മലയാളിയുടെ മാതൃഭാഷ

1. WhatsApp- புலனம் - പുലനം

2. youtube - வலையொளி - വലൈയൊളി

3. Instagram - படவரி - പടവരി

4. WeChat - அளாவி - അളാവി

5.Messanger - பற்றியம் - പറ്റ്റിയം

രണ്ടുദിവസം മുമ്പ് കിട്ടിയ ഒരു വാട്സാപ്പ് മെസേജിലെ ചെറിയ ഭാഗമാണിത്. കാലത്തിനൊപ്പം, മാറ്റത്തിനൊപ്പം സ്വയം നവീകരിച്ചു കൊണ്ടിരിക്കുന്ന ഒരു ഭാഷയെ ഞെട്ടലോടെ വായിക്കുവായിരുന്നു.
മാതൃഭാഷയോട് ഒരു മനുഷ്യനുണ്ടായിരിക്കേണ്ട വിധേയത്വം നാം തമിഴനിൽ നിന്നും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ഓരോ സർക്കാർ കാര്യാലയങ്ങൾക്കും മുൻപിൽ ‘തമിഴ് വാഴ്‌ക‘ എന്ന് ആലേഖനം ചെയ്യുക മാത്രമല്ല, അത്യധികം ആദരപൂർവ്വം അതിന്റെ സമ്പന്നതയിൽ അഭിമാനിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ട് തമിഴർ.

ഇത്രയും വായിച്ചവർക്ക് ആദ്യം തോന്നിയിട്ടുണ്ടാവുക, ഇതാ അടുത്തത് മലയാളത്തെ തമിഴുമായി താരതമ്യം ചെയ്ത് താഴ്ത്തിക്കെട്ടാനുള്ള പുറപ്പാടാണെന്നായിരിക്കും. എന്നാലല്ലാ. ഭാഷയും മനുഷ്യരെപ്പോലെയാണ്. ഓരോരുത്തർക്കും അവരവരുടേതായ കഴിവുകളും കുറവുകളുമുണ്ടാവും.  അടുത്തവീട്ടിലെ കുട്ടി കൂടുതൽ മാർക്കുവാങ്ങിയതിന് സ്വന്തം കുഞ്ഞിനെ തല്ലുന്ന പോലെയേ ഉള്ളു തമിഴ് മലയാളം താരതമ്യം. സിനിമാറ്റോഗ്രഫി എന്നാൽ ഛായാഗ്രഹണം എന്നും എഡിറ്റിംഗ് എന്നാൽ ചിത്രസംയോജനമെന്നുമൊക്കെ മേൽ സൂചിപ്പിച്ചപോലെ മൊഴിമാറ്റമായി വന്ന മനോഹരങ്ങളായ മലയാളവാക്കുകൾ നമ്മളിന്നും ഉപയോഗിക്കുന്നുണ്ട്. എം.ടി.യും കൂട്ടരുമാണെന്ന് തോന്നുന്നു ഇതിനു പിന്നിൽ (എവിടെയോ വായിച്ചൊരോർമ്മ). പക്ഷെ, അടുത്തെങ്ങും നിത്യേന ഉപയോഗിക്കുന്ന ഏതെങ്കിലും പുതിയ ഇംഗ്ലീഷ് വാക്കുകൾക്ക് പകരമായി നല്ലൊരു മലയാളം വാക്കുണ്ടായതായി അറിയില്ല. അതു ഭാഷാ പണ്ഡിതരുടെ പ്രശ്നമൊന്നുമല്ല. മലയാളത്തിന് പരിമിതികളുണ്ട്. 52 അക്ഷരങ്ങളുടെ ഭാരമുണ്ട്. പുതിയ കാലത്തിന്റെ പുതിയ സംഗതികളെ അതിന്റെ ശരിയായ അർത്ഥത്തിൽ ഒറ്റവാക്കിൽ സ്വാംശീകരിക്കാൻ മലയാളത്തിന് ബുദ്ധിമുട്ടുണ്ടെന്ന് തന്നെയാണ് എന്റെ തോന്നൽ. ലളിതവും ആകർഷണീയവുമായ വാക്കുകൾ ഉണ്ടാക്കാൻ നമുക്ക് സാധിക്കാത്തത് അതുകൊണ്ടാണ്. ഭരണഭാഷ മലയാളമാക്കിയതിനു ശേഷം വന്ന ചില ഉദാഹരണങ്ങൾ നോക്കൂ. രജിസ്റ്റര്‍(പതിവേട്), അക്വിറ്റന്‍സ് (പറ്റുചീട്ട്), ഫെയര്‍ കോപ്പി (സുവാച്യപ്രതി), കാഷ്വല്‍ ലീവ് (ആകസ്മികാവധി), പെറ്റേണിറ്റി ലീവ് (പിതൃത്വാവധി), നോട്ടീസ് (പരിപത്രം). ഇതിൽ പിതൃത്വാവധി ഒഴികെയുള്ളതൊക്കെ പുതിയ ഒരു ഭാഷ പോലെ തോന്നുന്നു.

