ലക്ഷ്മിക്കുട്ടിയമ്മയുടെ പത്മശ്രീ

ഇംഗ്ലണ്ടിലെ എഡ്വേർഡ് ജെന്നറെന്നയാൾ കണ്ടെത്തിയ വസൂരിക്കെതിരായ വാക്സിൻ ലോകത്താകെ കോടിക്കണക്കിന് മനുഷ്യരെ മരണത്തിൽ നിന്നും, വൈകല്യങ്ങളിൽ നിന്നും രക്ഷിക്കുകയുണ്ടായി. ഒരു മഹാരോഗത്തെ അതുമൂലം ഭൂമുഖത്തു നിന്നുതന്നെ തുടച്ചുമാറ്റി.

ലൂയി പാസ്ചറെന്ന ഫ്രഞ്ചുകാരൻ കണ്ടെത്തിയ പേവിഷ- ആന്ത്രാക്സ് വാക്സിനുകൾ ലോകത്താകെ ലക്ഷക്കണക്കിന് ജീവനുകളെ ഇന്നും രക്ഷിച്ചു പിടിക്കുന്നു. അസുഖം വന്നുകഴിഞ്ഞാൽ ഇന്നും ചികിത്സയില്ലാത്ത രോഗമാണ് പേവിഷബാധയെന്നതും കൂടി ഓർക്കണം.

ജർമൻകാരനായ റോൺട്ജനെന്നയാൾ കണ്ടെത്തിയ X-rays ആധുനികവൈദ്യശാസ്ത്രത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. വ്യക്തിഗതനേട്ടങ്ങൾക്കൊന്നും ഉപയോഗിക്കാതെ, പേറ്റൻസി പോലുമെടുക്കാതെ അദ്ദേഹമത് ശാസ്ത്രത്തിന് സംഭാവന ചെയ്തു. ലോകം നോബൽ സമ്മാനം നൽകി ആ നന്മയെ ആദരിച്ചു.

സ്കോട്ടിഷുകാരനായിരുന്ന ഡോക്ടർ അലക്സാണ്ടർ ഫ്ലെമിംഗ് കണ്ടെത്തിയതായിരുന്നു, ആദ്യത്തെ ആന്റിബയോട്ടിക്കായ 'പെനിസിലിൻ'. വൈദ്യശാസ്ത്രത്തിന്റെ തലക്കുറിയും മനുഷ്യരാശിയുടെ ആയുർദൈർഘ്യവും മാറ്റിയെഴുതിയ കണ്ടെത്തലിനും കിട്ടി നോബൽ സമ്മാനം.

അമേരിക്കക്കാരനായിരുന്ന ജോനസ് സാൽക്കാണ് ആദ്യത്തെ പോളിയോ വാക്സിൻ കണ്ടെത്തിയത്. സൗജന്യമായി ലോകത്തെല്ലാവർക്കും കിട്ടാനായി, സ്വന്തമായി അതിന്റെ പേറ്റൻസി വേണ്ടാന്ന് വച്ചയാളാണദ്ദേഹം. ഇന്ന് ലോകത്ത് മൂന്ന് രാജ്യങ്ങളിലൊഴികെ പോളിയോ എന്ന മഹാവ്യാധി ഇല്ലാതായത് അദ്ദേഹത്തിന്റെയും സാബിൻ (OPV) എന്ന മറ്റൊരു ശാസ്ത്രജ്ഞന്റെയും സംഭാവനയാണ്.

സ്വന്തം പരിശ്രമവും കഴിവും കൊണ്ടുള്ള കണ്ടുപിടിത്തങ്ങളെ മാനവരാശിയുടെ ചരിത്രത്തെ തന്നെ മാറ്റിമറിക്കാൻ വേണ്ടി സംഭാവന ചെയ്ത ചിലരെ (ചിലരെ മാത്രം, random picking) ചൂണ്ടിക്കാണിച്ചെന്നേയുള്ളൂ.

രണ്ടിന്ത്യക്കാരെ കൂടി പരിചയപ്പെടുത്താം.

