വൈവാഹിക ബലാത്സംഗങ്ങള്‍

"ഉദ്ധരിക്കാത്ത പുരുഷനും അവന്‍റെ ശവവും ഒരുപോലെയാണ്.. പെണ്ണൊന്നു പേടിപ്പിച്ചാല്‍ തീരുന്നതേയുള്ളൂ, ആണിന്‍റെ ഉശിര്. ദാ ഇതുപോലെ.."

'വീനസ് ഫ്ലൈട്രാപ്പെ'ന്ന കഥയിൽ രൂപ എന്ന പഴയൊരു റേപ് വിക്റ്റിം മാത്യൂസെന്ന പോലീസുകാരനോട് പറയുന്ന ഡയലോഗാണ്. കഥയിൽ മാത്രമല്ലാ, ജീവിതത്തിലും അങ്ങനെ തന്നെയാണ് കാര്യങ്ങൾ. പരസ്പര സമ്മതത്തോടെയുള്ള രതിയാണെങ്കിലും, വികാരത്തിന്റെ ഉത്തുംഗത്തിൽ നിൽക്കുമ്പോഴാണെങ്കിൽ പോലും സ്നേഹിക്കുന്ന പങ്കാളിയുടെ ഭാഗത്തു നിന്നുള്ള മാനസികമായൊരു പ്രഹരം, അല്ലെങ്കിൽ അപ്രതീക്ഷിതമായ ഒരു ഇൻസൾട്ടിംഗ് ഡയലോഗ് ഒക്കെ മതി പുരുഷന്റെ ഉദ്ധാരണം ഇല്ലാതാക്കാൻ. അവന്റെ രതി അവിടെ തീർന്നു.

ഇതിന് ഒരൊറ്റ എക്സ്പ്ലനേഷനേ ഉള്ളൂ. രതിയെന്ന് പറയുന്നത് യഥാർത്ഥത്തിൽ ലൈംഗികാവയവത്തിന്റെ അനുഭൂതിയല്ലാ. അത് ശരിക്കും തലച്ചോറിലാണ് സംഭവിക്കുന്നത് എന്നുള്ളതാണത്. നമ്മൾ കാണാൻ കണ്ണും കേൾക്കാൻ കാതും ഉപയോഗിക്കുന്ന പോലെ ഒരു മാധ്യമം മാത്രമാണ് ലൈംഗികാവയവങ്ങളും. എന്തുകൊണ്ടൊരു മനുഷ്യൻ ഗേയോ ലെസ്ബിയനോ ആകുന്നു എന്ന ചോദ്യത്തിന്റെ ഉത്തരവും ഇതേ 'തലച്ചോറ്' തന്നെ.

പുരുഷൻമാരോടാണീ കുറിപ്പ് സംസാരിക്കുന്നത്. രതിയുടെ നേരത്ത്, നിങ്ങൾ സ്നേഹിക്കുന്നൊരാളുടെ- അത് ഭാര്യയോ കാമുകിയോ ആവട്ടെ - ഭാഗത്തുനിന്നുള്ള തികച്ചും അപ്രതീക്ഷിതമായ ഒരു ഡയലോഗ് പോലും നിങ്ങളുടെ വീര്യത്തെ തളർത്തുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് തുടർന്ന് രതി ആസ്വദിക്കാൻ പറ്റുന്നില്ലെങ്കിൽ, ഈ മാനസികാവസ്ഥയിലൂടെ കടന്നു പോകുന്ന പങ്കാളിയുടെ മനസിനെ പറ്റി ഒരിക്കലെങ്കിലും ഒന്ന് ചിന്തിച്ചു നോക്കണം. നിങ്ങളുടേത് പോലെ ഉദ്ധരിക്കുന്നൊരു അവയവമില്ലാത്ത അവരുടെ അനാട്ടമി, സ്വന്തം മനസിലുള്ളത് പ്രകടമാക്കാൻ പര്യാപ്തമല്ലെങ്കിൽ പോലും.

