മോഡിയുടെ ടെമ്പർ, നെഹ്രുവിന്റെയും

ടെമ്പർ എന്ന ഇംഗ്ലീഷ് വാക്കിന്റെ പല അർത്ഥങ്ങളിൽ പ്രധാനി 'മനോഭാവം' എന്നതാണ്. ഒരു വ്യക്തിയുടെ മനോഭാവത്തിന്റെ ദിശയായിരിക്കും അയാളുടെ വളർച്ചയുടെയും ദിശ. അയാളൊരു നേതാവാണെങ്കിൽ, ആ പ്രസ്ഥാനത്തിന്റെ ദിശയും അതായിരിക്കും. ഇനി അയാളൊരു രാജ്യാധിപൻ ആണെങ്കിൽ, ആ രാജ്യത്തിനും മറിച്ചൊരു സാധ്യതയേയില്ല.

'ടെമ്പർ' എന്ന വാക്ക് നമ്മൾ കൂടുതലും ഉപയോഗിച്ചു കണ്ടിട്ടുള്ളത് ശാസ്ത്രവുമായി ബന്ധപ്പെട്ടായിരിക്കും. Scientific temper. അതിനെ മലയാളീകരിച്ചാൽ ഏതാണ്ട്, 'ശാസ്ത്രാവബോധത്തിൽ അധിഷ്ഠിതമായ മനോഭാവ'മെന്ന് പറയാം. എന്നുവച്ചാൽ കാര്യങ്ങളെ വസ്തുനിഷ്ടമായും ശാസ്ത്രീയമായും വിലയിരുത്താനുള്ള ശേഷി. മോഡി പഠിച്ച ഡിക്ഷണറിയേതെന്നറിയില്ല. പക്ഷെ ദീർഘവീക്ഷണം, വസ്തുനിഷ്ടം, ശാസ്ത്രാവബോധം തുടങ്ങിയ വാക്കുകളൊന്നും ഇല്ലാത്ത ഏതോ ഒന്നാണെന്ന് മാത്രമറിയാം. അതദ്ദേഹം കൂടെയുള്ളവർക്കും ഫാൻസിനും ടീ ഷർട്ട് വിൽക്കുന്ന പോലെ വിറ്റിട്ടും ഉണ്ട്.  എന്നാൽ പൂജ നടത്തിയ ശേഷം ഉപഗ്രഹവിക്ഷേപം നടത്തിയിരുന്ന ഇന്ത്യക്കാരുടെ 'സയന്റിഫിക് ടെമ്പർ' മോഡി വന്ന ശേഷമാണ് നഷ്ടപ്പെട്ടതെന്ന് പറഞ്ഞാൽ അതും തെറ്റാണ്.

നമ്മളിന്ത്യക്കാർക്ക് അതിനുമാത്രം ടെമ്പറൊന്നും ഇല്ലായിരുന്നു. ആ ഇല്ലായ്മയെ മോഡിയും ടീമും പരമാവധി ഉപയോഗിച്ചുവെന്നേയുള്ളൂ. നേതാവിനില്ലാത്ത ടെമ്പർ നമുക്കെന്തിനെന്ന് കൂട്ടാളികളും കരുതി. അവിടെയാണ് ചാണകത്തിലെ പ്ലൂട്ടോണിയം, കണ്ണീർ കുടിച്ചുള്ള ഗർഭധാരണം, രാവണന്റെ വിമാനം, ഗണപതിയുടെ പ്ലാസ്റ്റിക് സർജറി തുടങ്ങിയവയൊക്കെ ഗവേഷണവിഷയവും സർവകലാശാല ചോദ്യപേപ്പറിലെ സ്ഥിരം സാന്നിധ്യവുമൊക്കെ ആയത്.

