഷെ ഏതൊരു പകർച്ചവ്യാധിയും വരാതിരിക്കാനുള്ള ഏറ്റവും നല്ല പ്രതിരോധമാർഗമേതെന്ന് ചോദിച്ചാലുത്തരം, വാക്സിനെന്നാണ്.

അതെ, ലോകമിന്ന് ഏറ്റവും കാത്തിരിക്കുന്നത് കൊവിഡ്- 19നെതിരെ ഒരു വാക്സിനാണ്. വൈദ്യശാസ്ത്രം അതിനായി അഘോരാത്രം പണിയെടുക്കുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.

അതിനെ പറ്റി ചില കാര്യങ്ങളറിഞ്ഞാലത്ഭുതം തോന്നാം. ലോകത്തിന്ന് വരെ മറ്റൊരു രോഗത്തിനും ഇത്രയും വ്യാപകമായും, ഇത്രയും വേഗത്തിലും, ഇത്രയും വൈവിധ്യപൂർണവുമായ വാക്സിൻ ഗവേഷണം നടന്നിട്ടില്ല. ഇതുവരെയും 224 വാക്സിൻ കാൻഡിഡേറ്റുകളാണ് ലോകത്താകമാനമുള്ള ലാബുകളിൽ മനുഷ്യൻ്റെ ഭാവി നിർണയിക്കുന്ന ഈ പരീക്ഷകളിൽ പരീക്ഷിക്കപ്പെടുന്നതെന്നാണ് CEPI (Coalition of Epidemic Preparedness Innovations) പറയുന്നത്.

ലോകത്തെ പ്രമുഖരാജ്യങ്ങളെല്ലാം തന്നെ വാക്സിൻ ഗവേഷണത്തിൻ്റെ പിറകിലാണ്. ആൻ്റി കൊവിഡ് വാക്സിൻ ഗവേഷണങ്ങളുടെ 49 ശതമാനവും വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലാണ് നടക്കുന്നത്. അതേ സമയം ഏറ്റവും കൂടുതൽ വാക്സിൻ കാൻഡിഡേറ്റുകളെ ഗവേഷണത്തിൻ്റെ ഏറ്റവും മുൻനിരയിലെത്തിച്ച രാജ്യം ചൈനയാണ്. 5 തരം വാക്സിനുകൾ.

വാക്സിൻ വികസനത്തിൻ്റെ അന്താരാഷ്ട്രകാര്യങ്ങളിലേക്ക് കടക്കും മുമ്പ് മറ്റൊരു കാര്യത്തിലേക്ക് പോയിട്ട് വരാം. ഒരു വൈറസിനെതിരെ എങ്ങനെയാണ് ഇത്രയധികം വാക്സിൻ കാൻഡിഡേറ്റുകൾ ഉണ്ടാകുന്നതെന്ന് പലർക്കും സംശയം തോന്നാം. അതറിയണമെങ്കിൽ ഏതൊക്കെ തരം വാക്സിനുകൾ ഉണ്ടെന്നറിയണം. ഒരു വാക്സിനിൽ പ്രസ്തുത രോഗാണു ഏതവസ്ഥയിലാണ് അടങ്ങിയിരിക്കുന്നതെന്ന് അനുസരിച്ചാണത്.

വാക്സിനുകൾ പലതരമുണ്ട്. കിൽഡ് വാക്സിനുകൾ, ലൈവ് അറ്റനുവേറ്റഡ് വാക്സിനുകൾ, DNA or RNA വാക്സിനുകൾ, സബ് യൂണിറ്റ് വാക്സിനുകൾ, വെക്റ്റർ വാക്സിനുകൾ ഇങ്ങനെ നിരവധി. മേൽപറഞ്ഞ തരം വാക്സിനുകളാണ് കോവിഡ് 19-നു വേണ്ടി പല ലാബുകളിലെയും അണിയറയിൽ ഒരുങ്ങുന്നത്.

