NMC ബിൽ: മീശമാധവനുപകരം ബണ്ടിചോർ!1933-ൽ എഴുതിയുണ്ടാക്കിയ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരം 1934 ൽ രൂപീകരിച്ചതാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (MCI). ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസത്തിന് ഉയർന്ന നിലവാരത്തിലുള്ള മാനദണ്ഡങ്ങൾ രൂപപ്പെടുത്തുകയും ഇന്ത്യയിലും വിദേശത്തുമുള്ള മെഡിക്കൽ യോഗ്യതകൾക്ക്  അംഗീകാരം നൽകുകയുമൊക്കെയായിരുന്നു അതിന്റെ കടമ.
സ്വാതന്ത്ര്യത്തിനുശേഷമുള്ള വർഷങ്ങളിൽ ഇന്ത്യയിൽ മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ ക്രമാനുഗതമായി വർദ്ധനവുണ്ടായി. ഈ സാഹചര്യത്തിൽ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമത്തിലെ വ്യവസ്ഥകൾ വളരെ വേഗത്തിൽ വികസിക്കുന്ന മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ വെല്ലുവിളികളെ നേരിടാൻ പര്യാപ്തമായിരുന്നില്ലെന്ന് തോന്നി. തൽഫലമായി, 1956-ൽ പഴയ നിയമം റദ്ദാക്കുകയും പുതിയൊരു നിയമം നടപ്പിലാക്കുകയും ചെയ്തു. അതാണ് ഇന്നത്തെ MCI Act. വളരെ ശക്തമായിരുന്നു ജനാധിപത്യപരവും ശാസ്ത്രീയവുമായിരുന്നു ഇതിലെ വ്യവസ്ഥകൾ. പിന്നീട് 1964, 1993, 2001 എന്നീ വർഷങ്ങളിൽ ഇത് കൂടുതൽ പരിഷ്കരിക്കുകയും കാലാനുസൃതമായ ചില മാറ്റങ്ങൾ വരുത്തുകയും ചെയ്തു.

NMC യിലേക്കെങ്ങനെ?

1934 മുതൽ നിലവിലുള്ള MCI യെ പിരിച്ചു വിട്ടുകൊണ്ട്, രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും തികച്ചും വിഭിന്നമായ മറ്റൊരു മേൽനോട്ടസമിതിയെ കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോൾ കേന്ദ്രസർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന നാഷണൽ മെഡിക്കൽ കമ്മീഷൻ (NMC) ബിൽ. കാരണങ്ങൾ പലതാണ്. MCI യെ പറ്റിയുള്ള പരാതികൾ കേട്ടുതുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടോളമാകുന്നു. അതിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ സർവ്വാധികാരിയായി സർക്കാരിനെപ്പോലും അനുസരിക്കാത്ത സംവിധാനമാണെന്ന വാദത്തിൽ തുടങ്ങി അതീവ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾ വരെയുണ്ടായിരുന്നു. ഇതിനൊക്കെ തന്നെയും കൃത്യമായ രേഖകളും തെളിവുകളുമുണ്ടായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ സർക്കാരും പാർലമെന്റും ജുഡീഷ്യറിയും ഒരുപോലെ എതിർക്കുകയും പ്രവർത്തനരീതിയിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്ത ഏക സംവിധാനമായി MCI മാറി. അലയൻസ് ഓഫ് ഡോക്ടേഴ്സ് പോലുള്ള സംഘടനകളും രാജ്യത്തെ സ്വതന്ത്രമായി ചിന്തിക്കുന്ന ഓരോരുത്തരും MCI നിലവിലെ സ്ഥിതിയിൽ നിന്ന് മാറണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു.

 മെഡിക്കൽ കൗൺസിലിലെ അഴിമതിയാരോപണങ്ങളെ പറ്റി അന്വേഷിക്കാനും വിശദമായി പഠിച്ച് റിപ്പോർട്ട് ചെയ്യാനുമായി രഞ്ജിത് റായി ചൗധരി 2015 ജൂലൈയിൽ നിയോഗിക്കപ്പെടുന്നത് അങ്ങനെയാണ്. 2016 മാർച്ചിൽ MCI യ്ക്കുള്ളിലെ വിവിധതലത്തിലുള്ള ആരോപണങ്ങൾ വിലയിരുത്തിയ പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി, പൂർണമായി റിപ്പോർട്ട് സമർപ്പിക്കാൻ നീതി ആയോഗിന്റെ വൈസ് ചെയർമാനായിരുന്ന അരവിന്ദ് പനഗാരിയയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തി. രണ്ടുമാസം കഴിഞ്ഞ് 2016 മെയിൽ സുപ്രീംകോടതിയും ഈ വിഷയത്തിൽ ഇടപെട്ടു. തുടർന്ന് MCI അഴിമതികളുടെ ആഴത്തിലുള്ള പഠനത്തിന് ജസ്റ്റിസ് R M ലോധയുടെ അധ്യക്ഷതയിൽ ഒരു ഓവർസൈറ്റ് കമ്മിറ്റിയെ നിയമിക്കാൻ ഉത്തരവാകുകയും ചെയ്തു.

ഓരോ റിപ്പോർട്ടും MCI യുടെ കെടുകാര്യസ്ഥതയും അഴിമതിയുടെ ചീഞ്ഞുനാറുന്ന ഈജിയൻ തൊഴുത്താണ് കൗൺസിലെന്നും അരക്കിട്ടുറപ്പിച്ചു. MCI തലവനായിരുന്ന കേതൻ ദേശായി ഗുരുതര സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിൽ ജയിലിലായി. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും അനീതിയുടെയും കെടുകാര്യസ്ഥതയുടെയും ഹസ്തങ്ങളിൽ നിന്നും ഇന്ത്യയിലെ ആധുനിക വൈദ്യശാസ്ത്രമേഖല സ്വതന്ത്രമാകണമെന്ന് ആവശ്യം ശക്തമായ ഈ സാഹചര്യത്തിൽ, ദേശീയ തലത്തിൽ വൈദ്യശാസ്ത്രമേഖലയുടെ നിരീക്ഷണത്തിനും നിയന്ത്രണത്തിനുമായി ഒരു പുതിയ സംവിധാനം നിർദ്ദേശിക്കാൻ നീതി ആയോഗിനോട് സർക്കാർ നിർദ്ദേശിച്ചു. NMC അഥവാ നാഷണൽ മെഡിക്കൽ കമ്മീഷൻ എന്ന ആശയം അവിടെയാണ് രൂപം കൊള്ളുന്നത്.

എന്നാൽ ആധുനിക വൈദ്യശാസ്ത്രരംഗത്തുള്ളവരെ കൂടുതൽ ആശങ്കകളിലേയ്ക്കും നിരാശയിലേയ്ക്കും നയിക്കുന്നതായിരുന്നു നീതി ആയോഗ് അവതരിപ്പിച്ച NMC ബില്ലിലെ ഭൂരിഭാഗം നിർദ്ദേശങ്ങളും. MCI യിലെ അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും പരിഹാരം കാണാൻ കഴിവുള്ള ഒരു ഹെർക്കുലീസിനെ  പ്രതീക്ഷിച്ച ജനതയ്ക്ക് തീർത്തും ജനവിരുദ്ധവും (anti people) രോഗീവിരുദ്ധവും(anti Patient) അശാസ്ത്രീയവും (unscientific) ജനാധിപത്യവിരുദ്ധവും (antidemocratic) ആയ NMC ബിൽ തലയ്ക്കേറ്റ പ്രഹരം തന്നെയായിരുന്നു.

ശാസ്ത്രത്തിന്റെ നട്ടെല്ലൂരുന്ന ബ്രിഡ്ജ് കോഴ്സ്

ഇന്ത്യയിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ മാഗ്നകാർട്ട എന്നറിയപ്പെടുന്നതാണ് MCI ആക്ടിലെ 15.11b വകുപ്പ്. MBBS എന്ന ആധുനികവൈദ്യശാസ്ത്രത്തിലെ അടിസ്ഥാനയോഗ്യതയില്ലാത്ത ആർക്കും ഇന്ത്യയിൽ മോഡേൺ മെഡിസിൻ പ്രാക്ടീസ് ചെയ്യാൻ പാടില്ലെന്ന യുക്തിപൂർണവും ശാസ്ത്രീയവുമായ നിർദ്ദേശത്തെ പൊളിച്ചെറിഞ്ഞുകൊണ്ടാണ് NMC കടന്നുവരുന്നത് തന്നെ. ആദ്യ കാഴ്ചയിൽ തന്നെ അശാസ്ത്രീയവും ജനവിരുദ്ധവുമായ നിലപാടാണിതെന്ന് നിസംശയം പറയാം. എവിഡൻസ് ബെയിസ്ഡ് മെഡിസിനായി (EBM) ലോകം മുഴുവൻ അംഗീകരിക്കപ്പെട്ട ഒരേ ഒരു ചികിത്സാരീതിയാണ് മോഡേൺ മെഡിസിൻ. നിശ്ചിതയോഗ്യത നേടാത്ത ആർക്കും അത് പ്രാക്ടീസ് ചെയ്യാമെന്ന സ്ഥിതി വരുന്നത്, അല്ലെങ്കിൽ രോഗങ്ങളെ പറ്റിയോ രോഗനിർണയരീതികളെ പറ്റിയോ ചികിത്സകളിലെ വൈചിത്ര്യങ്ങളെയും വൈരുദ്ധ്യങ്ങളെയും പറ്റിയോ മോഡേൺ മെഡിസിൻ പ്രിൻസിപ്പിളുകളെ പറ്റിയോ യാതൊരു ധാരണകളുമില്ലാത്തവർക്ക് അതൊക്കെ യഥേഷ്ടം പ്രയോഗിക്കാമെന്ന സ്ഥിതി വരുന്നത് ശാസ്ത്രത്തിനെതിരെയും രോഗികൾക്കെതിരെയുമുള്ള വെല്ലുവിളിയായി തന്നെ കാണണം. നിലവിലുള്ള നിയമപ്രകാരം സംസ്ഥാന മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്യാത്ത ആർക്കും ഒരു മോഡേൺ മെഡിസിൻ ഡോക്ടറായി പ്രവൃത്തി ചെയ്യാനാവില്ല. ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകാനാവില്ല. കോടതികളിൽ എക്സ്പർട്ട് വിറ്റ്നസായി മൊഴി നൽകാൻ പോകാനാകില്ല. ഈ നിയന്ത്രണങ്ങളെല്ലാം തന്നെ കാറ്റിൽ പറത്തുന്നതാണ് NMC ബിൽ.


