അൽഷിമേഴ്സ് - ഒട്ടും കാൽപ്പനികമല്ല!


ലോകത്തേറ്റവും കൂടുതല്‍ മരുന്ന് ഗവേഷണങ്ങള്‍ നടക്കുന്നതും ഒന്നും തന്നെ തൃപ്തികരമായ ഫലം തരാത്തതും ഏതുരോഗത്തെ ചെറുക്കാനാണെന്നു ചോദിച്ചാല്‍ നിങ്ങളെന്ത് പറയും? പലരുടെയും മനസ്സില്‍ ആദ്യമെത്തുന്നത് കാന്‍സര്‍ ആയിരിക്കുമല്ലേ. അത് തെറ്റാണ്. കാന്‍സറിനെതിരായ മരുന്ന് ഗവേഷണങ്ങള്‍ ഭൂരിഭാഗവും വിജയകരമായതിനാലാണ് മിക്ക കാന്‍സറുകളെയും ഇന്നു നമുക്ക് ചികിത്സിച്ചു തോല്‍പ്പിക്കാന്‍ കഴിയുന്നത്. ആ ചോദ്യത്തിന്‍റെ ശരിക്കുള്ള ഉത്തരം അല്‍ഷിമേഴ്‌സ് ആണ്.

100 ബില്യൺ ന്യൂറോണുകൾ (നാഡീകോശങ്ങൾ) തിങ്ങിവിങ്ങി പാർക്കുന്ന ജെൽ പരുവത്തിലുള്ള ഒരു ആമസോൺ വനമാണല്ലോ നമ്മുടെ തലച്ചോറ്. അവിടെ രണ്ടു ന്യുറോണുകൾക്കിടയിൽ ആശയക്കൈമാറ്റം നടക്കുന്ന ഭാഗമാണ് സിനാപ്സ്. തലച്ചോറിന്റെ ഹിപ്പോകാമ്പസ് എന്നു പറയുന്ന ഭാഗത്തെ സിനാപ്പുകളിലാണ് ഓർമ്മകൾ നിർമ്മിക്കുകയും ശേഖരിക്കപ്പെടുകയും ചെയ്യുന്നത്. ഈ ഓർമ്മകൾ കൊഴിഞ്ഞുപോകുന്ന ഡിമൻഷ്യ അഥവാ മേധാക്ഷയത്തിന്റെ ഏറ്റവും പ്രധാന കാരണമാണ് അൽഷിമേഴ്‌സ്.

അൽഷിമേഴ്സിന്റെ ആദ്യലക്ഷണങ്ങളിൽ ഒന്നു മാത്രമാണീ ഓർമ്മക്കുറവ്. എന്നാലീ സ്മൃതിനാശം മാത്രം കൊണ്ട് ഒരാൾ അൽഷിമേഴ്സ് രോഗിയാവില്ല. ഒപ്പം സ്വഭാവവൈകല്യങ്ങളും സ്ഥലകാലവ്യക്തി വിഭ്രാന്തികളും കൂടി കണ്ടു തുടങ്ങുമ്പോഴാണ് രോഗമിതാണെന്ന് ഉറപ്പിക്കാനാവുന്നത്.

അറുപത് വയസിനു മുകളിലുള്ളവരിലാണ് ഈ രോഗം സാധാരണമെങ്കിലും തന്മാത്രയിലെ മോഹൻലാലിന് വന്നതു പോലെ ചെറുപ്പക്കാരിലും ഇത് അപൂർവ്വമല്ല. രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയാൽ ക്രമേണയത് പുരോഗമിക്കുകയും ശരാശരി 8 മുതൽ 10 വർഷത്തിനകം രോഗി മരിച്ചു പോവുകയും ചെയ്യും. ആ കാലയളവിൽ രോഗിയേക്കാൾ മാനസികമായും ശാരീരികമായും ക്ലേശമനുഭവിക്കേണ്ടി വരുന്നത് പരിചരിക്കുന്നവർക്കും ബന്ധുക്കൾക്കുമാണെന്നതാണ് വാസ്തവം. രോഗിയിതൊന്നും അറിയുകയും ഇല്ല.

