നമുക്കും വേണം ആകാശ ആംബുലൻസ് / We need air ambulance

ദോണ്ടെടാ.. ഒരേറോപ്ലേൻ.. ആരെയോ രക്ഷിക്കാൻ പോണേണ്.. 🤗

നാലുവർഷം മുമ്പാണ്. ഒരു വ്യാഴാഴ്ച ദിവസം. സ്വിറ്റ്സർലന്റിൽ നിന്നും കേരളം കാണാനായി കോവളത്തേക്ക് ഒറ്റയ്ക്കു പറന്നുവന്ന അറുപത് വയസടുത്ത് പ്രായമുള്ള ഒരു സ്ത്രീ, റസ്റ്റോറന്റിൽ ബ്രേക് ഫാസ്റ്റ് കഴിക്കുന്നതിനിടയിൽ ബോധം കെട്ട് വീണു. ഹോട്ടലുകാർ അവരെ അതിവേഗം ആശുപത്രിയിലെത്തിച്ചു. ശരീരത്തിന്റെ വലതുവശം പൂർണമായി തളർന്നിരുന്നു. പ്രഥമ ശുശ്രൂഷയ്ക്ക് ശേഷമെടുത്ത തലയുടെ സ്കാനിൽ തലച്ചോറിന്റെ ഒരുവശത്തേക്ക് രക്തയോട്ടം പൂർണമായി നിലച്ച അവസ്ഥ വ്യക്തമായി കാണാമായിരുന്നു. ഉടനെ അവരെ വെന്റിലേറ്ററിൽ കണക്റ്റ് ചെയ്ത് ഐ.സി.യു.വിലേക്ക് മാറ്റി.

ഹോട്ടലിന്റെ മാനേജർ സ്വിറ്റ്സർലന്റിൽ അവരുടെ ബന്ധുക്കളെ ബന്ധപ്പെടാൻ ശ്രമിച്ചു. ഞങ്ങൾ പാസ്പോർട്ട് രേഖകളും രോഗവിവരവും മറ്റും എംബസിയെ അറിയിച്ചു. എംബസിയിൽ നിന്നും എംബസിയിലേക്ക് വിവരങ്ങൾ ഇലക്ട്രോണുകളായി പറന്നു. പ്രകാശവേഗതയിൽ എന്തൊക്കെയോ കാര്യങ്ങൾ നടക്കുന്നു. രോഗിയുടെ നില അതേപടി തുടരുന്നു. തലയോട്ടിയിൽ ഒരോപറേഷൻ വേണ്ടതാണ്. പക്ഷെ ആരു സമ്മതം തരും?

പിറ്റേന്ന്, വെള്ളിയാഴ്ച്ച ഉച്ചയ്ക്കതാ സ്വിറ്റ്സർലന്റിൽ നിന്നും ആശുപത്രിയിലേക്ക് ഒരു ഫോൺ കോൾ. റിസപ്ഷനിൽ നിന്നും വീണ്ടുമത് തരംഗങ്ങളായി എന്റെ നോക്കിയ 1110-ലേക്ക്. രോഗവിവരങ്ങളും, രോഗിയുടെ അവസ്ഥയുമൊക്കെ ഞാനെന്റെ മലയാളീകൃതമായ ഇംഗ്ലീഷിൽ മറുതലയ്ക്കലെ സായിപ്പിനോട് പറയുന്നു. അയാളൊരു ഡോക്ടറായിരുന്നു.

"വി വിൽ ടോക്ക് വിത്ത് ദി റിലേറ്റീവ്സ് ആൻറ് വിൽ കോണ്ടാക്റ്റ് യൂ വിത്തിൻ ആൻ അവർ"

അരമണിക്കൂറിനകം സായിപ്പ് വീണ്ടും വിളിച്ചു.

''വി ആർ ടേക്കിംഗ് ഔർ പേഷ്യന്റ് ബാക് ടു ഔർ കൺട്രി."

'ങേ..!!' ഞാൻ മലയാളത്തിൽ അന്തംവിട്ടു.

'ഹോപ് ഷി ഈസ് ഫിറ്റ് റ്റു ട്രാൻസ്ഫർ ബൈ എയർ ആംബുലൻസ്'

'ങേ.. ആ.. ആ.. യെസ്, ഷി ഈസ് ഫിറ്റ് ഇഫ് പ്രൊവൈഡഡ് വെന്റിലേറ്റർ അസിസ്റ്റൻസ്.'

എന്റെ തലച്ചോറിലേക്ക് ആ സമയങ്ങളിൽ ഓക്സിജൻ ഇരച്ചു കയറുകയായിരുന്നു. സായിപ്പിന്റെ ഇംഗ്ലീഷ് ആക്സന്റ് പ്രോസസ് ചെയ്ത് സാധാരണ ഇംഗ്ലീഷാക്കി, പിന്നെയത് മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടത് മനസിലാക്കി, അതിന്റെ മറുപടി മലയാളത്തീന്ന് ഇംഗ്ലീഷിലേക്ക് ട്രാൻസ്ലേറ്റ് ചെയ്ത്, അതിനെപ്പിന്നെ ശബ്ദമാക്കി തൊണ്ടവഴി പുറത്തേക്ക് വിടാൻ ഒന്നൊന്നര പണിയാണ് പാവമെന്റെ ബ്രെയിനന്ന് ചെയ്തത്. പക്ഷെ ഗുണമുണ്ടായി.

