രാമുവെന്ന പ്രമേഹക്കാരൻ

അങ്ങനെയിരിക്കെ രാമു ചുമ്മാ നടത്തിയ ആ രക്തപരിശോധനയുടെ റിപ്പോർട്ട് വന്നു. ചുമ്മാ കത്തി വയ്ക്കാൻ കൂടുന്ന ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ രാമുവത് ചുമ്മാ ഷെയറും ചെയ്തു. കത്തി വയ്പ്പ് തകൃതിയായി നടക്കുന്നതിനിടയിലാണ് ഞാനത് കാണുന്നത്, RBS -270, HbA1c-7.9. രാമുവിനും എനിക്കും 32 ആണ് പ്രായം. അൽപ്പം അതിശയത്തോടെ ഞാനുടനെ ആ മെസേജിന് റിപ്ളൈ ഇട്ടു,

''ഡയബറ്റിക്!!"

ഗ്രൂപ്പിൽ ആകെ നിശബ്ദത പടർന്നു. കുറച്ചു കഴിഞ്ഞ് രാമു ചോദിച്ചൂ,

''ഇനിയൊരു തിരിച്ചു പോക്ക്...?"

🐾🐾🐾🐾🐾🐾

പ്രിയരേ, ഇത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ സംഭവമാണ്. എന്റെ പ്രിയ സുഹൃത്ത് രാമു ഇതൊരു പോസ്റ്റാക്കി നിങ്ങളോട് പറയാൻ പറഞ്ഞതിനാൽ എഴുതുന്നതാണ്.

ജീവിതം വലിയ അല്ലലുകളൊന്നുമില്ലാതെ, ഒരു രോഗമോ രോഗലക്ഷണമോ പോലുമില്ലാതെ വളരെ ഈസിയായി പോവുന്നതിനിടയിൽ പെട്ടന്നൊരു ദിവസം താൻ ഡയബറ്റിക്കാണെന്ന് അറിയുമ്പോൾ അക്സപ്റ്റ് ചെയ്യാൻ രാമുവിന് ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്കറിയാം. ഞാനുടനെ രാമൂനെ വിളിച്ചൂ. അവൻ ചോദിച്ചൂ,

'ഉറപ്പാണോ?'

'ഈ റാൻഡം ബ്ലഡ് ഷുഗർ 270 ഉം HbA1c 7.9 ഉം കണ്ടാൽ ആള് ഡയബറ്റിക്കാണെന്നാണ് അർത്ഥം. മെഡിസിൻ സ്റ്റാർട്ട് ചെയ്യേണ്ടി വരും''അല്ലാതെ പറ്റില്ലാല്ലേ? ഇത് രണ്ടാഴ്ച മുമ്പത്തെ റിപ്പോർട്ടാണ്. ഒരു രണ്ടാഴ്ച ഫുഡും അഡ്ജസ്റ്റ് ചെയ്ത് എക്സർസൈസും ചെയ്താൽ കുറയുമോന്ന് നോക്കിയിട്ട് പോരേ?' (രാമുവിന്റെ ശബ്ദത്തിൽ നേർമ്മ)

'എന്റെ അറിവ് വച്ച് ഇതിപ്പോ ഡയബറ്റിസാണ്. ഏർളി ഡയബറ്റിസോ പ്രി ഡയബറ്റിസോ അല്ല. അങ്ങനായിരുന്നെങ്കിൽ ഡയറ്റും എക്സർസൈസും വച്ച് കുറച്ചുനാൾ നോക്കാമായിരുന്നു. പക്ഷെ ഇവിടെ HbA1c (7.9) വളരെ കൂടുതലാണ്. അതിനർത്ഥം കഴിഞ്ഞ 3-4 മാസമായിട്ട് രാമുവിന്റെ ബ്ലഡ് ഷുഗർ വളരെ കൂടുതലാണെന്നാണ്.'

'ഓ.. പക്ഷെ എനിക്ക് ഒരു ബുദ്ധിമുട്ടും തോന്നിട്ടില്ല.'

'അങ്ങനെ വേണമെന്നില്ല. ഡയബറ്റിസ് പലപ്പോഴും മറ്റസുഖത്തിന് ടെസ്റ്റ് ചെയ്യുമ്പൊഴായിരിക്കും കണ്ടെത്തുന്നത്.'

'ഉം. അപ്പൊ ബുദ്ധിമുട്ടില്ലാത്തപ്പോ മരുന്ന് വേണോ?'