വിവിധതരം കാൻസറിന്റെ ചികിത്സയ്ക്കും (ലോകത്തെ ആദ്യത്തെ കീമോതെറാപ്പി!!) വാതരോഗത്തിനും ഒക്കെ ഉപയോഗിക്കുന്ന Methotrexate, മന്തുരോഗത്തിനെതിരെ കൊടുക്കുന്ന Diethyl carbamazine തുടങ്ങിയ മരുന്നുകൾ കണ്ടെത്തിയ ഒരിന്ത്യക്കാരനുണ്ട്. Yellapragada Subbarao. കാൻസർ-വാതരോഗ-മന്തുരോഗ ചികിത്സകളിലെ വിപ്ലവമായിരുന്നു ഈ ഇന്ത്യക്കാരന്റെ കണ്ടുപിടിത്തങ്ങൾ.

അതുപോലൊരാളായിരുന്നു അസിമ ചാറ്റർജിയെന്ന ബംഗാളി ശാസ്ത്രജ്ഞ. സസ്യങ്ങളിൽ നിന്നും കാൻസറിനും (Vinca alkaloids), അപസ്മാരത്തിനും മലമ്പനിയ്ക്കുമൊക്കെയുള്ള മരുന്നുകൾ വികസിപ്പിച്ചെടുത്ത ശാസ്ത്രലോകത്തെ ധീരയായ വനിതയായിരുന്നു അവർ. ഇന്ത്യൻ പ്രസിഡന്റായി നാമനിർദ്ദേശം ചെയ്യപ്പെട്ട അവർക്ക് രാജ്യം പത്മവിഭൂഷൻ നൽകി ആദരിക്കുകയും ചെയ്തിരുന്നു.

ലക്ഷ്മിക്കുട്ടിയമ്മയെന്ന വിതുര, കല്ലാറുകാരിയായ, അമ്മൂമ്മയ്ക്ക് വിഷവൈദ്യചികിത്സയിലെ മേന്മയ്ക്ക് പത്മശ്രീ നൽകിയ സാഹചര്യത്തിൽ മുമ്പ് വായിച്ചതിൽ ചിലതോർത്തത്, ഇവിടെ കുറിച്ചെന്ന് മാത്രം. ശരിക്കും പറഞ്ഞാൽ, M.R രാജഗോപാൽ സാറിന് പത്മശ്രീ കിട്ടിയെന്നറിഞ്ഞപ്പോഴുള്ള അതേ സന്തോഷം ഇക്കാര്യത്തിലും എനിക്കുണ്ട്. അതെന്റെ വ്യക്തിപരമായ സന്തോഷമാണ്. എന്നിട്ടും മുകളിൽ കുറേ ഉദാഹരണങ്ങളെഴുതിയത്, വിവിധ മേഖലകളിലെ ഇത്തരം ഒറ്റപ്പെട്ട കണ്ടുപിടിത്തങ്ങൾ മാനവരാശിയുടെ തലവര തിരുത്തിക്കുറിച്ചതിന്റെ  ചരിത്രം മുമ്പിലുള്ളപ്പോൾ,  ലക്ഷ്മിക്കുട്ടിയമ്മയുടെ പക്കൽ ശരിക്കും അങ്ങനൊന്നുണ്ടെങ്കിൽ, അതും ലോകത്തിനാവശ്യമുണ്ട്. ആ അറിവ് നമ്മളുപയോഗിക്കണം. അവരെ പൊന്നാടയണിയിക്കാനും സ്വീകരണം ഏർപ്പെടുത്താനും മുന്നിട്ടിറങ്ങുന്നവർ തന്നെ, അല്ലെങ്കിൽ അവരെ പത്മശ്രീക്ക് നോമിനേറ്റ് ചെയ്തവർ തന്നെ അതിനു മുന്നിട്ടിറങ്ങണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. അവർ പറയുന്ന ചെടികളിൽ ഗവേഷണം നടത്താനും ഗുണമുള്ളതെന്തെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്തി ലോകത്തെല്ലാവർക്കുമായി അതു നൽകാനും പത്മശ്രീ നൽകിയ രാജ്യം തയ്യാറാവണം. ലക്ഷ്മക്കുട്ടിയെന്ന 500 ലധികം മരുന്നുകളറിയുന്ന അപൂർവ്വ വ്യക്തിത്വത്തെ ലോകമറിയണം. ലോകത്തെ കൊണ്ടംഗീകരിപ്പിക്കണം. അതിനു കഴിഞ്ഞില്ലെങ്കിൽ തങ്കു ബ്രദറിന്റെ രോഗശാന്തി ശുശ്രൂഷപോലെ ഒറ്റയാളിൽ ഒതുങ്ങുന്ന ഡിവൈൻ ഹീലിംഗ് ആയി മാത്രമേ ഈ ചികിത്സയെയും കാണാൻ കഴിയൂ. ഇന്ന് പാടിപ്പുകഴ്ത്തുന്നവരും നാളെയതിനെ അങ്ങിനെയേ കാണൂ.

