ബ്രേക്കിംഗ് ന്യൂസ്: കേരളത്തിൽ ഫുൾ ജാർ നിപ്പ! 😲

നമ്മുടെ മാധ്യമപ്രവർത്തകരെ സംബന്ധിച്ച് ഫുൾജാർ സോഡയ്ക്കും നിപ്പ അണുബാധയ്ക്കും ഒരേ വിപണി മൂല്യമാണ്. എന്ത് വാർത്തയാക്കണം, എങ്ങനെ വാർത്തയാക്കണം എന്നതൊക്കെ മാധ്യമധർമ്മത്തിന്റെ സിലബസിൽ നിന്നപ്രത്യക്ഷമായിട്ട് കാലങ്ങളായില്ലേ. പലപ്പോഴും ആരോഗ്യവിഷയങ്ങൾ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വെറും ശബ്ദമലിനീകരണമായാണ് തോന്നാറ്. ഒരു ആധികാരികതയും കാണില്ല. ഭീതി വിതറി റേറ്റിംഗ് കൂട്ടാനുള്ള തന്ത്രങ്ങൾ വേറെയും.

ആരോഗ്യ മേഖലയിലെ റിപോർട്ടിങ്ങിനായി ലോക ആരോഗ്യ സംഘടനയും EHCN (യൂറോപ്യൻ ഹെൽത്ത് കമ്മ്യൂണിക്കേഷൻ നെറ്റ് വർക്ക്) ഉം ചില മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അവയുടെ മലയാള തർജജമ ഈ അവസരത്തിൽ പങ്കുവയ്ക്കുന്നു. അങ്ങനെ ചിലതുണ്ടെന്ന് അറിഞ്ഞു വയ്ക്കുന്നതെങ്കിലും നല്ലതാണ്.

1.സമൂഹത്തിന്റെ വിശാല താല്പര്യത്തിനും മാനുഷികമായ മൂല്യങ്ങൾക്കും അവകാശങ്ങൾക്കും ദ്രോഹകരമായത് ഒഴിവാക്കുക. (വൈദ്യ രംഗത്ത് പലപ്പോഴും പറയുന്ന first do no harm തന്നെ)

2. ആരോഗ്യ വാർത്തകളിൽ എത്ര വേഗം വാർത്ത കൊടുക്കുന്നു എന്നതിനേക്കാൾ എത്ര കൃത്യമായ വാർത്തയാണ് കൊടുക്കുന്നത്, എന്നതിന് പ്രാധാന്യം നല്കുക . എന്താണ് നിങ്ങളുടെ വാർത്താ ഉറവിടം?അത് വിശ്വസനീയമാണ് എന്ന് ഉറപ്പുണ്ടോ?

3.ആസന്നമായ പൊതുജനാരോഗ്യ പ്രശ്നങ്ങളുടെ സ്ഫോടനാത്മകമായ അവതരണം ഒഴിവാക്കുക. വ്യർത്ഥമായ പ്രതീക്ഷ വളർത്തുന്ന അത്ഭുത രോഗശാന്തി കഥകൾ, ഭീതി പരത്തുന്ന സംഭ്രമജനകമായ സ്റ്റോറികൾ എന്നിവയൊക്കെ അവധാനതയോടെ മാത്രം കൈകാര്യം ചെയ്യുക.

4.നിക്ഷിപ്ത താല്പര്യങ്ങളെ കുറിച്ചുള്ള തിരിച്ചറിവ് ഉണ്ടായിരിക്കുക. നിങ്ങളുടെ ഈ ന്യൂസ് സ്റ്റോറിക്ക് ഗുണഭോക്താവായി ആരെങ്കിലും ഉണ്ടോ എന്ന് സ്വയം ചോദിക്കുക.

5.പ്രേരണയാലും പ്രലോഭനത്താലും ഉള്ള വാർത്തകൾ ഒഴിവാക്കുക .

