കളളങ്ങളുടെ ചെർണോബിൽ!

ചെർണോബിൽ ആണവദുരന്തത്തിൽ മരിച്ചവരെത്ര? ഉത്തരം = 31 😲

'ഇവിടെ എവിടെ വർഗീയത? ഉണ്ടെങ്കിൽ എവിടെ തെളിവുകൾ?' പലരും പലപ്പോഴായും ചോദിച്ചുകേട്ട ചോദ്യമാണ്. ദാ ന്ന് പറഞ്ഞ് എടുത്തുകൊടുക്കാൻ പറ്റുന്നതല്ലല്ലോ അത്. അതീ ചോദിക്കുന്നവർക്ക് നന്നായറിയാം. അവരോടൊക്കെ ആദ്യമാദ്യം തർക്കിച്ചിരുന്നത്, നിങ്ങൾ ചെർണോബിൽ എന്ന് കേട്ടിട്ടുണ്ടോ, ഉക്രെയിനിലെ ചെർണോബിലിൽ അന്തരീക്ഷത്തിലിപ്പോഴും മാരകമായ റേഡിയേഷനുണ്ടെന്നും, എവിടെ കാണട്ടെ എന്ന് പറഞ്ഞാൽ കാണിക്കാൻ പറ്റുന്നതല്ലാന്നും, അതുപോലാണ് നമ്മുടെയിടയിൽ വർഗീയതയുടെ സാന്നിധ്യമെന്നുമൊക്കെ ആയിരുന്നു. പക്ഷെ, ഉക്രെയിൻ, ചെർണോബിൽ, റേഡിയേഷൻ എന്നൊക്കെയുള്ള വാക്കുകൾ ഈ ചോദിച്ചവർക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അതുകൊണ്ട് ആ ഉപമ ഞാൻ പിന്നീട് പച്ചക്കറിയിലെ കീടനാശിനിയിലേക്ക് പറിച്ചുനടുകയുണ്ടായി. ഇക്കാര്യങ്ങളിപ്പോ ഓർക്കാൻ കാരണമുണ്ട്.

HBO യുടെ 'ചെർണോബിൽ' എന്ന മിനി സീരീസിലെ അവസാന എപിസോഡും ഇന്നലെ വന്നു. ഒരു മാസമായി അതിങ്ങനെ വല്ലാതെ പീഡിപ്പിക്കുന്നുണ്ടായിരുന്നു. നിരന്തരമുള്ള ദീർഘനിശ്വാസങ്ങളുടെ ബാക്ഗ്രൗണ്ട് മ്യൂസിക്കോടെയല്ലാതെ നമുക്കത് കണ്ടുകൊണ്ടിരിക്കാനാവില്ല. ഓരോ മണിക്കൂർ വീതമുള്ള 5 എപ്പിസോഡുകൾ. മുമ്പ് വായിച്ചിട്ടുള്ളതാണെങ്കിൽ കൂടി ആ കാഴ്ചകൾ എന്തൊരു ഷോക്കിംഗായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തത്തിന്റെ കഥ. അതിന്റെ കാരണങ്ങളിലേക്കും മനുഷ്യനെന്ന ജന്തുവിന്റെ എടുത്താൽ പൊങ്ങാത്ത ഈഗോ അതിനെ നേരിട്ട ക്രൂരമായ വിധത്തിന്റെയും സാക്ഷ്യപത്രം. തീർച്ചയായും കണ്ടിരിക്കേണ്ടത്. അതിനെ പറ്റിയാണ് താഴെ പറയുന്നത്.

ഒരു മൈക്രോസ്കോപ്പിന് പോലും കാണിക്കാൻ കഴിയാത്തത്ര കുഞ്ഞൻമാരാണ് ആറ്റങ്ങൾ. ആറ്റം ഒരു ഫുട്ബോൾ ഗ്രൗണ്ടാണെങ്കിൽ അതിന്റെ നടുക്കിരിക്കുന്ന ഒരു ഫുട്ബോളാണ് ന്യൂക്ലിയസ്. ഈ ഇത്തിരിക്കുഞ്ഞൻ ന്യൂക്ലിയസ് പിളരുമ്പോഴുണ്ടാവുന്ന ഭീകരമായ ആ വികിരണോർജത്തെയാണ് നമ്മൾ ആണവനിലയങ്ങളിൽ ഉപയോഗിക്കുന്നത്. ആ ഊർജത്തെ നിയന്ത്രിക്കണമെങ്കിൽ അത്രയും പരിജ്ഞാനവും സങ്കീർണമായ സാങ്കേതികതയും നിർബന്ധം.

USSR - അമേരിക്ക ശീതയുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന നാളുകൾ. ആ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു, അന്ന് ഉക്രെയ്ൻ. അവിടെ പ്രിപ്യാറ്റ് നദിയുടെ കരയിലെ ഒരു വനപ്രദേശമുണ്ടായിരുന്നു ചെർണോബിൽ. ലോകത്തിലെ ഏറ്റവും വലിയ ആണവനിലയം സ്ഥാപിക്കാൻ റഷ്യൻ സർക്കാർ തെരഞ്ഞെടുത്തത് ഈ വനപ്രദേശമാണ്. അങ്ങനെ 1970 ൽ പ്രിപ്യാറ്റ് നദീതീരത്ത് അക്കാലത്തെ ഏറ്റവും ആധുനികമായ ആണവനിലയം ഉയർന്നു. റഷ്യൻ സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചെടുത്ത ലൈറ്റ് വാട്ടർ ഗ്രാഫൈറ്റ് മോഡറേറ്റഡ് (RBMK) റിയാക്ടറുകളുടെ വിഭാഗത്തിൽ പെടുന്ന, 3600 മെഗാ വാട്ട് വീതം ശേഷിയുള്ള നാല് റിയാക്ടറുകളാണ് നിലയത്തിൽ ഉണ്ടായിരുന്നത്.

മേൽപ്പറഞ്ഞത് കള്ളമായിരുന്നു. ഏറ്റവും ആധുനികമായിരുന്നില്ല, ആ റിയാക്റ്ററുകൾ. അക്കാലത്തെ ഏറ്റവും ചീപ്പായ സാങ്കേതികവിദ്യയായിരുന്നു റഷ്യ ഈ റിയാക്റ്ററുകളിൽ ഉപയോഗിച്ചിരുന്നത്. ആദ്യത്തെ പിഴവ്.

മുമ്പ് പലവട്ടം പരീക്ഷിച്ച് തോറ്റുപോയൊരു പരീക്ഷണം വാശിയോടെ ചെയ്ത് തീർക്കുന്ന ആ കറുത്തദിവസം. 1986 ഏപ്രിൽ 25 രാത്രി. നാലാം നമ്പർ റിയാക്ടറിലായിരുന്നു ആ പരീക്ഷണമെന്ന പ്രഹസനം. യാതൊരുവിധ മുന്നൊരുക്കങ്ങളുമില്ലാതെ, എന്താണ് സംഭവിക്കുന്നതെന്ന തിരിച്ചറിവില്ലാതെ. ലക്ഷ്യമിതായിരുന്നു, റിയാക്ടറുകളുടെ പ്രവർത്തനം അടിയന്തിരാവശ്യങ്ങൾക്കായി നിർത്തേണ്ടി വരുമ്പോൾ അതിന്റെ ഇന്ധന അറയിലെ ചൂട് കുറയ്ക്കാനായി വെള്ളം പമ്പ് ചെയ്യണം. അതിനായി നാല് ഡീസൽ ജെനറേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ വാട്ടർ പാമ്പുകൾ പ്രവർത്തിച്ചു തുടങ്ങാൻ തൊണ്ണൂറ് സെക്കൻഡുകളാണ് എടുക്കുന്നത്. അത് കൂടുതലാണ്. ഇത് 30 സെക്കൻഡാക്കി കുറയ്ക്കാനൊക്കുമോ എന്ന് നോക്കുകയായിരുന്നു അവർ. എന്നാലീ പരീക്ഷണത്തിന്റെ മേൽനോട്ടം ഏൽപ്പിക്കപ്പെട്ടത് വെറും 25 വയസും റിയാക്റ്ററിൽ 4 മാസത്തെ അനുഭവപരിചയവും മാത്രമുള്ള ടെപ്റ്റുനോവ് എന്ന പയ്യനെ. രണ്ടാമത്തെ പിഴവ്.

