ഒന്നുവരാമോ ഡോക്ടർ, ആദരിക്കാനാ..!

ഒരു വർഷം പോലുമായിട്ടില്ല. വെള്ളനാട് പഞ്ചായത്തിലെ ഡോക്ടർമാരെ ആദരിക്കാൻ വെള്ളനാട്ടെ വളരെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരു സംഘടന ഒരു പരിപാടി സംഘടിപ്പിച്ചു. ഉത്ഘാടകനായ യുവ MLA സംസാരിച്ചു തുടങ്ങിയതു തന്നെ ഡോക്ടർമാർക്ക് പെരുമാറാനറിയില്ല എന്നു പറഞ്ഞുകൊണ്ടാണ്. ആദരിക്കാൻ വിളിച്ചിരുത്തിയിരിക്കുന്നതാണെങ്കിലും എനിക്കാ ഡയലോഗിൽ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. കാരണം ഒരു കോഴ്സ് പഠിച്ചു എന്നതുകൊണ്ട് ആരെങ്കിലും പ്രത്യേകിച്ച് ആദരിക്കപ്പെടേണ്ടവരാണെന്ന് ഞാനതിന് മുമ്പും വിചാരിക്കാത്തത് കൊണ്ടാണ്. ഒരു ബാങ്കിലെ ക്ലർക്കിനോ ഒരു വില്ലേജോഫീസർക്കോ ഒരധ്യാപകനോ ഒരു നഴ്സിനോ അയാളുടെ ജോലി സ്ഥലത്ത് കിട്ടേണ്ടുന്ന ആദരവേ ഒരാശുപത്രിയിൽ ഒരു ഡോക്ടർക്കും കൊടുക്കാവൂ. പക്ഷേ, മിനിമം അത്രയെങ്കിലും അവർ അർഹിക്കുന്നുണ്ടെന്നത് സത്യം.

നമ്മുടെ ജനപ്രതിനിധിയ്ക്ക് ഡോക്ടർമാരെ പറ്റി ഇങ്ങനെ തോന്നാൻ കാരണം അദ്ദേഹത്തിനുണ്ടായ ഒരു അനുഭവമാണ്. അതദ്ദേഹം പറഞ്ഞതിങ്ങനെയാണ്.

'എനിക്ക് വേണ്ടപ്പെട്ട ഒരാളെ രോഗം ബാധിച്ച് ഒരു ദിവസം അർദ്ധരാത്രിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുചെന്നു. മെഡിസിൻ വാർഡിൽ അഡ്മിറ്റ് ചെയ്തു. രാത്രി ഒരു മണിയോടടുത്ത് ഞാനും എന്റെ സഹായികൾ രണ്ടുമൂന്നുപേരും കൂടി രോഗവിവരമറിയാൻ അവിടെ ചെന്നു. വാർഡിലുണ്ടായിരുന്ന ഡോക്ടറോട് കാര്യങ്ങൾ തിരക്കി. പുള്ളി കുറച്ചു തിരക്കിലായിരുന്നു. ഞാൻ ജീൻസും ടീഷർട്ടും ധരിച്ചിരുന്നോണ്ടായിരിക്കും എന്നെ മനസിലായില്ലാന്ന് തോന്നുന്നു. ഞാനെമ്മല്ലേ ആണെന്ന് പറഞ്ഞുമില്ല. ഡോക്ടർ ഞങ്ങളോട് വാർഡിന് പുറത്തിറങ്ങി നിക്കാൻ പറഞ്ഞു. എന്റെ കൂടെ വന്നവർക്കത് ഇഷ്ടമായില്ല. ഡോക്ടർക്കെതിരേ കംപ്ലയിന്റ് ചെയ്യണമെന്ന് പറഞ്ഞു. പക്ഷെ ഞാനവരോട് അതിന്റെ ആവശ്യമില്ലെന്ന് പറഞ്ഞ് അതങ്ങ് ഒതുക്കി.'

ഇതാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മെഡിസിൻ വാർഡിൽ രോഗികളെ അഡ്മിറ്റ് ചെയ്യുന്ന ഒരു ദിവസം പോയിട്ടുള്ളവർക്കറിയാം, എത്ര തിരക്കാണെന്ന്. ഓരോ മിനിറ്റിലും വന്നടിഞ്ഞു കൊണ്ടിരിക്കുന്ന രോഗികളെ മാനേജ് ചെയ്യാൻ അവിടുള്ളവർ പെടുന്ന പാട് കണ്ടാലേ അറിയൂ. ആ വാർഡ് പരിചയമുള്ളവർ രാത്രി ഒരുമണിക്ക് അവിടുത്തെ അവസ്ഥ ഒന്ന് വെറുതേ സങ്കൽപ്പിക്കൂ.

