വെന്റിലേറ്റർ (A Short film by Manoj Vellanad)


സീൻ 1:

(സിഡ്നിയിൽ നിന്ന് ഡോ.ഗണൻജയ്‌ സാൽവ് ഫേസ് ബുക്കിൽ എഴുതുന്നൂ )

'ഞങ്ങളിന്ന് ഇവിടെ സിഡ്നിയിൽ, ജനിച്ചിട്ട് 2 ദിവസം മാത്രം പ്രായമായ ഒരു കുഞ്ഞിന് ഹൃദയശസ്ത്രക്രിയ നടത്തുകയുണ്ടായി. ഹൃദയത്തിന് ഗുരുതരമായ വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞായിരുന്നു. വലിയ രക്തക്കുഴലുകൾ പരസ്പരം സ്ഥാനം മാറിക്കിടക്കുന്നു. വെൻട്രിക്കിളിന്റെ ഭിത്തിയിൽ ദ്വാരവും, പൂർണമായി വളരാത്ത അയോർട്ടിക് ആർച്ചും ഉണ്ടായിരുന്നു. ഇന്നലെത്തന്നെ മാതാപിതാക്കളോട്, കുഞ്ഞിന്റെ അപകടകരമായ അവസ്ഥയെ പറ്റിയും ഓപറേഷൻ ചെയ്യുമ്പോഴോ ശേഷമോ മരിച്ചുപോകാനുള്ള സാധ്യതകളും വിശദമായി പറഞ്ഞു മനസിലാക്കി സമ്മതം വാങ്ങിയിരുന്നു. ശസ്ത്രക്രിയ 8 മണിക്കൂറോളം നീണ്ടുനിന്നു. ഹൃദയത്തിൽ നീർക്കെട്ടുള്ളതിനാൽ കുട്ടിയുടെ നെഞ്ചിൻകൂട് ശസ്ത്രക്രിയയ്ക്ക് ശേഷം തിരിച്ചു തുന്നിയില്ല. മുറിവിലൂടെ, മിടിക്കുന്ന ആ കുഞ്ഞുഹൃദയം കാണാമായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം കുഞ്ഞിനെ ഐ.സി.യുവിലേക്ക് മാറ്റി.'

സീൻ 2 :

കൊൽക്കത്തയിലെ ഒരാശുപത്രിയുടെ കാഷ്വാലിറ്റി. നല്ല തിരക്ക്. കുറേപേർ ചേർന്ന് 75 വയസുള്ള ഒരു രോഗിയെ ഹൃദയസ്തംഭനമായിട്ട് അവിടെയെത്തിക്കുന്നു. ഡോ. പരിബഹ മുഖോപാദ്യായ എന്ന യുവ ഡോക്ടർ രോഗിയെ അറ്റൻഡ് ചെയ്യുന്നു. വൈറസ് സിനിമയിലെ ആബിദിനെ പോലെ അയാളും സുഹൃത്തുക്കളും രോഗിയുടെ നെഞ്ചിലമർത്തി നിന്നുപോയ ഹൃദയത്തെ പ്രവർത്തിപ്പിക്കാനുള്ള അവസാന ശ്രമങ്ങളിൽ മുഴുകുന്നു. അവർ വിയർത്തൊലിച്ചു. ആകെ തളർന്നു. പക്ഷെ ഫലമുണ്ടായില്ല.

സീൻ 3: ഡോ. ഗണൻജയ്‌ സാൽവ് ഒരു കപ്പ് ചായയോടൊപ്പം തന്റെ എഴുത്ത് തുടരുന്നു...

'ഒരു മണിക്കൂർ കഴിഞ്ഞ് കുഞ്ഞിന്റെ അവസ്ഥയറിയാൻ ഞാൻ വീണ്ടും ഐ.സി.യു.വിലെത്തി. അപ്പോഴവിടെ ആ കുഞ്ഞിനെയും നോക്കി ആ മാതാപിതാക്കൾ അടുത്തുതന്നെ നിൽക്കുന്നുണ്ടായിരുന്നു. ശരീരത്തിലെ ഓരോ സുഷിരത്തിലൂടെയും കുഴലുകൾ കടത്തി, തുറന്ന നെഞ്ചുമായി കിടക്കുന്ന കുഞ്ഞിനെ കണ്ട്, അവരെന്നോട് എങ്ങനെ പ്രതികരിക്കുമെന്നോർത്ത് എനിക്കാശങ്കയായി.'