3600 MW ൽ നിന്നും ആദ്യം 1600 ലേക്കു റിയാക്റ്ററിന്റെ ശേഷി കുറച്ചു. ഇനിയത് 700MW ആയി കുറയ്ക്കണം. പരിചയസമ്പന്നരല്ലാത്ത ആ എഞ്ചിനീയർമാർക്ക് റിയാക്റ്ററിൽ എന്താ സംഭവിക്കുന്നതെന്ന് മനസിലാക്കാൻ പറ്റും മുമ്പേ റിയാക്ടറിനുള്ളിലെ പവർ കുറഞ്ഞ് 30 മെഗാവാട്ടായി! അത്രയും പവർ കുറഞ്ഞത് റിയാക്ടറിന്റെ പ്രവർത്തനം തകരാറിലാക്കി. അതിനിടെ കൂളിംഗ് പമ്പുകളുടെ പ്രവർത്തന ശേഷിയും നഷ്ടമായി. അതോടെ റിയാക്ടർ തണുപ്പിക്കാനായി പമ്പ് ചെയ്യപ്പെടുന്ന വെള്ളത്തിന്റെ തോതും കുറഞ്ഞു. യൂറേനിയം എന്ന റേഡിയോ ആക്ടീവ് മൂലകം എതിരാളിയില്ലാത്ത യുദ്ധഭൂമിയിൽ അഴിഞ്ഞാടി. ചൂട് കൂടി റിയാക്ടറിലെ ജലം പൊടുന്നനെ  നീരാവിയായിത്തുടങ്ങി. അങ്ങനെ റിയാക്ടറിൽ കൂടുതൽ പവർ ഉൽപ്പാദിപ്പിക്കപ്പെട്ടു. 3600 MW പ്രവർത്തന ശേഷിയുടെ അനേകം ഇരട്ടി കടന്ന് പവർ 33,000 MWലെത്തിയ നിമിഷത്തിൽ മർദ്ദം താങ്ങാനാവാതെ, 1986 ഏപ്രിൽ 26 ന് വെളുപ്പിനെ ഒരു മണി നാൽപ്പത് മിനുട്ട് 23 ആം സെക്കൻഡിൽ നാലാം നമ്പർ റിയാക്ടറിന്റെ അതിശക്തമായ കവചം പൊട്ടിത്തെറിച്ചു.

ഉന്നത ഊഷ്മാവിൽ ഉള്ളിൽ രൂപപ്പെട്ടിരുന്ന ഹൈഡ്രജൻ അന്തരീക്ഷത്തിലെ ഓക്സിജനെ കണ്ടുമുട്ടിയതോടെ മൂന്ന് സെക്കന്റിനകം രണ്ടാമത്തെ പൊട്ടിത്തെറിയും നടന്നു. ആണവ നിലയത്തിലെ രണ്ടു ജീവനക്കാർ തീഗോളങ്ങളായി എരിഞ്ഞടങ്ങി. റിയാക്ടറിലെ 2000 ടൺ ഭാരമുള്ള ഉരുക്കു കവചം ഭേദിച്ച് എട്ടു ടൺ റേഡിയോ ആക്റ്റീവ് പദാർത്ഥങ്ങൾ ആകാശത്ത് ഒരു കിലോമീറ്റർ  ഉയരത്തിലേക്ക് ചീറ്റിത്തെറിച്ചു. 1945-ൽ ഹിരോഷിമയിൽ വീണ അണുബോംബിനേക്കാൾ 400 മടങ്ങ്  പ്രഹരശേഷിയുള്ള സ്ഫോടനമാണ് ചെർണോബിലിൽ സംഭവിച്ചത്. മനുഷ്യൻ എത്ര വലിയ നുണയനാണെന്ന് തെളിയിക്കുന്നതായിരുന്നു പിന്നീടുള്ള സംഭവങ്ങൾ. ചെർണോബില്ലിലെ ഉദ്യോഗസ്ഥർ ഈ വൻ സ്ഫോടനത്തെ ചെറിയൊരു തീപിടിത്തം മാത്രമെന്ന നിലയിലായിരുന്നു ഗവൺമെന്റിനോടും പൊതുജനങ്ങളോടും പറഞ്ഞത്. മൂന്നാമത്തെ പിഴവ്.

തീപിടിച്ചാൽ എന്തു ചെയ്യും? അഗ്നിശമനസേനയെ വിളിച്ചു. സംഭവത്തിന്റെ ഗുരുതരാവസ്ഥ അറിയാത്ത അഗ്നിശമനസേനാംഗങ്ങൾ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ അമിതമായി വികിരണം പ്രസരിപ്പിക്കുന്ന ആണവ അവശിഷ്ടങ്ങൾക്കിടയിലേക്ക് നടന്നു ചെന്നു. റയിൽവേ പാലത്തിനുമുകളിൽ തീപിടിത്തത്തിന്റെ കാഴ്ച കാണാൻ പ്രിപ്യാറ്റ് നഗരവാസികൾ തടിച്ചുകൂടി. ഇവരാരും തന്നെ പിന്നധികനാൾ ജീവിച്ചില്ല.

