ഉഡായിപ്പ് വിൽക്കാനുണ്ടേ.. ഉഡായിപ്പ്..

കഴിഞ്ഞ ദിവസം സുഹൃത്ത് ഒരു മെസേജയച്ചു. അവനില്ലാത്ത സമയം അവന്റെ വീട്ടിൽ രണ്ടു യുവാക്കൾ വന്നിരുന്നു. അവന്റെ അമ്മ തൈറോയിഡ് ഹോർമോൺ കുറവായതിനാൽ 2 വർഷമായി മരുന്ന് കഴിക്കുന്നയാളാണ്.

ഈ വീട്ടിൽ വന്നവർ, പുതിയൊരു മരുന്ന് പരിചയപ്പെടുത്താനും വിൽക്കാനുമായിട്ട് വന്നതാണ്. 'ആയുഷ്' എന്നോ മറ്റോ പേരുള്ള ആ മരുന്ന് കഴിച്ചാൽ തൈറോയിഡിന്റെ അസുഖം പൂർണമായും മാറുമെന്നാണ് പറഞ്ഞത്. പിന്നെ യാതൊരുവിധ സൈഡെഫക്റ്റും ഇല്ലാന്ന് പ്രത്യേകം പറയണ്ടല്ലോ. അതും പറഞ്ഞു. 3 മാസത്തെ മരുന്നിന് വെറും 3000 രൂപയേ ഉള്ളൂ!

രണ്ടുവർഷമായി തൈറോക്സിൻ ഗുളിക കഴിച്ച്, നിലവിൽ യാതൊരുവിധ ബുദ്ധിമുട്ടുമില്ലാതിരിക്കുന്ന ആ അമ്മ, മകൻ വീട്ടിലെത്തിയതു മുതൽ ഈ പുതിയ മരുന്ന് വാങ്ങുന്ന കാര്യം തന്നെയാണ് പറച്ചിൽ. അധ്യാപകനായ അദ്ദേഹം അതൊന്നും ശരിയാവില്ലാന്നും പറ്റിപ്പായിരിക്കുമെന്നൊക്കെ അമ്മയെ പറഞ്ഞ് മനസിലാക്കാൻ പരമാവധി ശ്രമിച്ചു. പക്ഷെ ആ വന്നവർ അത്രമാത്രം അമ്മയെ ബ്രയിൻ വാഷ് ചെയ്തിരുന്നു. ഒടുവിൽ പറഞ്ഞ് തളർന്നപ്പോഴാണ് സുഹൃത്തെനിക്ക് മെസേജയക്കുന്നത്.

തിരിച്ചത്രയും കാര്യങ്ങൾ മെസേജിലൂടെ പറയാൻ പാടായതിനാൽ പുള്ളിയെ വിളിച്ചു. അദ്ദേഹത്തോട് പറഞ്ഞ ചില കാര്യങ്ങളിതാണ് (എഡിറ്റഡ് :) ),

1. ഈ തൈറോയിഡ് ഹോർമോൺ കുറയുന്ന അവസ്ഥയ്ക്ക് ഒരേയൊരു ചികിത്സയേയുള്ളൂ. അത് കുറവുള്ളതെത്രയാണെന്ന് ഒരു തൈറോയിഡ് ഫംഗ്ഷൻ ടെസ്റ്റ് നടത്തി മനസിലാക്കിയ ശേഷം, ഇതേ ഹോർമോൺ ഗുളിക രൂപത്തിൽ കഴിക്കുക എന്നതാണ്.
          (വീട്ടിൽ അരി തീർന്നാൽ നമ്മൾ വീണ്ടും അരി വാങ്ങുകയാണല്ലോ ചെയ്യുന്നത്. അല്ലാതെ രണ്ടു ലോഡ് മണലിറക്കുകയല്ലല്ലോ. അതു പോലെയാണിതും.)

