ഓപറേഷൻ തിയറ്ററിലെ കഥാപ്രസംഗം!

തിരോന്തരം മെഡിക്കൽ കോളേജിലൂടെ പോകുമ്പോൾ ചിലപ്പോഴൊക്കെ ഒരു കഥാപ്രസംഗം കേൾക്കാം. അങ്ങനെ കേട്ടാലും നിങ്ങൾ ഞെട്ടരുത്. ഏതോ ഒരു ഓപറേഷൻ തുടങ്ങാൻ പോകുവാണെന്നാണ് അതിനർത്ഥം. അതിനു പിന്നിലെ ശാസ്ത്രമിതാണ്..

ലോകാരോഗ്യ സംഘടനയുടെ 'സർജിക്കൽ സേഫ്റ്റി ചെക്ക് ലിസ്റ്റ്' എന്നൊരു സംഗതിയുണ്ട്. ഒരു രോഗിയ്ക്ക് ഏതെങ്കിലും സർജറി ചെയ്യുമ്പോൾ ആ ടീം ശ്രദ്ധിക്കേണ്ടതും പരിശോധിച്ചുറപ്പു വരുത്തേണ്ടതുമായ കാര്യങ്ങളാണാ ലിസ്റ്റിലുള്ളത്. ഗൂഗിൾ ചെയ്താൽ നിങ്ങൾക്കതിന്റെ ഫോർമാറ്റ് കിട്ടും. തിരോന്തരം മെഡിക്കൽ കോളേജിലിത് ഇപ്പോൾ ഓരോ സർജറിയിലും ഉപയോഗിക്കുന്നുണ്ട്. ഇത്തിരി മെനക്കെട്ട പരിപാടിയാണ്. ബോധമുള്ള രോഗികൾക്ക് ചിലപ്പോഴൊക്കെ അതൊരു കോമഡിയുമാണ്.

ഒരു സർജറിയെന്നാൽ ഒരു ടീം വർക്കാണ്. ആ ടീമിൽ ഓപറേഷൻ ചെയ്യുന്ന ഡോക്ടർ, അസിസ്റ്റന്റ് ഡോക്ടർമാർ, അനസ്തേഷ്യ ഡോക്ടർ, അവരുടെ അസിസ്റ്റന്റ് ഡോക്ടർമാർ, സ്ക്രബ് നഴ്സ് (1 or more) എന്നിവർ ഉൾപ്പെടും. സഹായിക്കാൻ വേറെയും ആൾക്കാരുണ്ടാവും. മെയിൻ സർജനാണ് ടീം ലീഡറെങ്കിലും മേൽപ്പറഞ്ഞ ഓരോരുത്തർക്കും കൃത്യമായ റോളും ഉത്തരവാദിത്തവും ഉണ്ട്.

ഈ പറഞ്ഞ സർജിക്കൽ സേഫ്റ്റി ചെക്ക്ലിസ്റ്റ് (SSC) രോഗിയുടെ മെഡിക്കൽ റെക്കോർഡിൽ ഒട്ടിച്ചുവയ്ക്കും. ഈ SSC ന് മൂന്ന് ഭാഗങ്ങളുണ്ട്. അതിലാദ്യഭാഗം (Sign in) തുടങ്ങുന്നത് രോഗിയിതു തന്നെയെന്ന് ഉറപ്പു വരുത്തിക്കൊണ്ടാണ്. രോഗിയുടെ കൈയിൽ പേര്, വയസ്, IP നമ്പർ, ചെയ്യുന്ന സർജറി എന്നിവ രേഖപ്പെടുത്തിയ ഒരു ടാഗുണ്ടാവും. ഏതുരോഗം, ഏതു സൈഡിൽ എന്നൊക്കെ എല്ലാവർക്കും അറിയാമെങ്കിലും വീണ്ടും ഉറപ്പുവരുത്തണം. അനസ്തേഷ്യ ഡോക്ടറും അവർക്ക് വേണ്ട വിവരങ്ങൾ വീണ്ടും പരിശോധിച്ച് ഉറപ്പു വരുത്തി SSC യിൽ മാർക്ക് ചെയ്യണം.

രോഗിക്കും ചിലപ്പോഴൊക്കെ ഡോക്ടർമാർക്കും തമാശയാവുന്ന ചില കാര്യങ്ങളുണ്ട്. അതിന്റെ ഒരു സാമ്പിൾ ഇങ്ങനെയാണ് - "ഞാൻ ഡോ. A യും എന്റെ ടീം അംഗങ്ങളായ ഡോ. B യും ഡോ.C യും മിസ്റ്റർ M ന് S എന്ന സർജറിയാണ് ചെയ്യാൻ പോകുന്നത്. Mr.M ന് D എന്ന രോഗമായതിനാലാണ് ഇത്. സർജറി ഏകദേശം ഒന്നര രണ്ടു മണിക്കൂർ നീണ്ടുനിൽക്കാം. ഏതാണ്ട് 500 ml രക്തനഷ്ടം പ്രതീക്ഷിക്കുന്നു."

