മേരിയുടെ നോട്ടുപുസ്തകം!/ Marie's Notebook


''ഈ പുസ്തകങ്ങൾ നിങ്ങൾ കാണുന്നത് നിങ്ങളുടെ സ്വന്തം റിസ്കിൽ വേണം. ശേഷമുണ്ടാവുന്ന യാതൊരു ഭവിഷ്യത്തിനും ഞങ്ങളുത്തരവാദികളല്ല.''

ഇതൊരു മുന്നറിയിപ്പാണ്. ശ്രദ്ധിക്കണം, പുസ്തകം വായിക്കുന്നതിനല്ലാ, കാണുന്നതിനു മുമ്പുള്ള മുന്നറിയിപ്പാണിത്. വായിച്ചാൽ നിങ്ങൾക്കെന്തെങ്കിലും മനസിലാകുമോ, വായിക്കാൻ നിങ്ങൾക്കറിയാമോ എന്നതൊന്നും ഒരു വിഷയമേയല്ല. കാണണമെങ്കിൽ, അടുത്തു ചെല്ലണമെങ്കിൽ ഈ സമ്മതപത്രം കൂടിയേ തീരൂ. ഏതാണെന്നല്ലേ ഇത്രയും ഭീകരനായ ആ പുസ്തകം. അതാണ്, 'മേരിയുടെ നോട്ടുപുസ്തകം.'

പോളണ്ടിനെ പറ്റി ഒരക്ഷരമല്ലാ, നാലക്ഷരം തന്നെ ശാസ്ത്രസമൂഹത്തെ കൊണ്ട് പറയിപ്പിച്ച വനിതയായിരുന്നു മേരി. ആ നാലക്ഷരം ചേർത്ത് പൊളോണിയം എന്നാണ് വായിക്കുക. അതൊരു റേഡിയോ ആക്ടീവ് മൂലകമായിരുന്നു. അതു കണ്ടെത്തിയത് പോളണ്ടുകാരിയായ ഈ മേരിയായിരുന്നു. ആ മൂലകത്തിന് പൊളോണിയം എന്ന് പേരിടുമ്പോൾ ജന്മരാജ്യത്തോടുള്ള സ്നേഹം മാത്രമല്ല, റഷ്യൻ സാമ്രാജ്യത്തിൽ നിന്നും സ്വതന്ത്രയായിട്ടില്ലാതിരുന്ന അന്നത്തെ പോളണ്ടിന്റെ  രാഷ്ട്രീയമുദ്രാവാക്യം കൂടിയാവുകയിരുന്നു അത്. ഒറ്റയ്ക്ക്, സ്വതന്ത്രമായി നിലനിൽക്കാനുള്ള സ്വരാജ്യത്തിന്റെ അഭിവാഞ്ജ രസതന്ത്രത്തിൽ ചാലിച്ച മേരി. ആ മേരിയുടെ നോട്ടുപുസ്തകത്തെയാണ് നമ്മൾ പേടിയോടെ നോക്കേണ്ടത്. അടുത്തു ചെല്ലാൻ ഭയപ്പെടേണ്ടത്.

ആരാണാ മേരിയെന്നല്ലേ? നോബൽ സമ്മാനം നേടിയ ആദ്യത്തെ വനിതയായിരുന്നു അവർ. രണ്ടു തവണ നോബൽ സമ്മാനം നേടുന്ന ആദ്യ വ്യക്തിയും. രണ്ടു വ്യത്യസ്ത ശാസ്ത്രവിഭാഗങ്ങളിൽ നോബൽ സമ്മാനം നേടിയ ഏക വ്യക്തിയും അവർ തന്നെ. മാഡം ക്യൂറിയെന്നും മേരി ക്യൂറിയെന്നുമൊക്കെ നമ്മൾ വിളിക്കുന്ന മേരി സ്ക്ളോഡോവ്സ്ക ക്യൂറി. 1903 ൽ ഫിസിക്സിനുള്ള നോബൽ സമ്മാനം നേടിയ മേഡം ക്യൂറിയ്ക്ക് 1911-ൽ കെമിസ്ട്രിയ്ക്കുള്ള നോബേലും ലഭിച്ചു. ഭർത്താവ് പിയറി ക്യൂറിയ്ക്കൊപ്പമായിരുന്നു അവരുടെ ഗവേഷണങ്ങൾ. 'റേഡിയോ ആക്ടിവിറ്റി' എന്ന വാക്ക് തന്നെ അവരുടെ സംഭാവനയാണ്. റേഡിയോ ആക്ടീവ് ഐസോടോപ്പുകളെ വേർതിരിച്ചെടുക്കാനുള്ള മാർഗങ്ങൾ ഗവേഷിച്ച് കണ്ടെത്തിയതും ക്യൂറിയും കൂട്ടുകാരുമായിരുന്നു. കാൻസർ ചികിത്സയ്ക്ക് റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ ഉപയോഗിച്ചാലോയെന്ന തോന്നലുകൾ ഉരുത്തിരിഞ്ഞതും അതിനായി പഠനങ്ങൾ ആരംഭിച്ചതും മേരി ക്യൂറിയുടെ മസ്തിഷ്കമായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധഭൂമിയിൽ ഉപയോഗിക്കാൻ ഉതകും വിധത്തിലുള്ള Xray മെഷീനുകളും അവർ നിർമ്മിച്ചു നൽകിയത്രേ!യുറേനിയത്തിന്റെ അയിരിൽ നിന്നായിരുന്നു ക്യൂറി കുടുംബം റേഡിയോ ആക്ടീവ് മൂലകങ്ങളായ പോളോണിയവും റേഡിയവും കണ്ടെത്തുന്നത്. ഇതിൽ പൊളോണിയത്തിന്റെ അർദ്ധായുസ് (Half life) വളരെ കുറവായതിനാൽ അതുവേഗം വികിരണശേഷി നശിച്ച് ഇല്ലാതാകും. എന്നാൽ റേഡിയം അങ്ങനല്ലാ. അതിന്റെ തന്നെ ഒരു ഐസോടോപ്പായ റേഡിയം-226 ന്റെ അർദ്ധായുസ് 1600 വർഷമാണ്. വളരെ നശീകരണശേഷിയുള്ള വികിരണങ്ങൾ പുറപ്പെടുവിക്കുന്ന ഈ 226 കാരൻ റേഡിയമാണ് മേരിയുടെ നോട്ടുപുസ്തകത്തിലെയും വില്ലൻ. മേരി ക്യൂറിയുടെ ജീവിതത്തിലും വില്ലനായത് ഇവൻ തന്നെ. ഈ റേഡിയേഷൻ കാരണം രക്തമജ്ജയെ ബാധിക്കുന്ന അപ്ലാസ്റ്റിക് അനീമിയ എന്ന രോഗം ബാധിച്ചായിരുന്നു മേഡം ക്യൂറിയുടെ മരണവും.

