SSLC റിസൾട്ടും അരക്കിലോമീറ്റർ ആഘോഷവും!

നാളുകൾക്ക് ശേഷം ഫേസ്ബുക്കിലേക്ക് തിരികെ വന്നപ്പോൾ ആദ്യം കണ്ടത് രാജേഷേട്ടന്റെ (TC Rajesh) ഡെസ്പ് പോസ്റ്റ്. മകൻ SSLC പരീക്ഷ ജയിച്ചതാഘോഷിക്കാൻ മുട്ടായി വാങ്ങണമെങ്കിൽ ആരോടെങ്കിലും കടം വാങ്ങണമല്ലോ എന്നദ്ദേഹം എഴുതിയത് കണ്ടപ്പോ ഞാനെന്റെ SSLC റിസൾട്ട് വന്ന ദിവസത്തെ ആഘോഷത്തെ പറ്റി ഓർത്തു. ചെറിയ ആഘോഷമൊന്നുമല്ലായിരുന്നു, വീട്ടീന്ന് അരക്കിലോമീറ്റർ ദൂരെ മുതൽ ആഘോഷമേഖലയായി അങ്ങ് പ്രഖ്യാപിച്ചായിരുന്നു സെലിബ്രേഷൻ.

2002 ലെ ആ മെയ് മാസം. ഞാനന്ന് വീടിനടുത്തുള്ള പലവ്യജ്ഞനക്കടയിലെ ഫുൾ ടൈം ജോലിക്കാരനാണ്. രാവിലെ മുതലാളീടെ വീട്ടീന്ന് താക്കോലുവാങ്ങി വന്ന് കട തുറക്കുന്നതോടെ എന്റെ ദിവസം ക്രിയാത്മകമായി ആരംഭിക്കുകയായി. ഉച്ചയ്ക്ക് രണ്ടിന് ഊണുകഴിക്കാൻ പോകാനായി അടയ്ക്കും. വൈകുന്നേരം നാലിന് വീണ്ടും തുറക്കും. രാത്രി ഒമ്പതര പത്തുവരെ പിന്നെ അവിടെത്തന്നെ. റിസൾട്ട് വന്ന ദിവസവും അങ്ങനെ തന്നെയാണ് തുടങ്ങിയത്. റിസൾട്ടറിയുമ്പോൾ നോക്കി വയ്ക്കാനായി റോൾ നമ്പർ ഒരു ഫ്രണ്ടിനെ ഏൽപ്പിച്ചിരുന്നു. ഒരു പതിനൊന്നര മണിയായപ്പോൾ അടുത്തൊരു വീട്ടിൽ പോയി ഫോൺ ചെയ്ത് ചോദിച്ച്, ഞാനെന്റെ റിസൾട്ടറിഞ്ഞു. തിരിച്ചു കടയിൽ വന്നപ്പോൾ ബിനു മാമൻ (ദി കടമുതലാളി) ചോദിച്ചു,

'എന്തായി?'

'ജയിച്ചൂ, ഡിസ്റ്റിംഗ്ഷൻ' - ഞാൻ പറഞ്ഞൂ.

റിസൾട്ടിന്റെ ബഹളങ്ങൾ അവിടെ കഴിഞ്ഞതാണ്. ഉച്ചയ്ക്ക് കടയടച്ച് വീട്ടിൽ പോയപ്പോഴാണ് ഒരാഗ്രഹം തോന്നിയത്. വീടിനടുത്തുള്ള വീടുകളിലെ എല്ലാവർക്കും കുറച്ച് മുട്ടായി വാങ്ങിക്കൊടുത്താലോന്ന്. ജയിച്ചത് ഞാനാണെങ്കിലും, SSLC എന്നറിയപ്പെടുന്ന ജീവിതത്തിലെ ടേണിംഗ് പോയിന്റ് പരീക്ഷയ്ക്ക് ഒരു നിലേം വെലേം ഒക്കെ ഉള്ളതല്ലേ? അതു നമ്മൾ മാനിക്കണ്ടേ. കൈയിലിത്തിരി കാശും ഇരിപ്പോണ്ടല്ലോ. അടിച്ചുപൊളിക്കാൻ തന്നെ തീരുമാനിച്ചു. നാലുമണിക്ക് കട തുറക്കുന്നതു വരെ കാത്തിരുന്നാൽ പിന്നെ മുട്ടായി വിതരണം ചെയ്യാനൊക്കില്ല. അതുകൊണ്ട് ഊണ് കഴിച്ച്, ഉടനേ ഇറങ്ങി. നേരെ നടന്ന് ഒരു കിലോമീറ്ററിനപ്പുറം കമ്പനിമുക്കിലെത്തി അസറി മാമന്റെ (ലോട്ട്സ് ഓഫ് മാമൻമാരുള്ള നാടാണ് നമ്മുടേത്. ഇനിയും വരാനുണ്ട് പലരും) കടേന്നൊരു പായ്ക്കറ്റ് മുട്ടായി വാങ്ങി.