ഇത് കഴിഞ്ഞ് അനസ്തേഷ്യ ടീമും പിന്നെ നഴ്സും ഇതുപോലെ സ്വയം പരിചയപ്പെടുത്തുകയും സ്വന്തം റോളെന്താണെന്ന് പറയുകയും ചെയ്യണം. ഇതൊക്കെ കേട്ട്, ബോധമുള്ള രോഗിയാണെങ്കിൽ 'നിന്ന് കഥാപ്രസംഗം നടത്താതെ തേങ്ങയുടക്ക് സ്വാമീ, സോറി ഓപ്രേഷൻ ചെയ്യ് സാറേ' എന്ന് പറഞ്ഞാലും അതിശയിക്കണ്ടാ. ചില അപ്പൂപ്പന്മാരൊക്കെ ഇതൊക്കെ കേട്ടിട്ട് ഒടുക്കം ചിരിയടക്കാൻ പറ്റാതായ അനുഭവങ്ങളും ഉണ്ട്. ചിരി നിർത്താതെങ്ങനെ കത്തി വയ്ക്കും? :)

എപ്പോഴും ഈ കലാപരിപാടി ഇല്ലെങ്കിലും SSC കൃത്യമായി മെയ്ൻറയ്ൻ ചെയ്യുന്നുണ്ട്. ഈ വക കഥയെഴുത്തും കഥാപ്രസംഗങ്ങളും തേങ്ങയുടപ്പും ഒക്കെ കഴിഞ്ഞ് താൻ കൊണ്ടുവന്ന കത്തി, കഠാര, പഞ്ഞി തുടങ്ങിയ സർജിക്കൽ ഉപകരണങ്ങളൊക്കെ അതുപോലെ തന്നെ തിരികെക്കൊണ്ടു പോകുവാണെന്ന് നഴ്സ് ഉറപ്പുവരുത്തി SSC യിൽ എഴുതണം. കത്തിയും കത്രികയും ഒന്നും അറിയാതെയെങ്കിലും രോഗിയുടെ ഉള്ളിൽ ഭദ്രമായി സൂക്ഷിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്താനാണ്. രോഗിയെ തിരികെ വാർഡിലേക്കോ ICU വിലേക്കോ വിടുന്നതു വരെയുള്ള കാര്യങ്ങൾ SSC-യിൽ രേഖപ്പെടുത്തണം.

ഇത്രയും പറഞ്ഞത്, ഒരു സർജറിയെന്നാൽ ഏതെങ്കിലും ഒരു ഡോക്ടർ ഒറ്റയ്ക്ക് ചെയ്യുന്ന 'വൺ മാൻ ഷോ' അല്ല എന്ന് പറയാനാണ്. ടീമിലെ ഓരോരുത്തർക്കും ഓരോ സ്റ്റെപ്പിലും ഉത്തരവാദിത്തമുണ്ട്.

മഞ്ചേരിയിൽ ആളുമാറി ഓപറേഷൻ നടത്തിയ പശ്ചാത്തലത്തിലാണിതെഴുതുന്നത്. ഒരു ഡോക്ടറെ സസ്പെന്റ് ചെയ്തതായും അറിഞ്ഞു. ആരൊക്കെയാണ് അവിടെ ഉത്തരവാദികൾ? ആ ടീം മുഴുവൻ അതിനുത്തരം പറയേണ്ടതല്ലേ. ഏതെങ്കിലും ഒരു ഡോക്ടറെ സസ്പെൻറ് ചെയ്താൽ പരിഹരിക്കാവുന്നതാണോ ഇത്. അങ്ങനെ കൈകഴുകിയാൽ ഇനിയും ഇതാവർത്തിക്കില്ലെന്ന് എന്താണുറപ്പ്? കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുന്നതിനൊപ്പം ഇത്തരം ഗുരുതരവീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ കൂടി നിർബന്ധമാക്കണം. പിഴവുകൾ മനുഷ്യസഹജമാണ്. പക്ഷെ അതാവർത്തിക്കുന്നത് ഗുരുതരമാണ്. മണ്ടത്തരമാണ്. അതിന് സിസ്റ്റം മുഴുവനും ഉത്തരവാദിയുമാണ്.

ഇത്തരം പിഴവുകൾ ഉണ്ടാവാതിരിക്കാനാണ് WHO 'സർജിക്കൽ സേഫ്റ്റി ചെക്ക്ലിസ്റ്റ്' ഒക്കെ ഉണ്ടാക്കിയത്. മേൽപ്പറഞ്ഞ പോലെ കഥാപ്രസംഗമൊന്നും നടത്തിയില്ലെങ്കിലും ആ SSC കൃത്യമായി പാലിച്ചാൽ തന്നെ 99.9 ശതമാനവും ഈ വക 'ഹ്യൂമൻ എററുകൾ' ഒഴിവാക്കാനാവും. ഓരോ ആശുപത്രിയിലും അത് നിർബന്ധമാക്കണം. പാലിക്കപ്പെടുന്നുണ്ടെന്ന് കൃത്യമായി മോണിറ്റർ ചെയ്യണം. എന്നിട്ടും പിഴവുകളുണ്ടാവുന്നുണ്ടെങ്കിൽ ശിക്ഷ ഉത്തരവാദിത്തപ്പെട്ട ഓരോരുത്തർക്കും വീതിച്ച് നൽകുകയും വേണം.

വേദവാക്യം: ഒരാൾക്ക് ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാൻ കഴിയണമെന്നില്ല. പക്ഷെ എല്ലാവർക്കും കൂടി ഒരുമിച്ചത് സാധിക്കും. അതാണ് സർജിക്കൽ സേഫ്റ്റി ചെക് ലിസ്റ്റിന്റെ പ്രിൻസിപ്പിൾ. ഇനിയിത്തരം ഗുരുതര പിഴവുകൾ ആവർത്തിക്കാതിരിക്കട്ടെ..

©മനോജ്‌ വെള്ളനാട്
Surgical safety checklist

1 comment:

  1. ഇവിടെ രോഗികൾക്കും കിട്ടാറുണ്ട് ഇത് പോലെയൊരു ലിസ്റ്റ്... അതൊക്കെ പൂരിപ്പിച്ച് കൊടുത്താലും വീണ്ടും ചോദിച്ചു ഉറപ്പു വരുത്തും. ചെക്ക് ലിസ്റ്റിന്റെ ഒരു കളിയാണ്!

    ReplyDelete