നമ്മുടെ മാതൃഭാഷയ്ക്ക് മങ്ങലേൽക്കുന്നു എന്നത് സത്യമാണ്. ലോകത്ത്‌ 7000 ത്തോളം ഭാഷകളാണ്‌ സംസാരഭാഷയായിട്ടുള്ളത്‌ എന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. അതില്‍ 96 ശതമാനം ഭാഷകളും ലോകജനസംഖ്യയുടെ നാലു ശതമാനത്തിൽ താഴെ മാത്രം ആളുകള്‍ സംസാരിക്കുന്നവയാണ്‌. ഇവയില്‍ ഏകദേശം നൂറ്‌ ഭാഷകള്‍ക്ക്‌ മാത്രമാണ്‌ ഭരണ-വിദ്യാഭ്യാസ തലത്തില്‍ മാന്യമായ സ്ഥാനമുള്ളത്‌. അവയിൽ മിക്കതിനും ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത്‌ അത്രവലിയ സ്ഥാനവുമില്ല. ആഗോളവല്‍ക്കരണത്തിന്റെ ഒരു പതിറ്റാണ്ട്‌ പിന്നിട്ടപ്പോഴേക്കും 50 ശതമാനം ഭാഷകളും മരണത്തിന്റെ വക്രത്തിലെത്തിയതാണ്‌ യുഎന്നിന്റെ വിലയിരുത്തൽ. ഭാഷ ആശയവിനിമയത്തിന്റെ ഉപാധി മാത്രമല്ലല്ലോ, അത്‌ സാമൂഹ്യ സമരസതയുടേയും വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതിയുടേയും നിദാനം കൂടിയാണ്‌. സര്‍വോപരി അത് സംസ്കാരത്തിന്റെ പ്രതീകവും! ഒരു ഭാഷക്ക്‌ മങ്ങലേല്‍ക്കുന്നു എന്നുവെച്ചാല്‍ ഒരു സംസ്ക്കാരം ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമാക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ്‌.

