ചെറിയൊരു ചാണകസൂത്രം!

ചാണകം മെഴുകിയ തറയിലാണ് ഇഴഞ്ഞു നടന്നതും പിച്ചവച്ചതും ഇരുന്നുണ്ടതും പത്തിരുപതു വയസുവരെ കിടന്നുറങ്ങിയതും ഒക്കെ. മാത്രമല്ല രാവിലെ മുറ്റമടിച്ചു കഴിഞ്ഞാൽ ചാണകം തളിക്കുന്ന ഒരുതരം ഏർപ്പാടും വീട്ടിലുണ്ടായിരുന്നു. അതുകൊണ്ട് ചാണകത്തിനോട് ഒരുകാലത്തും ഒട്ടും വിരോധമുണ്ടായിട്ടില്ല. അത് തൊടുന്നതിനോ വാരുന്നതിനോ അറപ്പോ ദേഹത്തായാലോ എന്ന പേടിയോ ഒന്നുമില്ലായിരുന്നു. ഒന്ന് വൃത്തിയായി കുളിച്ചാൽ തീരുന്നതേയുള്ളൂ അതിന്റെ പ്രശ്നങ്ങൾ. എന്നു കരുതി നടവഴിയിൽ ചാണകം കിടന്നാൽ ചവിട്ടാതെ പോകുമായിരുന്നു. കൂടെ നടക്കുന്നവനോട്, 'ഡാ ചാണകം, സൂക്ഷിച്ച്..' എന്ന് പറയുമായിരുന്നു.

പക്ഷെ, അന്നും ഇന്നും സഹിക്കാൻ പറ്റാത്ത ഒന്നുണ്ട്. രാവിലെ പശുവിന്റെ തൊഴുത്ത് കഴുകുമ്പോൾ ഉണ്ടാവുന്ന ആ രൂക്ഷഗന്ധം. നാലഞ്ചുവീടപ്പുറത്തെ തൊഴുത്ത് കഴുകുന്ന നാറ്റം പോലും ഇങ്ങെത്തും. ചാണകവും ഗോമൂത്രവും കഴുകാനുപയോഗിച്ച വെള്ളവും ഒക്കെ ചേർന്നുണ്ടാകുന്ന ആ ദ്രാവകത്തിന് നമ്മുടെ നാട്ടിൽ 'കോമാളി' എന്നാണ് പറയാറ്. 'ഹോ!, കോമാളി നാറുന്നു' എന്ന് പറഞ്ഞ് നമ്മൾ മൂക്കുപൊത്തും. ഈ കോമാളി വെള്ളം വല്ല തെങ്ങിന്റെയോ വാഴയുടെയോ ചുവട്ടിലോ അല്ലെങ്കിൽ ചാണകക്കുഴിയിലോ ഒഴിക്കുകയാണ് പതിവ്.

ഇനി ഇത്തിരി ബയോളജിയാണേ. നമ്മുടെ മൂക്കിനകത്തെ ഗന്ധസംവേദനനാഡികൾക്ക് ഒരു പ്രത്യേകതയുണ്ട്. കുറച്ചുനേരം ഏതെങ്കിലും ഒരു പ്രത്യേകഗന്ധം കാരണം ഉത്തേജിതമായാൽ ഈ ചെറുനാഡികൾ പെട്ടന്ന് തളർന്നുപോകും. ആ ഗന്ധത്തിന് പിന്നെ കുറേ നേരത്തേക്ക് ഈ നാഡികളെ ഉണർത്താനേ കഴിയില്ല. എന്നുവച്ചാൽ ആ ഗന്ധമവിടെത്തന്നെ ഉണ്ടെങ്കിലും നമുക്കതറിയാനേ പറ്റില്ല. അതാണ് നമ്മൾ നല്ലവണ്ണം വിയർത്തിരിക്കുമ്പോഴും നമുക്ക് സ്വയം ആ നാറ്റമറിയാത്തത്. നല്ല പെർഫ്യൂം അടിച്ച് നടക്കുമ്പോൾ ആ സുഗന്ധം നമുക്കാസ്വദിക്കാൻ പറ്റാത്തത്. പക്ഷെ നമ്മുടെ അടുത്തു വരുന്നവർക്കത് അറിയാൻ പറ്റും. 'ഓൾഫാക്റ്ററി ഫറ്റീഗ്' എന്നാണിതിന് പേര്.ചാണകത്തിൽ കുളിച്ച് നിൽക്കുന്ന ഒരാളോട് (അയാളത് എന്തുകൊണ്ടോ അറിഞ്ഞിട്ടില്ലെന്ന് കരുതുക) പോയിട്ട്, നിങ്ങളെ ചാണകം നാറുന്നെന്ന് പറഞ്ഞാൽ അയാൾ നിങ്ങളെ കളിയാക്കും. നിങ്ങൾ കള്ളം പറയുകയാണെന്ന് പറയും. വീണ്ടും തുടർന്നാൽ, അയാളെ അപമാനിക്കുന്നതായി അയാൾക്ക് തോന്നും. നിങ്ങളോട് നല്ല ദേഷ്യം തോന്നും. പിന്നെന്തും സംഭവിക്കാം. അയാളെ സംബന്ധിച്ച് അയാൾ പറയുന്നത് സത്യമാണ്. അയാളാ കോമാളി ഗന്ധം അറിയുന്നതേയില്ല. നിങ്ങളിനി തലകുത്തി നിന്ന് പറഞ്ഞാലും അതങ്ങനെയാണ്. ഓൾഫാക്റ്ററി ഫറ്റീഗാണത്.