ഗ്രാമീണമേഖലയിൽ രണ്ടാംകിട ഡോക്ടർമാരെ സൃഷ്ടിക്കാനുള്ള റൂറൽ മെഡിസിൻ എന്ന ആശയത്തെ നമ്മൾ മുമ്പ് എതിർത്ത് തോൽപ്പിച്ചിരുന്നു. അതിലും പരിതാപകരവും അശാസ്ത്രീയവുമായ 'ബ്രിഡ്ജ് കോഴ്സ്' ഇപ്പോഴത്തെ NMC ബില്ലിന്റെ ഭാഗമാണ്. ആയുഷ് (ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോ) വിഭാഗത്തിലെ ഡോക്ടർമാർക്ക് കുറച്ചുമാസങ്ങളുടെ ബ്രിഡ്ജ് പഠനം വഴി മോഡേൺ മെഡിസിൻ ഡോക്ടറാകാം എന്നതാണ് വ്യവസ്ഥ. മോഡേൺ മെഡിസിൻ എന്നത് ഇന്ന് വരെ ശാസ്ത്രലോകം നേടിയ മുഴുവൻ ശാസ്ത്രീയമായ അറിവുകളുടെയും ആപ്ലിക്കേഷനാണ്. അവിടെ ബയോളജി മാത്രമല്ല ഉള്ളത്. കെമിസ്ട്രിയും ഫിസിക്സും സ്റ്റാറ്റിസ്റ്റിക്സും തുടങ്ങി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരെ ആപ്ലിക്കേഷനുണ്ട്. കൃത്യമായ തെളിവുകളുടെയും പഠനങ്ങളുടെയും പിന്തുണയുണ്ട്. അതൊക്കെക്കൊണ്ടു തന്നെ അതാർക്കും പഠിക്കാവുന്നതുമാണ്. എന്നാൽ അശാസ്ത്രീയമായ ചികിത്സാപ്രമാണങ്ങളിൽ (unscientific principles) നിലനിൽക്കുന്ന ആയുഷ് ചികിത്സാ രീതികൾക്ക് ബ്രിഡ്ജ് കോഴ്സിലൂടെ മോഡേൺ മെഡിസിൻ പ്രാക്ടീസ് അനുവദിക്കുന്നത് രോഗികളോട് കാണിക്കുന്ന ക്രൂരതയാണെന്നേ പറയാൻ പറ്റൂ. നിലവിലുള്ള AYUSH പോരായ്മകളുള്ളതാണെന്ന ബോധ്യമുണ്ടെങ്കിൽ അതൊഴിവാക്കി എല്ലാവരെയും മോഡേൺ മെഡിസിൻ പഠിപ്പിക്കാനുള്ള സൗകര്യമുണ്ടാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

ഗ്രാമപ്രദേശങ്ങളിലെ ഡോക്ടർമാരുടെ കുറവിന് പരിഹാരമെന്ന നിലയ്ക്കാണ് ഈ ബ്രിഡ്ജ് കോഴ്സ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാതെ, അതിനെപ്പറ്റി മിണ്ടുക പോലും ചെയ്യാതെ, ഗ്രാമീണരുടെ കണ്ണിൽപ്പൊടിയിടുന്ന നിലപാടാണിതെന്ന് പറയാതെ വയ്യ. പച്ചവെള്ളം കുടിച്ചുകൊണ്ടിരുന്ന ഗ്രാമീണർക്ക് പാൽച്ചായ നൽകാനുള്ള സർക്കാർ തീരുമാനവുമായി ഇതിനെ ഉപമിക്കാം. കേൾക്കുമ്പോൾ നല്ലതാണെന്ന് തോന്നും. എന്നാൽ അതിനുവേണ്ടി സർക്കാർ ചെയ്യേണ്ടത് ആവശ്യത്തിന് പശുക്കളെ ഗ്രാമത്തിൽ വളർത്തുകയാണ്. അടിസ്ഥാന സൗകര്യങ്ങളുള്ള ആശുപത്രികളും മറ്റും നിർമ്മിക്കാനെന്ന പോലെ, പശു വളർത്താനും ചെലവേറും. മറിച്ച് ദിവസവും കുടിക്കുന്ന വെള്ളത്തിൽ രണ്ടുതുള്ളി പാൽ ഇറ്റിച്ചു കൊടുത്തിട്ട്, പാൽച്ചായ ഉണ്ടാക്കിക്കുടിക്കൂ എന്ന് പറഞ്ഞാൽ കാശിന് ചെലവുമില്ല, എന്നാൽ പാലുകൊടുത്തെന്ന പേരുമാകും. അമ്മാതിരിയാണ് ആയുഷിൽ മോഡേൺ മെഡിസിൻ മിക്സ് ചെയ്യുന്നത്. അശാസ്ത്രീയതയുടെ ഒരു ഗ്ലാസ് വെള്ളത്തിൽ രണ്ടുതുള്ളി ശാസ്ത്രം. ഇനി ബ്രിഡ്ജ് നിർബന്ധമാണെങ്കിൽ കൂടി അതിന് മിനിമം യോഗ്യതയുള്ളവർ നഴ്സിംഗും BDS കോഴ്‌സുമൊക്കെ പഠിച്ചവരാണ്. അവർക്കു തന്നെ മിനിമം നിലവാരമെത്താൻ വർഷങ്ങളുടെ പരിശീലനം ആവശ്യമാണ്. ബ്രിഡ്ജ് കോഴ്സ് നിയമപരമായി മുറിവൈദ്യന്മാരെയും വ്യാജന്മാരെയും സൃഷ്ടിക്കുക മാത്രമായിരിക്കും ചെയ്യുകയെന്ന് ചിന്തിക്കുന്നവർക്ക് മനസിലാവും.

മാത്രവുമല്ലാ, ഗുരുതരമായ സാമ്പത്തിക ഗൂഢാലോചനയും ഈ ബ്രിഡ്ജ് കോഴ്സിൽ വായിച്ചെടുക്കാം. ഉദാഹരണത്തിന് അമേരിക്കയിലൊക്കെ നഴ്സുമാരെ ഡോക്ടറാക്കിയ (നഴ്സ് പ്രാക്ടീഷണർ) ബ്രിഡ്ജ് കോഴ്സിന്റെ ചരിത്രവും പരിണാമവും നോക്കിയാൽ മതി. അവിടങ്ങളിൽ ഗ്രാമീണ ആരോഗ്യമേഖല ഇപ്പോഴും യാതൊരു പുരോഗമനവുമില്ലാതെ തന്നെ കിടക്കുന്നു. ബ്രിഡ്ജ് കടന്നുപോയവർ വൻകിട കോർപ്പറേറ്റു ആശുപത്രികളിലെ തൊഴിലാളികളായി. എന്നുമാത്രമല്ല, മെഡിക്കൽ ഇൻഷുറൻസില്ലാത്തവർക്ക് ചികിത്സിക്കാൻ പറ്റാത്തവിധം ചികിത്സാ ചെലവുകൾ ഉയർന്നു. ആ ഒരവസ്ഥ ഇന്ത്യയിലും സംജാതമാകാൻ NMC ബില്ലിലെ പല വ്യവസ്ഥകളും കാരണമാകും. മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ചികിത്സകളുടെയും ചെലവേറും. എല്ലാവരും മെഡിക്കൽ ഇൻഷുറൻസ് എടുക്കാൻ നിർബന്ധിതരാവുന്ന അവസ്ഥ വരും. കോർപ്പറേറ്റുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും പ്രീതി പിടിച്ചുപറ്റാൻ ബില്ലിലെ ഈയൊരു വ്യവസ്ഥ തന്നെ ധാരാളം.ഇപ്പൊ അഴിമതിക്കാർക്കൊരു റിലാക്സേഷനുണ്ട്