പരിമിതികൾക്കുള്ളിൽ നിന്നും ഓടുന്ന കാലത്തിനൊപ്പം നടന്നെത്താൻ മലയാളത്തെ സംബന്ധിച്ച് 'ഭരണഭാഷാ പദവി' കൊണ്ട് മാത്രം സാധിക്കില്ല. കഥയും കവിതയും നോവലുമൊക്കെയാണ് ഒരു ഭാഷയെ പ്രാദേശികമായി വളർത്തുന്നത്. എത്ര മികച്ച ഭാഷയ്ക്കും ആ പ്രാദേശികതയെ ഭേദിക്കാൻ സാധിക്കാത്തത് കൊണ്ടാണ് പലപ്പോഴും തർജമകൾ ആവശ്യമായി വരുന്നത് ( ഇംഗ്ലീഷ് ഒരു അപവാദമാണ്). എന്നാൽ ഈ പ്രാദേശികതയ്ക്കപ്പുറം വളരണമെങ്കിൽ ലോകം വളരുന്നതിനനുസരിച്ച് ഭാഷയും വളരണം. അല്ലെങ്കിൽ നിലവിലുള്ള ഭാഷയ്ക്കത് ഉൾക്കൊള്ളാൻ ശേഷിയുണ്ടാവണം. കഥകളിലും കവിതയിലും നോവലുകളിലും മാത്രം ജീവിക്കുന്ന ഒരു ഭാഷയ്ക്കത് അപ്രാപ്യമാണ്. പുതിയ ലോകം ശാസ്ത്രത്തിന്റെയും ഗവേഷണങ്ങളുടേതുമാണ്. ശാസ്ത്രപഠനവും ഗവേഷണങ്ങളും പ്രബന്ധങ്ങളും മലയാളത്തിൽ സംഭവിക്കുന്ന കാലത്ത് ഭാഷയ്ക്ക് ഒരൂർജ്ജം കൈവന്നേക്കും. മെഡിക്കൽ പുസ്തകങ്ങൾ പൂർണമായും മലയാളത്തിൽ വരുന്നതും കുട്ടികളത് പഠിക്കുന്നതും പഠിപ്പിക്കുന്നതും എന്തായാലും ഇപ്പോഴെന്റെ സങ്കൽപ്പത്തിലില്ല. ക്രമേണ സംഭവിക്കാം. ലോകത്തു പലയിടത്തും സംഭവിച്ചിട്ടുണ്ട്.

ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാദിനമാണ്. 1999 നവംബറിലാണ്‌ യുനെസ്കൊയുടെ പൊതുസഭ വിശ്വമാതൃഭാഷാദിന പ്രഖ്യാപനം നടത്തിയത്‌. 2000 മുതല്‍ ഫെബ്രുവരി 21 വിശ്വമാതൃഭാഷാ ദിനമായി ആചരിച്ചുവരുന്നു. 1952 ല്‍ അന്നത്തെ കിഴക്കന്‍ പാക്കിസ്ഥാനിലെ (ഇന്നത്തെ ബംഗ്ലാദേശ്) വിദ്യാര്‍ത്ഥികള്‍ അവരുടെ മാതൃഭാഷയായ ബംഗളക്ക്‌ (ബംഗാളി ഭാഷ) അംഗീകാരം കിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ ശക്തമായ സമരം നടത്തുകയും അത്‌ പാക്കിസ്ഥാന്‍ രാഷ്ട്രീയം നിഷ്ഠുരം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ആ സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 21 ഡാക്കയില്‍ പോലീസ്‌ വെടിവെപ്പില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ടു. മാതൃഭാഷ സംരക്ഷിക്കാന്‍ വേണ്ടി രക്തസാക്ഷിത്വം വരിച്ച്‌ ആ വിദ്യാര്‍ത്ഥികളുടെ സ്മരണ കൂടി നിലനിര്‍ത്താനാണ്‌ യുഎന്‍ ഫെബ്രുവരി 21 തന്നെ വിശ്വമാതൃഭാഷാ ദിനമായി തെരഞ്ഞെടുക്കാന്‍ കാരണം.
(1. ചിത്രം - ഒരറ്റത്ത് ഭരണഭാഷാ ബോർഡും അപ്പുറത്ത് ഹിപ്പോക്രാറ്റസും; ലൈവ് ഫ്രം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസ്.
2. ആദ്യം പറഞ്ഞ വാട്സാപ് മെസേജിന്റെ പൂർണരൂപം കമന്റ് ബോക്സിൽ.)

©മനോജ്‌ വെള്ളനാട്

3 comments:

 1. നിങ്ങളെ ബന്ധപ്പെടാൻ എന്താണ് വഴി? ഇതെഴുതിയത് എന്റെ സുഹൃത്ത് ടി. അനിഷ് ആണ്. അയാൾ ചെന്നൈയിൽ സൺ ടി.വി. യിൽ ജോലി ചെയ്യുന്നു.