സീൻ 4:
വീണ്ടും കൊൽക്കത്തയിലെ കാഷ്വാലിറ്റി. കുറേയാളുകൾ വടിയും കല്ലും ഇഷ്ടികയുമൊക്കെയായി ഉള്ളിലേക്ക് ഓടിക്കയറുന്നു. ഇതുകണ്ട ഒരു പോലീസുകാരൻ ആകാംക്ഷയോടെ നോക്കുന്നു. കടന്നു ചെന്നവർ ആരെയോ ക്രൂരമായി മർദ്ദിക്കുന്നു. അതാരാണെന്നറിയാനുള്ള കൗതുകം പോലീസുകാരനും ചുറ്റുമുള്ള കാണികൾക്കും സ്വാഭാവികമായിട്ടുമുണ്ട്. പക്ഷെ തല്ലിത്തീർന്നാലല്ലേ നോക്കാൻ പറ്റൂ.

സീൻ 5:
ഡോ. ഗണൻജയ്‌ സാൽവ് ആശ്വാസനിശ്വാസങ്ങളോടെ തുടർന്നെഴുതുന്നൂ,

''എന്നാലവർ എന്നോട് പ്രതികരിച്ചത് എങ്ങനെയാണെന്ന് നിങ്ങൾക്ക് ഊഹിക്കാമോ? അവർ പറഞ്ഞു,

"നന്ദി ഡോക്ടർ, താങ്കളുടെ നിസ്വാർത്ഥമായ പരിശ്രമത്തിന്".

എന്നിട്ട്, ആ അമ്മ എന്നെ കൈകൾ പിടിച്ചുകൊണ്ട് ചോദിച്ചു, "താങ്കൾക്ക് നാളെ ഡ്യൂട്ടി ഓഫാണോ?"

"അതെ" ഞാൻ മടിച്ചുമടിച്ചു പറഞ്ഞു. തങ്ങളുടെ കുട്ടിയെ ഈ അവസ്ഥയിൽ കിടത്തിയിട്ട് ഡോക്ടർ വീട്ടിൽ പോയി വിശ്രമിക്കാൻ പോകുന്നെന്ന് കേട്ടാൽ അവരെങ്ങനെ പ്രതികരിക്കുമെന്നോർത്ത് ഞാൻ ഭയന്നു.

അവർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു

"നിങ്ങൾ തീർച്ചയായും അതർഹിക്കുന്നു!! (You really deserve it!!)".

ആ അച്ഛൻ എന്റെ അടുത്തെത്തി, എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു,

"നന്ദി ഒരിക്കൽ കൂടി ഡോക്ടർ, താങ്കൾ വീട്ടിലേക്കു പോകൂ, നന്നായി വിശ്രമിക്കൂ"

സീൻ 6:
           തല്ലിക്കഴിഞ്ഞവർ തെറി വിളികളോടെ പുറത്തേക്ക് പോയി. കാണികളും പോലീസുകാരും അടി കിട്ടിയവനെ കാണാൻ പോയി. രക്തത്തിൽ കുളിച്ച് ബോധമില്ലാതൊരാൾ അവിടെ കിടക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ മനസിലായി, അത് ഡോ. പരിബാഹ മുഖോപാദ്യായ ആണ്. ഹൃദയം നിലച്ച 75 വയസുള്ളയാളെ രക്ഷിക്കാൻ ശ്രമിച്ച് പരാജിതനായ യുവഡോക്ടർക്ക് ബന്ധുക്കൾ നൽകിയ ഉപഹാരമായിരുന്നു അത്.

സീൻ 7: ഡോ.ഗണൻജയ്‌ സാൽവിന് കണ്ണ് നിറയുന്നു. എന്നാലും അയാളെഴുതുന്നു.

"അവരെന്നെ ശരിക്കും ഞെട്ടിച്ചു. ഞാൻ പ്രതികരിക്കാനാകെ അസ്തപ്രജ്ഞനായി നിന്നുപോയി. എങ്ങനെയാണ് ആ മാതാപിതാക്കൾക്ക് സ്വന്തം കുഞ്ഞിനെ ഈ അവസ്ഥയിൽ കാണുമ്പോഴും, ചികിത്സിക്കുന്ന ഡോക്ടറുടെ ആരോഗ്യത്തെ പറ്റി ചിന്തിക്കാനാകുന്നത്? അത്യന്തം പരിക്ഷീണനായിരുന്നെങ്കിലും അവരുടെ ആ വാക്കുകൾ എന്നെ ഊർജ്ജ്വസ്വലനാക്കി. എന്ത് മനോഹരമായ ദിവസമാണിന്ന്!"

സീൻ 8:
             പരിക്കേറ്റ ഡോക്ടറെ മറ്റ് ഡോക്ടർമാർ പരിശോധിക്കുന്നു. ജീവനുണ്ട്. വേദനയോട് മാത്രമാണ് പ്രതികരിക്കുന്നത്. തലയ്ക്ക് ഗുരുതരക്ഷതമുണ്ട്. ശ്വാസം കൊടുക്കാൻ ട്യൂബിടുന്നു. ശേഷം സ്കാനിങ്ങിനായി കൊണ്ടുപോയി. അവിടുന്ന് ഐ.സി.യു.വിലേക്കും.