ഇനിയിതൊന്നും സംഭവിച്ചില്ലെങ്കിലും, അവർക്ക് ലഭിച്ച പത്മശ്രീ എന്നെ ആത്മാർത്ഥമായിത്തന്നെ സന്തോഷിപ്പിക്കുന്നു. അവരെന്റെ അയൽനാട്ടുകാരിയാണ്. എഴുപത്തഞ്ചാം വയസിലും എന്തൊരെനർജിയാണ്. എന്റെ അമ്മൂമ്മയുടെ അതേ ലുക്കാണ്. അവരുടെ അയൽനാട്ടുകാരായ ചില പ്രാഞ്ചിയേട്ടന്മാരെ പോലെ ക്യൂ നിന്ന് വാങ്ങിയതല്ലാ അവരുടെയീ പത്മശ്രീ. രാജ്യം നൽകിയതാണ്.
കാട്ടിനുള്ളിൽ നിന്ന് ആദ്യമായി സ്കൂളിൽ പോയി പഠിച്ച പെൺകുട്ടിയ്ക്ക്, മികച്ച ജീവിതവീക്ഷണമുള്ള സ്ത്രീയ്ക്ക്, നന്നായി പാടുന്ന കവയിത്രിയ്ക്ക്, കാടിന്റെ സ്വന്തം അമ്മൂമ്മയ്ക്ക്, കാടിന്റെ ഡോക്ടർക്ക് രാജ്യം നൽകിയ ആദരത്തിന്. കേരളത്തിൽ സംഘശാഖകൾ പണിയാൻ വന്ന പരമേശ്വർജിയ്ക്കു വരെ പത്മവിഭൂഷൺ നൽകിയ സർക്കാരിന് നിഷ്കരുണം നിരസിക്കാമായിരുന്ന ഈ ദളിതവ്യക്തിത്വത്തെ, അപ്രകാരം കണ്ടില്ലാന്ന് നടിക്കാത്തതിന്, ഒക്കെ ഒരുപാട് സന്തോഷമുണ്ട്.

ലക്ഷ്മിക്കുട്ടിയമ്മയെന്ന എന്റെ കൂടി അമ്മൂമ്മയ്ക്ക് സ്നേഹാശംസകൾ!4 comments:

 1. കൊല്ലാനാണോ വളര്‍ത്താനാണോ എന്നൊരു സംശയം......[സോറി]

  ReplyDelete
 2. ഈ പോസ്റ്റിനോടുള്ള എന്റെ കടുത്ത എതിര്‍പ്പും അമര്‍ഷവും അറിയിക്കുന്നു.

  ReplyDelete
  Replies
  1. കാരണം കൂടി പറഞ്ഞാലല്ലേ മനസിലാകൂ..

   Delete
 3. സ്വന്തം പരിശ്രമവും കഴിവും കൊണ്ടുള്ള കണ്ടുപിടിത്തങ്ങളെ
  മാനവരാശിയുടെ ചരിത്രത്തെ തന്നെ മാറ്റിമറിക്കാൻ വേണ്ടി സംഭാവന
  ചെയ്ത ചിലരെ ചൂണ്ടിക്കാണിച്ചിരിക്കുന്നു

  ReplyDelete