അങ്ങനൊരു ടെമ്പർ ഒരു ദിവസമോ കുറേ വർഷങ്ങളോ കൊണ്ടുണ്ടാക്കിയെടുക്കാനും പാടാണ്. 'സയന്റിഫിക് ടെമ്പറി'ല്ലാത്ത ഡിക്ഷണറിയുള്ള ആ ടീം ലീഡറുടെ ഇന്നത്തെ പ്രസംഗം തുറന്നുവിട്ട ചർച്ചകൾ, ഉപഗ്രഹങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ ജവഹർലാൽ നെഹ്രുവെന്ന ആദ്യ പ്രധാനമന്ത്രിയിലെത്തി നിൽക്കുവാണ്. നെഹ്രുവിനെയോ നെഹ്രുവിന്റെ പുസ്തകങ്ങളെയോ വായിച്ചിട്ടുള്ളവർക്കറിയാം, ഇന്ത്യയുടെ മാത്രമല്ലാ, ലോകം കണ്ടിട്ടുള്ള ഏറ്റവും പ്രതിഭാധനനായ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹമെന്ന്. അദ്ദേഹം ചെയ്തിട്ടുള്ള ഓരോ കാര്യങ്ങളിലും ഈ 'സയന്റിഫിക് ടെമ്പർ' ആലേഖനം ചെയ്തിട്ടുണ്ട്. അദ്ദേഹം വെറുതെ ലോകസഞ്ചാരം നടത്തിയില്ല. പക്ഷെ പതിറ്റാണ്ടുകൾക്കപ്പുറം ലോകമെങ്ങോട്ട് സഞ്ചരിക്കുമെന്ന് കൃത്യമായ വീക്ഷണമുള്ള ആളായിരുന്നു. പിൻഗാമികളായി വന്ന നേതാക്കൾക്കൊന്നുമില്ലാത്ത ആ 'ടെമ്പർ' തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും.

'സയന്റഫിക് ടെമ്പറി'നെ പറ്റി മാത്രമാണീ കുറിപ്പ്. രാഷ്ട്രീയമൊന്നുമില്ല. നമ്മുടെ ഒരുകാലിപ്പോഴും ചാണകക്കുഴിയിലാണ്. അത് മോഡി വരുന്നതിനു മുമ്പേ അങ്ങനെയാണ്. പുള്ളിയുടെ ടീം കൂടുതൽ ചാണകം ആ കുഴിയിലിട്ടെന്നേയുള്ളു. അതോണ്ട് ചൊവ്വയിലേക്ക് കുതിക്കുന്നതിന് മുമ്പ് നമ്മൾ ചാണകക്കുഴിയിൽ നിന്നും ആ കാലുകൂടി എടുത്ത് കരയ്ക്കു വയ്ക്കണം. അതിന് നമുക്ക് സയന്റഫിക് ടെമ്പറുള്ള നേതാവുണ്ടാവണം. ഉണ്ടാകുമെന്ന് പ്രത്യാശിക്കാം.


ഒരു കാര്യം കൂടി, ഈ 'സയന്റഫിക് ടെമ്പർ' എന്ന വാക്ക് ആരുടെ സംഭാവനയെന്നറിയാമോ? മറ്റാരുമല്ല, പണ്ഡിറ്റ് ജവഹർലാൽ നെഹ്രു തന്നെയാണ് ഇംഗ്ലീഷ് ഭാഷയ്ക്ക് അങ്ങനൊരു വാക്കും സമ്മാനിച്ചത്. അദ്ദേഹത്തിന്റെ 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകത്തിലാണതുള്ളത്. അതൊക്കെ വായിക്കുന്നതും നല്ലതാണ്.


1 comment:

  1. നമ്മളിന്ത്യക്കാർക്ക് അതിനുമാത്രം ടെമ്പറൊന്നും ഇല്ലായിരുന്നു. ആ ഇല്ലായ്മയെ മോഡിയും ടീമും പരമാവധി ഉപയോഗിച്ചുവെന്നേയുള്ളൂ. നേതാവിനില്ലാത്ത ടെമ്പർ നമുക്കെന്തിനെന്ന് കൂട്ടാളികളും കരുതി. അവിടെയാണ് ചാണകത്തിലെ പ്ലൂട്ടോണിയം, കണ്ണീർ കുടിച്ചുള്ള ഗർഭധാരണം, രാവണന്റെ വിമാനം, ഗണപതിയുടെ പ്ലാസ്റ്റിക് സർജറി തുടങ്ങിയവയൊക്കെ ഗവേഷണവിഷയവും സർവകലാശാല ചോദ്യപേപ്പറിലെ സ്ഥിരം സാന്നിധ്യവുമൊക്കെ ആയത്.

    ReplyDelete