ശാസ്ത്രം നിങ്ങൾ കരുതും പോലെ അമർചിത്രകഥയല്ല

എഡ്വേർഡ് ജെന്നർ, ലൂയി പാസ്ചർ, അലക്സാണ്ടർ ഫ്ലെമിംഗ്, വിൽഹം റോൺജൻ, ജോനസ് സാൽക്ക്, ആൽബർട്ട് സാബിൻ.  ഇവരെല്ലാം ശാസ്ത്രം പഠിക്കുന്ന, സ്കൂൾ കുട്ടികൾക്കു വരെ എത്ര പരിചിതമായ പേരുകളാണല്ലേ. ലോകത്തിന്റെ ഏതോ കോണുകളിൽ ജീവിച്ചിരുന്ന ഇവരെയൊക്കെ നമ്മളറിയാൻ, ഓർത്തിരിക്കാൻ ചില കാരണങ്ങളുണ്ട്.

ഇംഗ്ലണ്ടിലെ എഡ്വേർഡ് ജെന്നറെന്നയാൾ കണ്ടെത്തിയതാണ് വസൂരിയെന്ന മാരകരോഗത്തിനെതിരായ വാക്സിൻ. കോടിക്കണക്കിന് മനുഷ്യരെ മരണത്തിൽ നിന്നും, വൈകല്യങ്ങളിൽ നിന്നും ഈ കണ്ടുപിടിത്തം രക്ഷിക്കുകയുണ്ടായി. ഒരു മഹാരോഗത്തെ അതുമൂലം ഭൂമുഖത്തു നിന്നുതന്നെ തുടച്ചുമാറ്റാനും നമുക്കായി.
ലൂയി പാസ്ചറെന്ന ഫ്രഞ്ചുകാരൻ കണ്ടെത്തിയ പേവിഷ- ആന്ത്രാക്സ് വാക്സിനുകൾ ലോകത്താകെ ലക്ഷക്കണക്കിന് ജീവനുകളെ ഇന്നും രക്ഷിച്ചു പിടിക്കുന്നുണ്ട്. അസുഖം വന്നുകഴിഞ്ഞാൽ ഇന്നും ചികിത്സയില്ലാത്ത രോഗമാണ് പേവിഷബാധയെന്നതും കൂടി ഓർക്കണം. ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും കേടുകൂടാതെ സൂക്ഷിക്കാൻ ഇന്നും ഉപയോഗിക്കുന്ന പാസ്ചറൈസേഷൻ ടെക്നിക്കും അദ്ദേഹത്തിന്റെ സംഭാവനയാണ്.

ജർമൻകാരനായ റോൺട്ജനെന്നയാൾ കണ്ടെത്തിയ X-rays ആധുനികവൈദ്യശാസ്ത്രത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. വ്യക്തിഗതനേട്ടങ്ങൾക്കൊന്നും ഉപയോഗിക്കാതെ, പേറ്റൻസി പോലുമെടുക്കാതെ അദ്ദേഹമത് മാനവരാശിയ്ക്ക് സംഭാവന ചെയ്തു. ഇന്നിപ്പോള്‍ X-RAY ഇല്ലാതെ വൈദ്യശാസ്ത്രത്തിനു ചിന്തിക്കാന്‍ കൂടി കഴിയില്ല. കൃത്യമായ രോഗനിര്‍ണ്ണയത്തിനും കാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കും X-RAY ഇല്ലാതെ പറ്റാത്ത അവസ്ഥയാണ്‌. എല്ലുകളുടെ ഒടിവുകൾക്ക്, ഓരോ അവയവത്തെയും കൃത്യതയോടെ പഠിക്കുന്ന CT സ്കാന്‍, രക്തക്കുഴലുകളുടെ ANGIOGRAM, റേഡിയോ തെറാപി, ഫ്ലൂറോസ്കോപി അങ്ങനെ അനവധി നിരവധി കാര്യങ്ങള്‍ക്ക് X-RAY ഉപയോഗിക്കുന്നു. എയര്‍പോര്‍ട്ടുകളില്‍ ലെഗ്ഗെജ് സ്കാന്‍ ചെയ്യുന്നതും ഈ X-വികിരണങ്ങള്‍ ഉപയോഗിച്ച് തന്നെയാണ്. പല പഴയകാല പെയിന്റ്റിങ്ങുകളുടെയും കാലപ്പഴക്കം നിര്‍ണ്ണയിക്കാക്കാനും XRAY ഉപയോഗിക്കുന്നുണ്ട്. പിന്നെ സ്പെക്ട്രോസ്കോപി, X RAY ക്രിസ്റ്റല്ലോഗ്രഫി, ബഹിരാകാശ ഗവേഷണം. ഊർജതന്ത്രത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം റോൺജനായിരുന്നു.