1.ലൈവ് അറ്റന്വേറ്റഡ് വാക്സിൻ
           ഈ തരം വാക്സിനിൽ ജീവനുള്ള മുഴുവൻ വൈറസിനെയാണ് ഉപയോഗിക്കുന്നത്. പക്ഷെ രോഗമുണ്ടാക്കാനുള്ള അതിൻ്റെ കഴിവ് പലരീതിയിൽ ഇല്ലാതാക്കിയതിന് ശേഷമാണത്. ഒരു യഥാർത്ഥ വൈറൽ രോഗം വരുമ്പോൾ നമ്മുടെ പ്രതിരോധസംവിധാനം എങ്ങനെ പ്രവർത്തിക്കുമോ, അതേരീതിയിൽ, അത്രയും കാര്യക്ഷമതയോടെ ഇവിടെയും വൈറസിനെതിരെ ആൻറിബോഡികൾ നിർമ്മിക്കപ്പെടും. പക്ഷേ അപൂർവമായി ഈ വാക്സിൻ വൈറസുകൾ കാരണം തന്നെ രോഗം ഉണ്ടാകാനുള്ള സാധ്യതയും ഇത്തരം വാക്സിനുകളുടെ ഒരു പ്രധാനപ്രശ്നമാണ്, പ്രത്യേകിച്ചും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹരോഗികളിലും സ്റ്റിറോയ്ഡ് പോലുള്ള മരുന്നുകൾ സ്ഥിരമായെടുക്കുന്നവരിലും മറ്റും. നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന മീസിൽസ്, റൂബെല്ല, ഓറൽ പോളിയോ വാക്സിൻ തുടങ്ങിയവ ഈ ഗണത്തിൽ പെടുന്നവയാണ്. കൊവിഡിനെതിരേ Codagenix, Indian immunologicals limited തുടങ്ങിയവർ ഈ തരത്തിലുള്ള വാക്സിൻ്റെ നിർമ്മാണജോലികളിലാണ്.

2. കിൽഡ് (ഇനാക്റ്റിവേറ്റഡ്) വാക്സിൻ
              ഇവിടെയും വൈറസിനെ മുഴുവനായിട്ടാണ് വാക്സിനിൽ ഉപയോഗിക്കുന്നത്. പക്ഷേ, അതിന് ജീവനില്ല. താപമോ ഏതെങ്കിലും രാസവസ്തുക്കളോ ഉപയോഗിച്ച് വൈറസിനെ കൊന്നതിനു ശേഷമാണിതിൽ ഉപയോഗിക്കുന്നത്. വൈറസിന് ജീവൻ ഇല്ലാത്തതുകൊണ്ട് തന്നെ, വാക്സിനിൽ നിന്നും രോഗബാധയുണ്ടാകുന്നതിനുള്ള സാധ്യത തീരെ ഇല്ല. പക്ഷേ ജീവനുള്ള വൈറസിനോട് ശരീരം പ്രതികരിക്കുന്ന അത്രയും കാര്യക്ഷമതയോടെ ഇവിടെ ആൻറിബോഡി നിർമാണം നടക്കില്ല. നമ്മൾ ഇഞ്ചക്ഷൻ ആയിട്ട് കൊടുക്കുന്ന പോളിയോ വാക്സിൻ ഈ ഗണത്തിലെ ഒരു വാക്സിനുദാഹരണമാണ്. Sinovac, SinoPharm തുടങ്ങിയ മരുന്ന് നിർമ്മാതാക്കളാണ് ഇപ്പോൾ ഇനാക്ടിവേറ്റഡ് കൊവിഡ് വാക്സിൻറെ നിർമ്മാണത്തിന് പുറകിലുള്ളത്.