"പഴിച്ചു വളർത്തുന്ന പിള്ള പിഴച്ചുപോകു"മെന്ന ബാലിശമായ നിലപാടാണ് സ്വകാര്യ-സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ കാര്യത്തിൽ NMC യ്ക്കുള്ളത്. അതായത് അവരെയൊന്നും അങ്ങനങ്ങ് നിയന്ത്രിക്കണ്ടാ. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകുമ്പോഴാണ് അഴിമതി കാണിക്കാനുള്ള ത്വരയുണ്ടാകുന്നതെന്നാണ് വാദം. NMC ബിൽ പ്രകാരം സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സീറ്റ് വർദ്ധിപ്പിക്കുവാനോ പുതിയ PG കോഴ്സുകൾ ആരംഭിക്കുവാനോ MCI യിൽ ഉണ്ടായിരുന്നതു പോലുള്ള കർശനനിയന്ത്രണങ്ങളോ മാനദണ്ഡങ്ങളോ ഇല്ല. അതൊക്കെ കോളേജ് മാനേജ്മെന്റുകൾക്ക് തീരുമാനിക്കാം. അടിസ്ഥാന പഠനസൗകര്യങ്ങളുടെ കാര്യത്തിൽ നിർബന്ധങ്ങളില്ല. നിസാരമായ ചില കാര്യങ്ങൾ മാത്രം. അതുതന്നെ പാലിച്ചില്ലെങ്കിലും പിഴശിക്ഷ മാത്രം. ആ പിഴ ഒരു ബാച്ചിന്റെ ഫീസിന്റെ പകുതി മുതൽ പത്തിരട്ടി വരെ എത്ര വേണമെങ്കിലും ആവാം. അതെത്രയെന്ന് തീരുമാനിക്കാനുള്ള സർവ്വാധികാരം മെഡിക്കൽ അസസ്മെന്റ് ആൻഡ് റെഗുലേറ്ററി ബോർഡി(MARB) നായിരിക്കും. ആ ബോർഡിനെത്ര കോടി വിലയിടണമെന്ന് സ്വാശ്രയമുതലാളിമാർ തീരുമാനിച്ചാൽ എല്ലാം ശുഭമാകും. ഒപ്പം  സ്വാശ്രയ കോളേജുകളിലെ പരമാവധി 40% സീറ്റുകളുടെ ഫീസ് നിർണയിക്കാനുള്ള അധികാരം മാത്രമേ സർക്കാരിനോ സർക്കാർ നിർദ്ദേശിക്കുന്ന കമ്മീഷനോ ഉണ്ടായിരിക്കൂ. ഇപ്പോഴത് 85 ശതമാനമാണെന്ന് കൂടി നമ്മളോർക്കണം. പരമാവധി 40 എന്നാണ് വ്യവസ്ഥ. അത് പൂജ്യമാവാം, നാൽപ്പതു വരെയുമാകാം. അതായത്, ശേഷിക്കുന്ന 60 ശതമാനത്തിലധികം (60-100%)  സീറ്റുകളിലേയ്ക്ക് നിയന്ത്രണമേതുമില്ലാതെ അമിതഫീസ് ഈടാക്കാൻ സ്വാശ്രയ കോളേജുകൾക്ക് കഴിയുമെന്ന സ്ഥിതി വരും.  അർഹരായവർക്ക് പരിമിതമായിട്ടെങ്കിലും മിതമായ ഫീസിൽ പഠിക്കാൻ സാധിക്കുമായിരുന്ന ഇപ്പോഴത്തെ സ്ഥിതി ഇല്ലാതാകുന്നതാണ് അതിന്റെ പരിണതഫലം.

ഇവയൊന്നും കൂടാതെ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്താനായി സ്വാശ്രയകോളേജുകളിൽ നിശ്ചിത ഇടവേളകളിൽ നടത്തിയിരുന്ന ഗുണനിലവാര പരിശോധന നിർത്തലാക്കും. അഥവാ വന്നാൽ തന്നെ അവർ താൽക്കാലികമായി വിലക്കെടുക്കപ്പെട്ട (Hired) പരിശോധകരായിരിക്കും. കർശനമായ വ്യവസ്ഥകൾ നിലനിൽക്കുമ്പോൾ തന്നെ നമ്മുടെ പല സ്വാശ്രയ മെഡിക്കൽ കോളേജുകളുടെയും അവസ്ഥ നമുക്കറിയാവുന്നതാണ്. അപ്പോൾ ആർക്കും, എവിടെയും ഒരു മെഡിക്കൽ കോളേജ് തുടങ്ങാമെന്ന സ്ഥിതി വന്നാലുള്ള കാര്യം പറയണ്ടല്ലോ. അഴിമതിക്കിനി പിൻവാതിൽ വേണ്ടാ, മുൻവാതിലിൽ തന്നെ വേണ്ട സൗകര്യം ഞങ്ങൾ ചെയ്തിട്ടുണ്ടെന്ന് NMC ഈ വ്യവസ്ഥകളിലൂടെ പറയാതെ പറയുന്നു.

ചുരുക്കിപ്പറഞ്ഞാൽ ബ്രിഡ്ജ് കോഴ്സും സ്വാശ്രയ കോളേജുകളുടെ അനിയന്ത്രിത സ്വാതന്ത്ര്യവും ഒക്കെ ചേർന്ന് ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസമേഖലയുടെ അപചയത്തിനു കാരണമാകുകയും സാധാരണക്കാരന് ശരിയായ വൈദ്യസഹായവും വൈദ്യവിദ്യാഭ്യാസവും വിദൂരതയിലെ സ്വപ്നം മാത്രമാകുകയും ചെയ്യും.

