വരൂ, ഇനിയൽപ്പം പാരമ്പര്യമാവാം

1. അതിനായി ആദ്യം വീട്ടിലെ മെയിൻ സ്വിച്ചങ്ങ് ഓഫാക്കണം. പഴയ മണ്ണെണ്ണ വിളക്ക് രണ്ടുമൂന്നെണ്ണം സംഘടിപ്പിക്കണം. ഇനിമുതൽ രാത്രി വെളിച്ചത്തിന് അതുമതി. മെഴുകുതിരി നമ്മുടെ പാരമ്പര്യമല്ല കേട്ടോ, വരത്തനാ. ഇനിയൊരു കമുകിന്റെ പാള ടെന്നീസ് റാക്കറ്റിന്റെ ഷേപ്പിൽ കട്ട് ചെയ്തെടുത്താൽ നല്ല ഒന്നാന്തരം വീശാറി ആയി. ഫാനും റെഡി.

2. കാറും ബൈക്കും വല്ല വിദേശികൾക്കും കിട്ടുന്ന വിലക്ക് വിറ്റു തുലക്കണം. അല്ലേൽ ടയറുകുത്തിക്കീറി ആക്രിക്കാരന് കൊടുത്താലും മതി. എന്നിട്ട് സ്വന്തമായി വണ്ടി വേണ്ടവർ ഒരു കാളവണ്ടി ഉണ്ടാക്കിച്ചാ മതി. അല്ലാത്തവർക്ക് നടക്കാം.

3. കൈയിലിരിക്കുന്ന ആ മൊബൈൽ ഫോൺ ഇപ്പൊത്തന്നെ റോഡിലോ തറയിലോ എറിഞ്ഞ് പൊട്ടിച്ചേക്ക്. എടുത്ത് വെള്ളത്തിലിട്ടാലും മതി.

4. ഇന്റർനെറ്റ് എന്ന സംഭവത്തെ പറ്റി ചിന്തിക്കുകയേ ചെയ്യരുത്.

5. കറണ്ടില്ലാത്തതു കൊണ്ടുതന്നെ വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ എവിടേലും കൊണ്ടോയി ഡംപ് ചെയ്തോളുമല്ലോ.

അയ്യേ, ഇവനിതെന്ത് പ്രാന്താണ് പറയണതെന്ന് ചിലർക്കെങ്കിലും തോന്നിക്കാണും. ഇതൊന്നുമില്ലാത്തൊരു ജീവിതം ഇപ്പോൾ നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റില്ലല്ലേ? കാരണം നമ്മുടെ ജീവിതം അത്രയ്ക്ക് മാറി. ശാസ്ത്രമാണീ പറഞ്ഞ എല്ലാ മാറ്റങ്ങളും കൊണ്ടുവന്നത്. നമ്മുടെ ജീവിതനിലവാരവും ആയുസും ഒപ്പം ഉയർന്നു. ഇന്നത്തെ കാലത്ത്, മണ്ണെണ്ണ വിളക്കിനും കാളവണ്ടിക്കും കുഴിക്കക്കൂസിനും അഞ്ചലോട്ടക്കാരനുമൊക്കെ ചരിത്രപരമായ പ്രാധാന്യത്തിനപ്പുറം ഒന്നുമില്ലായെന്ന് നമുക്കറിയാം. ഇനി, ദാ ഈ പറയുന്ന കാര്യങ്ങൾ കൂടി ഒന്ന് സങ്കൽപ്പിച്ച് നോക്കൂ,

1. നിങ്ങടെ വീട്ടിലാർക്കെങ്കിലും കാൻസറാണെന്ന് തിരിച്ചറിഞ്ഞാൽ, പഴയ കോട്ടൻ മുണ്ടിന്റെ കഷ്ണം ആ മണ്ണെണ്ണ വിളക്കിലേക്ക് കാണിച്ച് കരിച്ചെടുത്ത് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടണം. കാൻസർ മാറും.

2. ആർത്തവം കൃത്യമല്ലാത്ത സ്ത്രീകൾ കുറച്ച് ചുടുകല്ല് നന്നായി പൊടിച്ച് വെള്ളത്തിൽ കലക്കി കുടിക്കണം. കൃത്യനിഷ്ഠയുടെ പര്യായമാവും പിന്നെ ഓരോ മെൻസസും.

3. വയറുവേദനയ്ക്ക് കുറച്ച് മുരിങ്ങയില അരച്ച് വയറ്റിൽ പുരട്ടി കാത്തിരുന്നാ മതി. വേദന പമ്പ കടക്കും.

4. പാമ്പു കടിച്ചാൽ ഏറ്റവും അടുത്തുള്ള വിഷഹാരിയുടെ അടുത്തേക്ക് എത്രയും വേഗം എത്തിച്ചാ മതി. ശേഷം ചിന്ത്യം.

5. ഹാർട്ട് അറ്റാക്ക് വന്നാൽ മാതളവും കൊളസ്ട്രോളിന് കാന്താരി മുളകും അരച്ചുകഴിച്ചാ മതി.

6. വൈറസ് എന്നു പറയുന്ന സാധനമേയില്ല എന്നങ്ങ് വിശ്വസിക്കണം. പ്രമേഹം, രക്താതിമർദ്ദം ഒക്കെ ആരുടെയൊക്കെയോ സങ്കൽപ്പസൃഷ്ടിയാണെന്നു കൂടിയായാൽ സമ്പൂർണമായി.

ആദ്യം പറഞ്ഞ 5 കാര്യങ്ങൾ സങ്കൽപ്പിക്കാൻ പോലും പാടായിരുന്ന മലയാളികൾക്ക് രണ്ടാമത് പറഞ്ഞ 5 കാര്യങ്ങൾ സ്വജീവിതത്തിൽ സംഭവിക്കുന്നത് എന്തോ പുണ്യപ്രവർത്തി പോലെയാണ്. മോഡേൺ മെഡിസിൻ അഥവാ മരുന്നുമാഫിയക്കാരുടെ കയ്യിൽ പെടാത്തതിലുള്ള ആശ്വാസം വേറെ.

പാരമ്പര്യവൈദ്യമെന്ന അലിഖിതമതത്തിന്റെ വിശ്വാസികളായത് കൊണ്ടാണിങ്ങനെ. ശരിക്കും പാരമ്പര്യവൈദ്യമൊരു മതമാണ്. മേൽപ്പറഞ്ഞ പോലെ കുറേ അന്ധവിശ്വാസങ്ങളാൽ നിർമ്മിതമായ ഒന്ന്. മതമായതുകൊണ്ടു തന്നെ അവിടെ ഉഡായിപ്പ് ദൈവങ്ങളുമുണ്ട്. ദൈവങ്ങളും ശിങ്കിടികളും തങ്ങളെ കൊള്ളയടിക്കുകയാണെന്ന് തിരിച്ചറിയാത്ത വിഡ്ഢി കൂശ്മാണ്ഡങ്ങളാണ് വിശ്വാസികൾ. സ്വന്തം കുഞ്ഞുമരിച്ചാൽ പോലും മതമാണ്, ഉഡായിപ്പാശാനായ ദൈവമാണ് വലുതെന്ന് വാദിക്കുന്ന പടുവിഡ്ഢികൾ. ഫലം ലഭിച്ചില്ലേൽ വിധിയെന്ന് കരുതുന്ന പാവങ്ങൾ. മറ്റു മതങ്ങളേക്കണക്ക് ശാസ്ത്രത്തിന്റെ ഏറ്റവും നൂതനമായ സങ്കേതങ്ങൾ ഉപയോഗിച്ചാണീ മതക്കാരുടെ മതപ്രചാരണവും എന്നതും ശ്രദ്ധേയമാണ്. ചാവേറുകളും സുലഭം.

ഇത്രേയുള്ളു ഇന്നാട്ടിലെ പാരമ്പര്യവൈദ്യം. മറ്റൊരു മതം.

പ്രിയപ്പെട്ട മനുഷ്യന്മാരേ, നിങ്ങൾ മുകളിൽ കണ്ട വൈദ്യുതി, മോട്ടോർ വാഹനങ്ങൾ, മൊബൈൽ ഫോൺ, ഇന്റർനെറ്റ് ഒക്കെ പോലെ, ശാസ്ത്രം നൽകിയ വലിയൊരു സാധ്യതയാണ് മോഡേൺ മെഡിസിൻ. ഈ ഉദാഹരണങ്ങൾ പോലെ തന്നെ അനുദിനം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന, അപ്ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മറ്റൊരു സയന്റിഫിക് പ്രോഡക്റ്റ്. കൃത്യമായ രോഗനിർണയോപാധികളും ചികിത്സാ മാർഗങ്ങളും ഏതൊരസുഖത്തിനും അവിടെയുണ്ട്.

പിന്നെ വ്യാജവൈദ്യന്മാരും മറ്റും പറയുന്ന പോലെ, 'മോഡേൺ മെഡിസിൻ കൈയൊഴിഞ്ഞു' എന്നൊരു സംഭവമേ ഇവിടില്ല. പ്രൊപ്പിയോണിക് അസിഡ്യൂറിയ പോലെ പൂർണമായി ചികിത്സിച്ച് മാറ്റാൻ കഴിയാത്ത രോഗങ്ങൾക്കായി ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെ പറ്റി കൃത്യമായ മാർഗനിർദ്ദേശങ്ങളുണ്ട്. അത് പാലിക്കണമെന്ന് മാത്രം. ഒരു ചികിത്സയും ചെയ്യാനില്ലാത്ത ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കു പോലും സ്വസ്ഥമായ മരണം നൽകാനുള്ള 'End of life care' അഥവാ പാലിയേറ്റീവ് കെയർ പോലുള്ള സമ്പ്രദായങ്ങളും അവിടുണ്ട്.

ചേട്ടാ, വീട്ടിൽ കറണ്ട് വരാൻ ലേറ്റായാൽ KSEB ഓഫീസിലേക്കല്ലേ നിങ്ങൾ വിളിച്ചു ചോദിക്കുന്നത്. അല്ലാതെ മീൻകാരനെ അല്ലല്ലോ. അത്രയും കോമൺ സെൻസെങ്കിലും സ്വന്തം ആരോഗ്യകാര്യത്തിൽ കാണിച്ചാൽ കൊള്ളാം.കലിപ്പ് : മോഡേൺ മെഡിസിനിൽ ഇംപ്രൂവ് ചെയ്യാൻ ഇനിയും പലതുണ്ടാവും. എന്നുവച്ച് ആ ഗ്യാപ്പിൽ പാരമ്പര്യവൈദ്യം കുത്തിക്കേറ്റരുത്. ആ ഗ്യാപ് ശാസ്ത്രം തന്നെ അടച്ചോളും.  😠

©മനോജ്‌ വെള്ളനാട്


3 comments:

 1. പാരമ്പര്യ വൈദ്യന്‍ ചികിത്സിച്ചു ഒരു കുഞ്ഞ് മരിച്ച കാര്യം ടിവിയില്‍ ഇപ്പോള്‍ കണ്ടതേയുള്ളൂ

  ReplyDelete
 2. മോഡേൺ മെഡിസിനിൽ ഇംപ്രൂവ് ചെയ്യാൻ ഇനിയും പലതുണ്ടാവും. എന്നുവച്ച് ആ ഗ്യാപ്പിൽ പാരമ്പര്യവൈദ്യം കുത്തിക്കേറ്റരുത്. ആ ഗ്യാപ് ശാസ്ത്രം തന്നെ അടച്ചോളും. 😠

  ReplyDelete
 3. We are urgently in need of KlDNEY donors for the sum

  of $500,000.00 USD, Email for more details: Email:

  healthc976@gmail.com

  ReplyDelete