ചില കോണ്ടം വിശേഷങ്ങള്‍


ഇന്ന് ലോക കോണ്ടം ദിനമാണോ എയിഡ്സ് ദിനമാണോന്ന് സംശയിക്കത്തവണ്ണമാണ് സോഷ്യൽ മീഡിയയിലെ കോണ്ടം വിശേഷങ്ങൾ. കോണ്ടത്തിന്റെയും അത് പ്രോപ്പറായി ഉപയോഗിക്കേണ്ടതിന്റെയും പ്രസക്തി വിളിച്ചോതുന്ന രാഷ്ട്രീയ-സാംസ്കാരിക സാഹചര്യങ്ങളിൽ നിന്നുകൊണ്ട് കോണ്ടത്തെ വീക്ഷിക്കുന്നത് കൊണ്ടായിരിക്കണം അങ്ങനെയൊക്കെ തോന്നിയത്. പിന്നെയെന്തായാലും കോണ്ടത്തെ പറ്റി ഉറക്കെ പറയാൻ എയിഡ്സ് ഡേ തന്നെയാണേറ്റവും ബെസ്റ്റ്.
ഈ മുടി മാടിക്കെട്ടാൻ പറ്റിയ ബെസ്റ്റ് കോണ്ടമേതാണെന്നും, രണ്ടു ഹെൽമറ്റു പോലെ സർക്കാരിനി രണ്ടുകോണ്ടവും നിർബന്ധമാക്കുമോ എന്നുമൊക്കെ ചിന്തിച്ച് തല പുണ്ണാക്കുന്നവരും ഇന്നൊട്ടും വിരളമല്ല. ഇങ്ങനെ അനാവശ്യ കോണ്ട ചിന്തകളുമായി ഏകാന്തരായി വിജൃംഭിച്ചിരിക്കുന്നവർക്കായി ഇതാ ചില കോണ്ടം മെക്കാനിക്സ്.
1. ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് തന്നെ ഏതാണ്ട് 9000 വർഷം മുമ്പാണ്. പക്ഷെ, അതിനും 2000 വർഷം മുമ്പ് ഫ്രാൻസിൽ കോണ്ടം ഉപയോഗിച്ചിരുന്നതായി അക്കാലത്തെ ഒരു ഗുഹാചിത്ര പോൺ സൈറ്റിൽ കാണുന്നുണ്ടെന്ന് ചരിത്രം പറയുന്നു. എന്നുവച്ചാ, കോണ്ടം ഒരു ഫ്രഷ് ഐഡിയയല്ല. അതു കണ്ടുപിടിച്ചത് ഹിന്ദുസ്ഥാൻ ലാറ്റക്സുമല്ലാ.
2. ഇറ്റലിയിലെ AMATORE BOLZONI എന്നു പറയുന്നയാളുടെ കൈയിൽ 2077 തരം കോണ്ടങ്ങൾ ഉണ്ടത്രേ. ബെസ്റ്റ് ഹോബി! അതും 1800 കളിൽ ആടിന്റെ കുടലിൽ നിന്നുണ്ടാക്കിയ ടൈപ്പ് കോണ്ടം മുതൽ രണ്ടാം ലോകമഹായുദ്ധകാലത്ത് യു.എസ് സൈനികർ ഉപയോഗിച്ച കോണ്ടം വരെയുണ്ട്. രാജ്യങ്ങൾ തോറും നടന്ന് കോണ്ടം ശേഖരിച്ച മനുഷ്യനാണദ്ദേഹം. ചിരിക്കണ്ടാ. കളിച്ച കളിയല്ലാ, ഗിന്നസ് റെക്കോർഡാണ്. അയാളുടേല് പാട്ടു പാടുന്ന കോണ്ടവുമുണ്ടത്രേ, റിയലി ഇന്ററസ്റ്റിംഗ്. ഏത് പാട്ടായിരിക്കും!?
3. കോണ്ടങ്ങൾ കൂട്ടിക്കെട്ടി കയറാക്കിയ മനുഷ്യനുമുണ്ട്. ഒരു റൊമേനിയക്കാരൻ. CRISTIAN BRANEA എന്നാണ് പേര്. 25,773 കോണ്ടങ്ങൾ കൂട്ടിക്കെട്ടി അയാളുണ്ടാക്കിയ ആ കോണ്ടവള്ളിയുടെ നീളമെത്രാന്നോ, 3.25 കിലോമീറ്റർ! (2007 -ൽ). ഒരറ്റത്ത്ന്ന് മറ്റേ അറ്റത്തേക്ക് ഓട്ടോ ചാർജ് തന്നെ 60 രൂപയാവും.
4. ലോകത്തേറ്റവും വലിയ കോണ്ടം ഉണ്ടാക്കിയതും ഫ്രാൻസിലാണ്. 1993-ലെ ഇതുപോലൊരു എയിഡ്സ് ഡേക്ക്, കോണ്ടം ബോധവത്കരണത്തിന്റെ ഭാഗമായിട്ട്. 72 അടി നീളമുണ്ടായിരുന്ന ആ യമണ്ടൻ കോണ്ടമാണ് താഴെ ചിത്രത്തിൽ. അതും ഗിന്നസ് റിക്കോർഡാണ് കേട്ടോ.. (പക്ഷെ ലോകത്തേറ്റവും നീളമുള്ള ലിംഗത്തിന് ആ കോണ്ടം പോരാ. 111 അടി നീളമുണ്ടല്ലോ നെയ്യാറ്റിൻകരയിലെ ആ ഉദ്ധൃതശിശ്നികയ്ക്ക്.)


കോണ്ടം വിശേഷങ്ങളിനിയുമുണ്ട്. കൂടുതൽ പറഞ്ഞ് ബോറാക്കുന്നില്ല. എന്തായാലും ഒരു കാര്യം മറക്കണ്ടാ, കോണ്ടവും ഹെൽമറ്റും ആരോഗ്യവും ആയുസും ആത്മവിശ്വാസവും ഉയർത്തുന്ന തൊപ്പികളാണ്. വിവേകത്തോടെ ഉപയോഗിക്കൂ, വിജയം വരിക്കൂ


No comments:

Post a Comment