തിരികെ നടന്ന് പാതിവഴിയായപ്പോ അതാ പ്രഭാകരൻ മാമന്റെ ചായക്കടയുടെ വരാന്തയിലിരുന്ന് ആരോ വിളിച്ചു ചോദിക്കുന്നൂ,

'ഡാ നീ പത്തിലല്ലായിരുന്നോ? ജയിച്ചാ?'

ഞാൻ അതേന്ന് ആംഗ്യം കാട്ടി.

'ജയിച്ചിട്ട് മിണ്ടാതെ പോവാണോ, മുട്ടായിയൊന്നും ഇല്ലേ?'

ആരാണതെന്ന് പോലുമറിയില്ല. എന്നാലും ചോദിച്ച സ്ഥിതിയ്ക്ക് കൊടുക്കാതിരിക്കുന്നതെങ്ങനെ. അങ്ങനെ കവറ് പൊട്ടിച്ച് അവിടിരുന്ന അജ്ഞാതരായ എല്ലാവർക്കും മുട്ടായി കൊടുത്തു. അവർക്ക് കൊടുത്താൽ പിന്നെ തൊട്ടപ്പുറത്തെ രാജീവേട്ടന്റെ വീട്ടിൽ കൊടുക്കാതിരിക്കുന്നതെങ്ങനെ? അവിടെ കയറി അവിടുള്ളവർക്കും കൊടുത്തു.

പിന്നീടാണ് ആകെ ധർമ്മസങ്കടത്തിലായത്. പോകുന്ന വഴിക്ക് കുറേ വീടുകളുണ്ട്. ഇവിടെ മുട്ടായി കൊടുത്തിട്ട് അവിടെങ്ങും കൊടുക്കാതെ പോയാൽ അവരൊക്കെ എന്തെങ്കിലും വിചാരിച്ചാലോ? മഹാമോശമല്ലേ. എന്നെ അവർക്കൊക്കെ അറിയാമായിരുന്നോ എന്നുപോലുമെനിക്കറിയില്ല. എന്തായാലും ആരെയും ഒഴിവാക്കാൻ തോന്നീല്ല. ആ റോഡ് സൈഡിലുള്ള വീടികളിലെല്ലാം കയറിയിറങ്ങി. ഉച്ചയ്ക്ക് ഊണ് കഴിച്ചോണ്ടിരുന്നവരെയും ഊണ് കഴിഞ്ഞ് ഉറങ്ങാൻ കിടന്നവരെയും ഒക്കെ തട്ടിവിളിച്ച് മുട്ടായി കൊടുത്തു.

ചിലരൊക്കെ 'ഇവനു വേറെ പണിയില്ലേ, ഇങ്ങനെ നാടുനീളെ നടന്ന് മുട്ടായി കൊടുക്കാൻ' എന്ന ഭാവത്തോടെയാണെങ്കിൽ, മറ്റു ചിലർ 'അയ്യോ, എന്ത് പാവമല്ലേ..' എന്ന ദയനീയതയോടെയാണ് മുട്ടായി നുണഞ്ഞത്. വഴിയിൽ മുട്ടായി വിൽക്കുന്ന ഒരു കടയിൽ പോലും മുട്ടായി കൊടുത്തു.  ഉച്ചയുറക്കത്തീന്നെണീറ്റ് വന്ന് മുട്ടായി വാങ്ങുന്നതിനിടയിൽ, 'നീ, ഏത് വീട്ടിലേതാടാ കൊച്ചനേ?' എന്ന് ചോദിച്ച പ്രഭാകരപ്പണിക്കരപ്പൂപ്പനോട് 'കുരുമ്പേലി' എന്ന് മാത്രം പറഞ്ഞിട്ട് ഞാൻ വേഗം നടന്നു. പിറകിൽ 'ഏത് കുരുമ്പേലി?' കൺഫ്യൂഷനടിച്ച് നിക്കുന്ന അപ്പൂപ്പനെ ഞാൻ ഭാവനയിൽ കണ്ടു.

'ഓ.. നീയും ജയിച്ചാ' എന്ന് തികഞ്ഞ പുച്ഛത്തോടെ, ഒന്ന് ചിരിക്കുക പോലും ചെയ്യാതെ വന്ന് മുട്ടായി വാങ്ങി, കതകടച്ചിട്ടു പോയ ഒരാളുമുണ്ട്. നല്ല പരിചയമുള്ളയാളാണ്. ഞാനൊട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമായിരുന്നു അത്. അവരോട് പിന്നെ വർഷങ്ങൾക്കുശേഷം ഞാൻ പ്രതികാരമൊക്കെ ചെയ്തു. ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചപ്പോ കണ്ടപാടേ ഡിലീറ്റ് ചെയ്തു. അല്ല പിന്നെ.