3. DNA or RNA വാക്സിൻ
              ഒരു വൈറസ് എന്നു പറയുന്നത്, കുറച്ചു ജനിതക പദാർത്ഥവും, അതായത് DNA or RNA യും,  അതിനെ പൊതിഞ്ഞുകൊണ്ട് ഒരു കവചവും മാത്രമാണ്. ഈ ജനിതക പദാർത്ഥം ഓരോ വൈറസിനും വളരെ സ്പെസിഫിക് ആയിരിക്കും. അത് വേർതിരിച്ചെടുത്താൽ വാക്സിൻ നിർമ്മിക്കാൻ വളരെ എളുപ്പവുമാണ്. പക്ഷേ രോഗമുണ്ടാക്കുമോ എന്ന ഭയം കാരണം ഇത്രയും നാളും ഇത്തരത്തിൽ ഒരു വാക്സിൻ ഒരു രോഗത്തിനെതിരെയും ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇതിൻ്റെ മറ്റ് പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള മുൻ പഠനങ്ങളൊന്നും തന്നെ നമ്മുടെ കയ്യിലില്ല. അമേരിക്കയിലെ മോഡേണ എന്ന മരുന്ന് നിർമ്മാതാക്കൾ കൊവിഡിനെതിരെ ഒരു RNA വാക്സിനും Inovio എന്നുപറയുന്ന വാക്സിൻ നിർമാതാക്കൾ ഒരു DNA വാക്സിനും നിർമ്മിക്കുന്ന തിരക്കിലാണിപ്പോൾ.

4. സബ് യൂണിറ്റ് അഥവാ ഉപഘടകവാക്സിൻ
                ഒരു രോഗാണുവിൻ്റെ കോശത്തിൽ നിന്ന് ഏതെങ്കിലും ഒരു പ്രത്യേക സ്വഭാവമുള്ള ഒരു ഭാഗം മാത്രം വേർതിരിച്ചെടുത്ത്, അതിനെ വാക്സിനായി ഉപയോഗിക്കുന്നതാണ് ഈ രീതിയിൽ ചെയ്യുന്നത്. അത് ചിലപ്പോൾ വൈറസിനെ മനുഷ്യശരീര കോശത്തിലേക്ക് കടക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാവാം, അല്ലെങ്കിൽ ആ വൈറസിന് മാത്രമുള്ള ഒരു പ്രത്യേക എൻസൈം ആവാം, അങ്ങനെ എന്തുമാവാം. ആവശ്യത്തിനുള്ള ആൻറിബോഡി നിർമ്മാണത്തിനുള്ള കാര്യക്ഷമത ഇത്തരം വാക്സിനുകൾക്ക് പൊതുവേ കുറവാണ്. അതുകൊണ്ട് തന്നെ അത് കൂട്ടുന്നതിനുള്ള ചില രാസവസ്തുക്കൾ കൂടി വാക്സിനിൽ ചേർക്കേണ്ടി വരാറുണ്ട്. നമ്മൾ ഇന്നുപയോഗിക്കുന്ന വില്ലൻചുമ, ഹെപ്പറ്റൈറ്റിസ് C, ഹ്യൂമൻ പാപ്പിലോമ വൈറസ് വാക്സിൻ തുടങ്ങിയവയൊക്കെ സബ് യൂണിറ്റ് വാക്സിനുകളാണ്. Novavax, AdaptVac തുടങ്ങിയ മരുന്ന് നിർമ്മാതാക്കളാണ് കോവിഡിനെതിരെ ഒരു സബ്യൂണിറ്റ് വാക്സിൻ നിർമ്മാണത്തിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന പ്രമുഖർ.

5. വൈറൽ വെക്റ്റർ വാക്സിൻ
                നിരുപദ്രവകാരിയായ ഒരു വൈറസിൻ്റെ ജനിതക പദാർത്ഥത്തിലേക്ക് വാക്സിൻ ഉണ്ടാക്കേണ്ട വൈറസിൻ്റെ ജനിതക പദാർത്ഥം ജനറ്റിക് എഞ്ചിനീയറിംഗ് വഴി കൂട്ടിച്ചേർത്തു, ആ വൈറസിനെ വാക്സിനിൽ ഉപയോഗിക്കുന്നതാണ് ഇവിടെ ചെയ്യുന്ന രീതി. ജീവനുള്ള വൈറസിനെ തന്നെ വാക്സിനിൽ ഉപയോഗിക്കുന്നതിനാൽ ആൻറിബോഡി നിർമ്മാണത്തിൻ്റെ കാര്യക്ഷമതയിൽ കിൽഡ് വാക്സിനെക്കാളും സബ് യൂണിറ്റ് വാക്സിനെക്കാളും വളരെ ഗുണപ്രദമാണ് ഇത്തരം വാക്സിനുകൾ. പക്ഷേ നിരുപദ്രവകാരിയായ ഒരു വൈറസിനെ കണ്ടുപിടിക്കുക എന്നതാണ് ഇത്തരം വാക്സിൻ നിർമ്മാണത്തിലെ ഏറ്റവും വലിയ വെല്ലുവിളി. മുമ്പ് എബോളക്കെതിരെ ഇത്തരമൊരു വാക്സിൻ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ട്. കോവിഡിനെതിരെ ഒരു വൈറൽ വെക്ടർ വാക്സിൻ നിർമ്മിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജന്നർ ഇൻസ്റ്റ്യൂട്ടും ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുമാണ്.

