ആ കേൾവി ഒന്ന് പരിശോധിക്കൂ, പ്ലീസ്!

ശബ്ദമളക്കുന്ന യൂണിറ്റാണ് ഡെസിബെല്‍(dB). മനുഷ്യന് കേള്‍ക്കാന്‍ കഴിയുന്ന ഏറ്റവും ചെറിയ ശബ്ദമാണ് 0dB. ശബ്ദം 10dB യില്‍ നിന്നും 20dB ആകുമ്പോള്‍ ശബ്ദത്തിന്‍റെ തീവ്രത 1000 മടങ്ങാണ് കൂടുന്നത്. നമ്മള്‍ സാധാരണ സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദതീവ്രത 60dB യാണ്. ജനനിബിഡമായ ഒരു സിറ്റിയിലെ പകല്‍ സമയത്തെ ശബ്ദം 70dB യാണ്. ആലോചിച്ചുനോക്കുക 60dBയില്‍നിന്നും 70dB ആയപ്പോള്‍ ശബ്ദം എത്രമാത്രം വലുതായെന്ന്. ഒരു ഹെലിക്കോപ്റ്റര്‍ ഉണ്ടാക്കുന്നശബ്ദം 100dB യാണ്. അമിട്ടുകള്‍ പൊട്ടുമ്പോള്‍ ഉണ്ടാകുന്നത് 130dB യ്ക്കും മുകളിലുള്ള ശബ്ദങ്ങളാണ്.

85dB യ്ക്ക് മുകളിലുള്ള ശബ്ദം വീണ്ടും വീണ്ടും കേള്‍ക്കുന്നത് കേള്‍വിക്കുറവിന് കാരണമാകും. ശബ്ദതീവ്രത എത്രകൂടുമോ കേള്‍വിക്കുറവ് വരാനുള്ള കാലതാമസം അത്രയും കുറയും. കേള്‍വിക്കുമാത്രമല്ല തലച്ചോറിന്‍റെയും ഹൃദയത്തിന്‍റെയും രക്തക്കുഴലുകളുടെയും ഒക്കെ പ്രവര്‍ത്തനങ്ങളെ വലിയശബ്ദങ്ങള്‍ ബാധിക്കും. മാനസികരോഗങ്ങള്‍ പെരുകും.

ഇന്ന് (മാർച്ച് 3) ലോക കേൾവിദിനമാണ്. 2019-ലെ ലോക ശ്രവണദിനസന്ദേശം 'നിങ്ങളുടെ കേൾവി പരിശോധിക്കൂ' (Check Your Hearing) എന്നതാണ്. ലോകമെമ്പാടും ഏകദേശം 46 കോടി ആളുകൾക്ക് ശ്രവണവൈകല്യമുണ്ടെന്നാണ് കണക്ക്. അതിൽ ഭൂരിഭാഗവും ഇന്ത്യപോലെയുള്ള വികസ്വരരാജ്യങ്ങളിലാണ്. ശ്രദ്ധിക്കപ്പെടാതെയും ചികിത്സിക്കപ്പെടാതെയും പോകുന്ന കേൾവിക്കുറവ് കാരണം മാനവവിഭവശേഷിയിലുണ്ടാവുന്ന നഷ്ടം വളരെ വലുതാണ്. അതുകൊണ്ടു തന്നെ കേൾവിക്കുറവ് നേരത്തേ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരിക്കുകയാണ് ഇത്തവണത്തെ ശ്രവണദിനത്തിൽ ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം. ആവശ്യത്തിലധികമുള്ള ശബ്ദം മറ്റേതൊന്നും പോലെ തന്നെ ഒരു മാലിന്യമാണ്. അതുച്ചഭാഷിണിയായാലും വണ്ടിയുടെ ഹോണായാലും ഉറക്കെയുള്ള സംഭാഷണമായാലും അങ്ങനെയാണ്. നമ്മുടെ നാട്ടിൽ ഉത്സവങ്ങളുടെയും തെരഞ്ഞെടുപ്പുകളുടെയും ഒക്കെ സീസണായതിനാൽ ഈ മാലിന്യം വല്യൊരു കൂമ്പാരമാകാൻ കൂടി സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത അത്യാവശ്യമാണ്.

മനുഷ്യനെ സംബന്ധിക്കുന്ന കാര്യങ്ങളെ പറ്റിയാണ് ഇത്രനേരം പറഞ്ഞത്. ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ, നമ്മള്‍ അനുഭവിക്കുന്ന ഈ ലോകം നമ്മുടെ ഇന്ദ്രിയങ്ങളുടെ പരിമിതിയാണെന്ന്. നമുക്കുചുറ്റും നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും മാത്രമാണ് ശരിയെന്ന് വാദിക്കാന്‍ നമുക്ക് പറ്റുമോ? ഒരു നായയ്ക്ക് നമ്മള്‍ കാണുന്ന ചില നിറങ്ങള്‍ കാണാന്‍ പറ്റില്ല. പക്ഷെ നമ്മള്‍ അറിയാത്ത ആവൃത്തിയിലുള്ള ശബ്ദങ്ങളും നമ്മളറിയാത്ത ഗന്ധങ്ങളും അതിനറിയാം. അതിന്‍റെ ഇന്ദ്രിയങ്ങള്‍ പറയുന്നതാണ് ആ നായയെ സംബന്ധിച്ച് ഈ ലോകം. നമ്മള്‍ അനുഭവിക്കുന്നതല്ല, അതേ തീവ്രതയിലല്ല, മറ്റേതൊരു ജീവിയും ഈലോകത്തെ അനുഭവിക്കുന്നത്. നമ്മള്‍ കാട്ടിക്കൂട്ടുന്ന ഓരോ കാര്യങ്ങളും നമ്മളേക്കാള്‍ ഭീകരമായി ബാധിക്കുന്ന എന്തുമാത്രം ജീവജാലങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ശബ്ദമലിനീകരണം കൊണ്ടും അന്തരീക്ഷ മലിനീകരണം കൊണ്ടും കഷ്ടത അനുഭവിക്കുന്ന മറ്റു ജീവികളെക്കൂടി ഈ ദിനത്തിൽ ഓര്‍ക്കാം.1 comment: