ഡോക്ടർ ഗൂഗിൾ / Doctor Google

'ഡോക്ടർ, അച്ഛന്റെ മെനിഞ്ചിയോമ ഏത് ടൈപ്പാണ്?

(മെനിഞ്ചിയോമ തലച്ചോറിന്റെ  ആവരണത്തെ ബാധിക്കുന്ന ഒരുതരം ട്യൂമറാണ്)

'ഓപറേഷൻ കഴിഞ്ഞല്ലോ. ബാക്കിയൊക്കെ ഇനി പത്തോളജി റിപ്പോർട്ട് വന്നാലല്ലേ പറയാൻ പറ്റൂ. അത് വരട്ടെ'

'അല്ലാതെ സ്കാൻ വച്ചിട്ട് ഇത് അനാപ്ലാസ്റ്റിക് ആണോ മെറ്റാപ്ലാസ്റ്റിക് ആണോ എന്നൊക്കെ അറിയാൻ പറ്റില്ലേ?

'😲😲😲🤯🤯🐦🐦'

'അങ്ങനാവുമ്പൊ ബാക്കി ചികിത്സ ഉടനെ തുടങ്ങാല്ലോ. അതാ..'

(പോയ 🐦യെ തിരിച്ചുകിട്ടാൻ അൽപ്പസമയമെടുത്ത ശേഷം)
'നിങ്ങളും.., ഡോക്ടറാണോ?'

'അല്ലല്ല. അയാം എ സോഫ്റ്റ് വെയർ എഞ്ചിനീർ. വർക്കിംഗ് ഹിയർ ഇൻ ടെക്നോപാർക്ക്'

'ഓക്കേ. ഈ അനാപ്ലാസ്റ്റിക്, മെറ്റാപ്ലാസ്റ്റിക് എന്നൊക്കെ പറഞ്ഞോണ്ട് ചോദിച്ചതാ.'

'ഐ ഗൂഗിൾഡ് ഇറ്റ്. സ്റ്റഡീഡ് ഇറ്റ് ഇൻ ഡീറ്റെയിൽ. അനാപ്ലാസ്റ്റിക് ആണെങ്കിൽ ട്രീറ്റ്മെന്റ് ഡിലെ ചെയ്യാൻ പാടില്ലല്ലോ. ഇവിടെയാണെങ്കിൽ കീമോ, റേഡിയേഷൻ സൗകര്യങ്ങളുമില്ല. ഞാനിങ്ങനെ ആലോചിക്കുവായിരുന്നു, എത്രേം നേരത്തെ മറ്റേതെങ്കിലും ഹോസ്പിറ്റലിലേക്ക് മാറ്റിയാലോന്ന്.. '

'നമ്മുടെ ഇതുവരെയുള്ള നിഗമനം വച്ചിട്ട് ഇത് 99 ശതമാനവും ബിനൈൻ ആവാനാണ് സാധ്യത. വേറെ ചികിത്സ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.'

'ഡോക്ടറിനും 100% ഉറപ്പില്ലല്ലോ ബിനൈനാണെന്ന്. ഇഫ് ഇറ്റ് കംസ് ആസ് മാലിഗ്നന്റ്, ട്രീറ്റ്മെന്റ് ഡിലേ ആവില്ലേ'

'എന്തായാലും ഒരാഴ്ചക്കകം പത്തോളജി റിപ്പോർട്ട് വരും. അപ്പൊ തീരുമാനിക്കാല്ലോ.'

'ഇനി അനാപ്ലാസ്റ്റിക് ആണെങ്കി ഒരാഴ്ച വൈകുന്നത് റിസ്കല്ലേ. നേരത്തെ എന്തെങ്കിലും'

'ഇതൊക്കെ ഏത് തരമെന്ന് വേർതിരിച്ചറിയാൻ ഒരാഴ്ച മിനിമം വേണം. അതുവരെ വെയ്റ്റ് ചെയ്തല്ലേ പറ്റൂ. ഓപറേഷന് മുമ്പ് എല്ലാം ഡീറ്റെയ്ൽഡായിട്ട് സംസാരിച്ചതല്ലേ?'

'ഞാനിതിപ്പൊഴാണ് ഡോക്ടർ ഗൂഗിൾ ചെയ്തത്. അപ്പൊ ഒരു ടെൻഷൻ'

'നിങ്ങൾ ചികിത്സിക്കുന്ന ഡോക്ടർ പറയുന്നതിനേക്കാൾ ഗൂഗിളിനെ വിശ്വസിച്ചാ പിന്നെന്ത് ചെയ്യാൻ പറ്റും?'

'നിങ്ങൾ ഡോക്ടർമാർ പലപ്പോഴും ബയസ്ഡായിരിക്കും. ഒരുപാട് രോഗികളെ കാണുന്നതല്ലേ. സോ, ഗൂഗിൾ ഇൻഫർമേഷൻസ് കുറച്ചൂടെ റിലയബിൾ ആയിരിക്കുമെന്നാണ് എന്റെ തോന്നൽ.'

'💀💀🐦🐦🐦🐦🏃🏃🏃🏃🏃'

* * * * * * *

ആകാശവാണി, തിരോന്തരം ആലപ്പുഴ തൃശൂർ. ലോകാരോഗ്യ ദിനം പ്രമാണിച്ച്, നാലോ അഞ്ചോ വർഷം മുമ്പ് തിരോന്തരത്തെ ഒരാശുപത്രിയിൽ നടന്ന ഒരു സംഭാഷണശകലത്തിന്റെ പുന:സംപ്രേക്ഷണമാണ് ശ്രോതാക്കളിപ്പോൾ കേട്ടത്. 'സൈബർ കോൺട്രിയ' (Cyberchondria) എന്ന രോഗത്തിന്റെ ലക്ഷണമുള്ള ഒരാളുമായി ഡോക്ടർ നടത്തിയ സാഹസികമായ ഈ സന്ധിസംഭാഷണത്തിനൊടുവിൽ ഡോക്ടർ ഓടി രക്ഷപ്പെട്ടെന്നാണറിവ്.