നോക്കൂ, ഇവിടെ ആ ഡോക്ടറോ നമ്മുടെ MLA യോ മോശമായിട്ടൊന്നും ചെയ്തിട്ടില്ല. പക്ഷെ MLA യുടെ സഹായികൾക്ക് ഡോക്ടറവരോട് വാർഡിന് പുറത്ത് പോകാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. അതുപോട്ടെ, ഇവിടെ MLA 'ഞാനൊരു MLA യാണ്, ഇതെനിക്ക് വേണ്ടപ്പെട്ട രോഗിയാണ് ' എന്ന് ഒരു വാക്ക് പറഞ്ഞിരുന്നെങ്കിലോ? സീൻ മാറിയേനെ. ഒരു പഞ്ചായത്ത് മെമ്പറാണ് രോഗിയുടെ വിവരമറിയാൻ വരുന്നതെങ്കിൽ കൂടി ഡോക്ടർമാർ കാര്യങ്ങൾ വിശദമായി പറഞ്ഞുകൊടുക്കാറുണ്ട്. അതവരെ ഭയന്നിട്ടല്ല. ഒരു ജനപ്രതിനിധിയോടുള്ള ബഹുമാനമാണ്. അതൊക്കെ എല്ലാ ദിവസവും അവിടുത്തെ സ്ഥിരം കാഴ്ചയുമാണ്. ഇവിടെയും അത് സംഭവിക്കുമായിരുന്നു. അർദ്ധരാത്രി MLA നേരിട്ട് വന്നന്വേഷിച്ച രോഗിയെന്ന പരിഗണന രോഗിക്കും കിട്ടിയേനെ.

ഈ സംഭവമാണ് ഡോക്ടർമാർക്ക് പെരുമാറാനറിയില്ലായെന്ന് ഒരു പൊതുപരിപാടിയിൽ MLA യെക്കൊണ്ട് പറയിപ്പിച്ചത്. ഈ ഉദാഹരണമദ്ദേഹം പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്,

''ആ ഡോക്ടർ ഇപ്പോഴും അവിടെത്തന്നെ ജോലി ചെയ്യുന്നുണ്ട്"

ആ ഡയലോഗ് കൂടുതൽ വിശദീകരണം ആവശ്യപ്പെടുന്നില്ല എന്നാണെന്റെ തോന്നൽ.

ഇതിപ്പോളോർക്കാൻ കാര്യം തൃശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗവിഭാഗം തലവൻ, @Purushothaman സർ എഴുതിയ കുറിപ്പാണ്. വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു കുട്ടിയെ അവിടെ അഡ്മിറ്റ് ചെയ്തിരിക്കുവാണ്. ആ വാർഡിന് പുറത്ത് 'പുരുഷന്മാർക്ക് പ്രവേശനമില്ലെന്ന' ബോർഡുമുണ്ട്. സാറിന്റെ കുറിപ്പിലെ ഒരു ഭാഗം ഇങ്ങനെയാണ്,

// കാണാനെത്തുന്നവർ ഒരുപാടാവുമ്പോൾ അണുബാധ ഉണ്ടായേക്കാൻ ഏറെ സാധ്യത ഉള്ളത് കൊണ്ട്, ഉള്ളതിൽ വെച്ച് മെച്ചമായ ഒരു കൊച്ചു വാർഡിൽ ആക്കി. എട്ടു കുട്ടികളും ഒരു സ്റ്റാഫ് നേഴ്സും. “പുരുഷന്മാർക്ക് പ്രവേശനം ഇല്ല “ എന്ന ബോർഡ് നേരത്തെ ഉണ്ട് മുറിക്കു പുറത്തു.
കുഞ്ഞിനെ കാണാൻ മൂന്നു പേര് അകത്തേക്ക് വന്നപ്പോ

“ നിങ്ങള് പുറത്തേക്കു നിൽക്കണം .കൂടെ അമ്മ മാത്രം"

“ക്ഷമിക്കണം, ബോർഡ് കണ്ടില്ല,” എന്നോ
”കുഞ്ഞിന്റെ നില അറിയാനുള്ള ബദ്ധപ്പാടിൽ അറിയാതെ കയറിയതാണെന്നോ “ ഒക്കെ പറഞ്ഞു പുറത്തേക്കു പോകുകയാണ് സാമാന്യ മര്യാദ.

