പെണ്ണുങ്ങൾ: ഫ്രം വേസ്റ്റ് ബാസ്കറ്റ് റ്റു വൈഫൈ

കാലുകൊണ്ടു ബക്കറ്റിന്റെ ചുവട്ടിലെ ഒരു പെഡലിൽ ചവിട്ടുമ്പോൾ മൂടി താനേ തുറക്കുന്ന തരം വേസ്റ്റ് ബാസ്കറ്റുകൾ നമ്മളെല്ലാവരും കണ്ടിട്ടുണ്ടാവും. ഉപയോഗിച്ചിട്ടുമുണ്ടാവും. ഇപ്പോളത് സർവ്വസാധാരണമാണ്. വളരെ ലളിതമായൊരു സംവിധാനമാണതിന്റേത്. പക്ഷെ അത്രയേറെ സൗകര്യപ്രദവും. ഇതേറ്റവുമധികം ഉപയോഗം വരുന്നത് അടുക്കളയിലാണല്ലേ. അധികം കുനിയുകയും നിവരുകയുമൊന്നും ചെയ്യാതെ വീട്ടമ്മമാർക്ക് അടുക്കള മാലിന്യങ്ങൾ ശേഖരിക്കാൻ ഈ പാദനിയന്ത്രിത മാലിന്യസംഭരണി വലിയൊരു സഹായമാണ്. അടുക്കളയിൽ പാചക പരീക്ഷണങ്ങൾക്കൊപ്പം താൻ പഠിച്ച എഞ്ചിനീയറിംഗ്  പരീക്ഷണങ്ങളും നടത്താറുണ്ടായിരുന്ന ലില്ലിയൻ ഗിൽബ്രെത് എന്ന വീട്ടമ്മയായിരുന്നു ഈ കണ്ടുപിടിത്തത്തിനുപിന്നിൽ. ഇതുപോലെ നമ്മുടെ ജീവിതത്തെ അയത്നലളിതമാക്കുന്ന ധാരാളം കണ്ടുപിടിത്തങ്ങൾ നടത്തിയ സ്ത്രീകളുണ്ട്. ഫാരഡേയുടെ വൈദ്യുതി പോലെ, എഡിസന്റെ ബൾബ് പോലെ പിന്നീടത് ഒഴിവാക്കിയൊരു ജീവിതം ചിന്തിക്കാൻ കഴിയാത്തത്ര സ്വാധീനമുള്ള കണ്ടുപിടിത്തങ്ങൾ. ഈ വനിതാ ദിനത്തിൽ അവരിൽ ചിലരെ പരിചയപ്പെടുത്താം.

Necessity is the mother of inventions എന്നാണല്ലോ. ലില്ലിയൻ ഗിൽബ്രെത്തിനെ പോലെ ഇനി പറയുന്ന പലരെയും ആവശ്യങ്ങളാണ് കണ്ടുപിടിത്തങ്ങളുടെ അമ്മയാക്കിയത്. അങ്ങനൊരു അമ്മയുടെ കണ്ടുപിടിത്തമായിരുന്നു നമ്മുടെ ഫ്രിഡ്ജ്. ഇന്നിപ്പോൾ ഫ്രിഡ്ജില്ലാത്ത വീടുകൾ വിരളമാണ്. തണുപ്പിക്കാനുള്ള സൗകര്യങ്ങൾ ചിലത് നേരത്തേയുണ്ടെങ്കിലും, വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ആദ്യത്തെ റഫ്രിജറേറ്റർ നിർമ്മിച്ചത് ഫ്ലോറൻസ് പാർപ്പെർട്ട് എന്ന വനിതയാണ്. പാർപ്പെർട്ട് ആന്റി ഫ്രിഡ്ജ് കണ്ടുപിടിച്ചപ്പോൾ നമ്മുടെ ഗിൽബ്രെത്താന്റി എന്തു ചെയ്തെന്നോ, ഫ്രിഡ്ജിന്റെ വാതിലിൽ അറകളും തട്ടുകളുമുണ്ടാക്കി കൂടുതൽ സൗകര്യങ്ങളൊരുക്കി. നമ്മൾ പാലും മുട്ടയും ചോക്‌ലേറ്റുമൊക്കെ വാങ്ങി വയ്ക്കുന്ന തട്ടില്ലേ, അതു തന്നെ. നിസാരമെന്ന് ചിരിച്ച് തളളണ്ടാ, ഇതിനെല്ലാം പേറ്റൻസി ഉള്ളതാണ്.

