പതുങ്ങിയിരിക്കുന്ന സൈക്കോപാത്ത്!!

മനുഷ്യശരീരം ഒരു ജനാധിപത്യ രാജ്യമാണ്. കോശപൗരന്മാരെല്ലാം തന്നെ കട്ട ജനാധിപത്യവിശ്വാസികളും. ജോലി സംബന്ധമായ തരംതിരിവുകളുടെ അടിസ്ഥാനത്തിൽ ഈ രാജ്യത്തെ വിവിധ അവയവ സംസ്ഥാനങ്ങളായി തിരിച്ചിട്ടുണ്ടെങ്കിലും അവരെല്ലാം പരസ്പരം ആശ്രയിച്ചും ആവേശം പകർന്നും ഒരൊറ്റ രാജ്യമെന്ന വിചാരത്തോടങ്ങനെ കഴിയുന്നു. ബഹുസ്വരതയുടെ ശരിയായ എക്സാമ്പിൾ. ഭക്ഷ്യവകുപ്പ്, മാലിന്യനിർമ്മാർജന വകുപ്പ്, രാജ്യപുനർനിർമ്മാണവകുപ്പ്, പ്രണയവകുപ്പ്, മാനസികാരോഗ്യ വകുപ്പ് തുടങ്ങി ഓരോന്നിനും കട്ട പ്ലാനിങ്ങുള്ള ഒരടിപൊളി രാജ്യം. പുറമേ നിന്നുള്ള കടന്നാക്രമങ്ങൾ തടയാൻ പ്രതിരോധവകുപ്പും അകത്തെ ക്രമസമാധാന പരിപാലനത്തിനായി ഒരൊന്നൊന്നര ആഭ്യന്തരവകുപ്പുമുണ്ട്.

ഓരോ നിമിഷവും ആ രാജ്യത്ത് കോശപൗരന്മാർ ജനിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ട്. മേലനങ്ങി പണിയെടുത്ത് സ്വന്തം ജോലി വൃത്തിയായി ചെയ്യുന്ന ആ ബഹുഭൂരിപക്ഷങ്ങൾക്കിടയിൽ അരാഷ്ട്രീയവാദികളും ക്രിമിനലുകളും താന്തോന്നികളും ലോകത്തെവിടെയും എന്ന പോലെ ഈ രാജ്യത്തുമുണ്ടാവുന്നുണ്ട്. എന്നുവച്ചാൽ, ഒരു കോശസമൂഹത്തിലെ നിയമങ്ങൾ അനുസരിക്കാൻ മടിയുള്ളവർ, നിശ്ചിത സമയത്തിനുള്ളിൽ ഇത്ര പ്രാവശ്യമേ വിഘടിക്കാൻ പാടുള്ളൂവെന്ന റൂളിഷ്ടപ്പെടാതെ ലക്കും ലഗാനുമില്ലാതെ കോശസന്തതികളെ പെറ്റു കൂട്ടുന്നവർ, സഹകോശങ്ങൾക്കുള്ള അപ്പോം മുട്ടേം യാതൊരുളുപ്പുമില്ലാതെ അകത്താക്കുന്നവർ, ചോദിക്കാൻ ചെന്നാൽ ആക്രമിക്കുന്നവർ അങ്ങനെ നിരവധി സ്വഭാവദൂഷ്യങ്ങളുള്ള കോശങ്ങളും ഇവിടുണ്ടാവുന്നുണ്ട്, അതും ഓരോ സെക്കന്റിലും.

അങ്ങനെയുള്ളവരെ കാണുന്ന നിമിഷം കൊന്നുകളഞ്ഞേക്കാനാണ് ആ ജനാധിപത്യ രാജ്യത്തെ നിയമം. ആഭ്യന്തരവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ മാക്രോഫാജുകൾ, നാച്ചുറൽ കില്ലർ സെല്ലുകൾ ഒക്കെയാണീ കൊല്ലലിന്റെ ആൾക്കാർ. ഇത്തരം സാമൂഹ്യവിരുദ്ധരെ ഈ ആരാച്ചാർമാർക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാനും രാജ്യത്താളുണ്ട്, ആന്റിജൻ പ്രസന്റിംഗ് കോശങ്ങൾ, ഡെൻഡ്രൈറ്റിക് കോശങ്ങൾ തുടങ്ങിയവരാണ് സ്ഥിരം ചാരന്മാർ.

ഈ നിയമലംഘനങ്ങൾ, അതിന്റെ കണ്ടെത്തൽ, ഷൂട്ട് അറ്റ് സൈറ്റൊക്കെ ഓരോ സെക്കൻറിലും ശരീരമാകുന്ന ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൽ നടക്കുന്നുണ്ട്. പക്ഷേണ്ടല്ലോ, ചില അവസരങ്ങളിൽ ചിലർ ഇതിൽ നിന്നൊക്കെ വളരെ ബുദ്ധിപൂർവ്വം രക്ഷപ്പെടും!