'മെരൈറ്റൽ റേപ്പ്' ചെയ്യുന്ന പുരുഷനാണോ നിങ്ങൾ? എന്നാൽ നിങ്ങളോടാണ്. നിയമപരമായി ഭാര്യ ആയതുകൊണ്ടുമാത്രം നിങ്ങളുടെ പ്രവൃത്തി 'റേപ്പ'ല്ലാതാവുന്നില്ലെന്ന് മനസിലാക്കാനാണ് മുകളിലിത്രയും വിശദമായി എഴുതിയത്. നിങ്ങളെ പോലെ തന്നെ തലച്ചോറുകൊണ്ടു രതിയാസ്വദിക്കുന്ന മറ്റൊരു വ്യക്തിയാണ് നിങ്ങളുടെ ഭാര്യയും. കാരണമെന്തായാലും, അവരുടെ തലച്ചോറിനത് സമ്മതമല്ലാന്ന് നിങ്ങളോട് പറഞ്ഞു കഴിഞ്ഞാൽ അവിടെ നിർത്തണം. അവരുടെ ശരീരഘടന നിങ്ങളുടെ ആക്രമണത്തിന് അനുയോജ്യമായതുകൊണ്ടു മാത്രം നിങ്ങളവരെ ഭോഗിക്കുന്നതും, ഭാര്യയായി പോയതുകൊണ്ടുമാത്രം അവർ പരാതിപ്പെടാതിരിക്കുന്നതും നിങ്ങളുടെ പ്രവൃത്തിയെ ഒരു രീതിയിലും ന്യായീകരിക്കുന്നില്ല.

ലോകത്തെവിടെയെങ്കിലും റേപ്പ് നടന്നാൽ നമ്മൾ പ്രതിഷേധിക്കാൻ മുമ്പന്തിയിലാണ്. പക്ഷെ, ഇതേ സംഭവങ്ങൾ സ്വന്തം വീട്ടിൽ നടക്കുന്ന കാര്യവും അവിടെ നമുക്ക് വേട്ടക്കാരന്റെ മുഖമാണെന്നതും നമ്മൾ അപ്പോഴും മറന്നുപോവും.കേരളത്തിൽ കഴിഞ്ഞ 4 വർഷത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 'വൈവാഹിക ബലാത്സംഗ'ങ്ങളുടെ എണ്ണം 3265 ആണ്. ഒന്നാലോചിച്ച് നോക്കിയേ, കേരളത്തിലെ എത്ര ശതമാനം സ്ത്രീകൾ സ്വന്തം ഭർത്താവിനെതിരേ റേപ്പ് കേസ് കൊടുക്കാൻ മുന്നോട്ട് വരുമെന്ന്. ഈ സംഖ്യയുടെ എത്ര മടങ്ങായിരിക്കും യഥാർത്ഥ സംഖ്യയെന്ന് ഊഹിക്കാനേ പറ്റില്ല. വെറും ടിപ് ഓഫ് ഐസ്ബർഗാണിത്.

അതും ഒന്നോ രണ്ടോ വട്ടമല്ല, വർഷങ്ങളോളം നീണ്ടു നിൽക്കുന്ന പീഡനങ്ങളാണവ ഓരോന്നുമെന്ന് പറയാതെ തന്നെ നമുക്കറിയാം. പരസ്പര സമ്മതമോ ബഹുമാനമോ ഇല്ലാത്ത ഏതൊരു പ്രവൃത്തിയും ഗാർഹിക പീഡനമാണ്. ലൈംഗിക പീഡനം അതിലൊന്ന് മാത്രമാണെങ്കിലും മറ്റ് റേപ് കേസുകൾ ചർച്ച ചെയ്യപ്പെടുന്ന പോലെ ഇതും ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. ചുരുങ്ങിയ പക്ഷം, ഘോരമായ ചർച്ചയ്ക്കിടയിൽ അവനവന്റെ ഉള്ളിലേക്കൊന്ന് ചുഴിഞ്ഞുനോക്കുകയെങ്കിലും ചെയ്യണം.

