തള്ളൽ കലയുടെ മൂന്ന് സുവർണവർഷങ്ങൾ

''ഭൗതികമോ ആത്മീയമോ സർഗാത്മകമോ ആയ സംഗതികൾ യാഥാർത്ഥ്യത്തിൽ നിലവിലില്ലാത്ത സ്ഥിതിയിൽ, അതുണ്ടെന്ന് പറയുകയും സ്ഥാപിക്കാൻ ശ്രമിക്കുകയും ഒടുവിൽ ചമ്മിപ്പോവുകയും ചെയ്യുന്നതിനെയാണ് 'തള്ള്' എന്ന് പറയുന്നത് ''
(നാസ, 2014)

'തള്ള്' ഒരു ദേശീയവിനോദമോ രാജ്യവ്യാപകമായി അംഗീകരിക്കപ്പെട്ട ഒരു കലാരൂപമോ ആയിട്ടില്ലാത്ത കാലത്തെ കഥയാണിത്. കഥയെന്ന് പറഞ്ഞാൽ ശരിക്കും കഥയല്ല കേട്ടോ. ഒറിജിനലാണ്. നല്ല ഒറിജിനൽ തള്ള്. ഞാൻ 5,6,7 ക്ലാസുകളിൽ വെള്ളനാട് സ്കൂളിൽ പഠിക്കുന്നതാണ് കാലഘട്ടം. 9,10,11 വയസുകളിലൂടെ കടന്നുപോകുന്ന ഇളംകുമാരനായ നായകൻ. പഠിക്കാനത്ര മിടുക്കൊന്നും ഇല്ലായിരുന്നെങ്കിലും തള്ളിന്റെ കാര്യത്തിൽ റാങ്ക് ഹോൾഡറായിരുന്ന സുവർണവർഷങ്ങൾ.

മുഖവുരയിവിടെ നിർത്തി സവിനയം തളളുകളിലേയ്ക്ക് നേരിട്ട് കടക്കുകയാണ്. 'എന്തുകൊണ്ടീ തളളുകൾ?' എന്ന് അവസാനം പറയാം. ഏവർക്കും സ്വാഗതം.

🙌 എന്റെത് രണ്ടുനിലയുള്ള ടെറസ് വീടാണെന്ന് കൂട്ടുകാരോട് പറഞ്ഞതാണ് ഓർമ്മയിലെ ആദ്യ തളള്. അഞ്ചാം ക്ലാസിൽ വച്ചായിരുന്നു അത്. നമ്മുടെ ക്ലാസ് റൂമിന് മുമ്പിൽ നിൽക്കുന്ന വലിയ മാവിനെക്കാളും വലിയ മാവാണ്, ഞങ്ങടെ ടെറസിന് മീതേ ചാഞ്ഞു കിടക്കുന്നതെന്നും വെറുതെ പടി കയറിച്ചെന്ന് മാങ്ങ പറിച്ചു തിന്നുന്നതാണെന്റെ ഒഴിവു സമയ വിനോദമെന്നൊക്കെ ഞാൻ പറഞ്ഞപ്പൊ അവന്മാരുടെ കണ്ണിൽ അസൂയയുടെ മാമ്പൂ പൂക്കുന്നത് കാണേണ്ടതായിരുന്നു. വീടിനടുത്തുള്ള കുട്ടികളാരും എന്റെ ക്ലാസിലില്ലാ എന്ന ധൈര്യത്തിലാണിതൊക്കെ കാച്ചുന്നത്. എന്നു കരുതി വെറുതെ തള്ളാൻ വേണ്ടി തള്ളുന്ന സ്വഭാവമൊന്നുമില്ലായിരുന്നു. ഓരോ സാഹചര്യത്തിലും അതിനനുസരിച്ചുള്ള തള്ളുകൾ മാത്രം.

🙌വീട്ടിൽ കക്കൂസില്ലാത്തതിനാൽ വല്ലവരുടെയും മരച്ചീനിവിളയിലൊ റബ്ബർവിളയിലോ ആണ് പോണതെന്നിവരെങ്ങാനും അറിയുമോ എന്നതായിരുന്നു എന്റെ അക്കാലത്തെ വലിയ പേടികളിലൊന്ന്. അതെങ്ങാനും അവരറിഞ്ഞാ പിന്നെ പിറ്റേന്ന് മുതൽ സ്കൂളിൽ പോവില്ലാന്ന് ഞാൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്റെ വിചാരം ഞാൻ മാത്രമാണിങ്ങനെയെന്നാണ്. അന്നൊരിക്കൽ കുട്ടീം കോലും കളിച്ചപ്പോ കൈ മുറിഞ്ഞത് വീട്ടിലെ യൂറോപ്യൻ ക്ലോസറ്റിന്റെ വിജാഗിരിക്കിടയിൽ അറിയാതെ പെട്ടതാണെന്ന് ഞാൻ പറഞ്ഞത് പലരും വിശ്വസിച്ചു. ശരിക്കും ആ കാലത്ത്, ഈ യൂറോപ്യൻ ക്ലോസറ്റ് എങ്ങനെയിരിക്കുമെന്ന് തന്നെ അറിയില്ലായിരുന്നു. ഒരു പടത്തിൽ പോലും കണ്ടിട്ടില്ല. എന്റെ സഹപാഠികളും എന്നെ പോലെ 'ക്ലോസറ്റ് നിരക്ഷര'രായിരുന്നെന്ന് ഞാനറിഞ്ഞത് പിന്നീടാണ്.