'വേണം. പ്രമേഹത്തിന്റെ ബുദ്ധിമുട്ടുകൾ നമ്മളറിയുന്നത് അത് ഏതെങ്കിലും അവയവങ്ങളെ ബാധിച്ച് തുടങ്ങുമ്പോഴാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടി നിന്നാൽ വൃക്ക, കണ്ണ്, നാഡികൾ, ഹൃദയം, തലച്ചോറ് എല്ലാത്തിനേം പതിയെപ്പതിയെ ബാധിക്കും. അത് ആവുന്ന വിധം തടയുകയാണ് മരുന്നിന്റെ ഉദ്ദേശം'

'ഓ.. ഓക്കേ.. എത്ര നാള് കഴിക്കണം?'

'ഈ പ്രമേഹം ഒരിക്കൽ കണ്ടെത്തിയാൽ, ജീവിതകാലം മുഴുവൻ കൂടെയുള്ള അസുഖമാണ്. അക്കാലമത്രയും മരുന്നും വേണ്ടി വരും'

'ഹൊ! മെനക്കേടാണല്ലേ..'

'ഹേയ്. അങ്ങനെ വിചാരിക്കരുത്. അക്സപ്റ്റ് ചെയ്യാനുള്ള ബുദ്ധിമുട്ട് എനിക്ക് മനസിലാവും. ഇതിപ്പോ നേരത്തേ കണ്ടെത്തിയെന്നത് പോസിറ്റീവായി എടുക്കണം. ഒരു ചെറിയ ടൈംടേബിൾ ജീവിതത്തിലുണ്ടാക്കണമെന്ന് മാത്രം. മരുന്ന്, ഭക്ഷണം, എക്സർസൈസ് ഇവയുടെ കാര്യത്തിലേക്ക്. ടെൻഷനൊന്നും വേണ്ടാ, നമുക്ക് നേരത്തേത് പോലെ, സാധാരണ പോലെ ജീവിക്കാൻ കഴിയും, വിത്ത് മെഡിസിൻ. കൃത്യമായി കഴിക്കണമെന്ന് മാത്രം. കഴിച്ചില്ലെങ്കിൽ ഒരഞ്ച് വർഷത്തിനകം വൃക്കക്കോ കണ്ണിനോ ഒക്കെ കേട് വരാം. പിന്നെ ഡയാലിസിസ് ഒക്കെ വേണ്ടി വരും. മരുന്ന് കഴിച്ചാൽ 5 വർഷത്തിനുള്ളിൽ വരാൻ ചാൻസുള്ള ഈ കോംപ്ലിക്കേഷൻസ് നമുക്ക് ഒരു 20-25 വർഷത്തേക്കെങ്കിലും നീട്ടാം..''ഹോ.. എന്തായാലും അതക്സപ്റ്റ് ചെയ്തേ പറ്റു അല്ലെ. ഏത് മരുന്ന് കഴിക്കണം?'

'മരുന്ന് തുടങ്ങും മുമ്പ് ഒരു കാര്യം ചെയ്യൂ. നാളെ രാവിലെ വെറും വയറ്റിലും പിന്നെ ഭക്ഷണശേഷവും ഉള്ള ഷുഗറ് കൂടി നോക്കാം. HbA1c ഒന്നൂടി നോക്കാം. എന്നിട്ടൊരു ഫിസിഷനെ കാണാം. എന്താ?'

🐾🐾🐾🐾🐾🐾🐾

ഇന്നലെ രാവിലെ രാമു വീണ്ടും രക്തം ടെസ്റ്റ് ചെയ്ത്, ഉച്ചയ്ക്ക് റിപ്പോർട്ടയച്ചു. FBS- 138, PPBS-240, HbA1c-11.9!!

ഡയബറ്റിസാണ്. ഡബിൾ കൺഫേംഡ്.

വൈകുന്നേരം രാമുവിനെ വിളിച്ചു. രാമു ആകുലപ്പെട്ടു.

'HbA1c -11.9! അത് പ്രശ്‌നമാണോ?'

'അതിനെ പറ്റി ഓർത്ത് വിഷമിക്കണ്ട. ഡയബറ്റിസ് കൺഫേം ചെയ്യാൻ നോക്കിയതല്ലേ. അപ്പൊ നാളെ വാ, ഫിസിഷനെ കാണാം.'

'നമുക്ക് ഒരു രണ്ടാഴ്ച കൂടി നോക്കീട്ട് കുറഞ്ഞില്ലെങ്കിൽ തുടങ്ങിയാ പോരേ..?'

