പേവിഷ കുത്തിവയ്പ്പ് / Rabies Vaccine

കഴിഞ്ഞ ആഴ്ചയിലെ ഒരു വൈകുന്നേരം. മെഡിക്കൽ കോളേജിലെ ഒരു സീനിയർ സിസ്റ്റർ വിളിച്ചു ചോദിച്ചതാണ്, അവരുടെ കുഞ്ഞിനെ വീട്ടിലെ പട്ടി ചെറുതായൊന്ന് മാന്തി. വാക്സിനെടുക്കണോ? ഇഞ്ചക്ഷനെടുക്കാൻ അവനുമൊരു പേടി. കൊണ്ടുപോകാൻ അവർക്കും മടി. എടുത്തില്ലെങ്കിലും കുഴപ്പമില്ലല്ലോ ല്ലേ. എന്നൊക്കെ പറയുന്നു. ഞാനവരെ നിർബന്ധിച്ചു, ആദ്യത്തെ 3 ഡോസ് എന്തായാലും എടുക്കണമെന്ന് നിർദ്ദേശിച്ച് വിട്ടു.

ഇന്നലെ SAT ആശുപത്രിയിൽ 15 മാസം പ്രായമായ കുഞ്ഞ് പേവിഷ ബാധമൂലം മരിച്ചതായറിയുന്നത് രാവിലെയാണ്. അതുകണ്ടപ്പൊ തന്നെ ആദ്യം ആ സിസ്റ്ററെ വിളിച്ചു ചോദിച്ചു, അന്ന് വാക്സിനെടുത്തല്ലോ അല്ലേ? അവന് അന്നു തന്നെ വാക്സിനെടുത്തായിരുന്നു. അവൻ മാത്രമല്ലാ, പിന്നീട് ആ വീട്ടിലെല്ലാവരും എടുത്തു. കാരണം, ആ പട്ടി 3 ദിവസം കഴിഞ്ഞപ്പൊ മരിച്ചുപോയി. 😥

പിടിപെട്ടു കഴിഞ്ഞാൽ ദാരുണമായ മരണമുറപ്പുള്ളതും എന്നാൽ പ്രതിരോധകുത്തിവയ്പ്പ് കൃത്യസമയത്തിനുള്ളിലെടുത്താൽ 100% ഒഴിവാക്കാവുന്നതുമാണ് പേ വിഷ ബാധ.

പട്ടി /പൂച്ച / വളർത്തുമൃഗങ്ങൾ / വവ്വാൽ ഇവയുടെ കടി, മാന്തൽ, മുറിവുള്ളയിടത്തെ നക്കൽ ഒക്കെ ഉണ്ടായാൽ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യാൻ മടിക്കരുത്.💥മുറിവ് നന്നായി സോപ്പ് തേച്ച് കഴുകണം. റാബീസ് വൈറസിന് സോപ്പിനെ ഭയങ്കര പേടിയാണ്. കുറേയെണ്ണം അങ്ങനെ ചത്തോളും.

💥നേരെ അടുത്തുള്ള ആശൂത്രീ പോവുക. ഡോക്ടറെ കാണുക. നിർദ്ദേശപ്രകാരം TT വേണമെങ്കിലതും ആദ്യ ഡോസ് ആന്റി റാബീസ് കുത്തിവയ്പ്പുമെടുക്കുക. അതാണ് '0' ഡോസ്. സർക്കാർ ആശുപത്രിയിൽ ഈ കുത്തിവയ്പ്പ് സൗജന്യമാണ്.

💥ഇമ്യൂണോ ഗ്ലോബുലിൻ വേണ്ടി വന്നാൽ മാത്രം കാശാവും. മുറിവേത് കാറ്റഗറിയിൽ പെടുമെന്ന് നോക്കിയിട്ടാണ് ഡോക്ടറിതൊക്കെ തീരുമാനിക്കുന്നത്.

💥പട്ടി കടിച്ച മുറിവ് സാധാരണഗതിയിൽ തുന്നാറില്ല. അത് താനേ ഉണങ്ങി വരണം. അതിന് ആന്റിബയോട്ടിക് കഴിക്കണം.

💥0, 3, 7, 28, 90 ഇങ്ങനെയാണ് ഈ ഇഞ്ചക്ഷൻ എടുക്കേണ്ട ദിവസങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഇനി വരേണ്ട ദിവസമൊക്കെ ഡോക്ടർ കൃത്യമായി എഴുതിത്തരും. അന്നുതന്നെ വന്നു വാക്സിനെടുക്കണം.

💥കടിച്ച പട്ടിയെ കെട്ടിയോ കൂട്ടിലോ ഇടണം. രോഗലക്ഷണമില്ലാത്ത മൃഗത്തെ കടി കിട്ടിയ കലിപ്പിൽ തല്ലിക്കൊല്ലരുത്. കെട്ടിയിടുന്നത്, എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ടോന്ന് നോക്കാനാണ്. രോഗബാധയുള്ളതാണെങ്കിൽ 10 ദിവസത്തിനകം അത് ഇഹലോകം വെടിഞ്ഞോളും.

💥10 ദിവസം കഴിഞ്ഞും പ്രശ്നമില്ലെങ്കിൽ അവനെ / അവളെ വീണ്ടും സ്നേഹിക്കുന്നതിൽ തെറ്റില്ല. എന്നാലും നിങ്ങൾ കുത്തിവയ്പ്പ് കംപ്ലീറ്റ് ചെയ്തേക്കണം. അവനെയും കൊണ്ടുപോയി കുത്തി വയ്പ്പിക്കണം. അതും മസ്റ്റാണ്.

💥ഇനി കുത്തിവയ്പ്പെടുത്തിട്ടുള്ള പട്ടിയാണെങ്കിലും കടി കിട്ടിയാൽ റിസ്കെടുക്കാതിരിക്കുന്നതാവും നല്ലത്. നിങ്ങൾ ഇഞ്ചക്ഷൻ എടുക്കണം.

💥തെരുവ് നായയൊക്കെ ആണെങ്കിൽ അവിടെ പിന്നെയീ സന്ദേഹത്തിന്റെ സാധ്യതയേയില്ല. എല്ലാ ഡോസ് ഇഞ്ചക്ഷനും എടുത്തിരിക്കണം.

💥പേവിഷബാധ പട്ടികടിയേറ്റ് വർഷങ്ങൾക്ക് ശേഷം വന്ന ചരിത്രമൊക്കെയുണ്ട്. അതോണ്ട് ഇതൊന്നും ചെറിയ കാര്യമല്ല ഷാനീ..

മനോജ്‌ വെള്ളനാട്

1 comment:

  1. എല്ലാം ആരോഗ്യപരമായ അറിവ് പകരുന്ന ലേഖനങ്ങൾ ..
    അഭിനന്ദനങ്ങൾ കേട്ടോ ഭായ്

    ReplyDelete