നിങ്ങൾ പറയുന്നതാണ് സത്യമെന്ന് നിങ്ങളും, അയാൾ പറയുന്നതാണ് സത്യമെന്ന് അയാളും തർക്കിച്ചുകൊണ്ടേ ഇരിക്കും. ഒടുവിൽ നിങ്ങൾ തളരും. സത്യം പറഞ്ഞിട്ടും അയാളെന്നോടെന്തിനിങ്ങനെ എന്നോർത്ത് നിങ്ങൾ ഫ്രസ്ട്രേറ്റഡ് ആവും. നിങ്ങൾക്ക് മടുക്കും. നിങ്ങൾ പിന്നെ സത്യം പറയാൻ തന്നെ ഭയക്കും. സത്യമിവിടാർക്കും വേണ്ടാതായെന്ന് നിങ്ങൾ തീരുമാനിക്കും. അങ്ങനെ സത്യത്തിന് വേണ്ടി സംസാരിക്കാൻ ഇവിടാരും ഇല്ലാതാവും. പക്ഷെ അപ്പോഴും ആ ഗന്ധം, ആ സത്യം, അതവിടെ തന്നെ ഉണ്ടാവും.

ഓൾഫാക്റ്ററി ഫറ്റീഗിനെ പറ്റി അറിഞ്ഞു വച്ചാൽ നിങ്ങൾക്കീ ദുരവസ്ഥയിൽ നിന്ന് മാറി നിൽക്കാൻ പറ്റും. സത്യം പറയുന്നത് തുടരുക. നിങ്ങളെ നാറുന്നുണ്ടെന്ന് തന്നെ പറയണം. അയാളില്ലായെന്ന് പറഞ്ഞാൽ അതാണയാളുടെ ബോധ്യമെന്ന് മനസിലാക്കുക. ഇനി അയാൾ നിങ്ങൾക്ക് വേണ്ടപ്പെട്ട ആളാണെങ്കിൽ, അയാളെ ഉപദേശിച്ച് വെറുതേ ദേഷ്യം പിടിപ്പിക്കണ്ടാ. ഇപ്പൊ നിങ്ങൾക്കറിയാല്ലോ അതയാളുടെ തെറ്റല്ലെന്ന്. ആ നിമിഷം, ആ കോമാളി ഗന്ധത്തിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാൻ നിങ്ങളുടെ മൂക്ക് സ്വയം ഞെക്കിപ്പിടിക്കുക മാത്രേ ചെയ്യാനുള്ളൂ..

വാല്: വെള്ളനാട് പ്രദേശത്ത് മാത്രമാണോ ചാണക-ഗോമൂത്ര മിശ്രിതത്തെ 'കോമാളി' എന്ന് വിളിക്കുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ട്. മറ്റു പ്രദേശങ്ങളിൽ വേറെ പേരുണ്ടെങ്കിൽ അതും.

©മനോജ്‌ വെള്ളനാട്


3 comments:

  1. FB യിൽ വായിച്ചിരുന്നു. ചിന്തനീയം...

    ReplyDelete
  2. ചാണകത്തിൽ കുളിച്ച് നിൽക്കുന്ന ഒരാളോട് (അയാളത് എന്തുകൊണ്ടോ അറിഞ്ഞിട്ടില്ലെന്ന് കരുതുക) പോയിട്ട്, നിങ്ങളെ ചാണകം നാറുന്നെന്ന് പറഞ്ഞാൽ അയാൾ നിങ്ങളെ കളിയാക്കും. നിങ്ങൾ കള്ളം പറയുകയാണെന്ന് പറയും. വീണ്ടും തുടർന്നാൽ, അയാളെ അപമാനിക്കുന്നതായി അയാൾക്ക് തോന്നും. നിങ്ങളോട് നല്ല ദേഷ്യം തോന്നും. പിന്നെന്തും സംഭവിക്കാം. അയാളെ സംബന്ധിച്ച് അയാൾ പറയുന്നത് സത്യമാണ്. അയാളാ കോമാളി ഗന്ധം അറിയുന്നതേയില്ല. നിങ്ങളിനി തലകുത്തി നിന്ന് പറഞ്ഞാലും അതങ്ങനെയാണ്. ഓൾഫാക്റ്ററി ഫറ്റീഗാണത്.

    ReplyDelete