🙌എന്റെ അപ്പൂപ്പന് സ്വന്തമായി ടെമ്പോ ട്രാവലർ ഉണ്ടെന്നായിരുന്നു മറ്റൊരു ചെറിയ തള്ളൽ. ഒന്നുരണ്ടുവട്ടം ആ കഥ പറഞ്ഞപ്പോ ആർക്കൊക്കെയോ സംശയമുള്ള പോലെ തോന്നി. അപ്പൊ ഞാനത് ചെറുതായൊന്ന് പരിഷ്കരിച്ചു. അപ്പൂപ്പൻ ടെമ്പോ ഡ്രൈവറാണെന്നാക്കി. വീടിനടുത്തുള്ള വേലുക്കുട്ടി അപ്പൂപ്പന്റെ വീട്ടിലെ ടെമ്പോയാണെന്നും.

🙌പലരും അവരുടെ വീട്ടിലെ ടീവിയെ പറ്റി വാചാലരായപ്പോ എന്റെ വീട്ടിലും നല്ല കളർ ടീവിയുണ്ടെന്ന് ഞാനും തട്ടിവിട്ടു ( നമ്മുടെ ദേശത്ത് കറണ്ട് പോലും വന്നത് പിന്നേം അഞ്ചാറ് വർഷം കഴിഞ്ഞാണ് :) ). ഒരിക്കൽ സ്കൂളീന്ന് വരുന്നവഴിയുലടനീളം ഇങ്ങനെ ടീവിക്കാര്യം തള്ളിത്തള്ളി വരികയാണ്. വേറെ ഡിവിഷനിൽ പഠിക്കുന്ന കൃഷ്ണേന്ദും ഉണ്ട് കൂട്ടത്തിൽ. അവൻ പൊടുന്നനെ ഒരു സംശയാലുവായി കിണ്ടിക്കിണ്ടി ഓരോന്ന് ചോദിക്കാൻ തുടങ്ങി. എന്റെ കള്ളങ്ങൾ പിടിക്കപ്പെടുമെന്ന സ്ഥിതിയായി. ഞാൻ വിട്ടില്ല. ഒന്നിനുമുകളിലൊന്നായി കള്ളങ്ങൾ പറഞ്ഞു പറഞ്ഞ് ഒടുവിൽ ഞാൻ പറഞ്ഞു, അത് അപ്പൂപ്പൻ ഓടിച്ചിരുന്ന ടെമ്പോ ട്രാവലറിൽ വച്ചിരുന്ന ചെറിയ ടിവിയാണെന്ന്. അപ്പോഴേക്കും അവന് തിരിയാനുള്ള വളവെത്തി. ഭാഗ്യം. ഈ വേലുക്കുട്ടി അപ്പൂപ്പൻ അവന്റെ ബന്ധുവാണെന്ന് ഞാൻ പിന്നീടാണറിയുന്നത്. 😲

😎എന്റെ അപ്പൂപ്പൻ വേലുക്കുട്ടി അപ്പൂപ്പന്റെ വീട്ടിലെ ഡ്രൈവറായിരുന്നത് സത്യമാണ്. പക്ഷെ, വാഹനം ടെമ്പോയല്ലാ, കാളവണ്ടിയായിരുന്നു. മാത്രമല്ല ഞാൻ ജനിക്കണേന് രണ്ടുവർഷം മുമ്പേ അപ്പൂപ്പൻ മരിച്ചും പോയിരുന്നു.

🙌ഇങ്ങനെ നീളുന്ന തള്ള് പുരാണത്തിൽ ഒരിക്കൽ എന്റെ വീട്ടിൽ രണ്ടുപത്രം വരുത്തുന്നുണ്ടെന്ന് ഞാൻ കാച്ചി. പെട്ടന്ന് അതേതൊക്കെ എന്ന് ചോദിച്ചപ്പോ പറയാൻ പേര് തികയുന്നില്ല. മനോരമ മാത്രേ കണ്ടിട്ടുള്ളൂ. വേറൊരു പത്രത്തിന്റെ പേര് പോലുമറിയില്ലായിരുന്നു.