സ്കോട്ടിഷുകാരനായിരുന്ന ഡോക്ടർ അലക്സാണ്ടർ ഫ്ലെമിംഗ് കണ്ടെത്തിയതായിരുന്നു, ആദ്യത്തെ ആന്റിബയോട്ടിക്കായ 'പെനിസിലിൻ'. വൈദ്യശാസ്ത്രത്തിന്റെ തലക്കുറിയും മനുഷ്യരാശിയുടെ നിരവധിയായ ആരോഗ്യാശങ്കകളും ആയുർദൈർഘ്യവും തിരുത്തിയെഴുതിയ ആ കണ്ടെത്തലിനും കിട്ടി നോബൽ സമ്മാനം. അതൊരു തുടക്കം മാത്രമായിരുന്നു. ശേഷമുള്ളത് ചരിത്രം.

അമേരിക്കക്കാരനായിരുന്ന ജോനസ് സാൽക്കാണ് ആദ്യത്തെ പോളിയോ വാക്സിൻ (ഇഞ്ചക്ഷൻ) കണ്ടെത്തിയത്. സൗജന്യമായി ലോകത്തെല്ലാവർക്കും കിട്ടാനായി, അതിന്റെ പേറ്റൻസി വേണ്ടാന്ന് വച്ചയാളാണദ്ദേഹം. ഇന്ന് ലോകത്ത് മൂന്ന് രാജ്യങ്ങളിലൊഴികെ (പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നൈജീരിയ) പോളിയോ എന്ന മഹാവ്യാധി ഇല്ലാതായത് അദ്ദേഹത്തിന്റെയും സാബിൻ (പോളിയോ തുള്ളി മരുന്ന് ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തമാണ്) എന്ന മറ്റൊരു ശാസ്ത്രജ്ഞന്റെയും കണ്ടുപിടിത്തങ്ങളാണ്.

സ്വന്തം അറിവും പരിശ്രമവും കഴിവും കൊണ്ടുണ്ടായ കണ്ടുപിടിത്തങ്ങളെ മനുഷ്യന്റെ അന്നോളമുള്ള ജീവിതത്തെ തന്നെ മാറ്റിമറിക്കാൻ വേണ്ടി സംഭാവന ചെയ്തവരാണിവരെല്ലാം. അതിനാലാണ് നാമവരെ ഇന്നും ഓർക്കുന്നത്.

ജർമൻകാരനായ റോൺജനെയും സ്കോട്ടിഷുകാരനായ ഫ്ലെമിംഗിനെയും അറിയുന്ന നമുക്ക് പക്ഷെ യെല്ലപ്രഗദ സുബ്ബറാവുവിനെ പറ്റി അറിവുണ്ടാവില്ല. അസിമ ചാറ്റർജിയെ പറ്റി കേട്ടിട്ടുകൂടി ഉണ്ടാവില്ല. കൂടിപ്പോയാൽ ഹർഗോവിന്ദ് ഖൊരാനയെ കേട്ടിരിക്കും. നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരനെന്ന പേരിൽ. ഇവരെല്ലാം ഇന്ത്യക്കാരാണ്. ഇന്ത്യക്കാരായ സി.വി.രാമനെയും H J ഭാഭയെയും വിക്രം സാരാഭായിയെയും അവരുടെ സംഭാവനകളെയും നമുക്കറിയാം. വൈദ്യശാസ്ത്രത്തിന് ഒരുപിടി സംഭാവനകൾ നൽകിയ സുബ്ബറാവുവിനെയും അസിമ ചാറ്റർജിയെയും  അറിയണം. ഇവരെ അറിയാത്തത് ഒരു തെറ്റോ കുറവോ ആണെന്നല്ല. പക്ഷെ അറിഞ്ഞിരിക്കുന്നത് ഒരാദരവും അംഗീകാരവും കൂടിയാണല്ലോ.ലോകത്തെ ആദ്യത്തെ കീമോതെറാപ്പി മരുന്നായ മെതോട്രെക്സേറ്റ്, മന്തുരോഗത്തിനെതിരെ ഫലപ്രദമായ ഏകമരുന്നായ Diethyl carbamazine (DEC) ഒക്കെ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് Y.P. സുബ്ബറാവു. ആന്ധ്രക്കാരനാണ്. ബയോകെമിസ്ട്രി എന്ന ശാസ്ത്രശാഖയുടെ വളർച്ചയിലെ നിർണായക കണ്ടുപിടിത്തമായിരുന്നു ഫോസ്ഫോക്രിയാറ്റിനും ATP യും കോശങ്ങൾക്കുള്ളിൽ അവയുടെ പ്രവർത്തനവും. ആ കണ്ടുപിടിത്തവും അദ്ദേഹത്തിന്റേതായിരുന്നു. ATP (Adenosine Tri Phosphate) യൊക്കെ സ്കൂൾ കുട്ടികൾക്ക് വരെ ഇന്ന് സുപരിചിതമാണ്, കോശങ്ങളിലെ ഊർജസംരംഭകർ എന്ന പേരിൽ. കാൻസറിന് (സ്തനാർബുദം, ലുക്കീമിയ, ലിംഫോമ, ശ്വാസകോശാർബുദം, എല്ലിലെ കാൻസർ) മാത്രമല്ല, റുമറ്റോയിഡ് ആർത്രൈറ്റിസ്, സോറിയാസിസ്, ക്രോൺസ് രോഗം എന്നിവയുടെ ചികിത്സയ്ക്കും എന്തിന് അണ്ഡവാഹിനിക്കുഴലിലുണ്ടാവുന്ന ഗർഭധാരണത്തിനും മറ്റു മെഡിക്കൽ അബോർഷനുകളിലും സർവ്വസാധാരണമായി ഇന്നും ഉപയോഗമുള്ളതാണ് ഈ Methotrexate. ചുരുക്കിപ്പറഞ്ഞാൽ കാൻസർ-വാതരോഗ-മന്തുരോഗ ചികിത്സകളിലെ വിപ്ലവമായിരുന്നു ഈ ഇന്ത്യക്കാരന്റെ കണ്ടുപിടിത്തങ്ങൾ.