  ReplyDelete
  Replies
  1. എന്തെഴുതിയത്. ആ തമിഴ് തർജമയാണോ? അക്കാര്യം ആദ്യം പറഞ്ഞിട്ടുണ്ടല്ലോ. ആ രണ്ടുവരിക്ക് വേണ്ടിയാണോ അവകാശവാദം?

   Delete
 2. പുതിയലോകത്തിന്റെ ഭാഷ എത്ര ഭംഗിയായാണ് തമിഴ് മൊഴി സ്വാംശീകരിച്ചു വരുന്നത്. 'സംസ്കൃതവത്ക്കരിക്കപ്പെട്ട്,' ശുഷ്ക്കിച്ച് കൊണ്ടിരിക്കുന്ന നമ്മുടെ മാതൃഭാഷയെയും ഭാഷാപണ്ഡിതരെയും ഓർത്ത് ഹാ! കഷ്ടം എന്നേ പറയാൻ തോന്നുന്നുളളൂ. മലേഷ്യയിൽ നടന്ന തമിഴ് സമ്മേളനത്തിൽ മൊഴിമാറ്റം ചെയ്യപ്പെട്ട പുതിയ പദാവലി നോക്കൂ

  1. WhatsApp - புலனம் - പുലനം

  2. youtube - வலையொளி - വലൈയൊളി

  3. Instagram - படவரி - പടവരി

  4. WeChat - அளாவி - അളാവി

  5.Messanger - பற்றியம் - പറ്റ്റിയം

  6.Twtter - கீச்சகம் - കീച്ചകം

  7.Telegram - தொலைவரி - തൊലൈവരി

  8. skype - காயலை - കായലെ

  9.Bluetooth - ஊடலை - ഊടലൈ

  10.WiFi - அருகலை -അരുകലൈ

  11.Hotspot - பகிரலை - പകിരലൈ

  12.Broadband - ஆலலை - ആലലൈ

  13.Online - இயங்கலை - .ഇയങ്കലൈ

  14.Offline - முடக்கலை - മുടക്കലൈ

  15.Thumbdrive - விரலி - വിരലി

  16.Hard disk - வன்தட்டு - വൻതട്ടു

  17.GPS - தடங்காட்டி - തടങ്കാട്ടി

  18.cctv - மறைகாணி - മറൈകാണി

  19.OCR - எழுத்துணரி - എഴുത്തുണരി

  20 LED - ஒளிர்விமுனை -ഒളിർവിമുനൈ

  21.3D - முத்திரட்சி - മുത്തിരട്ചി

  22.2D - இருதிரட்சி - ഇരുതിരട്ചി

  23.Projector - ஒளிவீச்சி - ഒളിവീച്ചി

  24.printer - அச்சுப்பொறி - അച്ചുപ്പൊറി

  25.scanner - வருடி - വരുടി

  26.smart phone - திறன்பேசி - തിറൺ പേശി

  27.Simcard - செறிவட்டை - സെറിവട്ടൈ

  28.Charger - மின்னூக்கி - മിന്നൂക്കി

  29.Digital - எண்மின் - എൺമിൻ

  30.Cyber - மின்வெளி - മിൻവെളി

  31.Router - திசைவி - ദിസൈവി

  32.Selfie - தம் படம் - சுயஉரு - சுயப்பு
  തം പടം - സുയഉരു- സുയപ്പു
  33 Thumbnail சிறுபடம் - സിറുപടം

  34.Meme - போன்மி - പോൻമി

  35.Print Screen - திரைப் பிடிப்பு - തിരൈ പിടിപ്പു

  36.Inkjet - மைவீச்சு - മൈവീച്ചു

  37.Laser - சீரொளி - സീരൊളി

  കടപ്പാട്

  ReplyDelete