മദ്യപാനിയുടെ വീട്


ഒരു മുഴു മദ്യപാനിയുടെ വീട്ടുകാരെ നിങ്ങൾ കണ്ടിട്ടുണ്ടോ? അയാളുടെ ഭാര്യയെ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അയാളുടെ മക്കളെ? അങ്ങനെയുള്ളവർ വസിക്കുന്ന വീടുകൾ നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമുണ്ട്. നഗരങ്ങളിലും കാണാം, പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ട ജനങ്ങൾക്കിടയിൽ. നിങ്ങൾ കണ്ടിട്ടുണ്ടാവും, പക്ഷെ കാഴ്ചയിൽ പതിഞ്ഞിട്ടുണ്ടാവണമെന്നില്ല. അങ്ങനെയുള്ളവരുടെ ചത്ത കണ്ണുകളിലെ നിരാശ കാണണം. ഓരോ നിമിഷവും അവർ കടന്നു പോകുന്ന കടലാഴം അറിയാൻ ശ്രമിക്കണം. എന്നിട്ടും അടുപ്പിച്ചാറുപെറ്റ തിരുവനന്തപുരത്തെ ആ സ്ത്രീയെയും അവർ ഫാമിലി പ്ലാനിംഗ് ട്രൈ ചെയ്യാത്തതിനെയും വിമർശിക്കാനും ഉപദേശിക്കാനുമാണ് തോന്നുന്നതെങ്കിൽ ആവാം.
ഞാൻ കണ്ടിട്ടുണ്ട്, ഒരു മദ്യ അടിമയുടെ ഭാര്യയെയും മക്കളെയും. വേറെങ്ങുമല്ലാ, കുറച്ചു നാൾ മുമ്പ് എന്റെ സ്വന്തം ഫാമിലിയിൽ തന്നെ. ആ ഭാര്യ ഒരൽപ്പമെങ്കിലും മനസമാധാനത്തോടെ ഇരിക്കുന്നത് കണ്ടത്, അയാൾ ആത്മഹത്യ ചെയ്തതിന് ശേഷമാണ്. എത്ര കൊടിയ മാനസിക-ശാരീരിക പീഡനത്തിലും അയാളുടെ മരണം അവർ ആഗ്രഹിച്ചിട്ടില്ലാന്നെനിക്കറിയാം. അതാണ് തന്റെ ജീവിതമെന്നും കുഞ്ഞുങ്ങൾക്കു വേണ്ടിയെങ്കിലും ഇതിങ്ങനെ സഹിച്ചും കരഞ്ഞും തുടർന്നാലേ പറ്റൂ എന്നും അവർ എപ്പൊഴോ തീരുമാനിച്ചിട്ടുണ്ടായിരിക്കണം. അതാണ് വിദ്യാഭ്യാസവും വരുമാനവുമില്ലാത്ത ഒരു പെണ്ണിന്റെ നിസഹായത.
ആ നിസഹായതയാണ് പുറമ്പോക്കിലെ ഫ്ലക്സ് ബോർഡ് മൂടിയ ഷെഡിൽ താമസിക്കുന്ന ആ സ്ത്രീയിലും കാണാൻ കഴിയുന്നത്. ഓരോ വയസിന്റെ ഇളപ്പം മാത്രമുള്ള ആ കുഞ്ഞുങ്ങളെല്ലാം ആ സ്ത്രീ ആഗ്രഹിച്ച് ജനിച്ചതാവാൻ ഒരു സാധ്യതയുമില്ല. മദ്യപിച്ചു വന്ന് നിരന്തരം പീഡിപ്പിക്കുന്ന ഭർത്താവിന്റെ ലൈംഗിക പീഡനത്തിന്റെ ഫലമാവാനേ തരമുള്ളൂ. അവർ ഗർഭിണിയാണെന്ന കാര്യം പോലും അവർ വളരെ വൈകിയാവും ശ്രദ്ധിച്ചിട്ടുണ്ടാവുക.
ഈ മദ്യ അടിമകളുടെ വീടുകളിൽ മുഴുപ്പട്ടിണിയൊന്നും ആയിരിക്കണമെന്നില്ല. പക്ഷെ, എല്ലാ അർത്ഥത്തിലുമുള്ള ദാരിദ്ര്യമവിടെ തളം കെട്ടിക്കിടക്കുന്നത് കാണാം. ആ അന്തരീക്ഷത്തിൽ സ്നേഹമുള്ള ഒരു വാക്കോ കാഴ്ചയോ ഉണ്ടാവില്ല. ജനിച്ച ശേഷം സന്തോഷമെന്താണന്ന് തന്നെ അറിഞ്ഞിട്ടില്ലാത്തവരായിരിക്കും ആ വീട്ടിലെ കുട്ടികൾ. അങ്ങനത്തെ ആറു കുഞ്ഞുങ്ങളാണ് ആ ഫ്ലക്സ് കൂരയിലുണ്ടായിരുന്നത്.
പിന്നെ കുട്ടികൾ വിശപ്പ് സഹിക്കാതെ മണ്ണു വാരി തിന്നുന്നതൊക്കെ വളരെ വിരളമാണെന്നാണ് എന്റെ അറിവ്. അഥവാ അങ്ങനെ മണ്ണു കഴിച്ചിട്ടുണ്ടെങ്കിൽ ആ കുട്ടികൾക്ക് PICA എന്ന അവസ്ഥയാവാൻ സാധ്യതയുണ്ട്. അത് ബുദ്ധിവികാസത്തിന്റെയോ സ്വഭാവവികാസത്തിന്റെയോ വൈകാരികമായ പ്രശ്നങ്ങളുടെയോ പോഷകാഹാരക്കുറവിന്റെയോ ഒക്കെ ഫലമായി വരാം. ആ വാർത്തയിലെ സാഹചര്യത്തിൽ വളരുന്ന കുഞ്ഞുങ്ങൾക്ക് ഇവയെല്ലാമുണ്ടാവാൻ സാധ്യതയുണ്ട്. ശിശുക്ഷേമ സമിതിയിലെ ഡോക്ടർക്കത് മനസിലാക്കാൻ കഴിഞ്ഞേക്കും.