ലോകത്തെ പല ലാബുകളിലും വാക്സിൻ നിർമ്മാണം ഏതാണ്ട് കഴിഞ്ഞ അവസ്ഥയിലാണ്. ഇപ്പോൾ നടക്കുന്നതെല്ലാം ഈ നിർമ്മിച്ച വാക്സിൻ മനുഷ്യനിൽ ഉപയോഗിക്കാൻ മാത്രം ഗുണപ്രദമാണോ എന്നുള്ള പരിശോധനകളാണ്. പല ഘടകങ്ങൾ അവിടെ പരിശോധിക്കേണ്ടതുണ്ട്. 

1. പ്രസ്തുത വാക്സിൻ മനുഷ്യശരീരത്തിൽ രോഗപ്രതിരോധ ആവശ്യത്തിനു വേണ്ടത്രയും ആൻറി ബോഡികൾ നിർമ്മിക്കുന്നുണ്ടോ?

2. വാക്സിൻ കാരണം ഒരു വ്യക്തിക്ക് രോഗബാധ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുണ്ടോ?

3. ഈ വാക്സിൻ എത്രത്തോളം സുരക്ഷിതമാണ്?

തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തലാണ് ഈ സമയം നടന്നുകൊണ്ടിരിക്കുന്നത്.

വിവിധ രാജ്യങ്ങളിൽ വാക്സിൻ നിർമ്മാണം നടക്കുന്നുണ്ടെങ്കിലും ക്ലിനിക്കൽ ട്രയലിൽ മുൻപന്തിയിൽ നില്ക്കുന്നത് നാല് ലാബുകളിൽ നിന്നുള്ള വാക്സിനുകൾ ആണ്. അമേരിക്കയിലെ മോഡേണ ലാബ് നിർമ്മിക്കുന്ന വാക്സിൻ, ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജന്നർ ഇൻസ്റ്റ്യൂട്ട് നിർമ്മിക്കുന്ന വാക്സിൻ, ചൈനയിൽ നിന്നുള്ള വാക്സിനുകൾ, ഓസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയുടെ വാക്സിൻ എന്നിവ.

Moderna എന്ന വാക്കിലെ അവസാനത്തെ മൂന്നക്ഷരങ്ങൾ സൂചിപ്പിക്കുന്നതുപോലെ ആ ലാബിൽ നിർമ്മിക്കുന്നത് RNA വാക്സിനുകളാണ്.  അവർ കണ്ടെത്തിയ പ്രതിരോധ കുത്തിവയ്പ്പിൻ്റെ ഒന്നാംഘട്ട ക്ലിനിക്കൽ ട്രയൽ മാർച്ചിൽ തന്നെ അമേരിക്കയിലെ സിയാറ്റിലിൽ ആരംഭിച്ചു. അവിടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ (NIH) ഗവേഷകരുമായി ചേർന്നാണ് ബയോടെക്നോളജി കമ്പനിയായ മോഡേണ mRNA-1273 എന്ന ഈ വാക്സിൻ വികസിപ്പിച്ചെടുത്തത്. സിയാറ്റിലിലെ Kaiser Permanente Washington Health Research Institute -ലാണ് പരീക്ഷണം നടക്കുന്നത്.