🙌ആ സമയത്ത് ചെറിയ രീതിയിൽ രണ്ടുവരി കഥയോ കവിതയോ ഒക്കെ എഴുതിത്തുടങ്ങിയെങ്കിലും ആരെയും കാണിക്കാനുള്ള ഒരു കോൺഫിഡൻസില്ലായിരുന്നു. പക്ഷെ, ഏഴാം ക്ലാസിൽ വച്ച് ഒരു കഥയെഴുതിയത് സാഹിത്യകുതുകിയായ സഹപാഠി ശ്രീനാഥിനെ (@Sreenath Sreekumari) കാണിച്ചു. വായിച്ച ഉടനെ അവൻ പറയുവാ, ഇതീ ലക്കം ബാലഭൂമിയിൽ ഉള്ളതല്ലേന്ന്, ഞാൻ കോപ്പിയടിച്ചതല്ലേന്ന്! ബ്ലഡി ഫൂൾ, എല്ലാ ലക്കവും അപ്പൊ തന്നെ പോയി വായിച്ചോളും.

ഞാനിങ്ങനെ ക്ലാസിലെ പ്രധാനതള്ളുകാരനായതിന്റെ മൂലകാരണം ഒന്നിനും കൊള്ളാത്തവനെന്ന തിരിച്ചറിവായിരുന്നു. എനിക്കെന്നോടും ചുറ്റുപാടുകളോടുമുള്ള കഠിനമായ അപകർഷതയായിരുന്നു. വീട്ടിൽ ദാരിദ്ര്യത്തിന്റെ ധൂർത്തായിരുന്നു. എന്നുകരുതി അതിന്റെ അഹങ്കാരം ആർക്കുമില്ല താനും. എന്നും എപ്പോഴും പരസ്പരം വഴക്കാണ്. ഒരുതരം ഇന്ത്യാ പാക്കിസ്ഥാൻ ബോർഡർ അന്തരീക്ഷമായിരുന്നു മിക്കപ്പോഴും. ആരെങ്കിലും ഒരാൾ വെടി നിർത്തൽ കരാർ ലംഘിച്ചാൽ പിന്നെ ചറപറാ വെടിയാണ്. ചിലപ്പോഴൊക്കെ ഈ വഴക്കിന് ഞാൻ തന്നെ നേരിട്ട് കാരണക്കാരനുമായിട്ടുണ്ട്. മറ്റു പലതും പറഞ്ഞാണ് തുടങ്ങുന്നതെങ്കിൽ പോലും എന്റെ കാര്യം പറഞ്ഞാണ് ആ ഘോരഘോരമുള്ള വാദപ്രതിവാദങ്ങൾ പുരോഗമിച്ചിരുന്നത്. ആരും ജയിക്കാത്ത, ആരും തോറ്റു കൊടുക്കാൻ തയ്യാറല്ലാത്ത പാക്കിസ്ഥാൻ ബോർഡറിൽ ഞാനങ്ങനെ അഫ്ഗാനിസ്ഥാനിലേക്ക് നിൽക്കും. മാത്രമല്ല, സ്കൂളിലെ 'മണ്ടന്മാരുടെ ലീഡറെ'ന്നാണ് എന്റെ സ്വന്തം മാമൻ അക്കാലത്ത് എന്നെ സ്ഥിരം വിശേഷിപ്പിച്ചിരുന്നത്. അങ്ങനെ വീട്ടിൽ ഞാനൊരധികപ്പറ്റാണെന്ന തോന്നൽ ഓർമ്മ വച്ചപ്പൊ മുതലേ ഉണ്ട്. സ്കൂളിലൊക്കെ പോവുമ്പോ ആ തോന്നലിൽ അൽപ്പം കുറവ് വരും. അപ്പൊത്തന്നെ ആ കുറവ് നാട്ടുകാർ ഇടപെട്ട് മാറ്റി തരുമായിരുന്നു. എന്നെക്കാണുമ്പോൾ ഏതോ അശ്രീകരത്തെ കണ്ടപോലെ പെരുമാറിയിരുന്നവർ തന്നെ നിരവധിയാണ്. അവരെയൊക്കെ ഇന്ന് കാണുമ്പോഴും എനിക്കെന്തോ പോലെയാണ്. (അങ്ങനെ അല്ലാത്തവരായിരുന്നു കേട്ടോ അധികവും. <3 പക്ഷെ, ആ സമയത്ത് നമ്മളെ മുറിവേൽപ്പിക്കുന്ന പെരുമാറ്റങ്ങളാണല്ലോ മനസിൽ നന്നായി പതിയുന്നത് :) )