ഞാനീ ഓണ്‍ലൈന്‍ ചുവരിൽ പലപ്പോഴും സ്ത്രീ ശാക്തീകരണത്തെ പറ്റിയൊക്കെ എഴുതിയിടാറുണ്ട്. പക്ഷെ അതെല്ലാം എനിക്ക് താഴെയുള്ള തലമുറയെ മുതൽ താഴോട്ടുള്ളവരെ അഡ്രസ് ചെയ്താണെഴുതാറ്. സ്വന്തം കാലിൽ നിൽക്കേണ്ടതിന്റെയും പഠിച്ച് ജോലി കിട്ടിയിട്ടു മാത്രം കല്യാണം കഴിക്കേണ്ടതിന്റെയും ശരീരത്തിന്മേലുള്ള അവകാശങ്ങളെ പറ്റിയും ഒക്കെയായി, പലതും. കാരണം, അവരിലൂടെയേ ഒരു മാറ്റം കൊണ്ടുവരാൻ പറ്റൂ. മേൽ സൂചിപ്പിച്ച പോലുള്ള നിസഹായർക്ക്, അതായത് എനിക്ക് മുമ്പേയുള്ള തലമുറയ്ക്ക്, പെട്ടു പോയവർക്ക്, പറ്റിയാൽ ഒരു കൈത്താങ്ങ് കൊടുക്കുകയാണ് നമുക്ക് ആകെ ചെയ്യാനുള്ളത്. കാരണം, അവരുടെ പ്രശ്നങ്ങൾ ഉപദേശങ്ങൾ കൊണ്ട് മാറുന്നതല്ലല്ലോ.
നമ്മളോരോരുത്തരും പുറത്തേക്കിറങ്ങി നോക്കണം. ഓരോ വില്ലേജിലും കാണും ഇത്തരം വീടുകളും സ്ത്രീകളും കുഞ്ഞുങ്ങളും. ഭർത്താവിന്റെ മദ്യപാനം മൂലം എല്ലാം തകരാറിലായ കുടുംബങ്ങൾ. പുറത്തറിഞ്ഞാൽ ഭർത്താവ് കുട്ടികളെ ഉപദ്രവിക്കുമെന്നും കൊല്ലുമെന്നും ഭയന്ന് അയൽക്കാരോട് പോലും മനസു തുറന്ന് സംസാരിക്കാൻ പേടിച്ച് കഴിയുന്ന പെണ്ണുങ്ങളുള്ള വീടുകൾ. എന്നിട്ട്, പരിഹാരം കാണാൻ കഴിവുള്ളവരിലേക്ക് നിങ്ങൾക്കറിയാവുന്ന ഇത്തരം വീടുകളിലെ പ്രശ്നങ്ങൾ എത്തിക്കാൻ ശ്രമിക്കണം. എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് ആ പ്രദേശത്തെ വാർഡ് മെമ്പർമാർക്കോ കൗൺസിലർക്കോ ഒക്കെ ആയിരിക്കും. അവരില്ലെങ്കിൽ പോലീസിലെങ്കിലും അറിയിക്കണം.