അതുപോലൊരാളായിരുന്നു അസിമ ചാറ്റർജിയെന്ന ബംഗാളി ശാസ്ത്രജ്ഞയും. സസ്യങ്ങളിൽ നിന്നും കാൻസറിനും (Vinca alkaloids), അപസ്മാരത്തിനും മലമ്പനിയ്ക്കുമൊക്കെയുള്ള മരുന്നുകൾ വികസിപ്പിച്ചെടുത്ത ശാസ്ത്രലോകത്തെ ധീരയായ വനിതയായിരുന്നു അവർ. ഇന്ത്യൻ പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യപ്പെട്ട അവർക്ക് രാജ്യം പത്മവിഭൂഷൻ നൽകി ആദരിക്കുകയും ചെയ്തിരുന്നു. ന്യൂറോസർജറിരംഗത്തെ വലിയൊരു മാറ്റമായിരുന്നു, അറ്റ്ലാന്റോ ആക്‌സ്യൽ ഫേസറ്റൽ ഡിസ്ട്രാക്ഷൻ ആൻഡ് ക്രേനിയോ വെർട്ടിബ്രൽ റി അലൈൻമെന്റ് എന്ന ടെക്നിക്ക്. അതുൽ ഗോയലെന്ന മഹാരാഷ്ട്ര ക്കാരനായ ന്യൂറോസർജൻ രൂപവൽകരിച്ച ആ ടെക്നിക്ക് ഇന്ന് ലോകം മൊത്തം അംഗീകരിക്കപ്പെട്ടതാണ്. അതുപോലെ ജീവകോശത്തിനുള്ളിൽ ഒരു കൃത്രിമജീൻ നിർമ്മിച്ച ആദ്യ വ്യക്തിയായിരുന്നു ഹർഗോവിന്ദ് ഖൊറാന.  ബയോടെക്നോളജി, ജീൻ തെറാപ്പി തുടങ്ങിയ മേഖലകളിലെ പിന്നീടുള്ള വികാസത്തിന്റെ അടിത്തറ തന്നെ ഖൊറാനയുടെ ഈ കണ്ടുപിടിത്തമായിരുന്നു.വേറൊന്നിനുമല്ല. ഗണപതിത്തലയിലെ പ്ലാസ്റ്റിക് സർജറിയും ഋഷ്യശൃംഗന്റെ വന്ധ്യതാചികിത്സയും വ്യാസന്റെ ക്ലോണിംഗുമൊന്നുമല്ല ആധുനിക ചികിത്സാശാസ്ത്രത്തിന് ഇന്ത്യൻ സംഭാവനകളെന്ന് സൂചിപ്പിച്ചെന്നേയുള്ളു. ജെന്നറിനും റോൺജനുമൊപ്പം അറിഞ്ഞിരിക്കേണ്ട, ഓർത്തിരിക്കേണ്ട പേരുകൾ തന്നെയാണ് മേൽപ്പറഞ്ഞ ഇന്ത്യക്കാരൊക്കെയെന്നും ഡോക്ടർമാരുടെ കോൺഫറൻസുകളിലെങ്കിലും ആദരിക്കപ്പെടേണ്ടവർ സദ്ഗുരുവും ട്രിപ്പിൾ ശ്രീയുമൊന്നുമല്ലായെന്നും ഒരിക്കൽകൂടി സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.

©മനോജ്‌ വെള്ളനാട്

No comments:

Post a Comment