സീൻ 9: ഡോ.ഗണൻജയ്‌ സാൽവ് തുടരുന്നു..

"ഞാനോർക്കുകയായിരുന്നു, ഇന്ത്യയിലായിരുന്നെങ്കിൽ ഇതൊരിക്കലും സംഭവിക്കുകയേ ഇല്ലായെന്ന്. ഇന്ത്യപോലെ ഡോക്ടർമാർ അപമാനിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരു സ്ഥലവുമില്ല തന്നെ. എന്തുതന്നെ നല്ലതു ചെയ്താലും നല്ലൊരു വാക്കുപോലും പ്രതീക്ഷിക്കാൻ പ്രയാസമാണവിടെ. തീർച്ചയായും സമൂഹങ്ങൾ തമ്മിൽ സാംസ്കാരികമായി ഒരുപാട് വ്യത്യാസം ഉണ്ടെങ്കിലും, നമ്മുടെ സംസ്കാരത്തെക്കുറിച്ച് പ്രശംസിക്കാൻ ഒന്നുമില്ല. ഡോക്ടർമാരും വെറും മനുഷ്യരാണെന്നും, അവർക്കും വിശ്രമം ആവശ്യമാണെന്നും, അവർക്കും ഭക്ഷണം ആവശ്യമുണ്ടെന്നും ജീവിതത്തിലെ ഏറ്റവും ദുർഘടാവസ്ഥയിലും ചിന്തിക്കാൻ കഴിയുന്ന ഒരു സമൂഹത്തെ എങ്ങനെയാണ് ഇന്ത്യയുമായി താരതമ്യം ചെയ്യുക?

ഞാനിപ്പോഴും അവരുടെ വാക്കുകൾ പകർന്ന ആ ഷോക്കിലാണ്. എനിക്കെന്നോട് തന്നെ ബഹുമാനവും അഭിമാനവും തോന്നുന്നു. നന്ദി, ആ ദമ്പതികൾക്ക്.. "

സീൻ 10:
             കൊൽക്കത്തയിലെ ICU വിൽ ഡോ. പരിബാഹയെ വെന്റിലേറ്ററിൽ, കുറേ കുഴലുകളും പിടിപ്പിച്ച് കിടത്തിയിരിക്കുന്നു. അവന്റെ ജീവനെങ്കിലും തിരിച്ചു തരണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അയാളുടെ അച്ഛനുമമ്മയും പുറത്തിരിക്കുന്നു. സ്കൂളിൽ എന്നും ഒന്നാമനായി, തനിക്കൊരു ഡോക്ടറാവണമെന്ന വാശിയോടെ പഠിച്ച മകന്റെ ഓർമ്മകൾ അവരെ കണ്ണീരണിയിച്ചു കൊണ്ടിരുന്നു. അതിനിടയിലും അവർ വിളിച്ചു പറയുന്നൂ,
           
     ''ഇത് നശിച്ച നാടാണ്. ഇനിയൊരു കുഞ്ഞുമിവിടെ ഡോക്ടറാവാൻ മോഹിക്കരുതേ.. ഈ നാട് നിങ്ങളെ കൊല്ലാതെകൊല്ലും.."

സീൻ 11:

ഫേസ്ബുക്ക് കുറിപ്പവസാനിപ്പിച്ച് ഡോ.ഗണൻജയ്‌ സാൽവ് കുടുംബത്തോടൊപ്പം സിഡ്നി കാണാനിറങ്ങി. സ്ക്രീനിന്റെ മറുപാതിയിൽ കൊൽക്കത്തയിലെ ICU വിൽ വെൻറിലേറ്ററിന്റെ മോണിറ്ററിൽ അലാമടിക്കുന്നതിന്റെ ദൃശ്യത്തോടെ ടൈറ്റിൽ കാർഡ്
'വെന്റിലേറ്റർ'

(നടന്ന സംഭവങ്ങൾ മാത്രമാണിത്. ഡോ. പരിബാഹ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുന്നു. ചിത്രത്തിൽ കാണുന്നത് പരിബാഹയുടെ തകർന്ന തലയോട്ടിയുടെ CT സ്കാൻ ചിത്രമാണ്.  ഡോ.ഗണൻജയ്‌ സാൽവിന്റെ ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹം ഒരു വർഷം മുമ്പെഴുതിയതാണ്. അതിന്റെ സ്വതന്ത്ര മലയാളം പരിഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. ബോംബയിൽ ജോലി ചെയ്തിരുന്ന അദ്ദേഹമിപ്പോൾ ഓസ്ട്രേലിയയിൽ പീഡിയാട്രിക് കാർഡിയാക് സർജനാണ്.)


©മനോജ്‌ വെള്ളനാട്


No comments:

Post a Comment