പിറ്റേന്നുച്ചയ്ക്ക് സ്വിറ്റ്സർലന്റിൽ നിന്നും ഒരു ചുവന്ന എയർ ആംബുലൻസ് തിരുവനന്തപുരത്തെത്തി. മൂന്ന് പേരുടെ മെഡിക്കൽ ടീമും. റീഗ എന്ന അവിടുത്തെ സ്വകാര്യ, നോൺ പ്രോഫിറ്റ് എയർ റെസ്ക്യു ടീമിന്റേതായിരുന്നു അത്. ലീഗൽ ഫോർമാൽറ്റീസെല്ലാം തീർത്ത് വൈകുന്നേരത്തോടെ അവർ രോഗിയുമായി സ്വരാജ്യത്തേക്ക് മടങ്ങി.

നോക്കൂ. സ്വിറ്റ്സർലന്റെവിടെ കിടക്കുന്നു. കേരളമെവിടെ കിടക്കുന്നു. എന്നിട്ടും എത്ര വേഗത്തിലാണ് കാര്യങ്ങൾക്കൊക്കെയൊരു തീരുമാനമുണ്ടായതും അത് പ്രാവർത്തികമായതും. അന്നത്തെ ഒരന്തം വിടൽ ഉള്ളിലെവിടെയോ ഇപ്പോഴും, ഇതെഴുതുമ്പോഴുമുണ്ട്. ആ രാജ്യം അവിടുത്തെ ഒരു പൗരന് നൽകുന്ന വിലയെന്തെന്ന് ഞാനിടയ്ക്ക് അന്തം വിട്ടാലോചിക്കും.

ആ വിദേശവനിതയുടെ രോഗത്തിന് ചിലപ്പോൾ ആ രാജ്യത്തേക്കാൾ മികച്ച ചികിത്സ നമുക്കിവിടെ കൊടുക്കാൻ കഴിയും. അതിനുള്ള സൗകര്യങ്ങളും കഴിവുള്ള മെഡിക്കൽ ടീമും നമുക്കുണ്ട്. പക്ഷെ നമ്മുടെ രോഗികളിപ്പോഴും നിലവിളി ശബ്ദവുമിട്ടു തിരക്കേറിയ റോഡിലൂടെ കൂകിപ്പായുന്ന നാലുചക്രങ്ങൾക്ക് മേലെയാണ് അടിയന്തിരചികിത്സ തേടിയുള്ള യാത്ര. കാലം മാറുന്നതിനനുസരിച്ച് നമ്മളും മാറണം. നമുക്കും വേണം എയർ റെസ്ക്യു ടീം. നമുക്കും വേണം വെന്റിലേറ്റർ സൗകര്യമുള്ള എയർ ആംബുലൻസുകൾ. കാലമതാവശ്യപ്പെടുന്നുണ്ട്. സ്വകാര്യമല്ലാ, സർക്കാർ വക. നമ്മുടെ സാമ്പത്തികത്തിലൊതുങ്ങുന്ന ചെലവിൽ.

അന്നാ സ്വിസർലന്റുകാർ തിരികെ പോകും മുമ്പ് രണ്ടു സമ്മാനങ്ങൾ തന്നു. പുതിയൊരുതരം ഇംഗ്ലീഷ് പഠിപ്പിച്ചതിന്റെ സന്തോഷമാവും. ഒന്ന് ഒരു പേന. അതെവിടെയോ മിസായി. രണ്ടാമത്തേതാണ് ചിത്രത്തിൽ. കുഞ്ഞനൊരു ടോർച്ചാണ്. രോഗിയുടെ കൃഷ്ണമണിയുടെ പ്രവർത്തനമൊക്കെ ചെക്ക് ചെയ്യാൻ സൗകര്യപ്രദമായി കൊണ്ടു നടക്കാവുന്ന ഒന്ന്. സോളാറിൽ പ്രവർത്തിക്കുന്നതാണ്, വെയിലത്തിട്ട് ചാർജ് ചെയ്യാം. പിന്നെ അതിലൊരു കുഞ്ഞ് ഹാൻഡിലുണ്ട്, അത് പിടിച്ച് കുറേ കറക്കിയാലും ചാർജ് കേറും. ഇതിപ്പൊ അങ്ങനെ പ്രവർത്തിപ്പിച്ചതാണ്.പറഞ്ഞു വന്നതിത്രേയുളളൂ, എയർ ആംബുലൻസ്. നമ്മുടെ സർക്കാർ വിചാരിച്ചാൽ തീർച്ചയായും പ്രാവർത്തികമാക്കാൻ പറ്റും. ചികിത്സയിലും ചികിത്സാസൗകര്യങ്ങളിലും മാത്രമല്ലാ, ചികിത്സ തേടിയുള്ള യാത്രാ സൗകര്യങ്ങളിലും കേരളം ഒന്നാമതാവട്ടെ. മാതൃകയാവട്ടെ.

©മനോജ്‌ വെള്ളനാട്

No comments:

Post a Comment