ഈ വാക്സിൻ കാരണം COVID19 രോഗം വരില്ല. മാത്രമല്ല മറ്റ് ചില വാക്സിനുകളുടെ കാര്യത്തിലെന്നപോലെ ഇതിൽ ഈ വൈറസ് അപ്പാടെ അടങ്ങിയിട്ടുമില്ല. പകരം mRNA എന്ന ചെറിയ ജനിതക കോഡ് മാത്രമാണതിലുള്ളത്. Covid19 വൈറസിൽ നിന്ന് mRNA വേർതിരിച്ചെടുത്ത് ലബോറട്ടറിയിൽ വികസിപ്പിച്ചതാണീ വാക്സിൻ. 

mRNA എന്നു പറഞ്ഞാൽ കോശങ്ങളിൽ ഒരു നിശ്ചിതജോലി ചെയ്യേണ്ട പ്രോട്ടീനുകളെ കോഡ് ചെയ്തിരിക്കുന്ന ജനിതക പദാർത്ഥമാണ്. കൊറോണ വൈറസിന് മനുഷ്യകോശങ്ങളിലേക്ക് കടക്കുന്നതിന് സഹായിക്കുന്ന “സ്പൈക്ക് പ്രോട്ടീൻ" ഉണ്ടാക്കുന്ന mRNA ആണ് ഈ വാക്സിനിൽ ഉള്ളത്. COVID-19 ന്റെ ശരീരത്തിലെ പ്രവേശനം തന്നെ തടയുന്ന ഈ വാക്സിൻ ഉപയോഗപ്രദമാകുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നുണ്ട്.

ആദ്യഘട്ട പരീക്ഷണത്തിനായി ആരോഗ്യമുള്ള 45 മുതിർന്നവരെയാണ് തെരെഞ്ഞെടുത്തത്. പങ്കെടുക്കുന്നവർക്ക് വാക്സിനേഷന്റെ രണ്ട് ഷോട്ടുകൾ വീതം നൽകി. 28 ദിവസത്തിൻ്റെ ഇടവേളകൾ രണ്ടുഡോസുകൾക്കിടയിൽ ഉണ്ടായിരുന്നു. ഈ കാലയളവിൽ വാക്സിൻ സുരക്ഷയും രോഗപ്രതിരോധശേഷിയും അവർ വിലയിരുത്തിയതിൽ വളരെ ആശാവഹമായ ഫലമാണ് ലഭിച്ചത്. 650 പേരിൽ പരീക്ഷിക്കുന്ന അടുത്തഘട്ട ക്ലിനിക്കൽ ട്രയലിലേക്ക് ഈ വാക്സിൻ ഇപ്പോൾ കടന്നു കഴിഞ്ഞു.

അതിലും വിജയിക്കുകയാണെങ്കിൽ ഈ വർഷത്തിൻ്റെ അവസാനത്തിന് മുമ്പുതന്നെ ഈ വാക്സിൻ ലോകമാകെ ലഭ്യമാകും എന്നാണ് കമ്പനിയുടെ അവകാശവാദം.

രണ്ടാമത്തെ പ്രധാനപ്പെട്ട വാക്സിൻ കാൻഡിഡേറ്റ് ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ജന്നർ ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച വാക്സിനാണ്. AZD1222 എന്ന് അറിയപ്പെടുന്ന ഈ വാക്സിൻ ഇപ്പോൾ രണ്ടാംഘട്ട ക്ലിനിക്കൽ ട്രയലിലാണ്. കുരങ്ങൻമാരിലാണ് ഈ വാക്സിൻ ആദ്യമായി പരീക്ഷിച്ചത്. ആ പരീക്ഷണത്തിൽ ആവശ്യത്തിന് ആൻറിബോഡികൾ കുരങ്ങിൻ്റെ ശരീരത്തിലുണ്ടാവുന്നതായിട്ടാണ് നിരീക്ഷിച്ചത്. കൊവിഡ് രോഗം വളരെ രൂക്ഷമായി ബാധിച്ച ബ്രസീലിൽ ഇതിൻ്റെ അടുത്തഘട്ട പരീക്ഷണം നടത്താനാണ് അവർ തയ്യാറാകുന്നത്.

ചൈനയിൽ നിന്നും അഞ്ച് വാക്സിൻ കാൻഡിഡേറ്റുകളാണ് ക്ലിനിക്കൽ ട്രയലിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. അഞ്ചിൽ നാലും ഇൻആക്ടിവേറ്റഡ് വാക്സിനുകളും ഒരെണ്ണം ഒരു വൈറൽ വെക്ടർ വാക്സിനുമാണ്. BBIBP-CorV എന്ന ഇൻആക്ടിവേറ്റഡ് വാക്സിൻ ഉയർന്ന തോതിൽ ആൻറി ബോഡികൾ നിർമ്മിക്കുന്നതായാണ് തെളിഞ്ഞിട്ടുള്ളത്. വൈറസ് വെക്ടർ വാക്സിനിൽ (Ad5-nCoV) നിരുപദ്രവകാരിയായ ഒരുതരം അഡിനോ വൈറസിനെ ആണ് വെക്റ്ററായിട്ട് ഉപയോഗിച്ചിരിക്കുന്നത്.

എലികളിലും ഗിനിപ്പന്നികളിലും മുയലിലും പരീക്ഷിച്ചശേഷം സൈനോമോൾഗസ് കുരങ്ങുകളിലും റീസസ് കുരങ്ങുകളിലും നടത്തിയ പരീക്ഷണങ്ങൾ വിജയകരമായിരുന്നു. മനുഷ്യനിൽ ക്ലിനിക്കൽ ട്രയൽ കഴിഞ്ഞമാസം തന്നെ ആരംഭിച്ചതാണ്. ചൈനയിലെ പരീക്ഷണങ്ങളെല്ലാം ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽസിൻ്റെ മേൽനോട്ടത്തിൽ ചൈനീസ് നാഷണൽ ബയോജനിക്സും ചൈനീസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോളും ചൈനീസ് അക്കാഡമി ഓഫ് മെഡിക്കൽ സയൻസസും സംയുക്തമായാണ് ചെയുന്നത്.

ഓസ്ട്രേലിയയിലെ മെൽബൺ യൂണിവേഴ്സിറ്റിയും മുർദോക്ക് ചിൽഡ്രൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി ഒരു ലൈവ് അറ്റന്വേറ്റഡ് വാക്സിൻ ഗവേഷണം നടത്തുന്നുണ്ട്. Bacillus Calmette Guerin (BCG) live attenuated vaccine എന്നാണതറിയപ്പെടുന്നത്. BCG ക്ഷയരോഗത്തിന് എതിരെയുള്ള വാക്സിനാണ്. അതിനോട് കൊവിഡ്19 വൈറസിൻ്റെ ഒരു ലൈവ് സ്ട്രെയിൻ കൂടി യോജിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു വാക്സിൻ കാൻഡിഡേറ്റ് തന്നെയാണിതും.

ഇന്ത്യയിലും വാക്സിൻ ഗവേഷണങ്ങൾ കാര്യമായി തന്നെ നടക്കുന്നുണ്ട്. ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കൾ. സിറം ഇൻസ്റ്റിറ്റ്യൂട്ട് മുകളിൽ പറഞ്ഞ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി ചേർന്നിട്ടാണ് ഗവേഷണത്തിൽ പങ്കാളിയായിരിക്കുന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ വാക്സിനിൽ ക്ലിനിക്കൽ ട്രയൽ നടത്തുന്നതിൽ സഹായിക്കുകയും 2020 ഒക്ടോബറോടു കൂടിയെങ്കിലും വാക്സിൻ ജനങ്ങളിലേക്കെത്തിക്കാൻ പ്രയത്നിക്കുകയുമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യം വയ്ക്കുന്നത്.

അതുപോലെ ഇന്ത്യയിലെ മറ്റൊരു സ്വകാര്യ ലാബായ Panacea biotech അയർലൻഡിലെ Rafana ഗ്രൂപ്പുമായി ചേർന്ന് സംയുക്തമായ വാക്സിൻ ഗവേഷണവും നടക്കുന്നുണ്ട്. ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽസ് ലിമിറ്റഡ് എന്ന് ലാബ് അമേരിക്കയിലെ Codagenix-മായി ചേർന്ന് ഒരു ലൈവ് അറ്റന്വേറ്റഡ് കൊവിഡ് വാക്സിൻ്റെ ഗവേഷണവും പുരോഗമിക്കുന്നുണ്ട്. 

അമേരിക്കയിൽ വാക്സിൻ ഗവേഷണം ത്വരിതപ്പെടുത്തുന്നതിനായി മോഡേണ ലാബിനൊപ്പം തന്നെ മറ്റ് നാല് ലാബുകളെക്കൂടി അമേരിക്കൻ ഗവൺമെൻറ് ഷോർട്ട് ലിസ്റ്റ് ചെയ്ത് അവശ്യം വേണ്ട സഹായങ്ങൾ നൽകുന്നുമുണ്ട്. സിംഗപ്പൂരിലും അമേരിക്കയിലെ മോഡേണയിലേതു പോലെ തന്നെയുള്ള ഒരു mRNA വാക്സിനിൽ ഗവേഷണം നടക്കുന്നുണ്ട്. അതും ക്ലിനിക്കൽ ട്രയലിൻ്റെ രണ്ടാം ഫേസിലേക്ക് കടക്കുന്നു. പക്ഷേ വാക്സിൻ പൊതുജനങ്ങളിലേക്ക് എത്താൻ മിനിമം ഒരു വർഷമെങ്കിലും വേണ്ടിവരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജപ്പാനിൽ നടക്കുന്ന വാക്സിൻ ഗവേഷണത്തിൻ്റെ ഗുണഫലം ജനങ്ങളിലേക്കെത്തിക്കാൻ 2021 പകുതിയോളം ആകുമെന്നാണ് ജപ്പാൻ ഗവൺമെൻ്റും പറയുന്നത്.

Sanofi-യും GlaxoSmithKline (GSK)-ഉം അന്താരാഷ്ട്ര പ്രശസ്തരായ മരുന്ന് നിർമ്മാതാക്കളാണ്. അവർ സംയുക്തമായി മറ്റൊരു വാക്സിൻ്റെ നിർമ്മാണ-പരീക്ഷണ-ഗവേഷണങ്ങൾ ത്വരിതഗതിയിൽ നടക്കുന്നുണ്ട്. കൊറോണ വൈറസ് ശരീരത്തിൽ കടക്കാൻ സഹായിക്കുന്ന സ്പൈക്ക് പ്രോട്ടീനുകളെ ആൻ്റിജനുകളാക്കി ഉപയോഗിച്ചുകൊണ്ടുള്ള വാക്സിനാണ് അവർ നിർമ്മിക്കുന്നത്. ആൻ്റിജൻ നിർമ്മിച്ച് നൽകുന്നത് sanofi -യും അതിൽ നിന്ന് വാക്സിൻ നിർമാണ ചുമതലയും ക്ലിനിക്കൽ ട്രയലും GSK- യുമാണ് ചെയ്യുന്നത്. ഉടനെ തന്നെ ഈ വാക്സിനും മനുഷ്യരിലുള്ള ക്ലിനിക്കൽ ട്രയലിന് തയ്യാറാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ലണ്ടനിലെ ഇംപീരിയൽ കോളേജ് നടത്തുന്ന വാക്സിൻ ഗവേഷണത്തിൽ മറ്റൊരു RNA വാക്സിനാണ് പരീക്ഷിക്കുന്നത്. ജൂൺ 15-ന് 300 പേരിൽ ഈ വാക്സിൻ പരീക്ഷിച്ചു കൊണ്ടുള്ള ഫേസ് വൺ ക്ലിനിക്കൽ ട്രയലിന് തുടക്കം ആയിട്ടുണ്ട്. ഒക്ടോബറിൽ 6000 പേരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള രണ്ടാംഘട്ട ട്രയൽ നടത്താനാണ് അവരുടെ ഇപ്പോഴത്തെ പദ്ധതി.

ശരിക്കും കൊറോണയെ വാക്സിൻ കൊണ്ട് വരുതിയിലാക്കാനാകുമോ? അതോ വാക്സിൻ പഠനമൊക്കെ കഴിഞ്ഞു വരുമ്പോഴേക്കും Covid19, അതിൻ്റെ അവതാരലക്ഷ്യമൊക്കെ പൂർത്തിയാക്കി സ്വയം സുഷുപ്തിയിലേക്ക് പോകുമോ? മറ്റൊരിക്കൽ മറ്റൊരു രൂപത്തിൽ മറ്റൊരിടത്ത് വീണ്ടും അവതരിക്കുമോ? അതൊന്നുമിപ്പോൾ പറയാനാവില്ല. കാത്തിരുന്ന് കാണേണ്ടതാണ്.

