ഈ ചിക്കൻപോക്സ് വന്നാ ചാവുമോ?

ഡോക്ടറേ, ഈ ചിക്കൻപോക്സ് വന്നാ ചാവ്വ്വോ?!

ചിക്കൻപോക്സ് ബാധിച്ച് ഹോമിയോ ചികിത്സയിലായിരുന്ന രോഗി കോട്ടയത്ത് മരിച്ചല്ലോ. അപ്പൊ മനസിലായില്ലേ മരിക്കാന്ന്.

ഹോ! അപ്പൊ ഞാനൊക്കെ കഷ്ടിച്ച് രക്ഷപ്പെട്ടതാല്ലേ?

പക്ഷെ, അത് വളരെ അപൂർവ്വമാണിക്കാലത്ത്. അപൂർവ്വമെന്ന് വച്ചാ, ഒരു 60000 പേർക്ക് വരുമ്പോ ഒരാൾ മരിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒട്ടും അപൂർവ്വമല്ലാത്ത ചിക്കൻപോക്സിന്റെ ഈ അപൂർവ്വതയ്ക്ക് കാരണം, കാരണക്കാരനായ വൈറസിനെതിരെ നമുക്ക് മരുന്നുണ്ടെന്നതാണ്..

അപ്പൊ, മരുന്ന് കഴിച്ചില്ലേൽ മരിക്കുമെന്നാണോ?

ഒരിക്കലും അല്ലാ. ചിക്കൻപോക്സ് വൈറസിനെതിരേ കടുത്ത യുദ്ധമുറകൾ പ്രയോഗിക്കാൻ തക്ക പരിശീലനം ലഭിച്ച യോദ്ധാക്കളടക്കിയ ഒരു പ്രതിരോധ സംവിധാനം നമുക്കുണ്ട്. പൂർണ ആരോഗ്യവാനായ ഒരാളുടെ ഈ ഇമ്മ്യൂണിറ്റി തന്നെ മതി, യുദ്ധം ജയിക്കാൻ. രണ്ടു മൂന്ന് ആഴ്ചകൊണ്ട് നമ്മളാ യുദ്ധം ജയിക്കുകയും ചെയ്യും. ഇവിടെയാണ്, ഹോമിയോക്കാരും മറ്റശാസ്ത്രീയരും ചൂണ്ടയുമായി കാത്തിരിക്കുന്നത്. ഒന്നും ചെയ്തില്ലേലും മാറുമായിരുന്ന രോഗം മാറ്റിയെന്ന ക്രെഡിറ്റങ്ങനെ ഓസിന് അവർക്ക് കിട്ടും.

താനേ മാറുന്ന അസുഖമാണെങ്കിപ്പിന്നെ മോഡേൺ മെഡിസിൻ കാരെന്തിനാ മരുന്ന് കഴിപ്പിക്കുന്നത്? ഒരു മാഫിയാ മണം വരുന്നുണ്ടോ...!

