ഓസ്കാറില്ലാത്ത ആർത്തവങ്ങൾ


ഇന്ത്യൻ സ്ത്രീകളുടെ ആർത്തവദിനങ്ങളെയും സമൂഹത്തിന്റെ കാഴ്ചപ്പാടുകളെയും പറ്റിയുള്ള 'പിരീഡ്- എൻഡ് ഓഫ് സെന്റൻസ്' എന്ന ഡോക്യുമെന്ററിയ്ക്ക് ഓസ്കാർ അവാർഡ് ലഭിച്ചിരിക്കുന്നു. ഇറാനിയൻ സംവിധായിക ചെയ്ത 26 മിനിട്ടുള്ള ചെറുസിനിമയുടെ ഈ വിഷയം തന്നെ പ്രബുദ്ധരായ നമ്മൾ മലയാളികളെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്.

ആർത്തവത്തെ പറ്റി മലയാള സിനിമയ്ക്ക് ഒരു കാഴ്ചപ്പാടുണ്ട്. അത് അശ്ലീലം കലർന്ന ഹാസ്യത്തിന്റേതാണ്. മലയാള സിനിമയ്ക്കെന്ന് പറയുമ്പോൾ സിനിമാക്കാരുടെ പ്രശ്നമായി മാത്രം കാണേണ്ടതല്ലത്. മലയാളികളുടെ മൊത്തം മനോഭാവവും ഏതാണ്ടങ്ങനെ തന്നെ. സാനിറ്ററി പാഡ് വാങ്ങാൻ പോകുന്ന പുരുഷൻ സ്ത്രീകൾക്കു പോലും ഹാസ്യകഥാപാത്രമാണിവിടെ. ആർത്തവം അശുദ്ധിയാണെന്ന് പതിച്ചുകിട്ടാൻ ധർണനടത്തിയവരുടെ നാട്ടിൽ, അതിലും വലിയ ഹാസ്യരംഗമെന്താണോ എന്തോ..?

പക്ഷെ കേരളത്തിന് പുറത്ത് സിനിമയും ജീവിതവും മനുഷ്യരുടെ മനോഭാവവുമൊക്കെ മാറി വരുന്നുണ്ട്. റാമിന്റെ പേരൻപ് അത്തരത്തിൽ വലിയൊരു മാറ്റമാണ് സൂചിപ്പിച്ചത്. ആർത്തവമെന്ന സ്വാഭാവിക ജൈവ പ്രക്രിയയെ എത്ര ഭംഗിയായിട്ടാണ്, അശ്ലീലത്തിന്റെ തരിമ്പുപോലുമില്ലാതതിൽ അവതരിപ്പിച്ചിരിക്കുന്നത്. പക്ഷെ ഒന്നുണ്ട്, അന്ധവിശ്വാസം ലേശം കൂടുതലാണെങ്കിലും ആർത്തവ ശുചിത്വത്തിൽ ഒന്നാം സ്ഥാനം മലയാളിയ്ക്ക് തന്നെ. ചുരുക്കിപ്പറഞ്ഞാൽ വൃത്തിയുണ്ട്, പക്ഷെ വിവേകബുദ്ധിയില്ലാന്നേയുള്ളൂ. ഡോക്ടർമാരിലും മറ്റു ശാസ്ത്രം പഠിച്ചവരിലും ഒക്കെ അവസ്ഥ ഇതുതന്നെയാണെന്ന് കാണുമ്പോഴാണ്, ആർത്തവം അശുദ്ധിയാണെന്നൊക്കെ ഒരു ചളുപ്പുമില്ലാതെ വിളിച്ചു കൂവുന്നത് കാണുമ്പോഴാണ് കഷ്ടം തോന്നുന്നത്. ഒന്നും പഠിച്ചില്ലേലും വിവേകമുള്ള ന്യൂനപക്ഷവും നമുക്കുണ്ടെന്നത് മറക്കുന്നില്ല.

പക്ഷെ ഇത്തരം ചുരുക്കം സിനിമകൾക്ക് പുറത്തും, മുഖ്യധാരാ കേരളത്തിന് പുറത്തും, പ്രാഥമിക ആർത്തവ ആരോഗ്യവും ശുചിത്വവും ഒരു വലിയ പ്രശ്നമാണ്. മുഖ്യധാരയെന്ന് പറയാൻ കാരണമുണ്ട്. ഇന്നും പഴം തുണിയും കടലാസും കൊണ്ട് ആർത്തവ രക്തത്തെ തടഞ്ഞു നിർത്തേണ്ടി വരുന്ന സ്ത്രീകൾ ഇവിടെയും ഉണ്ട്. കേരളത്തിന്റെ വെളിയിൽ ഉള്ള ഇന്ത്യയിലെ സ്ഥിതി പക്ഷെ അതീവ ശോചനീയമാണെന്ന് മാത്രം. ഇന്ത്യയിലെ മൊത്തം കണക്കെടുത്താൽ മുന്നൂറു കോടിയാളം വരുന്ന സ്ത്രീകളിൽ 12% ശതമാനത്തിൽ താഴെ പേർക്കു മാത്രമേ ആരോഗ്യകരമായ ആർത്തവദിനങ്ങളുള്ളൂ. ആർത്തവാരോഗ്യ അവബോധമുള്ളൂ.