ഏതെങ്കിലും രോഗത്തെ പറ്റി ഗൂഗിളിൽ നിന്നും കിട്ടുന്ന വിവരങ്ങളെ അമിതമായി വിശ്വസിക്കുകയും, പിന്നെ അതാലോചിച്ച് മനസമാധാനം നഷ്ടപ്പെട്ട് ജീവിക്കേണ്ടിയും വരുന്ന സവിശേഷമായ അവസ്ഥയാണ് 'സൈബർ കോൺട്രിയ'. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഗൂഗിളിന് കൊടുത്തിട്ട് ഗൂഗിൾ പറയുന്ന കൊട്ടക്കണക്കിന് രോഗങ്ങളിൽ 'അതാണോ' 'അല്ലേലിതാണോ' തന്റെ രോഗമെന്ന് കൺഫ്യൂഷനടിച്ച് ജീവിക്കുന്നതിൽ പ്രത്യേക തൽപ്പരരായിരിക്കും ഇത്തരക്കാരിലെ ഒരു വിഭാഗം. ശരിക്കും പറഞ്ഞാൽ ഒരസുഖവും കാണത്തുമില്ല.

രണ്ടാമത്തെ വിഭാഗം ഡോക്ടർമാരെ ചോദ്യം ചോദിച്ച് വധിക്കുന്ന ഹോബിയുള്ളവരാണ്. അവിടുന്നും ഇവിടുന്നും എന്തെങ്കിലും വായിച്ചിട്ട് വന്ന്, ജെനുവിൻ സംശയമെന്ന ധാരണയിൽ എന്തെങ്കിലുമൊക്കെ ചോദിച്ചോണ്ടിരിക്കും. ഡോക്ടറുടെ വായിലെ വെള്ളം വറ്റുന്നതു വരെ എക്സ്പ്ലെയ്ൻ ചെയ്താലും ഇവന്മാർക്ക് സംശയം തീരത്തില്ല.

മൂന്നാമത്തെ വിഭാഗം ചികിത്സിക്കാനേ സമ്മതിക്കത്തില്ല. മെഡിക്കൽ കോളേജിൽ ഒരു രോഗിയുണ്ടായിരുന്നു, അഞ്ചോളം ആശുപത്രികളിൽ പോയിട്ട് അസംതൃപ്തയായി ഒടുവിലിവിടെ എത്തിച്ചേർന്നതാണ്. കണ്ട ഡോക്ടർമാരെല്ലാം അവർക്ക് ഓപറേഷൻ വേണമെന്ന് പറഞ്ഞു. പക്ഷെ ഗൂഗിൾ ഒരുവിധത്തിലും സമ്മതിക്കുന്നില്ല. ഗൂഗിൾ പറയുന്നത് ഓപറേഷനില്ലാതെയും നോക്കാം, പിന്നെ ഓപറേഷന് കുറേ കോംപ്ലിക്കേഷൻസുമുണ്ട് എന്നൊക്കെയാണ്. അവസാനം അവരെ ഡിസ്ചാർജ് ചെയ്ത് വിട്ടു. ഇപ്പോഴും അവർ ഗൂഗിൾ പറയുന്ന പോലെ ചിന്തിക്കുന്ന ആ ഡോക്ടറെയും തേടി അലയുകയാവും.

ശ്രോതാക്കൾ ശ്രദ്ധിക്കുമല്ലോ, അത്യാവശ്യത്തിന് ഗൂഗിൾ ചെയ്ത് അറിവു തേടുന്നതിൽ തെറ്റില്ല. പക്ഷെ അവിടെ വരുന്നതെല്ലാം ആധികാരികമാണെന്ന് കരുതരുത്. ഒരേ ലക്ഷണങ്ങളുള്ള നൂറോളം രോഗങ്ങളുണ്ടാവും. ഒരേ രോഗത്തിന് തന്നെ ചികിത്സ പല രോഗികളിൽ പലതായിരിക്കും. ചികിത്സിക്കുന്ന ഡോക്ടറെയാണ് ഗൂഗിളിനേക്കാൾ വിശ്വസിക്കേണ്ടത്. ഒരു സെക്കന്റ് ഒപീനിയൻ എടുക്കണമെങ്കിൽ വിദഗ്ദരായ മറ്റേതെങ്കിലും ഡോക്ടറെ സമീപിക്കുക. അപ്പൊ എല്ലാ ശ്രോതാക്കൾക്കും ഒരിക്കൽ കൂടി ആരോഗ്യദിനാശംസകൾ.

• * * * *
പ്രിയ ശ്രോതാക്കളെ, ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ഡോക്ടർ മനോജ് വെള്ളനാട് അവതരിപ്പിച്ച ആരോഗ്യരംഗം സമാപിക്കുന്നു. അടുത്തതായി യുഗ്മഗാനങ്ങൾ.. ആദ്യഗാനം.....

©മനോജ്‌ വെള്ളനാട്
3 comments:

  1. ഈ ഗൂഗിൾ ഡോക്റ്റർ ഒരു വല്ലാത്ത പഹയനാണ് കേട്ടോ

    ReplyDelete