നോട്ടുപുസ്തകത്തിൽ മാത്രമല്ല, മേരി ക്യൂറി ഉപയോഗിച്ചുകൊണ്ടിരുന്ന സകലസാധനങ്ങളിലും ഈ റേഡിയത്തിന്റെ അംശമുണ്ടായിരുന്നു. അല്ലാ, ഇപ്പോഴുമുണ്ട്. മേശ, വസ്ത്രങ്ങൾ, പാത്രങ്ങൾ, പേന അങ്ങനെ സകലതും ഇപ്പോഴും വികിരണവർഷം നടത്തിക്കൊണ്ടേയിരിക്കുന്നു. ഈ വികിരണമേൽക്കുന്നവർക്ക് കാൻസർ, വന്ധ്യത ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് സാധ്യതയധികമാണ്. ഇനിയും നൂറ്റാണ്ടുകൾ അതിങ്ങനെ തുടരുകയും ചെയ്യും. അതിനാലാണ് മേരി ക്യൂറിയുടെ ലബോറട്ടറി നോട്സ് സൂക്ഷിക്കുന്ന ഫ്രാൻസിലെ ബിബ്ലിയോത്തിക് മ്യൂസിയം സന്ദർശകർക്ക് ഇങ്ങനൊരു മുന്നറിയിപ്പ് നൽകുന്നത് - ''ഈ പുസ്തകങ്ങൾ നിങ്ങൾ കാണുന്നത് നിങ്ങളുടെ സ്വന്തം റിസ്കിൽ വേണം. ശേഷമുണ്ടാവുന്ന യാതൊരു ഭവിഷ്യത്തിനും ഞങ്ങളുത്തരവാദികളല്ല.'' എഴുതി ഒപ്പിട്ടു കൊടുത്താലേ കാണിക്കൂ.

നോട്ടുബുക്കും മറ്റു സാമഗ്രികളും മാത്രമല്ലല്ലോ. അതുപയോഗിച്ച വ്യക്തിയും റേഡിയം വികിരണത്തിന്റെ സ്രോതസായിരിക്കുമല്ലോ.  പോക്കറ്റിലെപ്പോഴും റേഡിയവുമായി ജീവിച്ച വ്യക്തിയാകുമ്പോൾ പ്രത്യേകിച്ചും. അതെ, മേരി ക്യൂറിയുടെ ഭൗതികശരീരവും മാരകമായ വികിരണങ്ങൾ പുറപ്പെടുവിക്കുന്നതായിരുന്നു. അതിനാൽ ഒരിഞ്ച് വീതിയുള്ള ഈയത്തിൽ (Lead) നിർമ്മിച്ച ശവപ്പെട്ടിയിലാണ് ഭൗതികശാസ്ത്രത്തിന്റെ ആ മാതാവ് അന്ത്യവിശ്രമം കൊള്ളുന്നത്!

©മനോജ്‌ വെള്ളനാട്

2 comments:

  1. ഭീകരമായ അവസ്ഥ.. എങ്കിലും ആദരം.

    ReplyDelete
  2. ഹുയ്യൊ.പുതിയ അറിവ്‌.നന്ദി ഡോക്ടർ.

    ReplyDelete