'ഞാനിന്നലെ പറഞ്ഞതൊന്നും അപ്പൊ തലേ കേറിയില്ലേ..?' (എനിക്ക് ചെറുതായിട്ട് ദേഷ്യം വന്നു)

'അതല്ലാ, ഇവിടെ കുറേപേര് പറഞ്ഞൂ, മരുന്ന് കഴിച്ചു തുടങ്ങിയാപ്പിന്നെ ജീവിതകാലം മുഴുവൻ കഴിക്കേണ്ടി വരും. അതൊക്കെ വേണോ എന്നൊക്കെ ചോദിച്ചപ്പോ..'

'എടാ.. &$@&$&?, π÷&$#@)(, &$#+(@ സ്റ്റുപിഡ് റാസ്കൽ, നിന്നോടിന്നലെ കൃത്യമായി പറഞ്ഞു തന്നതല്ലേ മരുന്നെന്തിനാണ്, എത്ര കാലം കഴിക്കണം, കഴിച്ചില്ലേൽ എന്താണ് കുഴപ്പം എന്നൊക്കെ. പിന്നെ വഴിയെ പോണവര് പറയണത് കേട്ടിട്ടാണോ നീ മരുന്ന് കഴിക്കണോ വേണ്ടേന്ന് തീരുമാനിക്കുന്നത്. സയൻസൊക്കെ പഠിച്ച നീയൊക്കെ ഇങ്ങനെ പറയുന്നത് കേൾക്കുമ്പഴാണ് ചൊറിഞ്ഞ് വരുന്നത്. ബ്ലഡി ഫൂൾ..'

'ഞാൻ നാളെ എത്ര മണിക്ക് വരണം?'

'രാവിലെ വാ.. ഞാനെന്റെ ഫ്രണ്ട് ഫിസീഷനെ വിളിച്ച് പറഞ്ഞേക്കാം.'

'ഓക്കേ. അപ്പൊ രാവിലെ... ബൈ.'

🐾🐾🐾🐾🐾🐾🐾

ഇന്ന് രാവിലെ രാമു ഫിസീഷനെ കണ്ടു. മരുന്നും തുടങ്ങി. ഒരു നേരം കഴിക്കാനുള്ള ഗുളിക മാത്രം. ഭക്ഷണത്തിൽ ചെറിയ നിയന്ത്രണവും എക്സർസൈസും തുടങ്ങാൻ പോകുന്നു. ചിലപ്പോൾ രാമു ഒരു സൈക്കിൾ വാങ്ങും.👨‍🦱രാമുവിനിന്ന് നിങ്ങളോട് പറയാനുള്ളത്:
             ഞാൻ ഡയബറ്റിക്കാണെന്നറിഞ്ഞത് യാദൃച്ഛികമായി നടത്തിയ രക്ത പരിശോധനയിലൂടെയാണ്. എന്റെ പ്രായത്തിലുള്ള ഒരുപാട് പേർക്കിപ്പോൾ ഇത് കണ്ടെത്തുന്നുണ്ട്. നമ്മുടെ സെഡന്ററി ലൈഫ് സ്റ്റൈൽ, ഭക്ഷണം ഒക്കെ ഇതിന് ഒരു കാരണമാണ്. എക്സർസൈസൊക്കെ പറ്റുന്ന പോലെ ചെയ്യണം. പിന്നെ, നമ്മളെല്ലാം ഒരു ആറ് മാസം കൂടുമ്പോഴെങ്കിലും രക്തം പരിശോധിച്ച് ഈ വക രോഗങ്ങൾ ഇല്ലാന്ന് ഉറപ്പു വരുത്തണം. ഉണ്ടെന്ന് കണ്ടെത്തിയാൽ നാട്ടുകാരുടെയോ വ്യാജന്മാരുടേയോ ഉപദേശം കേൾക്കാൻ നിക്കാതെ ഒരു അംഗീകൃത ഡോക്ടറെ പോയി കാണണം. നമ്മുടെ ആരോഗ്യം, നമ്മുടെ മാത്രം ഉത്തരവാദിത്തമാണ്. അപ്പൊ ഗയ്സ്, എനിക്കിന്നത്തെ മരുന്ന് കഴിക്കാൻ നേരമായി. ബൈ.

രാമുവിന് (പേര് മാറ്റിയിട്ടുണ്ട്) വേണ്ടി,

©മനോജ്‌ വെള്ളനാട്
😎


1 comment:

  1. We are urgently in need of KlDNEY donors for the sum

    of $500,000.00 USD, Email for more details: Email:

    healthc976@gmail.com

    ReplyDelete