ചിലപ്പോൾ ഇതൊന്നും വിജയിച്ചെന്ന് വരില്ലാ. എന്നാലും നോക്കൂ, ശാസ്ത്രമെത്ര വേഗതയിലാണ് കാര്യങ്ങൾ നീക്കുന്നതെന്ന്. ചൈനയിൽ കണ്ടെത്തിയ പുതിയ വൈറസിൻ്റെ ജനിതക സീക്വൻസിംഗ് ദിവസങ്ങൾക്കുള്ളിൽ കണ്ടെത്തി, അതിലൂടെ വൈറസിൻ്റെ സാന്നിധ്യം തിരിച്ചറിയാനുള്ള ടെസ്റ്റുകളും കണ്ടെത്തി ലോകരാജ്യങ്ങൾക്ക് നൽകിയതുകൊണ്ടാണ് ഇന്ന് Covid19 സാന്നിധ്യം നമ്മളിത്ര വേഗം തിരിച്ചറിയുന്നത് തന്നെ. ഒരു 30 വർഷം മുമ്പാണെങ്കിൽ ഇതത്ര എളുപ്പമാകുമായിരുന്നില്ല. ശാസ്ത്രലോകമതിൻ്റെ പണി ഭംഗിയായി ചെയ്യുന്നതിൻ്റെ ഉദാഹരണമാണത്.

അതുപോലെതന്നെ ഇത്രയധികം വാക്സിൻ കാൻഡിഡേറ്റുകൾ ഒരു വൈറസിനെതിരെ നിർമ്മിച്ചെടുക്കാൻ കഴിയുന്നു എന്നത് തന്നെ ശാസ്ത്രത്തിൻ്റെ വലിയൊരു നേട്ടമാണ്. എന്നാലും നിരവധി കടമ്പകൾ, പ്രത്യേകിച്ചും വാക്സിൻ സുരക്ഷയുടെ കാര്യത്തിൽ, ഇനിയും ശാസ്ത്രത്തിന് താണ്ടാൻ ബാക്കിയുണ്ട്. അതൊരു വലിയ കടമ്പ തന്നെയാണ്. മുമ്പ് ഡെങ്കിപ്പനിക്ക് ഇതുപോലെ വാക്സിൻ കണ്ടെത്തുകയും, അവസാനമത് മനുഷ്യരിൽ ഉപയോഗിക്കാമെന്നായപ്പോൾ അത് രോഗത്തെക്കാൾ വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാവുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 

പക്ഷേ അതൊന്നും തന്നെ ശാസ്ത്രത്തിൻ്റെയോ മനുഷ്യരാശിയുടെയോ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കാൻ മാത്രം പോന്നതല്ല. കാരണം ഇതുപോലൊരു പാൻഡെമിക്കിനെ നേരിടാൻ നമ്മുടെ മുന്നിലുള്ള ഏക വഴി വാക്സിൻ കണ്ടെത്തുക എന്നുള്ളത് മാത്രമാണ്.

കൊവിഡിനെതിയുള്ള ഒരു വാക്സിൻ എന്നത് ശാസ്ത്രത്തിൻ്റെ ഗുണഫലമെന്നതിനേക്കാൾ മനുഷ്യരാശിയുടെ പ്രതീക്ഷയുടെ കൂടി പേരാണ്.. 

©മനോജ്‌ വെള്ളനാട്

(2020 ജൂലൈ ലക്കം മാതൃഭൂമി GK & CA യിൽ വന്ന ലേഖനം)


3 comments:

 1. stay safe ,stay home

  #workathome
  thank you for your valuable information .In the present scenario , having a proper mentor for career development is very important .

  . We are also in the business of Software as a seo service company in trivandrum and we are top web development company in trivandrum.

  THANKS FOR SHARING

  ReplyDelete