റഷ്യൻ ഭരണകൂടം ഈ വൻ വിപത്ത് പൊതുജനങ്ങളിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും മറച്ചു വയ്ക്കാൻ ശ്രമിച്ചു. പക്ഷെ കാറ്റിൽ ആണവ വികിരണത്തിന്റെ വിഷ ധൂളികൾ യൂറോപ്പിലേക്ക് നീങ്ങി. ബെലാറസ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങൾ കടന്ന് അത് സ്വീഡനിലെത്തി. അവിടുത്തെ ആണവനിലയത്തിലെ അപായ മണികൾ മുഴങ്ങി. അവരാണത് തിരിച്ചറിയുന്നത്, ആണവദുരന്തം സംഭവിച്ചകാര്യം. സ്വീഡിഷ് പത്രങ്ങളാണ് ഈ വിവരങ്ങൾ ആദ്യമായി ലോകത്തോട് വിളിച്ചു പറയുന്നത്.

അന്നത്തെ പ്രിപ്യാറ്റ് ഇന്നത്തെ കൊച്ചിയേക്കാൾ വികസിച്ച നഗരമായിരുന്നു. ആ ഒരു നിലവാരത്തിൽ ജീവിച്ചിരുന്നവർ. ആണവമാലിന്യം നാടാകെ ചിതറിയപ്പോൾ പ്രിപ്യാറ്റ്, ചെർണോബിൽ  നഗരങ്ങളിൽ നിന്നായി 35,000 പേരെ ഒഴിപ്പിക്കാൻ നിർദേശമുണ്ടായി. രണ്ടുദിവസത്തിനകം സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുമെന്നും അപ്പോൾ തിരിച്ചുവരാമെന്നും പറഞ്ഞായിരുന്നു അത്. അങ്ങനെ സ്വന്തം വീട്ടിലെ സാധന സാമഗ്രികളിൽ ഒന്നുപോലും തൊടാനാവാതെ, ഇട്ടിരുന്ന വസ്ത്രങ്ങളോടെ, ആയിരക്കണക്കിനാളുകൾ എന്നന്നേക്കുമായി നാടുവിട്ടുപോയി, ഇനിയൊരു തിരിച്ചുവരവില്ലെന്ന ധാരണയില്ലാതെ.

ചെർണോബിലും പ്രിപ്പാറ്റും മനുഷ്യനെന്നല്ല, ജീവനുള്ളതൊന്നിനും സർവൈവ് ചെയ്യാനൊക്കാത്ത വിധം വികിരണമാലിന്യം നിറഞ്ഞിരുന്നു. ചെർണോബിൽ വനത്തിലെ മരങ്ങൾ കരിഞ്ഞു. മൃഗങ്ങൾ മരിച്ചൊടുങ്ങി. കുടിവെള്ളം പോലും വികിരണ വിഷം കാരണം ഉപയോഗശൂന്യമായി.

ചെർണോബിൽ ദുരന്തം നടന്നിട്ട്  ഇപ്പോൾ 33 വർഷങ്ങൾ കഴിഞ്ഞു. 4000 മുതൽ 93000 വരെയാണ് പല കണക്കുകളിലെയും മരണസംഖ്യ. എന്നാൽ 50 ലക്ഷം പേരെങ്കിലും മരിച്ചിട്ടുണ്ടാവുമെന്നാണ് അനുമാനം. ലക്ഷക്കണക്കിനാളുകൾ ഇപ്പോഴും ക്യാൻസർ ബാധിതരായി കഴിയുന്നുമുണ്ട്. മരിച്ചവരിൽ 10 ലക്ഷം പേർ കുട്ടികളോ ഗർഭസ്ഥശിശുക്കളോ ആയിരുന്നു. ഈ പ്രദേശങ്ങളിൽ തൈറോയിഡ് ക്യാൻസർ 2400 ശതമാനം വർദ്ധിച്ചതായും പഠനങ്ങൾ പറയുന്നു!!

പക്ഷെ ഭരണകൂടം ഈ ദുരന്തത്തെ നേരിട്ടതെങ്ങനെയെന്ന് അറിയണമെങ്കിൽ ഔദ്യോഗിക കണക്കുകളിലെ മരണസംഖ്യ മാത്രം നോക്കിയാൽ മതി. വെറും 31 പേർ മാത്രം!