ഉടയ്ക്കാം. ആ തേങ്ങയും ഉടയ്ക്കാം. അതിഘോരയുദ്ധമാണ് നടക്കുന്നതെന്ന് പറഞ്ഞല്ലോ. എതിരാളി അതിശക്തനുമാണ്. എതിരാളികളെ അവരുടെ താവളത്തിൽ നുഴഞ്ഞുകയറി കൊന്നുകളയുന്ന ഒരു പോരാളിയെക്കൂടി നമ്മുടെ കൂട്ടത്തിൽ കിട്ടിയാലോ? ആ പോരാളിയാണീ മരുന്ന്. 90% വിജയിക്കാൻ സാധ്യതയുണ്ടായിരുന്ന യുദ്ധം നമ്മളിപ്പോൾ 100% വും വിജയിക്കും. ഇങ്ങനെ എളുപ്പത്തിൽ ജയിക്കുന്നതിലപ്പുറം വേറെയും ഗുണങ്ങളുണ്ട് മരുന്നിന്,
         1. വൈറസിന്റെ അളവ് (Viral load) കുറയുമ്പോൾ ദേഹത്തുണ്ടാകുന്ന കുരുക്കളുടെ എണ്ണവും വളരെ കുറവായിരിക്കും. രോഗം മാറി കുറച്ചുനാൾ കഴിയുമ്പോൾ ചിക്കൻ പോക്സ് വന്നതിന്റെ തെളിവ് പോലും കാണില്ല, ചിലപ്പോൾ. നമ്മൾ കള്ളം പറഞ്ഞതാണെന്ന് വരെ ആൾക്കാര് പറഞ്ഞു കളയും.
         2. പൊതുവേ പ്രതിരോധശേഷി കുറവുള്ളവരിൽ (പ്രമേഹരോഗികൾ, സ്റ്റീറോയിഡ് കഴിക്കുന്നവർ, കീമോതെറാപ്പി എടുത്തിട്ടുള്ളവർ, HIV രോഗികൾ, പ്രായമായവർ, തീരെ ചെറിയ കുട്ടികൾ, .......) വൈറസിനെതിരേ കട്ടയ്ക്കു നിന്ന് യുദ്ധം ചെയ്യാനുള്ള ശേഷി കാണില്ല. അവർക്ക് ദേഹം മൊത്തം മണലുവിതറിയ പോലെ കുരുക്കൾ വരും, തലച്ചോറിനെ ബാധിച്ച് അപസ്മാരവും ബോധക്ഷയവും ഉണ്ടാക്കും, ശ്വാസകോശത്തെ ബാധിച്ച് ന്യുമോണിയയുണ്ടാക്കും. കൃത്യസമയത്ത് ഇടപെട്ടില്ലേൽ മരണവും സംഭവിക്കാം, കോട്ടയത്ത് സംഭവിച്ച പോലെ. ഇതൊഴിവാക്കാൻ ഇങ്ങനെയുള്ളവർ മരുന്ന് തീർച്ചയായും കഴിച്ചിരിക്കണം.
         3. രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയും കുറയ്ക്കും.

ഇതിനൊക്കെ വേണ്ടിയാണ് ആന്റിവൈറൽ മരുന്ന് കഴിക്കണമെന്ന് പറയുന്നത്. ഗോട്ട് ഇറ്റ്?

അതോക്കേ.. അപ്പൊ ചിക്കൻപോക്സ് വന്നാ കുളിയ്ക്കണ്ടാന്ന് പറയുന്നതോ??

ആരു പറഞ്ഞു കുളിക്കണ്ടാന്ന്. അതൊക്കെ ശുദ്ധ അസംബന്ധമാണ്. പറ്റിയാ, രണ്ടുനേരം കുളിക്കണം. നല്ലവണ്ണം സോപ്പ് തേച്ച് പതപ്പിച്ച് കുളിക്കണം. ചിക്കൻപോക്സ് കുരുക്കൾ ഭാവിയിൽ മായ്ക്കാനോ മറയ്ക്കാനോ കഴിയാത്ത പാടുകളായി മാറാൻ പ്രധാനകാരണം അതിൽ ബാക്ടീരിയൽ ഇൻഫക്ഷൻ കൂടി വരുന്നതാണ്. ദിവസങ്ങളോളം കുളിക്കാതെ, ദേഹത്തുള്ള അഴുക്കെല്ലാം അവിടെ തന്നെ വച്ചോണ്ടിരുന്നാ, ബാക്ടീരിയ ഓട്ടോ പിടിച്ചുവന്ന് പണി തരും.അയ്യോ! ഇതൊക്കെ നേരത്തേ അറിഞ്ഞിരുന്നെങ്കി... ഹോ, എന്റെ മോന്ത.. :( വേറെന്തൊക്കെ ശ്രദ്ധിക്കണം ഡോക്ടർ?

