മൈരേ; ഒരധിനിവേശത്തിന്റെ കഥ!


കാസർഗോട്ടെ എൻമകജെ എല്ലാവർക്കും പരിചയം കാണും. എൻഡോസൾഫാനുമായി ബന്ധപ്പെട്ട്. കേരള- കർണാടക അതിർത്തിയിലെ പഞ്ചായത്താണത്. എൻമകജെ പഞ്ചായത്തിനുള്ളിലെ ഒരു സ്ഥലത്തിന്റെ പേരായിരുന്നു 'മൈരേ'. അതെ, ആയിരുന്നു. ഇപ്പൊ അല്ല.

തുളു ഭാഷയിലെ ഒരു വാക്കായിരുന്നു ഈ മൈരേ. മയിലുകൾ നൃത്തമാടിയിരുന്ന മയൂരപ്പാറ ലോപിച്ചായിരുന്നു മൈരേ ആയത്. മലയാളത്തിലും കന്നടയിലും മയൂരമെന്നാൽ മയിലെന്നാണർത്ഥം. പക്ഷെ 2016 മുതൽ അവിടെ അങ്ങനൊരു സ്ഥലമില്ല. എവിടെപ്പോയി? കുറേ സദാചാരികൾ കൊണ്ടുപോയി!

തെക്കുനിന്നും ജോലിചെയ്യാൻ വന്ന കുറച്ച്  സർക്കാരുദ്യോഗസ്ഥരുണ്ടായിരുന്നു അവിടെ. അവർക്കൊക്കെ വലിയ കുറച്ചിലായിരുന്നു ആ സ്ഥലപ്പേര്. മൈരിലെ വില്ലേജോഫീസറെന്നും മൈരിലെ പോസ്റ്റ് മാസ്റ്ററെന്നും അറിയപ്പെടുന്നത് അപമാനകരമായി കരുതിയിരുന്ന അവർ സർക്കാരിൽ സമ്മർദ്ദം ചെലുത്തി ആ പേരു തന്നെ അങ്ങുമാറ്റി. ഇപ്പോഴാ സ്ഥലത്തിന്റെ പേര് ഷേണി എന്നാണ്.

പക്ഷെ ആ നാട്ടുകാർക്കത് തെറിയല്ലായിരുന്നു. അവർക്കത് നൃത്തം ചെയ്യുന്ന മയിലുകളെ ഓർമ്മിപ്പിച്ചിരുന്ന സൗന്ദര്യമുള്ളൊരു തനതുവാക്കായിരുന്നു. അവരുടെ ഒരു നൊസ്റ്റാൾജിയ തന്നെ ആയിരുന്നിരിക്കണം. തുളു ഭാഷയിലെ ഒരു വാക്ക്, മലയാളികൾക്ക് അശ്ലീലവും തെറിയുമാണെന്ന് പറഞ്ഞ്, ആ വാക്കു തന്നെ, ഒരു സ്ഥലനാമം തന്നെ മാറ്റുന്നതിനെ ഫാസിസം എന്ന് പറയാമോ? പറയണം. കാരണം, തുളു ന്യൂനപക്ഷത്തിന്റെ ഭാഷയായതിനാലല്ലേ ഇതൊക്കെ സംഭവിച്ചത്. മൈരെന്ന തമിഴ് വാക്ക് എന്റെ ഭാഷയിൽ തെറിയായതിനാൽ നാളെ മുതൽ ആ വാക്ക് നിരോധിക്കണമെന്ന് തമിഴനോട് പറയാൻ നമുക്ക് ധൈര്യമുണ്ടാവില്ലല്ലോ. പറഞ്ഞാൽ, പോയി പണി നോക്കെടാ മൈരേ എന്നവർ പറയും. കേരളത്തിൽ തന്നെ തെക്കന്മാരുടെ എത്രയോ വാക്കുകൾ വടക്കൻമാർക്ക് തെറിയാണ്. അതുപോലെ തിരിച്ചും. അതൊക്കെയങ്ങ് കളയണമെന്ന് പറഞ്ഞാൽ നല്ല പച്ചത്തെറി കേൾക്കും.

ഇംഗ്ലീഷ് വരത്തന്മാർ നമുക്ക് സമ്മാനിച്ച പല സ്ഥലനാമങ്ങളും നമ്മളിപ്പോൾ പ്രാദേശീകരിച്ചോണ്ടിരിക്കുവാണല്ലോ. ബാംഗ്ലൂർ ബംഗലുരു ആയതും കൽക്കട്ട കൊൽക്കത്തയായതുമൊക്കെ അങ്ങനല്ലേ. അതിനിടയിലാണ് സ്വദേശ വരത്തന്മാരുടെ മൈരിലെ ഈ ഭാഷാ അധിനിവേശം.

എന്തായാലും തുളു ഭാഷയോടും മൈരേയോടും കാണിച്ചത്, മലയാളിയുടെ തനത് മൈര് സ്വഭാവമെന്നല്ലാതെന്ത് പറയാൻ..

(പടം - ഗൂഗിൾ)
3 comments:

  1. തുളു ഭാഷയോടും മൈരേയോടും
    കാണിച്ചത്, മലയാളിയുടെ തനത് മൈര്
    സ്വഭാവമെന്നല്ലാതെന്ത് പറയാൻ..

    ReplyDelete