ഫ്ലോറൻസ് പാർപ്പെർട്ട്

പേറ്റൻറിന്റെ കാര്യം പറഞ്ഞപ്പോഴാണ് പേരൻസിന്റെ കാര്യമോർത്തത്. ഇന്നിപ്പോൾ കുഞ്ഞുകുട്ടികൾ വീട്ടിലുണ്ടെങ്കിൽ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിട്ടുണ്ട്, ഡിസ്പോസബിൾ ഡയപേഴ്സ്. തന്റെ കുഞ്ഞിന്റെ അടിവസ്ത്രങ്ങൾ അടിക്കടി മാറ്റേണ്ട അവസ്ഥ വന്നപ്പോൾ ഒരു പാരന്റിന്റെ ബുദ്ധിയിലുദിച്ചതാണ് ഉപയോഗിച്ചശേഷം മാറ്റാവുന്ന ഡയപ്പർ. മാരിയൺ ഡോണൊവാൻ എന്നായിരുന്നു അവരുടെ പേര്. വീട്ടിലെ തയ്യൽ മെഷീനിൽ ഷവർ കർട്ടൻ തുണി ഉപയോഗിച്ചാണ് ആദ്യ വാട്ടർപ്രൂഫ് ഡയപ്പർ ഡോണോവാൻ ഉണ്ടാക്കിയത്. തുടർന്നുള്ള പരീക്ഷണങ്ങൾ അവരെ ഡിസ്പോസബിൾ ഡയപ്പറിലേക്കു നയിച്ചു. എന്നിട്ടവരത് ബിസിനസാക്കി. പിന്നീട് 1961ൽ കണ്ടുപിടിത്തത്തിന്റെ പേറ്റൻസി വിക്ടർ മിൽസ് എന്നയാൾക്കു പത്തു മില്യൺ ഡോളറിന് വിറ്റു. അങ്ങനെ നമുക്കെല്ലാം സുപരിചിതമായ 'പാമ്പേഴ്സ്' എന്ന ബ്രാൻഡുണ്ടായി.


ഇത്രയും പറഞ്ഞപ്പോൾ വിചാരിക്കും കണ്ടുപിടിത്തത്തിന്റെ കാര്യത്തിലാണേലും പെണ്ണുങ്ങൾക്ക് അടുക്കളയും കുഞ്ഞിനെ നോട്ടവും മാത്രമാണ് പ്രധാനമെന്ന്. അവിടെ തെറ്റി. വീടിന് പുറത്തിറങ്ങി ആ കാർ പോർച്ചിലോട്ട് നോക്കിയേ. കാറിന്റെ 'വൈപ്പർ' കണ്ടോ? അത് പെൺബുദ്ധിയുടെ ഉത്പന്നമാണ്. അത്രയും കാലം കാറോട്ടിയിരുന്ന ആണുങ്ങൾക്കൊന്നും തോന്നാതിരുന്ന ഐഡിയ ആയിരുന്നു മേരി ആൻഡേഴ്സൺ എന്ന അമേരിക്കൻ റിയൽ എസ്‌റ്റേറ്റ് ഡവലപ്പർക്ക് തോന്നിയത്. അകത്തുനിന്നും കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു ആൻഡേഴ്സന്റെ വിൻഡ് ഷീൽഡ് വൈപ്പർ. അതിന്റെ മോട്ടോറൈസ്ഡ് രൂപമാണിന്ന് നമ്മുടെയൊക്കെ കാറിലുള്ളത്.

മറ്റൊരു അമേരിക്കൻ അമ്മയുണ്ടായിരുന്നു. പേര്, മേരി വാൻ ബ്രിട്ടൻ ബ്രൗൺ. അവർ വീട്ടിൽ പലപ്പോഴും ഒറ്റയ്ക്കായിരുന്നു. ചുറ്റുപാടുകളിൽ കുറ്റകൃത്യങ്ങൾ കൂടുന്നതിനാൽ ഭയപ്പെട്ടാണ് അവർ വീട്ടിൽ കഴിഞ്ഞിരുന്നത്. അവരുടെ നഗരമായ ന്യൂയോർക്കിൽ എന്തെങ്കിലും ആവശ്യങ്ങൾക്കായി പൊലീസിനെ വിളിച്ചാൽ 'സാ' മട്ടിലായിരുന്നു പ്രതികരണം. അതുകൊണ്ട് വീടിന് പുറത്തു നടക്കുന്ന കാര്യങ്ങൾ അകത്തിരുന്ന് കാണുവാനായി കുറച്ച് ക്യാമറകളും മോണിറ്ററും സംഘടിപ്പിച്ച്, ഒരു 'ഹോം സെക്യൂരിറ്റി സിസ്റ്റം' അവർ സ്വയമുണ്ടാക്കി. ഇതാണ് ഇന്നു നമ്മൾ മുക്കിനു മുക്കിനു വയ്ക്കുന്ന സിസിടിവി സംവിധാനത്തിന്റെ തുടക്കം. അതെ സിസിടിവിയുടെ പേറ്റന്റുംയും പെണ്ണിന്റെ പേരിലാണ്.പോളണ്ടിനെ പറ്റി ഒരക്ഷരം പറയരുതെന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് പോളിഷുകാരിയായ മേരി ക്യൂറിയെ പറ്റിയും മിണ്ടുന്നില്ല. അവരെ പറ്റി അറിഞ്ഞേ പറ്റുന്നുള്ളവർ, മേരിയുടെ നോട്ടുപുസ്തകം നോക്കിയാ മതി. അതേ കാരണം കൊണ്ടുതന്നെ പോളിഷുകാരിയായ സ്റ്റെഫൈൽ ക്വോളെക്ക് കണ്ടെത്തിയ കെവ്ലാർ എന്ന കൃത്രിമനാരുകളെ പറ്റിയോ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും മറ്റും ഉണ്ടാക്കാൻ അതാണുപയോഗിക്കുന്നതെന്നോ ഒരക്ഷരം പോലും പറയുന്നില്ല.

