സൈക്കിൾ എന്ന വലിയ സ്വപ്നം

ഞാൻ സ്കൂൾ വിട്ട് വീട്ടിലേക്ക് റോഡരികിലൂടെ നടന്നു പോകുവായിരുന്നു. അപ്പൊഴതാ റോഡിൽ ഒരു കൊച്ചു പെൺകുട്ടി. കളിക്കുന്നതിനിടയിൽ ഇറങ്ങി ഓടിയതാവും. ആ പാഞ്ഞു വരുന്ന ഒരു കാർ അവളെ ഇപ്പൊ ഇടിക്കും. ഞാനോടി. ഓടിച്ചെന്ന് ആ കുഞ്ഞിനെ റാഞ്ചിയെടുത്ത്, രക്ഷിച്ച് റോഡരികിലേക്ക് നിർത്തി. കുഞ്ഞും ഞാനും കിതച്ചു കൊണ്ട് നിൽക്കുമ്പോഴതാ കുഞ്ഞിൻ്റെ അച്ഛനുമമ്മയും ഓടി വരുന്നു. അവരാദ്യം കുഞ്ഞിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നെ എൻ്റെ അടുത്തേക്ക് വന്നൂ, തോളിൽ തട്ടി. ആ അച്ഛൻ അപ്പോഴും കരയുകയായിരുന്നു.


'നീ ഇല്ലായിരുന്നെങ്കിൽ.. ദൈവമാണ് നിന്നെ ഇപ്പൊഴിവിടെ എത്തിച്ചത്.. എൻ്റെ കുഞ്ഞിനെ രക്ഷിച്ചതിന് ഞാനെന്ത് പ്രതിഫലമാണ് നിനക്ക് തരേണ്ടത്..?'


ഒട്ടും ആലോചിക്കാതെ തന്നെ ഞാൻ പറഞ്ഞൂ,


'ഒരു സൈക്കിൾ..'


ഇതാ മോനേ എന്നു പറഞ്ഞ് അപ്പൊത്തന്നെ അവരൊരു സൈക്കിളെനിക്ക് എടുത്തു തന്നു. ഞാനാ സൈക്കിളും ചവിട്ടി വീട്ടിലേക്ക് പോയി.


മറ്റൊരു സ്വപ്നത്തിൽ ആ കാറുകാരനായിരുന്നു എനിക്ക് സൈക്കിൾ വാങ്ങി തന്നത്, കുഞ്ഞിനെ രക്ഷിച്ചതിന്. എൻ്റെ ധൈര്യത്തിനുള്ള പുരസ്കാരമായിട്ട്. ഇവര് രണ്ടുപേരെയും കുറേനാളായിട്ടും വഴിയിലെങ്ങും കാണാത്തതിനാൽ ചിലപ്പോഴൊക്കെ ദൈവം തന്നെ നേരിട്ട് പ്രത്യക്ഷപ്പെട്ട് 'ഇതാ മോനേ നിൻ്റെ സൈക്കിൾ' എന്നൊക്കെ പറയുമായിരുന്നു..


ഇതൊന്നും തന്നെ ഉറക്കത്തിൽ കണ്ട സ്വപ്നങ്ങളല്ലായിരുന്നു. പട്ടാപ്പകൽ. ആറാം ക്ലാസിലൊക്കെ പഠിക്കുമ്പോഴാണ്. സ്കൂളീന്ന് വീടുവരെ രണ്ടരക്കിലോ മീറ്റർ ദൂരമുണ്ട്. ആ നടത്തം മുഴുവനും ഇങ്ങനെയുള്ള സിനിമാറ്റിക് സ്വപ്നങ്ങളും കണ്ടുകൊണ്ടാണ്. അത്രയ്ക്ക് ആഗ്രഹമായിരുന്നു അന്നൊരു സൈക്കിൾ കിട്ടാൻ..


ആ സ്വപ്നങ്ങൾ പല രൂപത്തിലും ഭാവത്തിലും പത്താം ക്ലാസ് കഴിയും വരെയും സ്വപ്നങ്ങളായി തന്നെ എൻ്റെ കൂടെ വളർന്നു. അതിലേറ്റവും ഇഷ്ടമുള്ള സ്വപ്നം ഒരു പേന കളഞ്ഞു കിട്ടുന്നതായിരുന്നു.


റോഡരികിൽ കിടന്ന ആ പേന ഞാൻ കൈയിലെടുത്തു. തെളിയുമോന്ന് നോക്കാനായി ബുക്കെടുത്ത് ആദ്യം തന്നെ 'സൈക്കിൾ' എന്നെഴുതി. എഴുതിക്കഴിഞ്ഞതും അതാ മുമ്പിലൊരു കിടിലൻ സൈക്കിൾ പ്രത്യക്ഷപ്പെട്ടു. അതിൽ അത്ഭുതപ്പെടാനൊന്നുമില്ലായിരുന്നു, കാരണമതൊരു മാന്ത്രികപ്പേന ആയിരുന്നല്ലോ. ആ പേന കൊണ്ട് എന്തെഴുതിയാലും അത് നമുക്കപ്പൊ മുന്നിൽ കിട്ടും. സിമ്പിൾ.


+1- ലായപ്പോഴാണ് സൈക്കിൾ ഈ സ്വപ്നങ്ങളിൽ നിന്നെല്ലാം പുറത്തിറങ്ങി ജീവിതത്തിൻ്റെ, ശരീരത്തിൻ്റെ തന്നെ ഭാഗമാകുന്നത്. 18 വർഷം മുമ്പ്. എൻ്റെ മഹാനായ സ്പോൺസർ സാമുവൽ അങ്കിളിൻ്റെ ബർത്ത് ഡേ ഗിഫ്റ്റായിരുന്നു അത്. (സാമുവൽ അങ്കിളിനെ പറ്റിയും മുമ്പൊരിക്കൽ എഴുതിയിരുന്നു). ആഗ്രഹമുണ്ടെങ്കിലും അങ്ങനൊരാവശ്യം ഞാനങ്കിളിനോട് പറഞ്ഞിട്ടേയില്ലായിരുന്നു. എന്നിട്ടും ആ ബർത്ത്ഡേ ദിവസം സാമുവലങ്കിൾ എന്നെയും കൂട്ടി പഴവങ്ങാടിയിലെ New India cycles -ൽ ചെന്നു. ഹൊ, എന്തുമാത്രം സൈക്കിളുകൾ! കണ്ടെൻ്റെ തൊണ്ട വരണ്ടു. ഇഷ്ടമുള്ളതെടുക്കാൻ അങ്കിൾ പറഞ്ഞു. ഞാനൊരു സ്ലിം, മെറൂൺ കളർ സുന്ദരി BSA-യെ തൊട്ടു കാണിച്ചു.


അത് പല പീസുകളായി, രണ്ടു പെട്ടികളിലായി KSRTC ബസിൽ എൻ്റെ കൂടെ വെള്ളനാട്ടേക്കു വന്നു. ബസിറങ്ങി നേരെ വർക് ഷോപ്പിൽ കൊണ്ടുകൊടുത്തു, അസംബിൾ ചെയ്യാൻ.


ഭയങ്കര ഭംഗിയായിരുന്നു അതിന്. എൻ്റെ ആദ്യ കാമുകിയായിരുന്നു. എന്നാലും, എൻ്റെ രണ്ടാമത്തെ കാമുകിയുടെ പുറകേ എന്നോടൊപ്പം യാതൊരു പരിഭവവുമില്ലാതെ, സമയവും കാലവും നോക്കാതെ കൂട്ടുവന്നിട്ടുമുണ്ട്. അവളുള്ള ട്രക്കറിന് പിറകേ, അതേ സ്പീഡിൽ എൻ്റെ മനസറിഞ്ഞ് പായുമായിരുന്നു. 


+1-ഉം +2-ഉം കഴിഞ്ഞ് MBBS-ന് ചേരും വരെയും എൻ്റെ ശരീരത്തിൻ്റെ തന്നെ ഭാഗമായിരുന്നു അവൾ. കള്ളന്മാരെ പേടിച്ച്, വീട്ടിൽ സൈക്കിൾ വയ്ക്കാൻ വേറെ സ്ഥലമില്ലാത്തതിനാൽ ഞാൻ കിടക്കുന്ന കുടുസു മുറിയിൽ എൻ്റെ ഓരത്ത് തന്നെ ഞാനുറങ്ങുമ്പോഴും അവളുണ്ടാകുമായിരുന്നു. വലിയ പത്രാസുള്ള കടയിലാണ് ജീവിച്ചിരുന്നതെങ്കിലും എൻ്റെ ചോരുന്ന വീട്ടിലും അവൾക്ക് പരിഭവമൊന്നും ഇല്ലായിരുന്നു. ഞാൻ കൊണ്ട മഴയും വെയിലുമെല്ലാം അവളും കൊണ്ടിട്ടുണ്ട്. മഴ കൊള്ളാനിഷ്ടവുമായിരുന്നു. പക്ഷെ, മറ്റേതൊരു കാമുകിയെയും പോലെ തൻ്റെ റോൾ കഴിഞ്ഞാൽ എൻ്റെ ജീവിതത്തിൽ നിന്നും പെട്ടന്നങ്ങ് അപ്രത്യക്ഷയാവാനായിരുന്നു അവളുടെയും നിയോഗം.


ഇന്ന് ലോക സൈക്കിൾ ദിനമാണെന്ന് കണ്ടപ്പോഴാണ്, ഒരു കാലത്ത് സൈക്കിളിനെ പറ്റി മാത്രം ചിന്തിച്ചിരുന്ന, സ്വപ്നം കണ്ട് നടന്നിരുന്ന എന്നെ ഞാൻ വീണ്ടുമോർത്തത്. കൂടെ, ഞാനത്രയും നാൾ കണ്ടു നടന്നിരുന്ന ആ സ്വപ്നം, ഒരു ദിവസം പെട്ടന്ന് ശൂന്യതയിൽ നിന്നും പ്രത്യക്ഷപ്പെട്ട് എനിക്കൊരു സൈക്കിൾ സമ്മാനിക്കുന്ന, ആ അത്ഭുതം പ്രവർത്തിച്ച, സാമുവലങ്കിളിനെയും. വേറെയും കുറേയേറെ കാര്യങ്ങളെയും….. അങ്ങനെ എത്രയെത്ര അത്ഭുത പ്രവർത്തനങ്ങളിലൂടെയാണ് ജീവിതത്തിൻ്റെ സൈക്കിൾ ബാലൻസ് തെറ്റാതോടുന്നത്, അല്ലെ..!
കൂട്ടിന് ഇപ്പോഴുമുണ്ടൊരു സൈക്കിൾ സുന്ദരി. അവളാണ് ചിത്രത്തിൽ.. ക്യൂട്ടാണ്.. പക്ഷെ അതിൻ്റെ അഹങ്കാരമൊന്നുമില്ലാ, പാവമാണ്.. ☺️☺️


©മനോജ്‌ വെള്ളനാട്


1 comment:

  1. ഈ സൈക്കിൾ സുന്ദരി ഇപ്പോഴും
    ടിപ്പ് ചുള്ളത്തിയാണ് കേട്ടോ ഭായ് 

    ReplyDelete