Be My Eyes

ഇന്നുച്ച കഴിഞ്ഞ് പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് ആ കോൾ വന്നത്. രണ്ടുദിവസം മുമ്പും ഇതുപോലൊരു കോൾ വന്നിരുന്നൂ, എടുക്കാൻ പറ്റീല്ല. ഇന്ന് കണ്ടയുടനെ പെട്ടന്നെടുത്തൂ. വീഡിയോ കോളാണ്. ഞാൻ ഹലോ പറഞ്ഞൂ.
'Hello Sir, can you help me?'
'Yeah sure. How can I help you?'
'Sir, can you please read the captcha displayed on the screen?'
മൊബൈൽ സ്ക്രീനിൽ ഒരു ലാപ്ടോപ്പ് സ്ക്രീനിന്റെ ഒരുഭാഗം കാണാം. പക്ഷെ അതിൽ കാപ്ച്ച ഇല്ലായിരുന്നു. ഞാൻ പറഞ്ഞൂ,
'Can you slightly tilt your phone towards right?'
അയാളങ്ങനെ ചെയ്തപ്പോൾ captcha കണ്ടു. അയാളുടെ കൈയിൽ മൊബൈലിരുന്ന് വിറക്കുന്നതിനാൽ എനിക്ക് ക്ലിയറായി വായിക്കാൻ പറ്റുന്നില്ല.
'Sir, can you please keep your phone in that position for a while. It's not getting focused because of your tremor.'
'Oh sorry. Can you read now?'
ഞാനാ കാപ്ച്ചയിലെ ഓരോ അക്ഷരവും വായിച്ചുകൊടുത്തു. Small letter 'w'. W for woman, capital 't', t for tiger.. അങ്ങനെയങ്ങനെ..
'Any more letters Sir?'
ഞാൻ എല്ലാമായെന്ന് മറുപടി പറഞ്ഞു.
'will you please wait for a minute, while I'm checking it's correct or not'
'sure'
'Yeah. It's correct Sir. Thank you. Thank you for your time'
'You are welcome'
കോൾ കട്ടായി. ആരാണാന്നോ ഏത് രാജ്യത്ത് നിന്നാണെന്നോ അറിയില്ല. അറിയാൻ കഴിയില്ല. ഞാനാരാണെന്ന് അയാൾക്കും അറിയാൻ കഴിയില്ല. അയാൾ ശബ്ദം കൊണ്ടും, ഞാനയാൾ കാണിച്ചു തരുന്ന കാഴ്ചയുടെ ഇന്റർപ്രിറ്റേഷൻ കൊണ്ടും പരസ്പരം സംവദിക്കുന്നുവെന്ന് മാത്രം. കാരണമയാൾക്ക് കാഴ്ചശക്തിയില്ലല്ലോ.
Be My Eyes എന്ന മൊബൈൽ ആപ്പിനെ പറ്റിയാണീ കിന്നാരം മൊത്തം. കാഴ്ചയില്ലാത്ത ഒരാളെ അക്ഷരാർത്ഥത്തിൽ തന്നെ കൈപിടിച്ചു നടത്താൻ സഹായിക്കുന്ന ആപ്പാണ് Be My Eyes. ചിലപ്പോൾ ഏതെങ്കിലും ഭൂഖണ്ഡങ്ങളിലിരുന്ന്. ചിലപ്പോൾ 2 കിലോമീറ്ററപ്പുറത്തിരുന്ന്..
ആപ്പിന്റെ പ്രവർത്തനം ഇങ്ങനെയാണ്:
കാഴ്ചയില്ലാത്തവർക്കും കാഴ്ചയുള്ളവർക്കും തങ്ങളുടെ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം. Blind or volunteer ഓപ്ഷനുകളാണുള്ളത്. അതിൽ രെജിസ്റ്റർ ചെയ്യണം. കാഴ്ചയില്ലാത്തവർക്ക് സഹായം ചോദിക്കാം, കാഴ്ചയുള്ളവർക്ക് സഹായം നൽകുകയും ചെയ്യാം. കാഴ്ചയില്ലാത്ത ആളുടെ ഫോണിലെ ക്യാമറയിൽ കാണുന്ന ദൃശ്യങ്ങൾ എന്താണെന്നു വിവരിച്ചുകൊടുക്കുകയാണ് കാഴ്ചയുള്ളവർ ചെയ്യേണ്ടത്. കാഴ്ചയുള്ളവർ നൽകുന്ന വിവരണമനുസരിച്ച് കാഴ്ചയില്ലാത്തവർക്ക് കാര്യങ്ങൾ ചെയ്യാം. മേലത്തെ ഉദാഹരണം പോലെ.
പല രീതിയിൽ നമുക്കവരെ സഹായിക്കാൻ പറ്റും. എനിക്കിത് നാലാമത്തെ കോളാണ്, ഒരു വർഷത്തിനുള്ളിൽ. റോഡു മുറിച്ചു കടക്കാ?നുള്ള സീബ്ര വരകൾ എവിടാണെന്ന് പറഞ്ഞു കൊടുക്കാൻ, ഒരു ലെറ്ററിലെ അഡ്രസ് വായിച്ചു കൊടുക്കാൻ, ഒരു പാർക്കിൽ ഇരിപ്പിടം എവിടാണെന്ന് പറഞ്ഞു കൊടുക്കാനൊക്കെ ആയിരുന്നു മുൻ കോളുകൾ.
ആർക്കാണ് കോൾ പോകുന്നതെന്നോ ആരെയാണ് വിളിക്കുന്നതെന്നോ പരസ്പരം അറിയാൻ കഴിയില്ല. ഇടയ്ക്ക് കട്ടായാൽ തിരിച്ചു വിളിക്കാനും കഴിയില്ല. രണ്ടുപേരുടെയും സുരക്ഷയ്ക്കാണത്.
മുമ്പൊക്കെ സഹായിച്ചു കഴിയുമ്പോ ചെറിയ വിഷമം തോന്നുമായിരുന്നു, അഹങ്കാരികളായ നമ്മളൊക്കെ എന്ത് ഭാഗ്യവാന്മാരാന്നൊക്കെ ചിന്തിച്ച്. ഇപ്പൊ അത്രയ്ക്കില്ല. ശീലമായെന്ന് തോന്നുന്നു, അഹങ്കാരം.
ദൂരെയിരുന്ന് ആരുടെയെങ്കിലുമൊക്കെ കാഴ്ചയുടേയും സന്തോഷത്തിന്റെയും ഭാഗമാകാൻ ആഗ്രഹമുള്ളവർക്ക് ആപ്പ് ഡൗൺലോഡ് ചെയ്യാം. ലിങ്ക് ഇതാ..2 comments:

  1. ദൂരെയിരുന്ന് ആരുടെയെങ്കിലുമൊക്കെ കാഴ്ചയുടേയും സന്തോഷത്തിന്റെയും ഭാഗമാകാൻ ആഗ്രഹമുള്ളവർക്ക് വേണ്ടി , Be My Eyes എന്ന മൊബൈൽ ആപ്പിനെ പറ്റിയാണീ കിന്നാരം മൊത്തം. കാഴ്ചയില്ലാത്ത ഒരാളെ അക്ഷരാർത്ഥത്തിൽ തന്നെ കൈപിടിച്ചു നടത്താൻ സഹായിക്കുന്ന ആപ്പാണ് Be My Eyes.

    ReplyDelete
  2. നന്നായി.. നന്മയുണ്ടാക്കുന്ന ആപ്പ്..

    ReplyDelete