ഭർത്താവിന്റെ അമിത മദ്യപാനമാണവിടങ്ങളിലെ വില്ലനെന്ന് പറയേണ്ടല്ലോ. അവിടം മുതൽ പരിഹാരം കാണാൻ കഴിഞ്ഞാൽ ആ കുടുംബങ്ങൾ വലിയ ദുരന്തങ്ങളെയൊന്നും അഭിമുഖീകരിക്കാതെ കടന്നുപോകും. ആ സ്ത്രീക്കൊരു വരുമാനമാർഗവും കുട്ടികളുടെ വിദ്യാഭ്യാസവുമൊക്കെയായി വേറെയും പല രീതിയിൽ നമുക്കവരെ സഹായിക്കാൻ പറ്റും. പറയുന്നത്ര എളുപ്പമല്ലെങ്കിലും നമ്മൾ ശ്രമിക്കാതിരിക്കുന്നതിലർത്ഥമില്ലല്ലോ.
ഇതിന്റെയൊക്കെ ഒപ്പം വേണമെങ്കിൽ നമുക്ക് സ്വന്തം ശരീരത്തിന്റെ ഉടമസ്ഥാവകാശത്തെ പറ്റി കൂടി അവരോട് പറയാം. അപ്പൊഴേ അവർക്കതിനെ പറ്റി ഓർക്കാനെങ്കിലും കഴിയൂ. കാരണം, ദാരിദ്ര്യമാണവരുടെ ജീവിതത്തിലെ പ്രധാന വില്ലൻ. പിന്നെ, അത്തരം അവകാശപ്രശ്നങ്ങൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ മാത്രം പ്രശ്നവുമല്ല, പ്രൊഫഷണൽ ഡിഗ്രിയും നല്ല ജോലിയുമൊക്കെ ഉള്ള സ്ത്രീകൾക്കിടയിലുമതുണ്ട്. ചില കാര്യങ്ങളിൽ അവരും ദരിദ്രരാണ്.
രത്നച്ചുരുക്കം: തിരുവനന്തപുരത്തെ സ്ത്രീയും കുഞ്ഞുങ്ങളും ആ ഭർത്താവും ഓരോ പ്രതിനിധികളാണ്. അവർ പ്രതിനിധാനം ചെയ്യുന്നവർ എല്ലായിടത്തുമുണ്ട്. എന്നെങ്കിലും മറ്റൊരു വാർത്തയായി വരുന്നതിന് മുമ്പ് അവരെ കൂടി കാണാൻ നമുക്ക് കഴിയണം. ഈ കോലാഹലങ്ങൾക്കപ്പുറവും അവരൊക്കെ അങ്ങനെയൊക്കെ തന്നെ തുടരുന്നുണ്ടെങ്കിൽ അതിന് സ്‌റ്റേറ്റിനും സഹജീവികളായ നമുക്കോരോരുത്തർക്കും ഉത്തരവാദിത്തമുണ്ട്.

©
മനോജ്‌ വെള്ളനാട്

1 comment:

  1. How do I make money from playing games and earning
    These are the three most septcasino.com popular forms of gambling, and are explained in a หารายได้เสริม very concise and concise manner. https://septcasino.com/review/merit-casino/ The most common febcasino forms of poormansguidetocasinogambling.com gambling are:

    ReplyDelete