ജനാധിപത്യത്തിനെന്താ ഈ വീട്ടിൽ കാര്യം?

MCI യുടെ സ്വയംഭരണാവകാശവും അതിനുള്ളിലെ ജനാധിപത്യവും കാറ്റിൽ പറത്തിക്കൊണ്ടാണ് NMC യുടെ ജനനം. ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഒരു സംവിധാനത്തെ നിയന്ത്രിക്കുന്നവർക്ക് ആവശ്യത്തിന് സ്വയംഭരണാവകാശവും സ്വന്തമായ അധികാരങ്ങളും നൽകേണ്ടതാവശ്യമാണ്. ഭരിക്കുന്ന സർക്കാരിന്റെ കയ്യിലെ പാവയാവാതിരിക്കാൻ അതില്ലാതെ പറ്റില്ല തന്നെ. NMC യ്ക്ക് ഒരു തരത്തിലുമുള്ള സ്വയം ഭരണാധികാരം വ്യവസ്ഥകളിലില്ല. ഒപ്പം ഭരണാധികാരികളുടെ നേരിട്ടുള്ള നിയന്ത്രണത്തിന് എല്ലാ വാതിലുകളും മലർക്കെ തുറന്നിടുകയും ചെയ്യുന്നുണ്ട്‌. ഒപ്പം സംസ്ഥാന മെഡിക്കൽ കൗൺസിലുകളുടെ അധികാരങ്ങൾക്കുമേൽ കൂച്ചുവിലങ്ങിട്ടുകൊണ്ട് ജനാധിപത്യ- ഫെഡറൽ വ്യവസ്ഥകളുടെ അന്തസത്തയും NMC കളയുന്നുണ്ട്. കൂടാതെ എല്ലാ പ്രൊഫഷണൽ സംഘടനകളുടെയും നിയന്ത്രണവും NMC യുടെ കീഴിൽ വരും. അതായത് ആധുനിക വൈദ്യശാസ്ത്ര രംഗത്ത് IMA പോലുള്ള സംഘടനകൾക്ക് സർക്കാർ നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കാനുണ്ടായിരുന്ന സ്വാതന്ത്ര്യം ഇതോടെ നഷ്ടമാവും. ഒരു ജനാധിപത്യസംവിധാനത്തിൽ സിവിൽ- സർക്കാരിതര സംവിധാനങ്ങളുടെ പ്രാധാന്യവും ഉത്തരവാദിത്തവും എത്രയെന്ന് നമുക്കറിയാം. അധികാരസ്ഥാപനങ്ങളെ ന്യായാന്യായ വിചാരണകളും വിലയിരുത്തലുകളും നടത്തി ന്യായയുക്തമായി ചോദ്യം ചെയ്യാൻ ആരും പാടില്ലായെന്നാണ് ഈ നിർദ്ദേശങ്ങളുടെയൊക്കെ സാരം.