6.വാർത്തയുടെ ഉറവിടം വെളിപെടുത്തില്ല എന്ന വിശ്വാസത്തിലാണ് വാർത്ത പങ്കു വെക്കപെട്ടിരിക്കുന്നതെങ്കിൽ ആ വിശ്വാസം കാത്തു സൂക്ഷിക്കുക

7.രോഗികൾ കുടുംബവും സമൂഹ ജീവിതവും ഉള്ള മനുഷ്യരാണ്; രോഗിയുടെയും കുടുംബത്തിന്റെയും സ്വകാര്യതയെ ബഹുമാനിക്കുക

8.വായനയുടെയും റേറ്റിംഗിന്റെയും നൈമിഷികമായ സ്വീകാര്യതക്ക് അപ്പുറം സ്റ്റോറിയുടെ അനന്തര ഫലങ്ങൾ എന്തെല്ലാം എന്ന തിരിച്ചറിവുണ്ടാകുക. പുതിയ വാർത്തകൾ സമയവും സ്പെയ്സും അപഹരിച്ചു മുന്നേറുമ്പോഴും വിസ്മൃതമായ വാർത്തയിലെ മനുഷ്യർക്ക്, രോഗികൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് ജീവിതം ഏറെ ബാക്കിയുണ്ട് എന്നോർക്കുക

9.ദുരിതങ്ങൾ, ഉറ്റവരുടെയും ഉടയവരുടെയും വിയോഗം എന്നിവയൊക്കെ കൈകാര്യം ചെയ്യുമ്പോൾ മിതത്വം പാലിക്കുക. സ്വകാര്യ നഷ്ടങ്ങളിലേക്ക് ക്യാമറയുടെ ക്ലോസപ്പ് ദൃശ്യങ്ങളുമായി അരോചകമായ കടന്നു കയറ്റം നടത്തുന്നത് ഒഴിവാക്കുക. ദുരന്തഭൂമികളിൽ ഇത് പ്രത്യേകിച്ചും പ്രാധാന്യം അർഹിക്കുന്നു

10. സംശയം ബാക്കിയെങ്കിൽ ഉപേക്ഷിക്കുക. കഥയിൽ ചോദ്യം പാടുണ്ട്! കൈകാര്യം ചെയ്യുന്നത് കഥയല്ല. ആ ചോദ്യങ്ങളിൽ അവസാന ഘട്ടത്തിലും സ്വയം സംശയങ്ങൾ ബാക്കി ആകുന്നെങ്കിൽ സംശയം വേണ്ട, ഉപേക്ഷിക്കുക.

പറയാനിതേയുള്ളൂ. നിപ്പ മാത്രമല്ല, കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഇനിയും പലപല രോഗങ്ങൾ വന്നേക്കാം. മാത്രമല്ല മഴക്കാലം തുടങ്ങിയതേയുള്ളു. പഴയ പല രോഗാണുക്കളും ഉറക്കം വിട്ടുണരുന്ന നേരമാണ്. അനാവശ്യമായ ഭീതി പടർത്തുന്ന റിപ്പോർട്ടിംഗ് ഒഴിവാക്കണം. ശാസ്ത്രീയമായ വിവരങ്ങൾ മാത്രം, അതും ശരിയായ രീതിയിൽ വാർത്തയാക്കൂ. ആരോഗ്യവിഷയങ്ങൾ അന്തിച്ചർച്ചയ്ക്കെടുക്കുമ്പോൾ വിഷയവുമായി ബന്ധമുള്ളവരെ മാത്രം വിളിക്കൂ. നിപ്പ പോലുള്ള സവിശേഷ സാഹചര്യങ്ങളിൽ ആരോഗ്യപ്രവർത്തകർക്കുള്ള എല്ലാ ഉത്തരവാദിത്തവും മാധ്യമങ്ങൾക്കും ഉണ്ട്.

അപ്പൊ വിഷ് യു എ ഹാപ്പി & റെസ്പോൺസിബിൾ റിപ്പോർട്ടിംഗ്.

©മനോജ്‌ വെള്ളനാട്

ECHN Guidelines1 comment:

  1. കൊള്ളാം.ഇതൊക്കെ ആരു പാലിയ്ക്കാൻ!?!?!!?

    ReplyDelete