2. ആ ഗുളികയിലുള്ളത് നമ്മുടെ ശരീരത്തിലുണ്ടാവുന്ന അതേ തൈറോക്സിൻ തന്നെയാണ്. ഏറ്റവും സൈഡ് എഫക്റ്റ് കുറഞ്ഞ മോഡേൺ മെഡിസിൻ മരുന്നിലൊന്നാണിത്. നമുക്ക് ജീവനോടിരിക്കാൻ തൈറോക്സിൻ ആവശ്യമാണ്. അതിനാൽ ചിലപ്പോൾ ജീവിതകാലം മുഴുവനിത് കഴിക്കേണ്ടി വരാം. ഇടയ്ക്ക് പരിശോധനകൾ നടത്തി ഡോസ് അഡ്ജസ്റ്റ് ചെയ്താ മാത്രം മതി.

3. 3 മാസത്തെ തൈറോക്സിൻ ഗുളികയ്ക്ക് 300 രൂപ പോലുമാവില്ല നമ്മുടെ നാട്ടിൽ. അങ്ങനെയുള്ളപ്പോഴാണ് ഏതോ ഒരുത്തൻ വന്ന് 3000 രൂപയുടെ എന്തോ കാണിച്ചപ്പൊ അത് വാങ്ങണമെന്ന് വാശി പിടിക്കുന്നത്. അത് സമ്മതിക്കരുത്.

4. ഈ വീട്ടിൽ വന്നവർ 100% ഉഡായിപ്പാണ്. കാരണം, അങ്ങനൊരു മരുന്നുണ്ടാവാനുള്ള സാധ്യത തീരെ ഇല്ല. പിന്നെയിത് നിയമവിരുദ്ധവുമാണ്.

5. ഇനി 'ആയുഷ്' എന്നാണവർ മരുന്നിന്റെ പേര് പറഞ്ഞതെങ്കിൽ അതും തെറ്റിദ്ധരിപ്പിക്കലാണ്. 'ആയുഷ്' എന്നു പറഞ്ഞാൽ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മോഡേൺ മെഡിസിൻ ഒഴികെയുള്ള ചികിത്സാരീതികളെ നിയന്ത്രിക്കുന്ന വകുപ്പാണ്. അവരെന്തായാലും ചട്ടീം കലോം വിക്കുന്ന പോലെ വീടുകൾ കയറിയിറങ്ങി മരുന്നു വിൽക്കാൻ വരാൻ യാതൊരു സാധ്യതയുമില്ല.

ഇനി പൊതുവെ പറയാനുള്ളത്,

1.ഇങ്ങനെ വീടുകൾ തോറും രോഗികളെ തപ്പിയിറങ്ങുന്നവരെ സൂക്ഷിക്കുക. അവരുടെ വാക്ചാതുരിയിലും പൊടിപ്പും തൊങ്ങലും നിറഞ്ഞ വാഗ്ദാനങ്ങളിലും വീഴാതിരിക്കുക.

2. അവർ നിങ്ങളെ പറ്റിച്ച് നിങ്ങളുടെ കാശ് മാത്രമല്ല കവരുന്നത്. നിങ്ങടെ രോഗത്തിന് ശരിയായ ചികിത്സയെടുക്കുന്നത് തന്നെ വിലക്കുകയാണ്. എന്നിട്ട് മറ്റെന്തോ ആണ് മരുന്നെന്നും പറഞ്ഞ് തരുന്നത്. നിങ്ങളുടെ ആരോഗ്യവും ചിലപ്പോൾ ജീവനും കൂടിയവർ കവർന്നെടുത്തേക്കാം.

3. ഇത്തരക്കാരെ കണ്ടു കഴിഞ്ഞാൽ അവരുടെയും അവർ വിൽക്കാൻ കൊണ്ടുവന്ന ഉൽപ്പന്നത്തിന്റെയും ഫുൾ ഡീറ്റെയിൽസും ചോദിച്ചു വാങ്ങുക. എന്നിട്ടത് കേരള ഡ്രഗ് കൺട്രോളർക്ക് (dckerala@gmail.com) മെയിലായി അയക്കുക. Capsule Kerala (capsulekerala@gmail.com) യ്ക്ക് കൂടി ആ മെയിലിന്റെ കോപ്പി അയച്ചാൽ അവരത് കൃത്യമായി ഫോളോ അപ്പ് ചെയ്തോളും.

