കുഞ്ഞുങ്ങളുടെ ഉടമസ്ഥത!

കെ.വി. മണികണ്ഠന്റെ ബ്ലൂ ഈസ് ദ വാമസ്റ്റ് കളർ എന്ന മനോഹരമായ കഥയിൽ പറയുന്ന ഒരു സംഭവമുണ്ട്. സ്ഥലം ഗൾഫ് രാജ്യമാണ്. അമ്മ അടുക്കളയിലും അച്ഛൻ ടിവി റൂമിലും ആയിരുന്ന ഒരു രാത്രിയിൽ 10 മാസം പ്രായമായ അവരുടെ ഇളയകുഞ്ഞ് ബെഡ്റൂമിലെ കട്ടിലിൽ നിന്ന് താഴെ വീഴുന്നു. വീഴ്ചയിൽ കുറേ കരഞ്ഞ കുട്ടിയുടെ ശരീരത്തിൽ പരിക്കൊന്നുമില്ലായിരുന്നതിനാൽ കരച്ചിലൊക്കെ മാറ്റി അവർ പിന്നെയും കിടത്തിയുറക്കി. കുറച്ചു കഴിഞ്ഞ് നോക്കുമ്പോൾ അനക്കമില്ലാതെ മരവിച്ച് കിടക്കുന്ന കുഞ്ഞിനെയാണവർ കാണുന്നത്. അവരാ മരവിച്ച കുഞ്ഞു ശരീരത്തെ വൈകിയാണെങ്കിലും ആശുപത്രിയിലെത്തിക്കുന്നുണ്ട്. പക്ഷെ, ആശുപത്രിയിൽ വച്ച് ആ അച്ഛനുമമ്മയും അറസ്റ്റ് ചെയ്യപ്പെട്ടൂ, കൊലപാതകക്കുറ്റത്തിന്. ഗൾഫിൽ നടന്ന ഒരു ഒറിജിനൽ സംഭവമാണ് മണിച്ചേട്ടന്റെ ഈ കഥയ്ക്കാധാരമായത്. കഥാപാത്രങ്ങൾ മലയാളികളുമായിരുന്നു. (കഥയുടെ ബാക്കി അറിയാൻ താൽപ്പര്യമുള്ളവർ അത് വായിക്കൂ. വായിക്കേണ്ട കഥയാണ്.)

എന്തായാലും ആവശ്യമുള്ള സമയത്ത് കുഞ്ഞിന് വേണ്ട ചികിത്സ നൽകാൻ തയ്യാറാകാത്തതാണ് അന്ന് ആ അച്ഛനുമമ്മയും ജയിലിലാകാനുള്ള കാരണം. പ്രൊപ്പിയോണിക് അസിഡ്യൂറിയ രോഗിയായ കുഞ്ഞിനെ മോഹനന്റെ പ്രാകൃതചികിത്സാ പരീക്ഷണത്തിന് വിട്ടുകൊടുത്ത് കൊല്ലുകയും 'അതയാളുടെ കുഞ്ഞല്ലേ, നിങ്ങക്കെന്താ?' എന്ന് ആ കൊലപാതകത്തെ ന്യായീകരിക്കുകയും ചെയ്തവർ ഇതൊക്കെ അറിയണം. അവരെ ഗൾഫിൽ നിന്നും അമേരിക്കയിലെ മറ്റൊരു വർത്തമാനകാല വാർത്തയിലേക്ക് ക്ഷണിക്കുകയാണ്.

അവിടെ നാലു വയസുള്ള കുഞ്ഞിന് ലുക്കീമിയ അഥവാ ബ്ലഡ് കാൻസർ. 100% വും മാറാൻ സാധ്യതയുള്ള കാൻസറുകളിലൊന്നാണ് കുഞ്ഞുങ്ങളിലെ പലതരം ലുക്കീമിയയും. കീമോക്കെത്തേണ്ട തീയതി കഴിഞ്ഞിട്ടും കുഞ്ഞ് ആശുപത്രിയിലെത്താത്തതെന്തെന്ന് അന്വേഷിച്ച ആശുപത്രി അധികൃതർ അറിഞ്ഞത്, ആ ഡാഡീം മമ്മീം കൂടി കുഞ്ഞിനെ ഒരു അമേരിക്കൻ മോഹനോപ്പതിക്കാരന്റെ ചികിത്സയ്ക്ക് കൊണ്ടു പോകുവാണത്രേ. അങ്ങനെ ചെയ്യരുതെന്നും അത് നിയമവിരുദ്ധവും അശാസ്ത്രീയവുമാണെന്നും പറഞ്ഞു, പലരും അവരെ പിന്തിരിപ്പിക്കാനൊക്കെ നോക്കി.