MCI യ്ക്ക് ഒരു ജനാധിപത്യ ചട്ടക്കൂടായിരുന്നു ഉണ്ടായിരുന്നത്. ഏതെങ്കിലും ഒരു സംസ്ഥാന മെഡിക്കൽ കൗൺസിലിൽ പേര് രെജിസ്റ്റർ ചെയ്തിട്ടുള്ള ആർക്കും MCI അംഗമാകാനുള്ള അവകാശമുണ്ട്. ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും അവിടെ പ്രാതിനിധ്യമുണ്ടായിരുന്നു. മെഡിസിൻ പഠിപ്പിക്കുന്ന ഓരോ യൂണിവേഴ്സിറ്റിക്കും പ്രാതിനിധ്യമുണ്ടായിരുന്നു. എന്നാൽ NMC ഈ അവസ്ഥകളെയാകെ നിരാകരിക്കുന്നുണ്ട്. NMC യിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ഒരു സെർച്ച് & സെലക്ഷൻ കമ്മിറ്റിയാണ്. കാബിനറ്റ് സെക്രട്ടറി, നീതി ആയോഗിന്റെ തലവൻ, ഹെൽത്ത് സെക്രട്ടറി, സാമ്പത്തിക/നിയമ/സാങ്കേതിക വിദഗ്ദൻ, ഒരു വൈദ്യശാസ്ത്ര വിദഗ്ദൻ എന്നിവരായിരിക്കും ഇതിലെ അംഗങ്ങൾ. ഭരണകൂടത്തിന്റെ കൃത്യമായ അജണ്ടകൾ നടപ്പിലാക്കാൻ ഉതകുന്നനോമിനേഷൻ രീതിയാണ് വേണ്ടതെന്ന വ്യവസ്ഥയുണ്ട്. നിയന്ത്രിക്കുന്നവർ തന്നെ നിയന്ത്രിക്കുന്നവരെ തിരഞ്ഞെടുക്കുന്ന MCI യുടെ രീതികൾ തീർത്തും അവമതിപ്പുണ്ടാക്കുന്നതാണെന്നായിരുന്നു നീതി ആയോഗിന്റെ വിമർശനം. അതിനവർ കൊണ്ടുവന്ന പരിഹാരമാണീ സെർച്ച് & സെലക്ഷൻ കമ്മിറ്റി. സർക്കാരിന്റെ നയങ്ങളെ മാത്രം പിന്തുടരാൻ ബാധ്യതയുള്ള കുറേപേർ ചേർന്ന്, അവരുടെ ഇഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ നോമിനേറ്റ് ചെയ്യുന്ന കുറേപേർ, ആരുടെ താൽപ്പര്യങ്ങളാവും സംരക്ഷിക്കുകയെന്നത് വ്യക്തമല്ലേ. മാത്രമല്ല, ആരോഗ്യമേഖലയെ ആകെ സ്വാധീനിക്കാൻ കെൽപ്പുള്ള NMC യിലെ 20 അംഗങ്ങളിൽ വെറും 8 പേർക്ക് മാത്രമാവും വൈദ്യശാസ്ത്രരംഗവുമായി എന്തെങ്കിലും ബന്ധം. അതുമല്ലാ, NMC യിൽ പറയുന്ന നാലു മെഡിക്കൽ ബോർഡുകളുണ്ട് - Under graduate, Post graduate, Accreditation and Rating, Medical ethics എന്നിവ. ഇവയുടെ പ്രസിഡന്റുമാർ ഡോക്ടർമാർ ആവണമെന്ന് യാതൊരു നിർബന്ധവുമില്ലാ എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.ഡോക്ടറാകാൻ ലാസ്റ്റ് ഗ്രേഡ് മോഡൽ പരീക്ഷയോ?

മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം അളക്കണമെന്ന കാര്യത്തിൽ തർക്കമേയില്ല. ആ ആശയത്തെ അംഗീകരിക്കുമ്പോഴും അതിനായി NMC മുന്നോട്ടു വയ്ക്കുന്ന രീതി നിരാശമാത്രം സമ്മാനിക്കുന്നതാണ്. എക്സിറ്റ് (ലൈസൻഷ്യേറ്റ് ) എക്സാമുകളാണ് (NEXT) അവർ നിർദ്ദേശിക്കുന്നത്. MBBS പരീക്ഷകൾ എഴുതി ജയിച്ചാലും ഹൗസ് സർജൻസി കഴിഞ്ഞിട്ട് ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ NEXT കൂടി പാസാകണം. അതാണെങ്കിലോ ഓർമ്മശക്തിയുടെ ബലപരീക്ഷണമായ ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയും. ഒന്നാം വർഷം മുതൽ തന്നെ നിരന്തരമായ പഠനങ്ങളിലൂടെയും വിലയിരുത്തലുകളിലൂടെയും കടുത്ത പരീക്ഷകളിലൂടെയും കടന്നുപോകുന്ന ഒരു മെഡിക്കൽ വിദ്യാർത്ഥിക്ക് NEXT പോലൊരു പരീക്ഷയുടെ ആവശ്യമേയില്ലാ. ഒരു ലാസ്റ്റ് ഗ്രേഡ് സർവ്വന്റിനെ തെരഞ്ഞെടുക്കുന്ന ലാഘവത്തോടെയല്ല വൈദ്യവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമളക്കാൻ. രോഗിയെ പരിശോധിച്ച് രോഗനിർണയവും ചികിത്സയും നിർദ്ദേശിക്കാനുള്ള കഴിവുകളെയാണ് അഞ്ചര വർഷത്തെ പഠനം കൊണ്ട് ഒരു ഡോക്ടർ വികസിപ്പിച്ചെടുക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പ്രായോഗികതയിൽ പരമപ്രധാനമായ ഈ കഴിവുകളെ തള്ളിക്കളയുന്ന NMC യുടെ പ്രവൃത്തിയിൽ ദുരൂഹതയുണ്ട്. ചില സ്വകാര്യ - സ്വാശയ മെഡിക്കൽ കോളേജുകളിലെ നിലവാരമില്ലാത്ത വിദ്യാർത്ഥികളെ നിരുപാധികം സഹായിക്കാനാണ് ഈ രീതിയെന്ന ആരോപണത്തെ തള്ളിക്കളയാനാകില്ല. ഫൈനൽ ഇയർ MBBS ന് ദേശീയതലത്തിൽ, അത് സാധ്യമല്ലെങ്കിൽ ഓരോ സംസ്ഥാനത്തിനും മൊത്തത്തിൽ ഒരു പരീക്ഷ നടത്തിക്കൊണ്ട് പരിഹരിക്കാവുന്ന വിഷയത്തെ ഇത്രയും സങ്കീർണമാക്കുന്നതെന്തിനെന്ന് ചിന്തിക്കുന്നവർക്ക് മനസിലാവും. ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ട മറ്റൊരു കാര്യം കൂടി NMC യിലുണ്ട്. ഇന്ത്യയിൽ പഠിക്കുന്നവർക്ക് NEXT പാസാകാതെ ഡോക്ടറാകാൻ പറ്റില്ലായെന്ന് പറയുന്നവർ തന്നെ, റഷ്യയിലും ചൈനയിലും പഠിച്ചിട്ട് വരുന്നവർക്കുള്ള നിലവിലുള്ള ലൈസൻസിംഗ് എക്സാം നിർത്തലാക്കാനും വ്യവസ്ഥ ചെയ്യുന്നുണ്ട്.