4. ഇന്നിപ്പൊ ഈ കുറിപ്പെഴുതാനുള്ള പ്രേരണ തന്നെ മനുഷ്യാവകാശ കമ്മീഷൻ ഇന്നലെ പുറപ്പെടുവിച്ച ഒരുത്തരവാണ്. അതിത്തരം മരുന്നുകളുടെ അനധികൃത പരസ്യങ്ങൾ തടയണമെന്നും ഡ്രഗ് കൺട്രോളർ അതന്വേഷിച്ച് റിപ്പോർട്ട് കൊടുക്കണമെന്നുമാണ്. പക്ഷെ പരസ്യങ്ങൾ മാത്രമല്ലാ, മീൻ വിൽക്കാൻ വരുന്നപോലെ വീടുകളിൽ മരുന്ന് വിൽക്കാൻ വരുന്ന പ്രവണതയും തടയേണ്ടതും നിയമപരമായി നേരിടേണ്ടതുമാണ്. അത് നമ്മളോരോരുത്തരും വിചാരിച്ചാൽ നടക്കും. മേൽപ്പറഞ്ഞ പോലെ ചെയ്താ മതി. (ഉത്തരവിന്റെ കോപ്പി കമന്റ് ബോക്സിൽ. ആ ഉത്തരവും കാപ്സ്യൂൾ കേരളയുടെ വിജയമാണ്.)പ്രിയപ്പെട്ടവരേ, നമ്മുടെ വീടുകളിൽ കമ്പിളിപ്പുതപ്പും നോൺ സ്റ്റിക്ക് ടവയും വിൽക്കാൻ വരുന്നവരിൽ നിന്നൊക്കെ രണ്ടും കൽപ്പിച്ച് വാങ്ങുന്നതു പോലല്ലാ, മരുന്ന് വാങ്ങുന്നത്. എട്ടിന്റെയല്ലാ, പതിനാറിന്റെ പണി തന്നെ കിട്ടും. നിങ്ങൾക്ക് രോഗമുണ്ടെങ്കിൽ അതിന്റെ ശരിയായ ചികിത്സ ആ മേഖലയിൽ അറിവുള്ളവരിൽ നിന്ന് മാത്രേ സ്വീകരിക്കാവൂ. പക്ഷെ അവരാരും ഇവിടെ രോഗിയുണ്ടോ എന്ന് തിരക്കി വീടുതെണ്ടി നാടുനീളെ നടക്കാറില്ല. സോ, ജാഗ്രതൈ.

©മനോജ്‌ വെള്ളനാട്

8 comments:

 1. ജാഗ്രതൈ സ്വീകരിച്ചു.

  ReplyDelete
 2. ഡോക്ടറെ ഞാൻ ഇടക്ക് fb യിൽ വരാറുണ്ട് ട്ടോ
  നല്ല കുറിപ്പായി .
  യൂ ട്യൂബ് ലാടനമാർക്ക് വാരേ
  മില്യൻ ലൈക്സ് കൊടുക്കുന്ന
  വടുകൻ മാര് ആണ് നമ്മൾ എന്ന് ഈ ഉടായിപ്പൻ മാർക്ക് അറിയാം.നല്ല മാർക്കറ്റ് അല്ലേ..
  എന്തായാലും ഞാനും ജാഗ്രതൈ

  ReplyDelete
 3. നല്ലത് .!!
  ഇങ്ങനെ പരാതിപ്പെടാൻ ഒരു മാർഗം ഉണ്ട് എന്നറിയുന്നത് ഇപ്പോഴാണ്. നന്ദി ഡോക്ടർ .

  ReplyDelete
 4. .തട്ടിപ്പിന് എന്തൊക്കെ വഴികള്‍..

  ReplyDelete
 5. ARE YOU SEARCHING FOR A EMPLOYEE..FOR A JOB??
  VISIT HERE:https://keralajobsonline.com

  ReplyDelete