അങ്ങനെ രക്ഷപ്പെടുന്നവർ ചില്ലറക്കാരായിരിക്കില്ലല്ലോ. അവർ രാജ്യത്തിന് തന്നെ ഭീഷണിയാണ്. നാട്ടിലെ നിയമങ്ങളെ തെല്ലും പേടിയില്ലാത്ത ആ സാമൂഹ്യവിരുദ്ധർ സകല നിയന്ത്രണങ്ങളും ഭേദിച്ച് വളരും. ചാരന്മാരെ അടിച്ചമർത്തും. വിഭജിച്ചും വീണ്ടും വിഭജിച്ചും അവർ സാമൂഹ്യവിരുദ്ധരുടേത് മാത്രമായൊരു നാട്ടുരാജ്യം തന്നെ തീർക്കും. യഥാർത്ഥരാജ്യത്തെ വിഭവങ്ങൾ അവർ കൊള്ളയടിക്കും. ആ ഇത്തിൾക്കണ്ണിയായ പുതിയ നാട്ടുരാജ്യത്തെ, മറ്റു ജനാധിപത്യകോശങ്ങൾ വിളിക്കുന്നത് 'കാൻസർ' എന്നാണ്.

ഈ കാൻസർ കോശങ്ങൾ വെറും സാമൂഹ്യവിരുദ്ധർ മാത്രമല്ലാ, ഒന്നാന്തരം സൈക്കോപ്പത്തുകൾ കൂടിയാണ്. രാജ്യമുണ്ടെങ്കിലേ അവർക്കും നിലനിൽപ്പുള്ളൂ എന്ന വീണ്ടുവിചാരം തീരെയില്ലാത്തവർ. നല്ലവരായ മറ്റു കോശങ്ങളെ ആക്രമിക്കുകയും അവർക്കുള്ള ഭക്ഷണസാധനങ്ങൾ തട്ടിയെടുക്കുന്നതിലും ആനന്ദം കണ്ടെത്തുന്നവർ. എന്നിട്ട് ചില സോംബീ സിനിമകളിലെ പോലെ സ്വന്തം ജനസംഖ്യ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളിലേക്ക് പടർന്നു കയറാനും അവിടങ്ങളിൽ ഒളിച്ചുപാർത്ത് അവരെയും നശിപ്പിക്കാനും ഈ സൈക്കോപ്പത്തുകൾക്ക് യാതൊരു മടിയുമില്ല. മെറ്റാസ്റ്റാറ്റിക് ഇഡിയറ്റ്സ്!

ഇതേ സമയം ജനാധിപത്യരാജ്യ തലസ്ഥാനത്ത് കടുത്ത പ്രശ്നങ്ങളാണ്. സൈക്കോപ്പത്തുകൾ രക്ഷപ്പെട്ടത് ആഭ്യന്തരവകുപ്പിന്റെ പിടിപ്പുകേടെന്ന് ചിലർ. കാൻസർ കോശങ്ങളാണെങ്കിലും അവരും കോശപൗരന്മാരെണെന്നും അവർക്കും അവകാശങ്ങളുണ്ടെന്നും പറഞ്ഞു മറ്റു ചിലർ. എന്തായാലും ആഭ്യന്തരവകുപ്പ് കൂടുതൽ മാക്രോഫേജുമാരെയും കില്ലർ കോശങ്ങളും B, T-ലിംഫോസൈറ്റുകളും ആന്റിബോഡികളും ഒക്കെ കടം വാങ്ങിയും പലിശയ്ക്കെടുത്തും നിരത്തിലിറക്കി യുദ്ധം ശക്തമാക്കാൻ ശ്രമിക്കാറുണ്ട്. മറ്റെല്ലാ വകുപ്പുകൾക്കുമുള്ള ഫണ്ട് ഈ സമയം സർക്കാർ വെട്ടിക്കുറയ്ക്കും. അവരും തളരും. പക്ഷെ, അപ്പോഴേക്കും എതിരാളി അതിശക്തന്മാരായി കഴിഞ്ഞിട്ടുണ്ടാവും.

പുറം രാജ്യങ്ങളുടെ സഹായം തേടുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. കാൻസറിനോട് യുദ്ധം ചെയ്യാൻ ശാസ്ത്രസാമ്രാജ്യത്തിലെ യോദ്ധാക്കൾക്കേ കഴിയൂ. അവരെ കൊണ്ടു വരികയാണ് ശരിയായ രീതി. പക്ഷെ, അന്യന്റെ രാജ്യം നശിച്ചാലും സ്വന്തം കാര്യം നടക്കണമെന്ന് വിചാരിക്കുന്ന സൈക്കോപത്തുകളായ രാജ്യങ്ങളുമുണ്ട്. അവരുടെ മോഹനവാഗ്ദാനങ്ങളിൽ പെട്ട് സ്വന്തം രാജ്യം നഷ്ടപ്പെട്ടവർ ധാരാളം. അവർക്കോശാന പാടുന്ന കേശവൻ മാമന്മാരും.