'ചെർണോബിൽ' എന്ന സീരീസിലെ നായകൻ വലേരി ലീഗസോവ് എന്ന ആണവശാസ്ത്രജ്ഞനാണ്. ശാസ്ത്രവും മാനവികതയും ഉയർത്തിപ്പിടിച്ച ആ മനുഷ്യന്റെ ആത്മഹത്യയോടെയാണ് ആദ്യ എപിസോഡ് തുടങ്ങുന്നത് തന്നെ. സത്യം പറഞ്ഞതിന് ഭരണകൂടം ഏകാന്തവാസം വിധിച്ച അദ്ദേഹം മരിക്കുന്നതിന് മുമ്പ്, സംഭവിച്ചതെല്ലാം ഓഡിയോ ടേപ്പുകളാക്കി ഒളിപ്പിച്ചു വച്ചു. അതിലൂടെയാണ് ഈ ദുരന്തത്തിന്റെ പിന്നിലെ യഥാർത്ഥ ചിത്രം ലോകമറിയുന്നത് തന്നെ.

നിപ്പയില്ലാന്ന് അവർ പറയും. നമ്മളുണ്ടെന്നും. എന്നാലെവിടെ വൈറസ്, കാണിക്കാൻ പറയും. നമ്മൾ ചമ്മിപ്പോവും. റേഡിയേഷൻ ഇല്ലാന്ന് അവർ പറയും. നമ്മളുണ്ടെന്നും. എന്നാൽ കാണിക്കാൻ പറയും. നമ്മൾ ചമ്മിപ്പോവും. വർഗീയത ഇല്ലെന്നവർ പറയും. നമ്മളുണ്ടെന്നും. എന്നാൽ കാണിക്കാൻ പറയും. നമ്മൾ ചമ്മിപ്പോവും. സത്യം പറയുകയെന്നാൽ സത്യത്തിൽ ചമ്മലാണ്.

ലീഗസോവ് കോടതിയിൽ സ്വരാജ്യമായ റഷ്യയെ വിശേഷിപ്പിച്ചത് നോക്കൂ.. ''നമ്മൾ കള്ളങ്ങൾ മാത്രം പറയുന്ന ജനതയാണ്. കള്ളങ്ങൾക്കു മുകളിൽ കളളങ്ങൾ നിറച്ചു വയ്ക്കുന്നവർ. സത്യമെന്താണെന്ന് തിരിച്ചറിയാനാവാത്ത വിധം അത് നമ്മെ വിഴുങ്ങിയിരിക്കുന്നു. ഈ കള്ളങ്ങളാണ് ഇന്ന് നമ്മെ നിർവചിക്കുന്നത് ''

ചെർണോബിലിലെ ശരിക്കുമുള്ള വില്ലൻ, ഡൈത്തലോവ് സംഭവം നടന്ന് നാളുകൾക്ക് ശേഷം ഒരിക്കൽ പറയുന്നുണ്ട് "നിങ്ങൾ ശരിയായ ചോദ്യം ചോദിച്ചാൽ സത്യസന്ധമായ ഒരുത്തരം കിട്ടുമെന്നാണോ കരുതുന്നത്. ഫൂളിഷ്. ഇവിടെ സത്യമെന്ന ഒന്നില്ലാ. എന്റെ മുകളിലുള്ളവരോട് ചോദിച്ചാൽ അവർ മറ്റൊരു കള്ളമേ പറയൂ.."

അതെ. ലോകത്ത് എല്ലായിടത്തും അതങ്ങനെയാണത്രേ.

സത്യം പറയുകയെന്നാൽ മരിക്കുക എന്നാണർത്ഥം. ലീഗസോവ് തന്റെ മരണം കൊണ്ടതാണ് തെളിയിച്ചത്. ആ സത്യമങ്ങനെ ലോകമറിഞ്ഞു. തുടർന്ന് USSR എന്ന സാമ്രാജ്യം തന്നെ തകർന്നു.

വചനം: കള്ളം കൊണ്ടു പടുത്തുയർത്തിയ ഒരു സാമ്രാജ്യത്തിന് ആയുസ് കുറവായിരിക്കും. പക്ഷെ, അവിടെ സത്യം പറയാൻ ഒരാളെങ്കിലും ബാക്കിയുണ്ടാവണം.

©മനോജ്‌ വെള്ളനാട്
2 comments:

  1. അവിടത്തെ വനങ്ങളിൽ പ്രകൃതി ഒരു തിരിച്ചുവരവ് നടത്തുന്നുണ്ട്, എല്ലാ മൃഗങ്ങളും സസ്സ്യങ്ങളും കുഴപ്പമില്ലാതെ ജീവിച്ചു പോകുന്നു എന്നും കേൾക്കുന്നു. ബാക്കി സസ്യജാലങ്ങൾക്കു ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ ഇ വികിരണങ്ങളെ അതിജീവിക്കാനുള്ള ശേഷി ലഭിക്കുമോ??

    ഇതിലും വർഗീയത കേറ്റി അല്ലെ...! ഡോക്ടറുടെ ഇഷ്ടം

    ReplyDelete