ഇത് പറഞ്ഞ സിസ്റ്റർ എട്ടു മാസം ഗർഭിണി. സിസ്റ്ററുടെ വായടപ്പിക്കാൻ പറ്റിയ ആയുധം തന്നെ മൂപ്പർ പ്രയോഗിച്ചു

“ആണുങ്ങൾ കയറി ഇറങ്ങാതെ ആണോടീ നീ ഇങ്ങനെ വയറും വീർപ്പിച്ചു നടക്കുന്നത്?”

വാക്കു തർക്കം അവിടെ നിന്നില്ല.പിറ്റേന്ന് കയ്യാങ്കളിയായി. //

ആദ്യം പറഞ്ഞത് ജനപ്രതിനിധി. രണ്ടാമത്തേത് ജനം. ഇതാണ് നമ്മുടെ കേരളത്തിലെ ആരോഗ്യരംഗത്തിന്റെ ഒരു മുഖം. സ്വന്തം ജോലി മര്യാദയ്ക്ക് ചെയ്തു എന്നതു മാത്രമാണ് രണ്ടിലെയും ആരോഗ്യപ്രവർത്തകരുടെ തെറ്റ്. അവരുടെ ഭാഗത്തൊരു തെറ്റു കണ്ടാൽ ചൂണ്ടിക്കുന്നതിൽ ഒരു തെറ്റുമില്ല. പക്ഷെ ഇവിടൊന്നും അങ്ങനല്ലാ. ഇനിയന്ന്, MLA യുടെ സഹായി ആ ഡോക്ടർക്കെതിരെ പരാതിപ്പെടുകയോ അതിലുമെളുപ്പത്തിൽ വാർത്തയാക്കുകയോ ചെയ്തിരുന്നെങ്കിൽ ഡോക്ടറുടെ അവസ്ഥ വെറുതെ ഒന്ന് ഇമാജിൻ ചെയ്യൂ. സ്വന്തം മനസാക്ഷി പോലുമറിയാത്ത എന്തോ ഒന്നിന്, സോഷ്യൽ മീഡിയയിലെ തെറിയഭിഷേകത്തിന് പുറമേ നിയമപരമായും ചിലപ്പോൾ ശിക്ഷിക്കപ്പെട്ടേനെ.

ആ ഡോക്ടറുടെയും നഴ്സിന്റെയും ഒക്കെ സ്ഥാനത്ത് എന്നെക്കൂടി കണ്ടുകൊണ്ട് തന്നെയാണ് ഞാനിതെഴുതുന്നത്. നാളെ എനിക്കും ഈ ഗതി വരാം. അന്നർദ്ധരാത്രിയിൽ എന്റെ കൂടി വോട്ട് നേടി വിജയിച്ച (അതിപ്പോഴും തെറ്റിയില്ലാ എന്ന് തന്നെ വിശ്വസിക്കുന്നു. ഒരുദാഹരണം കൊണ്ടൊരാളെ ആകെ വിലയിരുത്തരുതല്ലോ. വെള്ളനാട്ടെ, ജില്ലയിലെ തന്നെ മികച്ച റോഡിലൂടെ സഞ്ചരിക്കുമ്പോഴും ഞാൻ നിങ്ങളെ ഓർക്കാറുണ്ട് സർ :) ), എന്നെക്കൂടി പ്രതിനിധീകരിക്കുന്ന MLA സംയമനത്തോടെ പെരുമാറിയല്ലോ എന്നതിൽ സന്തോഷമുണ്ട്. പക്ഷെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആരോഗ്യപ്രവർത്തകരോടുള്ള കാഴ്ചപ്പാടുകൾ ഇനിയും മാറേണ്ടതുണ്ടെന്ന് തന്നെ വിശ്വസിക്കുന്നു.

ടേക് ഹോം മെസേജ് : ഡോക്ടർമാരെ മാത്രമല്ല, ഏതു ജോലി ചെയ്യുന്നവരെയും ആദരിക്കേണ്ടത് അവരെ അവരുടെ ജോലി ഭംഗിയായി ചെയ്യാൻ അനുവദിച്ചുകൊണ്ടാകണം. അത്രയേ വേണ്ടൂ. അതുവേണം.

©മനോജ്‌ വെള്ളനാട്

ആ പരിപാടിയിൽ നിന്ന്..


No comments:

Post a Comment