സിസേറിയനും DGP യുടെ മണ്ടത്തരങ്ങളും


പണ്ടു ഞാൻ സ്ഥിരം വായിക്കുന്ന പംക്തിയായിരുന്നു, മനോരമ ആഴ്ചപ്പതിപ്പിലെ 'കണ്ണീരും കിനാവും'. ചതി, പീഡനം, വഞ്ചന, അവിഹിതം, ബലാത്സംഗം തുടങ്ങി മനുഷ്യൻ അനുഭവിക്കുന്ന ക്രൂരതകളൊക്കെ വായിക്കുമ്പോ, സമാധാനത്തോടെ പട്ടിണി കിടക്കാനും വേണം ഭാഗ്യമെന്ന് കരുതി ഞാനങ്ങ് സമാധാനിക്കും. എന്നിട്ട്, എല്ലാ ചൊവ്വാഴ്ചയും ആഴ്ചപ്പതിപ്പിനായി കാത്തിരിക്കാറുണ്ടായിരുന്നു, സ്കൂൾ കാലത്ത്.

കേബിൾ ടിവി, കണ്ണീരിലും പട്ടുസാരിയിലും പൊതിഞ്ഞ മെഗാസീരിയലുകൾ ഒക്കെ വന്നതിൽ പിന്നെ പഴയതുപോലെ മനോരമ ആഴ്ചപ്പതിപ്പ് കാണാറേയില്ലായിരുന്നു. സർക്കുലേഷനൊക്കെ മോഡിയുടെ കാലത്തെ സാമ്പത്തികവളർച്ച പോലെ ആയിക്കാണും.ഇന്നിതാ, 'കുഞ്ഞിനെ എടുക്കുമ്പോൾ ഏത് സാരി ചുറ്റണ'മെന്ന തലക്കെട്ടോടെ പഴയ DGP അലക്സാണ്ടർ ജേക്കബ് ഒരു കുറിപ്പെഴുതിയത് മനോരമ ആഴ്ചപ്പതിപ്പിൽ വന്നിട്ടുണ്ട്. അതിൽ എല്ലാവരും പൊങ്കാലയർപ്പിക്കാനായി തെരെഞ്ഞെടുത്ത, 'സിസേറിയൻ വഴി ജനിക്കുന്ന കുഞ്ഞുങ്ങൾ ഭാവിയിൽ അക്രമികളാകു'മെന്ന അദ്ദേഹത്തിന്റെ നിരീക്ഷണം എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല. കാരണം, അത് പറഞ്ഞത് അലക്സാണ്ടർ ജേക്കബും പ്രസിദ്ധീകരിച്ചത് മനോരമയുമാണ്.

പണ്ടു വായിച്ച കണ്ണീരും കിനാവുമൊക്കെ, ഇവന്മാർ തന്നെയുണ്ടാക്കിയ വെറും മസാലക്കഥകളായിരുന്നെന്ന് ഞാൻ പിന്നീടാണറിഞ്ഞത്. ബ്ലഡി ഗ്രാമവാസീസ്.. അലക്സാണ്ടർ ജേക്കബിനെ സംബന്ധിച്ച് ഈ തള്ള്, ''ഇത് ചെറുത്.. '' ആണ്. കൂടുതലറിയാൻ youtube വീഡിയോസ് കണ്ടാ മതി, കിളി പറക്കും. സഹ DGP സെൻ കുമാറുമായി കട്ടയ്ക്ക് നിയ്ക്കും. പിന്നെ, മനോരമ, അവർ പഠിച്ചതല്ലേ പാടൂ..

സൂര്യഗ്രഹണ സമയത്ത് റോഡിലിറങ്ങി ഡാൻസ് കളിച്ച, പായസം വിളമ്പിയ, ശാസ്ത്രബോധമുള്ള മലയാളയുവത്വത്തോടാണ് ഇവന്മാരുടെ കളിയെന്ന് അവർക്കറിയില്ലാ. അതോണ്ട് അടുത്തയാഴ്ച അവർ വീണ്ടും വരും, 'സിസേറിയൻ വഴി ജനിക്കുന്ന കുട്ടികൾക്ക് സിസർ ഫിൽറ്ററിനോട് ആസക്തി' എന്ന തലക്കെട്ടുമായിട്ട്..

വർഷാവസാനമായിട്ട് ഓരോരോ ദുരന്തങ്ങൾ, ഹോ!

©മനോജ്‌ വെള്ളനാട്

No comments:

Post a Comment