നാടുവിടൽ, ആത്മഹത്യ തുടങ്ങിയ ചീപ്പ് എസ്കേപ്പ് ഫിനോമെനലുകളെ പറ്റി പലപ്പോഴും സീരിയസായി ചിന്തിച്ചെങ്കിലും വലിയ കാശു ചെലവും മെനക്കേടും ധൈര്യവുമൊക്കെ വേണ്ടതായതിനാൽ പല പ്ലാനുകളും താൽക്കാലികമായി ഉപേക്ഷിക്കുകയായിരുന്നു. പ്രതിരോധിക്കാതെ വഴിയില്ലെന്നായി. സ്കൂളിൽ കൂട്ടുകാർക്കിടയിലെങ്കിലും നെലേം വെലേമുള്ളൊരാളാവാൻ തന്നെ തീരുമാനിച്ചു. ഇല്ലാത്ത ഭൗതികതകൾ പലതും ഉണ്ടെന്ന് ഭാവിക്കാനും പറയാനും ഞാൻ ആത്മാർത്ഥമായി തന്നെ ശ്രമിച്ചു. അങ്ങനെ പതിയെപ്പതിയെ ഞാൻ പോലുമറിയാതെ ഞാനൊരു തള്ളുവീരനായി മാറുകയായിരുന്നു.

പക്ഷെ എട്ടാം ക്ലാസൊക്കെ ആയപ്പൊ കുറച്ച് തിരിച്ചറിവൊക്കെ വന്നോണ്ടായിരിക്കും, തള്ളൊക്കെ അങ്ങ് നിർത്തി. ഒൻപതാം ക്ലാസായപ്പോഴേക്കും ടെറസിലേക്ക് മാവ് ചാഞ്ഞുകിടക്കുന്ന ആ ഇരുനില ബംഗ്ലാവിരിക്കേണ്ടിടത്തെ, മഴ തോർന്നാലും പെയ്ത് തോരാത്ത മൺവീട്ടിലേക്ക്, യാഥാർത്ഥ്യത്തിലേക്ക്, ഞാൻ എന്റെ കൂട്ടുകാരെയൊക്കെ കൂട്ടിക്കൊണ്ടുപോയി. 😍

🙌എന്റെയാ തള്ളുജീവിതത്തിൽ നിന്ന് ഞാനിടയ്ക്കിടെ ഓർക്കുന്ന ഒരെണ്ണം കൂടി പറഞ്ഞ് നിർത്താം. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണത്. കൂടെ പഠിക്കുന്ന രതീഷിന് 'അപ്പൻഡിസൈറ്റിസ്' എന്ന അസുഖം വന്ന കാര്യം അവൻ പറഞ്ഞു. അന്നോളം മര്യാദയ്ക്കൊരസുഖം പോലും വന്നിട്ടില്ലാത്ത എനിക്കത് ഹർട്ടായി. കൂട്ടുകാർക്കൊക്കെ എന്തുനല്ല അസുഖങ്ങളാണ് വരുന്നത്. അവിടെയും ഞാൻ മോശക്കാരനായി. ഞാനുടനെ ആവശ്യത്തിന് പുച്ഛത്തോടെ അവനോട് പറഞ്ഞു, 'എനിക്ക് ഈ അസുഖമൊന്നുമല്ല വന്നത്. വലുതാ. ഹാർട്ട് അറ്റാക്ക് എന്ന് നീ കേട്ടിട്ടുണ്ടാ. ഊം, അതായിരുന്നു..' 😲

വേദവാക്യം: നിങ്ങളിൽ തള്ളിയിട്ടില്ലാത്തവർ കല്ലെറിയട്ടെ..

മനോജ്‌ വെള്ളനാട്

3 comments:

  1. അപ്പോ സത്യത്തിൽ നമ്മളെല്ലാം തള്ളന്മാരാ അല്ലേ ??!?!?!തള്ളാനും ഒരു കഴിവൊക്കെ വേണം.ഒന്നിലും രണ്ടിലും കൊണ്ട്‌ ഞാനെന്റെ തള്ളലൊക്കെ നിർത്തിയിരുന്നു എന്നാണെന്റെ ഒരു ഓർമ്മ...എന്തെല്ലാം ഓർമ്മകൾ തള്ളിക്കേറി വരുന്നു.നിങ്ങളെന്നാത്തിനാ ഡോക്ടറേ ഇതൊക്കെ ബ്ലോഗിലിട്ടത്‌?.

    ReplyDelete