ഇനിയധികം പറഞ്ഞ് നീട്ടുന്നില്ല. എന്നാലും 'ഇവനീ പറയുന്നത് സത്യമാണാ? ശരിക്കും ജയിച്ചോ?' എന്ന് അവിശ്വസനീയതയോടെ വന്ന് മുട്ടായി വാങ്ങുന്ന പ്രസന്നൻ മാമന്റെ മുഖം ഞാനെന്തായാലും ചത്താലും മറക്കില്ല. :)

വീട്ടിലും അതിനു ചുറ്റുമുള്ളവർക്കും കൊടുക്കാൻ വേണ്ടി മുട്ടായി വാങ്ങാൻ പോയിട്ട്, തിരിച്ച് വീട്ടിലെത്തിയപ്പൊ ആ പായ്ക്കറ്റിൽ ബാക്കി ഒരു മുട്ടായി. അതു ഞാനങ്ങ് തിന്നു. കയ്യിലിനി വേറെ കാശൊന്നുമില്ല. തൽക്കാലം ചീറ്റിപ്പോയ വിജയാഘോഷ പരിപാടിയുടെ കാര്യം ആരോടും പറഞ്ഞില്ല. നാലു മണിയായപ്പൊ ഞാൻ എന്നത്തെയും പോലെ കടയിലേയ്ക്ക് പോയി.

അന്നത്തെ ആ ഒരു നടത്തത്തിലൂടെ കുറേ കാര്യങ്ങൾ പഠിക്കാൻ പറ്റി. SSLC യെക്കാൾ വലിയ പാഠങ്ങൾ.  നൊസ്റ്റാൾജിക്കായ സംഭവമൊന്നുമല്ലെങ്കിലും ഇതിപ്പൊ ഓർക്കാൻ കാരണം രാജേഷേട്ടന്റെ ആ പോസ്റ്റാണ്. അൻവറിക്കയുടെ മകളും മികച്ച വിജയമാണ് ഇപ്രാവശ്യം നേടിയത്. അശ്വഘോഷിനും അസ്നയ്ക്കും ആശംസകൾ. മക്കളുടെ വിജയങ്ങളിൽ അഭിമാനത്തോടെ അവരെ ചേർത്തു പിടിക്കുന്നതിൽ പരം എന്ത് മധുരമാണ് മാതാപിതാക്കൾ അവർക്ക് കൊടുക്കേണ്ടത്. നിങ്ങളെപ്പോലെ ലോകത്തിന് മാതൃകയായ, ആദർശവാൻമാരായ അച്ഛന്മാരുടെ അഭിമാനമുയർത്താൻ കഴിഞ്ഞല്ലോ എന്ന് അവർക്ക് തോന്നിയാൽ മതി, അതാണ് മധുരം. അതാണ് വിജയം.

ഒരാളുടെ വിജയവും തോൽവിയുമൊക്കെ അവരെ വളരെ അടുത്തു നിന്ന് സ്നേഹിക്കുന്നവരുടേത് മാത്രമാണ്. ആ സർക്കിളിന് പുറത്ത് അതിന് വലിയ മധുരമോ കയ്പ്പോ ഒന്നുമുണ്ടാവില്ല. അഥവാ, അങ്ങനെയൊരാളുണ്ടെങ്കിൽ അവരാ സർക്കിളിലേക്ക് സ്വമേധയാ കയറി വന്നോളും, മധുരവുമായി :)

ശരിക്കും, മത്സരിച്ചു വിജയിച്ചു വരുന്നൊരാൾക്ക് നമ്മളങ്ങോട്ടല്ലേ മധുരം നൽകേണ്ടത്. തിരിച്ചല്ലല്ലോ. പഠിക്കുകയും ജയിക്കുകയും ചെയ്യുന്നവർ തന്നെ കാശുമുടക്കി മധുരം വാങ്ങി അതിന്റെ വിലയൊട്ടും മനസിലാവാത്ത കുറേ പേർക്ക് വിതരണം ചെയ്യുന്നതിലെന്തർത്ഥമാണുള്ളത്? അന്ന്, ആ അരക്കിലോ മീറ്റർ ദൂരം ഞാൻ ആഘോഷിച്ച പോലെ...

©മനോജ്‌ വെള്ളനാട്


1 comment:

  1. ARE YOU SEARCHING FOR A EMPLOYEE..FOR A JOB??
    VISIT HERE:https://keralajobsonline.com/

    ReplyDelete