ഞാനൊരു ഡോക്ടറാകരുതെന്ന് ആഗ്രഹിച്ചിരുന്ന രണ്ടു പേരുണ്ടായിരുന്നു


അതിൽ രണ്ടാമത്തെയാൾ +1 ലും +2 ലും എന്നെ കണക്കു പഠിപ്പിച്ച രാധിക ടീച്ചറായിരുന്നു. മാത്തമറ്റിക്സ് എനിക്ക് ഒരുപാടിഷ്ടമുള്ള വിഷയമായിരുന്നു. ടീച്ചറിന് ഞാൻ ഡോക്ടറാകരുത് എന്ന ചിന്തയേക്കാൾ കണക്കിലൂടെ നല്ല റാങ്ക് വാങ്ങി എഞ്ചിനീയറിംഗിന് ചേരണമെന്നായിരുന്നു. എന്നെക്കാളും കണക്കിനെ സ്നേഹിച്ച ടീച്ചർ. വെള്ളനാട് സ്കൂളിന്റെ നേരെ എതിർവശത്തായിരുന്നു ടീച്ചറിന്റെ വീട്.

+2 പരീക്ഷ കഴിഞ്ഞ് എൻട്രൻസ് പരീക്ഷിക്കിടയിലുള്ള ഒരു മാസക്കാലം. മെഡിക്കൽ എൻട്രൻസ് ലക്ഷ്യമിട്ട് ഞാൻ ബയോളജിയിലും കെമിസ്ട്രിയിലും കോൺസൺട്രേറ്റ് ചെയ്ത് വായന തുടങ്ങി. ഇതറിഞ്ഞ ടീച്ചർ എന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. എന്നും രാവിലെ മുതൽ വൈകുന്നേരം വരെ അവിടെയിരുത്തി പഠിപ്പിക്കാൻ തുടങ്ങി. എന്താ, കണക്ക് മാത്രം. അവർക്കതിന്റെ ഒരാവശ്യവുമില്ലാ. എന്നിട്ടും ഉച്ചയ്ക്കവിടുന്ന് ചോറും തന്ന് എന്നെ ഇരുത്തി പഠിപ്പിക്കുന്നു.

തിരിച്ചൊന്നും പ്രതീക്ഷിക്കാതെയുള്ള ഈ നന്മകളെ ഞാനെങ്ങനെയാണ് കണ്ടില്ലാന്ന് നടിക്കുന്നത്.
ഞാനവിടിരുന്ന് കണക്ക് പഠിച്ചു. ആത്മാർത്ഥമായി തന്നെ. പക്ഷെ, അപ്പോഴും ഡോക്ടറാവുക എന്നത് മാത്രമായിരുന്നല്ലോ എന്റെ ലക്ഷ്യം. അതുകൊണ്ട് രാത്രിയിൽ തിരിച്ച് വീട്ടിലെത്തിയ ശേഷം ഞാൻ ബയോളജി പഠിച്ചു. എഞ്ചിനീയറിംഗിന് പോയില്ലെങ്കിലും ആ എൻട്രൻസിന് മെഡിക്കലിനേക്കാൾ മുകളിലായിരുന്നു എഞ്ചിനീയറിംഗിന്റെ റാങ്കെന്നത് മാത്രമാണ് രാധിക ടീച്ചറിന് ആകെ കൊടുക്കാൻ കഴിഞ്ഞ സന്തോഷം. ഞാനെന്റെ മനസാക്ഷിയെ പിന്തുടർന്നൂ..

ഇനി ഒന്നാമത്തെയാൾ. അത് സാമുവൽ അങ്കിളായിരുന്നു. ഞാനുമായി വെറും ഒന്നര വർഷത്തെ ബന്ധം മാത്രമുണ്ടായിരുന്ന സാമുവലങ്കിൾ. (അങ്ങനൊരാൾ ഉണ്ടായിരുന്നു. ഒരു നല്ല മനുഷ്യൻ. അദ്ദേഹത്തെ പറ്റി എന്നെങ്കിലും എഴുതാം. തൽക്കാലം അങ്ങനൊരാൾ ഉണ്ടായിരുന്നു..)

ഭാവിയെ പറ്റി വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്ന മനുഷ്യനാണ്. +2 കഴിഞ്ഞ് ബി കോമിന് പഠിക്കുന്ന മകനുണ്ടദ്ദേഹത്തിന്. കാണുമ്പോഴൊക്കെ എന്റെ ഭാവിയെ പറ്റി അദ്ദേഹം സംസാരിക്കും. എഞ്ചിനീയറിംഗിന് ഏറ്റവും ഡിമാൻഡുള്ള സമയമാണപ്പോൾ. പക്ഷെ, ഒരിക്കലുമതിന് പോകരുതെന്നദ്ദേഹം പറഞ്ഞു. എനിക്കും താൽപ്പര്യമില്ലല്ലോ. പിന്നെ രണ്ട് ഓപ്ഷനാണുള്ളത്, ഒന്നുകിൽ +2 വിന് ശേഷം ബിക്കോമിന് ചേർന്ന് തുടർന്ന് ICWA ക്ക് പോണം (ഞാനാദ്യമായി കേൾക്കുവായിരുന്നു അതൊക്കെ). ചെറിയ പ്രായത്തിൽ തന്നെ ബാങ്ക് മാനേജരാവാം. അല്ലെങ്കിൽ BSc ബയോടെക്നോളജി എടുക്കണം. വിദേശത്ത് തുടർപഠനം. ഗവേഷണം. വലിയ ശാസ്ത്രജ്ഞനാവാം.