തലച്ചോറിനുള്ളിലെ അമൈലോയിഡ് ബീറ്റാ എന്നും ടൗ എന്നും പേരുള്ള രണ്ടു പ്രോട്ടീൻ തന്മാത്രകളാണ് അൽഷിമേഴ്സ് ഉണ്ടാക്കുന്ന വില്ലന്മാരെന്നാണ് ഇതുവരെയും നമ്മൾ മനസിലാക്കിയിരിക്കുന്നത്. ഇവ രണ്ടും എല്ലാവരിലും ദിവസവും ഉണ്ടാവുന്ന പ്രോട്ടീനുകളാണ്. പക്ഷെ ശരീരം തന്നെ അവയെ ഒരിടത്ത് അടിഞ്ഞുകൂടാതെ നീക്കം ചെയ്യുകയാണ് പതിവ്. എന്നാൽ ചിലരിൽ ഈ പ്രോട്ടീൻ തന്മാത്രാ വള്ളികൾ കെട്ടുപിണഞ്ഞു ഒട്ടിച്ചേർന്ന് കിടക്കും. അങ്ങനെയുള്ളവയെ നീക്കം ചെയ്യാൻ ശരീരത്തിനാവില്ല. ഇവ, മേൽപ്പറഞ്ഞ സിനാപ്സുകളിൽ ഒരു കരടായി അടിഞ്ഞുകൂടും. അതുവഴി സിനാപ്സിലൂടെയുള്ള ആശയക്കൈമാറ്റം അസാധ്യമാക്കും. അങ്ങനെ പതിയെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും.

ചെറിയൊരു തീപ്പെട്ടിക്കൊള്ളിയിൽ നിന്ന് ആമസോൺ കാട് മൊത്തം കത്തുന്ന പോലാണ് രോഗത്തിന്റെ വ്യാപനം. ആദ്യം ഏറ്റവും പുതിയ ഓർമ്മകൾ ശേഖരിക്കപ്പെടാതെ പോവും. ഇന്ന് രാവിലെ കഴിച്ച ഭക്ഷണമേതെന്ന് ചോദിച്ചാൽ, ഓർക്കാൻ പറ്റാത്ത പോലെ. പതിയെ സ്ഥിരം കളിക്കുന്ന ഗെയിമുകളുടെ നിയമങ്ങൾ, വാഹനം പാർക്ക് ചെയ്ത സ്ഥലം, ഓഫീസിൽ പോകുന്ന വഴി, സഹപ്രവർത്തകരുമായുള്ള ബന്ധം ഇങ്ങനെ ഓരോന്നിലേക്കും മറവിയുടെ പാട വന്ന് മൂടും. പക്ഷെ, ഇതൊക്കെ തനിക്ക് തെറ്റിപ്പോകുന്നുവെന്ന് രോഗിയ്ക്ക് തിരിച്ചറിയാനും പറ്റില്ലാന്നതാണ് ഏറ്റവും പ്രയാസം.

ഓർമ്മക്കുറവ് തീവ്രമാവുന്നതിനനുസരിച്ച് പറയാനോ എഴുതാനോ വാക്കുകൾ കിട്ടാതെ ബുദ്ധിമുട്ടുക, കണക്കുകൾ തെറ്റിപ്പോവുക, വസ്ത്രധാരണത്തിൽ ശ്രദ്ധിക്കാതെ വരുക, തീരുമാനമെടുക്കാൻ കഴിയാതെ വരിക, വിഷാദം, ഉത്കണ്ഠ, മാനസിക വിഭ്രാന്തികൾ, ഭക്ഷണം കഴിക്കാൻ പറ്റാതെ വരിക ഒക്കെ ഒരു അൽഷിമേഴ്സ് രോഗിയിൽ സംഭവിക്കാം.

ചില മരുന്നുകൾ തുടക്കത്തിൽ കുറച്ച് വ്യത്യാസമൊക്കെ ഉണ്ടാക്കുമെങ്കിലും നിലവിൽ കൃത്യമായ ചികിത്സയില്ലാത്ത രോഗമാണ് അൽഷിമേഴ്സ്. രോഗ സാധ്യത നേരത്തേ കണ്ടെത്താനോ പ്രതിരോധിക്കാനോ ഉള്ള മാർഗങ്ങളെ പറ്റി വലിയ തോതിലുള്ള പഠനങ്ങളും നടക്കുന്നുണ്ട്.