ശരീരം ക്രൂരമായി പിച്ചിചീന്തപ്പെട്ട പെൺകുട്ടികളെ പറ്റി ചർച്ച വരുമ്പോൾ അവൾക്കുണ്ടായ ശാരീരിക പീഡനങ്ങളെ പറ്റി മാത്രം ചിന്തിക്കുകയും ചർച്ചിക്കുകയും, മനസിനെ പൂർണ്ണമായും അവഗണിക്കുകയും ചെയ്യുന്ന പ്രവണത നമുക്കുണ്ട്. റേപ്പ് ശരീരത്തിലേൽപ്പിക്കുന്നത്, ഒന്ന് മറിഞ്ഞുവീണാലുള്ളതിനേക്കാൾ നിസാര പരിക്കാണ്. രതി മനസിലാണെന്ന് പറഞ്ഞതുപോലെ, റേപ്പും മനസിനെയാണ് ശരിക്കും ബാധിക്കുന്നത്, അത് മെരൈറ്റൽ റേപ്പായാലും.

ഇഷ്ടമില്ലാത്ത ഒരു വാക്കോ, മൂഡ് ഓഫോ നിങ്ങളുടെ മൂഡ് കളയുന്ന പോലെ, അതേ അവസ്ഥ അപ്പുറത്തുമുണ്ടെന്നും നിങ്ങളുടെ വാക്കും പ്രവൃത്തിയും അവരുടെ ശരീരത്തെയും മനസിനെയും ബാധിക്കുന്നുണ്ടെന്നും തിരിച്ചറിയണം.

മേൽപ്പറഞ്ഞ കഥയിൽ രൂപ തുടർന്ന് പറയുന്നുണ്ട്,
''എന്‍റെ ശവം പോലും ഭോഗിച്ചവരുണ്ട്. പക്ഷെ ഒരിക്കലും ഒരാണിന്‍റെ ശവത്തെ ഭോഗിക്കാന്‍ പറ്റില്ല'' എന്ന്. പറഞ്ഞിട്ടവൾ പൊട്ടിച്ചിരിക്കുന്നുണ്ട്, പത്തി താഴ്ത്തിയ ആൺമയെ നോക്കി. രതിയ്ക്ക് റെഡിയായി നിന്ന മാത്യൂസ് പട്ടിയെപ്പോലെ നിന്ന് കിതയ്ക്കുന്നുണ്ടതു കേട്ട്.

തന്നെ ആക്രമിക്കുന്ന ഭർത്താവിനെ നോക്കി ഓരോ ഭാര്യയും ഇതുപോലെ ചിരിക്കുന്നുണ്ടാവുമെന്ന് മേൽപ്പറഞ്ഞ പോലുള്ള പുരുഷന്മാരൊക്കെ ഒന്നോർക്കണം. ഈ പത്തി താഴ്ത്തലൊക്കെ, സ്നേഹം അല്ലെങ്കിൽ ബഹുമാനം എന്നൊരു സംഗതി അവിടെ ഉണ്ടെങ്കിൽ മാത്രമാണ് പ്രവർത്തിക്കുന്നത് കേട്ടോ. അതില്ലാതെ, നോ പറയുമ്പോൾ നോ എന്ന് തന്നെ മനസിലാക്കാൻ പറ്റുന്നില്ലെങ്കിൽ ഭർത്താക്കന്മാരും കാമുകന്മാരും അവിടെ ഗോവിന്ദച്ചാമിയ്ക്ക് തുല്യരാണ്.

©മനോജ്‌ വെള്ളനാട്

1 comment:

  1. What are the best casinos to play in 2021?
    Which casinosites.one casinos offer slots? — Casino gri-go.com Sites. Best ford fusion titanium casino sites are those https://deccasino.com/review/merit-casino/ that allow players to try a game from anywhere. The most common online slots

    ReplyDelete