പ്രണയക്കൊലകൾ പെരുകുമ്പോൾ!!

പ്രേമിച്ചിട്ടുണ്ട്.
പിറകെ നടന്നിട്ടുണ്ട്.
നിസാരമായി നിരസിച്ചിട്ടുണ്ട്.
വീണ്ടും പിറകെ നടന്നിട്ടുണ്ട്.
ഒടുവിൽ സമ്മതിച്ചിട്ടുണ്ട്.

ഇനി അഥവാ സമ്മതിച്ചില്ലേലും ഏതെങ്കിലും വിധത്തിൽ അവളെ ഉപദ്രവിക്കുന്ന കാര്യം ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല. അവിടുന്നൊരു പതിറ്റാണ്ട് കഴിയുമ്പോഴേക്കും നമ്മുടെയൊക്കെ പ്രണയത്തിന്റെ സ്വഭാവം തന്നെയങ്ങ് മാറിയോ? പ്രൊപ്പോസ് ചെയ്തു കഴിഞ്ഞാൽ പിന്നെയവൾ തന്റെയാണെന്ന് കരുതുന്ന മണകൊണാഞ്ചന്മാരാണോ ഇപ്പൊഴത്തെ കാമുകന്മാർ? 'നോ' പറഞ്ഞാൽ കത്തിക്കാൻ പെട്രോളുമായി നടക്കുന്ന കാമുകന്മാരാണോ നമ്മുടെ കൗമാരക്കാർ?

പ്രണയിക്കുന്ന ഒരു മനുഷ്യന് ഇങ്ങനൊക്കെ ചെയ്യാൻ കഴിയുന്നതിന്റെ കാരണമെന്തായിരിക്കുമെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിൽ പ്രതിയുടെ മാനസികാരോഗ്യത്തെ പ്രതിയാക്കി വെറുതെയിരിക്കാമായിരുന്നു. ഇതിപ്പൊ മാസത്തിൽ രണ്ടെന്ന കണക്കിൽ പെട്രോളായും ആസിഡായും നമ്മുടെ പ്രണയസങ്കൽപ്പങ്ങളെ പൊള്ളിക്കുന്നുണ്ട് ന്യൂജെൻ കാമുകന്മാർ.

എന്റെയൊരു നിഗമനം, ഈ പറയുന്ന കാമുകന്മാർക്കൊന്നും നല്ല സൗഹൃദങ്ങളേയില്ലായെന്നാണ്. സ്വന്തവും അല്ലാതെയുമുള്ള അനുഭവങ്ങളിൽ നിന്നുള്ള നിഗമനമാണ്. കാമുകിയേക്കാൾ പലപ്പോഴും നമ്മളെ മനസിലാക്കിയിട്ടുള്ളത്, നമ്മുടെ പൈങ്കിളിത്തരങ്ങളെ വിമർശിച്ചിട്ടുള്ളത്, പലപല വട്ടുകൾക്കും പ്രതിസന്ധികളിലും കൂടെ നിന്നിട്ടുള്ളത്, പ്രണയനഷ്ടം വിഷാദത്തിലേക്ക് പോകാതെ താങ്ങിയിട്ടുള്ളതൊക്കെ കൂട്ടുകാരാണ്. +2 പരീക്ഷയുടെ തലേന്ന് രാത്രി 12 മണിക്ക് സൈക്കിളിൽ ആറുകിലോമീറ്റർ അപ്പുറത്തെ കാമുകിയുടെ വീടുകാണാൻ കൂട്ടുവരാൻ മാത്രം കൂട്ടായിരുന്ന കൂട്ടുകാരന്മാരാണ് എനിക്കുണ്ടായിരുന്നത്. അവളുറങ്ങിക്കാണുമെന്ന് അറിയാമെങ്കിലും, ചുമ്മാ പോയി റോഡിൽ നിന്ന് വീടെങ്കിലും കണ്ടിട്ട് വരാമെന്ന് പറയുമ്പൊ കൂടെ വന്നിരുന്നവർ.