ഇടയ്ക്കൊരു സിനിമാ ഡയലോഗ് കയറി വന്നതോണ്ട്, ഒരു സിനിമാനടിയുടെ കാര്യം കൂടി പറഞ്ഞിട്ടിതങ്ങ് അവസാനിപ്പിക്കാം. ഹേഡി ലാമാർ എന്നായിരുന്നു അവരുടെ പേര്. ആസ്ട്രേലിയേന്ന് അമേരിക്കക്ക് പോയ അവർ കൂട്ടുകാരനായ ജോർജ് അന്തേലുമായി ചേർന്ന് ഒരു കണ്ടുപിടിത്തം നടത്തി. വയർലെസ് ആശയവിനിമയത്തിനുള്ള സ്പ്രെഡ് സ്പെക്ട്രം & ഫ്രീക്വൻസി ഹോപ്പിംഗ് എന്ന സാങ്കേതിക വിദ്യയായിരുന്നു അത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ശത്രുക്കൾ രഹസ്യസന്ദേശങ്ങൾ ചോർത്തുന്നതും ജാമാക്കുന്നതും തടയാനായിരുന്നു ഇത് കണ്ടെത്തിയത്. പക്ഷെ, യുദ്ധം കഴിഞ്ഞ ലോകം ആ കണ്ടുപിടിത്തത്തെയും അതിന്റെ അടിസ്ഥാനാശയത്തെയും കൂടെക്കൂട്ടി. പിന്നതൊരു വിപ്ലവമായി. എങ്ങനെയെന്നോ? ഇപ്പോൾ നിങ്ങളുടെ കൈയിലിരിക്കുന്ന മൊബൈൽ ഫോൺ, അതിലെ ബ്ലൂടൂത്ത്, വൈഫൈ ഒക്കെ ഈ സിനിമാ നടിയുടെയും കൂട്ടുകാരന്റെയും കണ്ടുപിടിത്തത്തിന്റെ തോളിലിരുന്നാണ് പ്രവർത്തിക്കുന്നത്.

അന്വേഷിച്ചു ചെന്നാൽ ഇനിയും കാണാം ധാരാളം വനിതകളെയും അവരുടെ നേട്ടങ്ങളെയും. ഇഞ്ചക്ഷൻ സിറിഞ്ച് മുതൽ ആദ്യ കമ്പ്യൂട്ടർ സോഫ്റ്റ് വെയർ വരെ കണ്ടെത്തിയ വനിതകളെക്കൊണ്ട് ആ നിരയങ്ങ് ഇനിയുമൊരുപാട് നീളും. ഇവിടെ ദൈനംദിന ജീവിതത്തിൽ നമ്മൾ കാണുന്ന, ഉപയോഗിക്കുന്ന ചില സാമഗ്രികളിലൂടെ കുറച്ചു വനിതാരത്നങ്ങളെ പരിചയപ്പെടുത്തിയെന്ന് മാത്രം. ജെൻഡർ ഡിസ്ക്രിമിനേഷൻ ചോദ്യം ചെയ്യപ്പെടേണ്ട ഒരു ക്രൈമാണെന്നും ശാസ്ത്രത്തിന് മുന്നിൽ അങ്ങനൊരു വ്യത്യാസവുമില്ലെന്നും സ്ത്രീകളുടെ ലോകം അടുക്കള മുതൽ ആകാശം വരെ വിസ്തൃതമായതാണെന്നും ഓർമ്മിപ്പിച്ചു കൊണ്ട്, വനിതാ ദിനത്തിൽ എല്ലാവർക്കുമായി ഈ കുറിപ്പ് ഡെഡിക്കേറ്റ് ചെയ്യുന്നു.
©മനോജ്‌ വെള്ളനാട്

1 comment: