പ്ലീസ്, നമ്മുടെ കുട്ടികളോട് സത്യം മാത്രം പറയൂ..

കഴിഞ്ഞ മാസം കന്യാകുളങ്ങരയിൽ കുട്ടികൾക്കായൊരു ക്ലാസെടുക്കാൻ പോയിരുന്നു. 'സയൻസ് ആൻഡ് സയന്റിഫിക് ടെമ്പർ' എന്നതായിരുന്നു വിഷയം. വളരെ ആക്റ്റീവായിട്ടുള്ള കുട്ടികളായിരുന്നു. നല്ല സയന്റിഫിക് ടെമ്പറുള്ള കുട്ടികൾ.

 ''ഈ 'സയൻറിഫിക് ടെമ്പർ' എന്ന വാക്ക് ആരുടെ സംഭാവനയാണെന്നറിയാമോ?'' എന്നു ചോദിച്ചു കൊണ്ടാണ് ക്ലാസ് തുടങ്ങിയത്.

ആർക്കുമറിയില്ല. ആരായിരിക്കും എന്ന് വെറുതെ ഊഹിക്കാൻ പറഞ്ഞു. ഐൻസ്റ്റീൻ, ന്യൂട്ടൻ, ഹോക്കിംഗ്, മേരി ക്യൂറി... അങ്ങനെ കുറേ ശാസ്ത്രജ്ഞരുടെ പേരുകൾ മർമ്മരങ്ങളായി മുഴങ്ങി.

ഞാനപ്പോൾ ക്ലൂ കൊടുക്കാൻ തുടങ്ങി.

1.അതൊരു ഇന്ത്യക്കാരനായിരുന്നു

ECG സുദർശൻ, CV രാമൻ, വിക്രം സാരാഭായി .. അങ്ങനെ കുറേ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പേരുകൾ കുട്ടികൾ വിളിച്ചു പറഞ്ഞു. ഉത്തരം ശരിയായില്ലെങ്കിലും ECG സുദർശനെന്ന മലയാളി ശാസ്ത്രജ്ഞനെയൊക്കെ കുട്ടികൾക്കറിയാല്ലോ എന്നത് തന്നെ സന്തോഷം പകരുന്നതായിരുന്നു. ഞാനടുത്ത ക്ലൂ കൊടുത്തു.

2. അദ്ദേഹം ഒരു ശാസ്ത്രകാരനായിരുന്നില്ല. ഒരു രാഷ്ട്രീയക്കാരനായിരുന്നു.

അപ്പോഴും അവർക്ക് ശരിയുത്തരം പറയാൻ കഴിഞ്ഞില്ല. ചിലർ 'അബ്ദുൾ കലാമാണോ, പക്ഷെ അദ്ദേഹം സയന്റിസ്റ്റായിരുന്നല്ലോ' എന്നൊക്കെ പിറുപിറുക്കുന്നുണ്ടായിരുന്നു. ക്ലൂ നമ്പർ 3

3. അദ്ദേഹത്തിന്റെ ആത്മകഥ അദ്ദേഹം സമർപ്പിച്ചിരിക്കുന്നത്, ഭാര്യയായ കമലയ്ക്കാണ്.

അതുകേട്ടതും പല വശങ്ങളിൽ നിന്നും കുട്ടികൾ ശരിയുത്തരം വിളിച്ചു പറയാൻ തുടങ്ങി. അപ്പോഴേക്കും അടുത്തു പറയേണ്ട രണ്ടു ക്ലൂ കൂടി മനസിൽ ആലോചിച്ചു റെഡിയായി നിന്ന ഞാൻ സ്തബ്ധനായി. അത്രയ്ക്കും മിടുക്കരായ ആ കുട്ടികളെ ഓർത്ത് എനിക്കിപ്പോഴും അഭിമാനം തോന്നുന്നു. വെക്കേഷന് കുട്ടികളെ മതം പഠിക്കാൻ വിടാതെ, ശാസ്ത്രം പഠിക്കാൻ വിട്ട അവരുടെ മാതാപിതാക്കളെ ഓർത്തും.

ആ കുട്ടികൾ പറഞ്ഞ ഉത്തരമെന്താണെന്നല്ലേ? അത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു എന്നായിരുന്നു. അതെ, 'സയന്റിഫിക് ടെമ്പർ' എന്ന വാക്ക് ശാസ്ത്രലോകത്തിന് ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ സംഭാവനയായിരുന്നു. അദ്ദേഹത്തിന്റെ 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകത്തിലാണതുള്ളത്. വെറുതെ അത് പുസ്തകത്തിൽ എഴുതി വയ്ക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്. ജീവിതത്തിലും അത് പ്രായോഗികമാക്കി. അതിന്റെ ഫലമാണ് ഇന്നു നാം ഇന്ത്യയിൽ കാണുന്ന സകലമാന ശാസ്ത്രഗവേഷണ സ്ഥാപനങ്ങളും. പിന്നീടു വന്ന ഭരണാധികാരികൾക്ക് ഈ പറഞ്ഞ ടെമ്പർ അത്രത്തോളം ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. പക്ഷെ നമ്മുടെ അടിത്തറ ശക്തമാണ്. അതിനാൽ പ്രതീക്ഷകൾ മരിക്കുന്നില്ല.

ശാസ്ത്രം പഠിച്ചതുകൊണ്ടോ പ്രാക്ടീസ് ചെയ്യുന്നതു കൊണ്ടോ ഒരാൾക്ക് ഈ പറഞ്ഞ 'സയന്റിഫിക് ടെമ്പർ' ഉണ്ടാവണമെന്നില്ല. MBBS ഉം PG യും കഴിഞ്ഞ ചില ഡോക്ടർമാർ തന്നെ ഉദാഹരണം. ചാനലുകളിലും FB യിലും അശാസ്ത്രീയതയുടെ ആന മണ്ടത്തരങ്ങൾ പടച്ചുവിടുന്നവർ. അവരെഴുതുന്ന മരുന്നുകൾ പക്ഷെ ഫലിക്കും, കാരണം അത് ആ ഡോക്ടറുടെ അല്ല,  ശാസ്ത്രത്തിന്റെ സംഭാവനയാണ്. ശാസ്ത്രം സത്യമാണല്ലോ.

ഇന്ന് നെഹ്രുവിന്റെ ഓർമ്മദിവസമാണ്. ഈ സമയം ഒരു കാര്യം മാത്രം പറയാനാഗ്രഹിക്കുന്നൂ, നമ്മുടെ കുട്ടികളെ ശാസ്ത്രം പഠിപ്പിക്കൂ. വെറുതെ പഠിപ്പിച്ചാൽ പോരാ, എന്തിനും ഏതിനും ചോദ്യം ചോദിക്കാനും ഉത്തരം കണ്ടെത്താനും അവരെ പരിശീലിപ്പിക്കൂ. അങ്ങനെ അവരെ സയന്റിഫിക് ടെമ്പറുള്ളവരായി വളർത്തൂ. ഒപ്പം നമുക്കിവിടെ സയന്റിഫിക് ടെമ്പറുള്ള ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നെന്നും ഇന്ന് നാം കാണുന്ന പലതും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണെന്നും പറഞ്ഞു കൊടുക്കൂ. ലോകം ആകാശം കീഴടക്കുമ്പോൾ, നമ്മുടെ കുട്ടികൾ ആഴമുള്ള കുഴികളിലേക്ക് വീഴാതിരിക്കാനാണ്.

ആ ദീർഘദർശിയുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.🙏 അന്നാ ക്ലാസിലേക്ക് എന്നെ ക്ഷണിച്ച Asim Maithry ക്ക് നന്ദി.. 😍


മനോജ്‌ വെള്ളനാട്

2 comments:

  1. ഈ വാക്കിന്റെ ഒരു ടെമ്പർ .ഹോ!!!.

    ReplyDelete
  2. ആ ദീർഘദർശിയുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം.🙏

    ReplyDelete