മനസിൽ ഒരുവളോടുള്ള പ്രണയം മൊട്ടിടുന്നതു മുതൽ നമ്മുടെ ഓരോ വികാരങ്ങളും ആ കൂട്ടുകാരോട് പറയും. പ്രൊപ്പോസ് ചെയ്യാനുള്ള വിവിധങ്ങളായ ഐഡിയകൾ മുതൽ അവളുടെ മുന്നിൽ ചെന്ന് അതൊക്കെ പറഞ്ഞ് ഫലിപ്പിക്കാനായി, പറഞ്ഞു പഠിപ്പിക്കുന്നതു വരെ കൂട്ടുകാരായിരിക്കും. ഡെസ്പായി തിരിച്ചു വരുമ്പൊ 'പോട്ടെടാ, അവളല്ലേൽ വേറൊരാൾ' എന്നൊക്കെ പറയാനും 'ഇല്ല, എനിക്കവളെ മതി' എന്ന് വാശി പിടിക്കുമ്പോ 'എന്നാ വാ അടുത്ത ഐഡിയ നോക്കാ'മെന്നും പറഞ്ഞ് കൂടെക്കൂടുന്നവർ. ഒടുവിൽ ഇതൊന്നും വർക്കൗട്ട് ആയില്ലെങ്കിലും, ആ കട്ട ഡെസ്പിലും അവനെങ്കിലും കൂട്ട് കാണും. ഇനിയഥവാ വിഷമവും ദേഷ്യവും സഹിക്കാതെ ഞാനവളെ ഇന്ന് ശരിയാക്കുമെന്ന് പറഞ്ഞിറങ്ങിയാലും 'നിനക്ക് വട്ടാടാ, അവളു പോണെങ്കി പോട്ടെ, നീ വന്നേ'യെന്ന് പറഞ്ഞു പിന്തിരിപ്പിക്കാനും ഒരു കൂട്ടുകാരൻ കാണും. 'അവൾക്ക് നിന്നെ വേണ്ടെങ്കിൽ പിന്നെന്തിനാടാ പുല്ലേയിങ്ങനെ ചാവുന്ന'തെന്നും അവൻ ചോദിക്കും. പതിയെയാണെങ്കിലും അവൾ പറഞ്ഞ 'NO' യെ അവനെക്കൊണ്ടംഗീകരിപ്പിക്കും.

ഇങ്ങനെയൊക്കെയൊരു കൂട്ടുകാരനെങ്കിലും ഉണ്ടെങ്കിൽ കാമുകന്മാർ കുപ്പിയിൽ പെട്രോളുമായി കാമുകിയെ കാണാൻ പോകുമായിരുന്നോ? പുറമെ പ്രണയമെത്ര മാറിയാലും പ്രണയിക്കുന്നവരുടെ മനസെല്ലാ കാലത്തും ഒരുപോലായിരിക്കും എന്നായിരുന്നു എന്റെ ധാരണ. ഇതൊക്കെ കാണുമ്പോ അത് തെറ്റാണെന്ന് തോന്നുന്നു. വെള്ളമടിക്കുമ്പോ ടച്ചിംഗ്സ് മാത്രം കഴിച്ച് കൂടെയിരിക്കുന്ന ചില ഫ്രണ്ട്സുണ്ടാവും എല്ലാവർക്കും. എന്നെ പിടിക്കണ്ടാ, ഞാൻ ഫിറ്റല്ലാന്ന് പറഞ്ഞ് കുടിച്ചവൻ ലക്കുകെട്ട് വീഴാൻ പോവുമ്പൊ താങ്ങി നിർത്തുന്നത് ആ sച്ചിംഗ്സ് ഈറ്ററായിരിക്കും. അതുപോലെ പ്രേമത്തിന്റെ ലഹരി തലയ്ക്കു പിടിച്ചവർക്ക് സ്വബോധമുള്ളൊരു ഫ്രണ്ടുണ്ടാവുന്നത് നല്ലതാണ്.

നിഷ്ഠൂരമായ കൊലപാതകങ്ങളെ സൗഹൃദമില്ലാത്തതാണ് കാരണമെന്ന് പറഞ്ഞ് ലഘൂകരിക്കുകയേ അല്ല ഇവിടെ. പക്ഷെ നല്ല സൗഹൃദങ്ങൾ പ്രണയകാരണമുള്ള ഒരുപാട് ആത്മഹത്യകളെ ഒഴിവാക്കിയതറിയാം. അതുപോലെ ചില കൊലപാതകങ്ങളെയും.2 comments:

  1. വഴിമാറിപ്പോകുന്ന പ്രണയങ്ങൾ ജീവൻ അപഹരിക്കുന്ന കാലം...

    ReplyDelete
  2. ഒരു തരം വല്ലാത്ത പ്രണയ കൊലകൾ ..!

    ReplyDelete