അഴിമതിയെയും കെടുകാര്യസ്ഥതയെയും കെട്ടുകെട്ടിക്കാനെന്ന പേരിൽ രൂപീകൃതമാകുന്ന NMC അഴിമതിയെങ്ങനെ നിയമപരമാക്കാമെന്ന് ഗവേഷണം നടത്തുന്ന സർക്കാർ സ്പോൺസേഡ് സംവിധാനമായി കരടുരേഖയിൽ തന്നെ തിരിച്ചറിയപ്പെട്ടു കഴിഞ്ഞു. ഷെഡ്യൂൾ IV പ്രകാരം ആയുഷ് ഡോക്ടർമാർക്ക് ആധുനിക വൈദ്യശാസ്ത്രത്തിൽ രെജിസ്റ്റർ ചെയ്യാൻ സർവ്വാത്മനാ അനുവാദം നൽകിയിരിക്കുന്നു. ചെറിയൊരു ബ്രിഡ്ജ് കോഴ്സ് കടന്നാൽ നിയമപരമായി മോഡേൺ മെഡിസിൻ ഡോക്ടറാവുകയും ചെയ്യാം. മാത്രവുമല്ല, ഹോമിയോ കൗൺസിൽ, ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ കൗൺസിൽ എന്നിവയോടൊപ്പം ഒരു സംയുക്തയോഗമാണ് NMC യും. മാത്രമല്ലാ, ആധുനിക വൈദ്യശാസ്ത്രത്തിന്റെ സിലബസ് തീരുമാനിക്കുന്നതു പോലും ഈ സംയുക്തയോഗമായിരിക്കും. ഇതിലും വലിയ ദുരന്തം ശാസ്ത്രത്തിനിനി വരാനില്ല.

ആധുനിക വൈദ്യശാസ്ത്രം പഠിച്ച ഇന്ത്യൻ ഡോക്ടർമാർക്ക് വിദേശരാജ്യങ്ങളിലുള്ള സ്വീകാര്യത നമ്മുടെ വിദ്യാഭ്യാസ നിലവാരത്തിനുള്ള അംഗീകാരമായിരുന്നു. എന്നാൽ ഇന്ത്യയിൽ മോഡേൺ മെഡിസിൻ ഇന്നുവരെ നേടിയിട്ടുള്ള മുഴുവൻ നേട്ടങ്ങളെയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ കെൽപ്പുള്ളതാണീ NMC ബിൽ. എന്നുമാത്രമല്ലാ, ശാസ്ത്രത്തിന്റെ ഇതുവരെയുള്ള നേട്ടങ്ങളെപ്പോലും നിരാകരിക്കുന്നതാണീ ബിൽ. 100% അശാസ്ത്രീയം. 100% അഴിമതി സാധ്യത. 100% ജനവിരുദ്ധം. 100% രോഗീവിരുദ്ധം. 100% ജനാധിപത്യവിരുദ്ധം. 100% വും നിക്ഷിപ്ത- സങ്കുചിത താൽപ്പര്യക്കാരുടെ ബിൽ.

MCI യിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണമെന്നതും തർക്കമറ്റ കാര്യം. പക്ഷെ അതിനൊരിക്കലും ഒരു പരിഹാരമേയല്ലാ നിലവിൽ ചർച്ചയ്ക്ക് വച്ചിരിക്കുന്ന NMC ബിൽ. മീശമാധവനെന്ന സാധാകള്ളന്റെ ശല്യം തടയാൻ ബണ്ടിചോറിനെ വീട്ടുകാവലേൽപ്പിച്ച പോലിരിക്കും അത്!

(മാതൃഭൂമി GK& Current Affairs, 2018 ഫെബ്രുവരി ലക്കത്തിൽ വന്ന ലേഖനം)
©മനോജ്‌ വെള്ളനാട്

No comments:

Post a Comment