'എന്റെ കുഞ്ഞ്, എനിക്കിഷ്ടമുള്ളത് ഞാൻ ചെയ്യു'മെന്നൊക്കെ സ്വാഭാവികമായും അമേരിക്കൻ ഇംഗ്ലീഷിലുള്ള ഡയലോഗുകൾ ആ അന്തരീക്ഷത്തിൽ പാഞ്ഞ് നടന്നിട്ടുണ്ടാവും. പക്ഷെ കുഞ്ഞിന്റെ കാര്യമാണ്, ഒടുവിൽ പോലീസും കോടതിയും വരെ ഇടപെട്ടു.

കുഞ്ഞിന് ശരിയായ, ശാസ്ത്രീയ ചികിത്സ നൽകാൻ കോടതി വിധിച്ചു. ഡാഡീം മമ്മീം അതിന് തടസം നിൽക്കാൻ സാധ്യതയുള്ളതിനാൽ കുഞ്ഞിന്റെ രക്ഷകർതൃത്വം കോടതി മുത്തശിയെ ഏൽപ്പിച്ചു. കാരണം, അച്ഛന്റെയും അമ്മയുടെയും അവകാശങ്ങളേക്കാൾ മേലെയാണ് കുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള അവകാശം.

മേൽപ്പറഞ്ഞ സംഭവങ്ങളിൽ നിന്നും മനസിലാക്കാൻ ഒരൊറ്റ കാര്യമേയുള്ളൂ,

''നിങ്ങളുടെ കുഞ്ഞുങ്ങൾ, നിങ്ങളുടേതല്ലാ എന്ന സത്യം. അത് സ്റ്റേറ്റിന്റേതാണ്. നിങ്ങളൊരു കെയർ ടേക്കർ മാത്രമാണ്. നിങ്ങളുടെ സംരക്ഷണയിലുള്ള കുഞ്ഞിനെന്ത് സംഭവിച്ചാലും നിങ്ങളതിന് ഉത്തരവാദിയുമാണ്.. ശിക്ഷാർഹനുമാണ്.''

പക്ഷെ, കേരളത്തിൽ, ഇന്ത്യയിൽ നിങ്ങൾക്കെന്തും കാണിക്കാം. ഇവിടെ നിങ്ങൾ സുരക്ഷിതരാണെന്ന് മാത്രമല്ല, ഭാഗ്യമുണ്ടേൽ രാഷ്ട്രീയ സാംസ്കാരിക നായകന്മാരുടെ പിന്തുണ പോലും കിട്ടും.

'വ്യാജൻ മോഹനൻ തെറ്റ് ചെയ്തിട്ടില്ലാ'ന്ന് മരിച്ച കുഞ്ഞിന്റച്ഛന് ആരെയും പേടിക്കാതെ, ഒരു നിയമ നടപടിക്കും വിധേയനാവാതെ എവിടെയും വിളിച്ചു പറയാൻ കഴിയുന്നത്, എന്റെ കുഞ്ഞ് മരിച്ചതിന് തനിക്കെന്താടോന്ന് സമൂഹത്തോട് കയർക്കാൻ പറ്റുന്നത്, എന്റെ കുട്ടിയ്ക്ക് വാക്സിനെടുക്കാൻ എനിക്ക് മനസില്ലാന്ന് ആരോഗ്യ പ്രവർത്തകരെ നോക്കി കൊഞ്ഞനം കുത്താൻ പറ്റുന്നത്, ഒക്കെ അതുകൊണ്ടാണ്.

കുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് ഈ വാദിക്കുന്നവരും അവർക്ക് കുട പിടിക്കുന്നവരും ഹനിക്കുന്നതെന്ന് എത്ര പറഞ്ഞാലാണ് നമുക്ക് മനസിലാവുക? നമ്മുടെ നാട്ടിൽ കുഞ്ഞുങ്ങൾക്കു വേണ്ടി ഇത്തരമൊരു ഭരണകൂട ഇടപെടൽ ഉണ്ടാവാൻ ഇനി എത്ര നാൾ കാത്തിരിക്കണം?

സങ്കടകരമാണ്, ലജ്ജാവഹമാണ് ശരിക്കും നമ്മുടെ മനോഭാവം. സ്വന്തം കുഞ്ഞ്, സ്വന്തം സ്വകാര്യ സ്വത്താണെന്ന് കരുതുന്നവർ ഖലീൽ ജിബ്രാൻ പണ്ടേ പറഞ്ഞത് കൂടി കേൾക്കൂ..

Your children are
not your children.
They are the sons
and daughters of -
Life's longing for itself.

അത്രേള്ളൂ.. :(

©മനോജ്‌ വെള്ളനാട്
1 comment:

  1. We are urgently in need of KlDNEY donors for the sum

    of $500,000.00 USD, Email for more details: Email:

    healthc976@gmail.com

    ReplyDelete