അൽഷിമേഴ്സ് സാധ്യത കുറയ്ക്കുന്ന ഘടകങ്ങൾ കുറേയൊക്കെ ശാസ്ത്രം മനസിലാക്കിയിട്ടുണ്ട്. ചിട്ടയായ ശാരീരിക വ്യായാമവും അമിത മധുരം, കൊഴുപ്പ്, ഉപ്പ് എന്നിവ കുറഞ്ഞ ഭക്ഷണവും, പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുന്നതും നല്ലതാണെന്നാണ് മനസിലായിട്ടുള്ളത്. ശരീരത്തിന് പുറമേ, തലച്ചോറിനും വ്യായാമം ആവശ്യമാണ്. പുതിയ പുതിയ ഭാഷകൾ പഠിക്കുക, വായിക്കുക, സംഗീതം, ചിത്രരചന, എംബ്രോയിഡറി, തുന്നൽ പോലെയൊക്കെയുള്ളവയിൽ മുഴുകുക, പദപ്രശ്നങ്ങളും സുഡോക്കു പോലുള്ള ഗെയിമുകളും കളിക്കുക, നല്ല വ്യക്തിബന്ധങ്ങൾ സൂക്ഷിക്കുക ഒക്കെ അൽഷിമേഴ്സ് സാധ്യത കുറയ്ക്കുമെന്നാണ് പറയുന്നത്. മുമ്പ് തലയ്ക്ക് പരിക്കേറ്റിട്ടുള്ളവരിൽ ഈ രോഗം നേരത്തേ വരുന്നതായും കാണുന്നുണ്ട്. അതായത്, ഹെൽമറ്റ് വച്ചാലും അൽഷിമേഴ്സ് തടയാവുന്നതാണ്.

ലോകത്താകെ അഞ്ചു കോടിയിലധികം മനുഷ്യർ അൽഷിമേഴ്സ് ബാധിതരാണെന്നാണ് കണക്ക്. സഹജീവികളുടെ ഏറ്റവും ശ്രദ്ധയും പരിചരണവും അർഹിക്കുന്നവരാണവർ. നമ്മളെ പോലെ തന്നെ അവകാശങ്ങളെല്ലാമുള്ള എല്ലാ ബഹുമാനങ്ങൾക്കും അർഹരായവർ. അവരെ ഒറ്റപ്പെടുത്താനോ കുറ്റപ്പെടുത്താനോ പാടില്ല. ഇക്കാര്യങ്ങളിലുള്ള ബോധവൽക്കരണം ഉദ്ദേശിച്ചാണ് എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിക്കുന്നത്.

പലരും പലപ്പോഴും പ്രണയവും വിരഹവുമൊക്കെ അൽഷിമേഴ്സുമായി കൂട്ടിക്കെട്ടി കാൽപ്പനികവൽക്കരിക്കുന്നതും കണ്ടിട്ടുണ്ട്. നിസാരമായ ഓർമ്മപ്പിശക് മാത്രമാണീ രോഗമെന്ന മിഥ്യാധാരണ കാരണമാകാമത്. എന്നിരുന്നാലും അത് തെറ്റാണ്. രോഗിയെയും പരിചരിക്കുന്നവരെയും സംബന്ധിച്ച് അൽഷിമേഴ്സ് ഒട്ടും കാൽപ്പനികമല്ലാ, ആത്മഹത്യ പോലെ തന്നെ.വാൽ : ചേട്ടാ, എനിക്ക് നല്ല ഓർമ്മക്കുറവാണ്, കുറച്ചു നാളായിട്ട്. കഴിഞ്ഞാഴ്ച കുട എവിടെയോ വച്ച് മറന്നു, ഇന്നലെ ബൈക്കിന്റെ കീ വണ്ടീന്നെടുക്കാൻ മറന്നു.. ഒരു രക്ഷേമില്ല. ഇനി വല്ല അൽഷിമേഴ്സുമാണോന്നാ..!

ഒരിക്കലുമല്ല ബ്രോ, യഥാർത്ഥ ഓർമ്മക്കുറവുള്ളൊരാൾക്ക് തനിക്കതുള്ള കാര്യം തിരിച്ചറിയാനേ പറ്റില്ല. നിന്റെത് ശുദ്ധ അശ്രദ്ധയാണ്. ഓട്രാ..

#World_Alzheimers_Day
September 21

©മനോജ്‌ വെള്ളനാട്
No comments:

Post a Comment