ഞാൻ പറഞ്ഞൂ, എനിക്ക് ഡോക്ടറാവണം. ഡോക്ടറായാൽ മതി. അങ്കിളതിനെ രൂക്ഷമായി എതിർത്തൂ. 'ജീവിക്കാൻ വേണ്ടിയാരും ആ കോഴ്സെടുക്കില്ല. മണ്ടന്മാരാണതിന് പോകുന്നത്. ഒരുകാലത്തും നിങ്ങൾ സെറ്റിലാവില്ല. ജീവിതകാലം മുഴുവൻ പഠിച്ചോണ്ടിരിക്കണം. ഞാനതിന് സമ്മതിക്കില്ലാ'. പതിനഞ്ചുവർഷം മുമ്പത്തെ സംഭാഷണമാണ്.

പക്ഷെ എനിക്ക് വാശിയായിരുന്നു. ആ ഒരൊറ്റക്കാര്യത്തിൽ അങ്കിൾ എന്നോട് പിണങ്ങി. പിന്നധികം കോൺടാക്റ്റില്ലായിരുന്നു. MBBS ന് അഡ്മിഷനായ കാര്യം പറയാൻ വിളിച്ചപ്പോഴും 'ഉം' എന്ന് മൂളുക മാത്രം ചെയ്തു. അദ്ദേഹത്തിന്റെ മകൻ അധികം വൈകാതെ BCom ഉം ICWA യും കഴിഞ്ഞ് വലിയൊരു ബാങ്കിന്റെ മാനേജരായി.

ഇത്രയും പറഞ്ഞതിൽ നിന്ന്, ഞാനന്നെടുത്ത തീരുമാനങ്ങളിൽ എനിക്ക് തെറ്റുപറ്റിയെന്ന് അർത്ഥമില്ല. അന്നത്തെ എന്റെ ശരി, ഇന്ന് കുറ്റബോധമായി മാറിയിട്ടൊന്നുമില്ല. പക്ഷേ ആ തോന്നൽ ബംഗാളിലെ ഡോക്ടർക്ക് സംഭവിച്ചത് എനിക്ക് സംഭവിക്കുന്ന ദിവസം വരെയേ കാണൂ എന്ന് മാത്രം. അതേതു നിമിഷവും പ്രതീക്ഷിക്കണമല്ലോ. കാരണം എനിക്ക് ചികിത്സിക്കാനേ അറിയൂ, മരണത്തെ തടഞ്ഞു നിർത്താൻ അറിയില്ല.

അന്ന് രാധിക ടീച്ചറും സാമുവൽ അങ്കിളും ചെയ്തത് തന്നെ ചെയ്യാൻ ഞാനിന്ന് നിർബന്ധിതനാണ്. ഡോക്ടറാവണമെന്നാരെങ്കിലും ആഗ്രഹം പ്രകടിപ്പിച്ചാൽ സഹതാപമാണ് ആദ്യം തോന്നാറ്. അവർ കണ്ടിട്ടുള്ളത് ചില റോൾ മോഡൽസിനെയും MBBS എന്ന തലക്കെട്ടിനു കീഴെ തൂങ്ങുന്ന എടുത്താൽ പൊങ്ങാത്ത ആതുരസേവനമെന്ന മിഥ്യാചിത്രവും മാത്രമാണ്. അവരുടെ ആഗ്രഹം ആത്മാർത്ഥവുമാണ്. ആ പ്രായത്തിലുള്ള അവരെ എങ്ങനെയാണ് മെഡിക്കൽ രംഗത്തെ പ്രശ്നങ്ങളെ പറ്റി പറഞ്ഞു മനസിലാക്കുന്നത്? സാമുവൽ അങ്കിൾ പറഞ്ഞത് എനിക്കന്ന് മനസിലായില്ലല്ലോ!

ഇതുവായിക്കുന്ന അച്ഛനമ്മമാരോടാണ്, നിങ്ങളുടെ മകനോ മകളോ പഠിക്കാൻ മിടുക്കരാണോ? എങ്കിൽ അവർക്കായി നൂറായിരം മികച്ച കോഴ്സുകൾ ലോകത്തുണ്ട്. അതറിയുന്നവരോട് കൺസൾട്ട് ചെയ്ത് കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള കോഴ്സ് തെരഞ്ഞെടുക്കൂ. എന്തായാലും മക്കൾ ജോലിക്കിടയിൽ തല്ലുകൊണ്ട് മരിക്കുന്നത് നിങ്ങൾക്കിഷ്ടമുണ്ടാവില്ലല്ലോ. അങ്ങനെയെങ്കിൽ MBBS കോഴ്സ് മക്കളുടെ മാത്രമല്ല, നിങ്ങളുടെയും മനസമാധാനം നഷ്ടപ്പെടുത്തും.

എന്നിട്ടും നിങ്ങൾക്കൊ മക്കൾക്കോ അതാണാഗ്രഹമെങ്കിൽ മനസിലത്രയും ഉറച്ചതാണാ തീരുമാനമെങ്കിൽ ''വെൽക്കം ടു ദി ബാറ്റിൽ ഫീൽഡ്". ജീവനുണ്ടെങ്കിൽ അവിടെ കാണാം.©മനോജ്‌ വെള്ളനാട്


No comments:

Post a Comment