      1. ഡോക്ടറ് പറയുന്ന പോലെ മരുന്ന് കഴിക്കുക. പനിയുണ്ടെങ്കിൽ അതിനും.🤒
      2. കംപ്ലീറ്റ് ബെഡ് റെസ്റ്റ് 🛌
      3. ഇഷ്ടം പോലെ വെള്ളം കുടിക്കണം 🍹
      4. സാധാരണ പോലെ, ഉപ്പും പുളിയും എരിവും ഒക്കെ ചേർത്ത നല്ല ഭക്ഷണം ധാരാളം കഴിക്കണം.🥣🍜🍛🍲🍗. നോ റെസ്ട്രിക്ഷൻ.
      5. വിസിറ്റേഴ്സിനോട് ഗെറ്റ് ഔട്ട് ഹൗസെന്ന് തന്നെ പറയണം. വാക്സിനെടുക്കാത്ത കുട്ടികളേം ഗർഭിണികളേം ആ പരിസരത്ത് അടുപ്പിക്കരുത്. 🤰👶👩‍🚒

ഈ വാക്സിന്റ കാര്യം പറഞ്ഞപ്പോഴാണ്, ഒരു ഡൗട്ട് കൂടി. വന്നു കഴിഞ്ഞാൽ മരുന്ന് കഴിച്ച്, രണ്ടാഴ്ച റെസ്റ്റെടുത്താൽ വലിയ പ്രശ്നമില്ലാതെ പോകുന്ന ഈ രോഗത്തിനെതിരെ വാക്സിനെടുക്കേണ്ട ആവശ്യമുണ്ടോ ശരിക്കും?

അതൊരു നല്ല ക്വസ്റ്റ്യനാണ്. വളരെ പെട്ടന്ന് പകരാൻ സാധ്യതയുള്ള ഒന്നാണീ ചിക്കൻപോക്സ്. അതാർക്കു വേണേലും എപ്പൊ വേണേലും വരാം. അവിടെ മനസിലാക്കേണ്ട ഒന്നുരണ്ടു കാര്യങ്ങളുണ്ട്.

       1. രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നതിനും 2 ദിവസം മുമ്പേ മുതൽ തന്നെ, രോഗിക്ക് രോഗം പരത്താനുള്ള കഴിവുണ്ട്. ഇതാർക്കും മുൻകൂട്ടി അറിയാനൊക്കില്ല. എന്റെ ഒരു സുഹൃത്തിന് ചിക്കൻപോക്സ് വന്നിട്ട് മൂന്നാഴ്ചയോളമായി. അദ്ദേഹത്തിൽ നിന്ന് ഓഫീസിലെ 8 പേർക്കിപ്പൊ അസുഖം കിട്ടി. ഓഫീസ് അടച്ചിടേണ്ടി വരുമെന്നാണിപ്പൊ പറയുന്നത്.
       2. ഒരാൾ ഗർഭിണിയായിരിക്കുമ്പോ ചിക്കൻപോക്സ് വന്നാൽ, അതബോർഷനാവാം അല്ലെങ്കിൽ ജനിക്കുന്ന കുട്ടിയ്ക്ക് ഗുരുതരമായ വൈകല്യങ്ങൾ ഉണ്ടാവാനും ചാൻസുണ്ട്.
       3. പ്രായമായവരിലും, ചെറിയ കുട്ടികളിലും ഇമ്മ്യൂണിറ്റി കുറഞ്ഞവരിലും രോഗം വന്നാലുള്ള സങ്കീർണതകൾ ഗുരുതരമാണ്. വരാതിരിക്കാൻ നോക്കുകയാണ് ബുദ്ധി.

താങ്ക്യൂ ഡോക്ടർ. താങ്കളുടെ വിലയേറിയ സമയത്തിന് നന്ദി.

ഓ.. നന്ദിയൊക്കെ എന്തിനാ.. ഇതൊക്കെ നമ്മുടെ കടമയല്ലേ.. (ബ്ലഡി ഫൂൾ. നന്ദി മാത്രേ ഉള്ളല്ലേ.. 😡😡)

©മനോജ്‌ വെള്ളനാട്


1 comment:

  1. ഇത് വായിച്ചപ്പോൾ ചിക്കൻപോക്സ് പിടിച്ചു കിടന്ന കുറച്ചു ദിവസങ്ങൾ ഓർത്തു.. പുറത്തിറങ്ങാൻ പറ്റാതെ വീട്ടിലിരുപ്പായതുകൊണ്ട് ആ സമയത്താണ് ഒരുപാടു പുസ്തകങ്ങൾ വായിച്ചു തീർത്തത്

    ReplyDelete