എന്നാൽ ശാസ്ത്രസാമ്രാജ്യത്തിൽ അഭയം തേടിയ രാജ്യങ്ങൾ രക്ഷപ്പെട്ട ചരിത്രമാണധികവും. അവിടെ കീമോതെറാപ്പി, റേഡിയേഷൻ, ശസ്ത്രക്രിയ തുടങ്ങി ഇമ്യൂണോതെറാപ്പി വരെയുള്ള യുദ്ധമുറകളുണ്ട്. സൈക്കോപ്പത്തിന്റെ സ്വഭാവമനുസരിച്ച് ഏതാണെന്ന് വച്ചാൽ യഥേഷ്ടം തെരെഞ്ഞെടുക്കാം.

ഇന്ന് നവംബർ 7, ദേശീയ കാൻസർ ബോധവൽക്കരണദിനമാണ്. 2014 മുതലാണ്‌ ഇന്ത്യയിൽ ഇങ്ങനെയൊരു ദിനം ആചരിച്ചു തുടങ്ങിയത്. അന്നത്തെ ആരോഗ്യമന്ത്രി ആയിരുന്ന ഡോ. ഹർഷ് വർദ്ധനായിരുന്നു അതിനു മുൻകൈ എടുത്തിരുന്നത്. വ്യക്തികളിലും സമൂഹത്തിലും കാൻസർ എന്ന രോഗത്തെ സംബന്ധിച്ച് ആധികാരികവും സത്യസന്ധവുമായ ധാരണ ഉണ്ടാക്കുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും കൃത്യസമയത്ത് ശരിയായ ചികിത്സ ലഭ്യമാക്കുന്നത്തിനും സമൂഹത്തെ പ്രാപ്തമാക്കുന്നതിനുമൊക്കെയാണ് ഈ ദിനം ആചരിക്കുന്നത്.

നിങ്ങൾക്കറിയാമോന്ന് എനിക്കറിഞ്ഞൂടാ, 40 ശതമാനം കാൻസറുകളും നമുക്ക് വരാതെ നോക്കാവുന്നതാണെന്ന്. മറ്റൊരു നാൽപ്പത് ശതമാനം നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചുഭേദമാക്കാൻ സാധിക്കുന്നവയുമാണ്. നിർഭാഗ്യവശാൽ പലപ്പോഴും പല കാൻസറുകളും വൈകിയാണ് കണ്ടെത്തപ്പെടുന്നത് എന്ന് മാത്രം..പ്രിയപ്പെട്ട ജനാധിപത്യ വിശ്വാസികളേ, ചരിത്രം നോക്കിയാലറിയാം, ഒരു രാജ്യവും അതിന്റെ അതിർത്തികളും ശാശ്വതമല്ല. ബാക്ടീരിയയുടെയും വൈറസിന്റെയും ആക്രമണത്തിൽ രാജ്യം നഷ്ടപ്പെട്ട ചക്രവർത്തിമാരെ നമുക്കറിയാം. രാജ്യങ്ങൾ അവരുടെ പ്രതിരോധവകുപ്പിനെ ആന്റിബയോട്ടിക്കുകൾ കൊണ്ട് ശക്തിപ്പെടുത്തിയ ശേഷം അത്തരം ദുരനുഭവങ്ങൾ കുറവാണ്. പക്ഷെ കാൻസർ, അതൊരാഭ്യന്തര പ്രശ്നമാണ്. ഇത്തരം സൈക്കോപ്പത്തുകളുണ്ടാവുന്നത് തടയാൻ ആഭ്യന്തര വകുപ്പ് ശക്തമായി ഇടപെട്ടില്ലെങ്കിൽ, കൃത്യസമയത്ത് ശാസ്ത്ര സാമ്രാജ്യത്തിന്റെ സഹായം തേടിയില്ലെങ്കിൽ അതീ രാജ്യവും കൊണ്ടേ പോകൂ.. ജയ് ഡെമോക്രസി!

#National_Cancer_Awareness_Day
#November_7

©മനോജ്‌ വെള്ളനാട്

5 comments:

 1. ഇതിൽ കൂടുതൽ ആർക്കും ഇതിനെ വിവരിക്കാനാകില്ല
  Doctor for an another reason

  ReplyDelete
 2. ശാസ്ത്രപരമായ വിഷയമായിട്ടും അവതരണം കൊണ്ട് ബഹുരസത്തോടെ വായിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. മനുഷ്യശരീരത്തെ പ്രപഞ്ചത്തിനോട് ഉപമിക്കാമെന്ന തത്വം എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ സി.രാധാകൃഷ്ണന്റെ ഒരു ലേഖനത്തിലും വായിച്ചതായി ഓർമ്മിക്കുന്നു.

  ReplyDelete
 3. കട്ടി വിഷയമാണെങ്കിലും ഡോക്ടറുടെ എഴുത്തിന്റെ ഭംഗി കാരണം രസിച്ചു വായിച്ചു....❤❤❤

  ReplyDelete