ഡൽഹി നഗരത്തിന്റെ പുറമ്പോക്കിലുള്ള ഹാപൂർ എന്ന ഗ്രാമത്തിൽ സ്ത്രീകൾ നടത്തുന്ന നിശ്ശബ്ദ വിപ്ലവമാണീ ഡോക്യുസിനിമ. ഇന്ത്യയിലെ ഗ്രാമീണരായ സ്ത്രീകളുടെ ആർത്തവദിന പ്രശ്നങ്ങളിലൂടെ, മനുഷ്യരുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ, അരുണാചലം മുരുകാനന്ദനെന്ന  'പാഡ്മാനി'ലൂടെയൊക്കെയാണ് 'പിരീഡ്- എൻഡ് ഓഫ് സെന്റൻസ്' എന്ന ചെറുസിനിമ കടന്നു പോകുന്നത്. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ ആർത്തവ ആരോഗ്യത്തിനായി വില കുറഞ്ഞ ചിലവിൽ സാനിറ്ററി പാഡുകൾ സ്വയം വികസിപ്പിച്ചു എടുത്തയാളാണീ മുരുകാനന്ദം. അത് വഴി ലക്ഷക്കണക്കിന് ഗ്രാമീണ സ്ത്രീകളുടെ ജീവിതം തന്നെ മാറിയതൊക്കെ സിനിമയെ വെല്ലുന്ന യാഥാർത്ഥ്യവുമാണ്. ആർത്തവമെന്ന് ഉച്ചരിക്കുന്നതു പോലും എന്തോ അപരാധമായിക്കാണുന്ന സമൂഹത്തിൽ സ്ത്രീകളുണ്ടാക്കുന്ന ചലനങ്ങളെയും ഡ‍ോക്യുമെന്ററി കൃത്യമായി വരച്ചിടുന്നു. ആർത്തവം അശുദ്ധിയല്ല എന്നും ആർത്തവ ആരോഗ്യവും ശുചിത്വവും  ഓരോ സ്ത്രീകളുടെയും അവകാശം ആണെന്നും ഡോക്യുമെന്ററി പറഞ്ഞു വയ്ക്കുമ്പോൾ നമ്മൾ എഴുന്നേറ്റ് നിന്ന് കയ്യടിക്കണം, കുറഞ്ഞത് ശാസ്ത്രബോധമുള്ളവരെങ്കിലും. കാരണം, ആർത്തവമുള്ള ഇന്ത്യയിലെ ഗ്രാമീണ സ്ത്രീകളോരോരുത്തരും ഓരോ ഓസ്കാറിനർഹരാണ്, ജീവിതത്തിൽ. അവർ ഓസ്കാറില്ലാത്തവരാണ്. നമ്മൾ ഓർക്കാറില്ലാത്തവർ.

കേരളത്തിൽ 'ആർത്തവാശ്ലീല -അശുദ്ധി സംരക്ഷണ സമിതി'യുടെ 'ആർത്തവധർണ'യ്ക്ക് ഈ അവസരത്തിൽ ഒരു തെക്കേടത്തമ്മ പുരസ്കാരമെങ്കിലും കൊടുക്കേണ്ടതാണ്. കിട്ടും. കിട്ടാതിരിക്കില്ല. അങ്ങ് തെക്കോട്ടേക്കാണല്ലോ നമ്മുടെ ശാസ്ത്രബോധവും പുരോഗമനവുമൊക്കെ പോകുന്നത്.


©മനോജ്‌ വെള്ളനാട്

4 comments:

 1. അങ്ങിനെ നമ്മുടെ ആർത്തവത്തിനും ഓസ്കർ ..

  'കേരളത്തിൽ 'ആർത്തവാശ്ലീല -അശുദ്ധി സംരക്ഷണ
  സമിതി'യുടെ 'ആർത്തവധർണ'യ്ക്ക് ഈ അവസരത്തിൽ
  ഒരു തെക്കേടത്തമ്മ പുരസ്കാരമെങ്കിലും കൊടുക്കേണ്ടതാണ്.
  കിട്ടും. കിട്ടാതിരിക്കില്ല. അങ്ങ് തെക്കോട്ടേക്കാണല്ലോ നമ്മുടെ
  ശാസ്ത്രബോധവും പുരോഗമനവുമൊക്കെ പോകുന്നത്...!

  ReplyDelete
 2. 300crore..?I think it's a typographic error.

  ReplyDelete
 3. ഉത്തരേന്ത്യൻ സ്ത്രീ ജീവിതങ്ങളെ ഒരു ഡോക്യൂമെന്ററിയിലേക്ക് പകർത്തിയെടുത്തു എന്നതിനേക്കാൾ ആർത്തവകാലത്തെ ആരോഗ്യകരമായി നേരിടാനും അതിനു വേണ്ട സാനിറ്ററി പാഡ്  ചിലവ് കുറഞ്ഞ രീതിയിൽ അവർക്ക് തന്നെ ഉണ്ടാക്കാനും വിറ്റഴിക്കാനും സാധിക്കുന്ന തരത്തിൽ  അവിടത്തെ സ്ത്രീകളെ സന്നദ്ധരാക്കി എന്നതാണ് ഈ ഡോക്യൂമെന്ററിയുടെ ഏറ്റവും വലിയ വിജയം ..

  ReplyDelete

 4. വളരെ വിശദമായ ഒരു ഗംഭീരൻ കുറിപ്പ് !. പൂർണ്ണമായും യോജിക്കുന്നു ലേഖനത്തോട് .. ഡോക്യൂമെന്ററിക്കപ്പുറം മനോജിന്റെ ലേഖനത്തിൽ പറഞ്ഞു വക്കുന്ന രാഷ്ട്രീയം ശ്രദ്ധേയമാണ് .. സ്ത്രീ ശരീരത്തിന്റെ ശുദ്ധിയും അശുദ്ധിയുമൊക്കെ ആചാരാനുഷ്ഠാനത്തിന്റെയും പൊതുബോധത്തിന്റെയുമൊക്കെ ഒപ്പം അവതരിപ്പിക്കാൻ മാത്രമേ മലയാള സിനിമ എന്നും ശ്രമിച്ചിട്ടുള്ളൂ ..

  നസീറും ഷീലയും ആണെന്നാണ് എന്റെ ഓർമ്മ .. നസീർ പുറത്തു നിന്ന് കേറി വരുന്നു വീട്ടിലേക്ക് ..വീട്ടിൽ ഷീല ..നസീറിനെ കണ്ട പാടെ ഷീലയ്ക്ക് നാണം ..അടുത്ത് വരാതെ ഓടിയൊളിക്കുന്നു ..എന്ത് പറ്റി എന്ന് നസീർ .. പുറത്താണെന്ന് ഷീല ..ഹെന്ത് അകത്തു നിക്കുകയും ചെയ്യുന്നു പുറത്താണെന്ന് പറയുകയും ചെയ്യുന്നു ..ശ്ശെന്താണിത് എന്ന് അത്ഭുതത്തോടെ നസീർ .. അതായത് ഒരു ഭാഗത്ത് അക്കാലത്തെ ആർത്തവ ദിനങ്ങളിൽ സ്ത്രീകൾ കാണിച്ചു കൂട്ടാറുള്ള കാര്യങ്ങൾ .മറു ഭാഗത്ത് അത്ര പ്രായമായിട്ടും ഇതേ കുറിച്ചൊന്നും ബോധവാൻ പോലുമല്ലാത്ത ഒരു ആൺ കഥാപാത്രം ..

  ഇവിടെ കുറഞ്ഞ പക്ഷം പഴയകാലത്തെ ഒരു സിനിമ എന്ന നിലക്കെങ്കിലും അതിനെ പറഞ്ഞു വക്കാം ..പക്ഷേ റോഷൻ ആൻഡ്രുസിന്റെ നോട്ട് ബുക്കിൽ പാഡ് വാങ്ങാൻ ആൺകുട്ടിയോട് ചളിപ്പോടെ പറയുന്ന പെൺകുട്ടികളെ കാണാം ...ചോക്ലേറ്റ് സിനിമയിൽ പാഡിനെ ബ്രെഡ് പാക്കറ്റാക്കി കൊണ്ട് ക്ലാസ് മുറിയിൽ കോമഡി അടിക്കുന്നുണ്ട് നായകൻ .. ബോളിവുഡ് പോലും മാറി ചിന്തിക്കാൻ തുടങ്ങിയ കാലത്ത് മലയാള സിനിമ അങ്ങിനെയൊക്കെയാണ് മലയാള സിനിമ കോമഡി കൊണ്ടാടിയത് ..  ReplyDelete