വാക്സിൻ:ശാസ്ത്രത്തിന്റെ അമൂല്യ സംഭാവന

വാക്സിപീഡിയ:ചാപ്റ്റർ 19


ആധുനിക  ശാസ്ത്രത്തിന്‍റെ  സാദ്ധ്യതകളെ  നിർലോഭം  സ്വാംശീകരിച്ചുകൊണ്ടാണ്  പാശ്ചാത്യവൈദ്യം, അഥവാ മോഡേൺ മെഡിസിൻ  വളർന്നു വന്നത്. വസൂരി വാക്സിനിൽ ആരംഭിച്ചു  പേവിഷവാക്സിനിൽ അവസാനിച്ച വാക്സിനുകളുടെ  ആദ്യ ശതകം ഒരു ശാസ്ത്രീയ ചിന്തയുടെ  പ്രായോഗികാവിഷ്ക്കാരം ആയിരുന്നു എന്നു  പറഞ്ഞുകൂട. സൂക്ഷ്മാണുശാസ്ത്രത്തെപ്പറ്റിയുള്ള  അറിവില്ലാതിരിക്കുകയോ പരിമിതമായിരിക്കുകയോ  ചെയ്തിരുന്ന അക്കാലത്ത് അതൊരു അനുഭവമാത്ര പ്രക്രിയയായിരുന്നു എന്നു പറയാം. എങ്കിലും കോടാനുകോടി ജീവൻ രക്ഷിക്കാനും ഭൂമുഖത്തുനിന്നുതന്നെ വസൂരിരോഗം നിർമ്മാർജ്ജനം ചെയ്യുന്നതിനും ഉപകരണം ആവുകയും ചെയ്തതാണല്ലോ വസൂരി വാക്സിൻ. പേവിഷവാക്സിനും പ്രത്യേക പഠനങ്ങളൊന്നുമില്ലാതെയാണ് ആദ്യമായി സുനിശ്ചിത മരണത്തിൽ നിന്നും രക്ഷ നേടാൻ കഴിഞ്ഞ ജോസഫ് മീസ്റ്ററിൽ നിന്നും മറ്റുള്ളവരിലേക്കു വ്യാപകമാകുന്നത്. തുടർന്നു ആവിഷ്കൃതമാവുന്ന ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ് ഘടകങ്ങളടങ്ങിയ ഡി.പി.ടി.യും ഏതാണ്ട് ഇക്കാലത്ത് നിലവിൽ വന്ന ടൈഫോയിഡ്, മഞ്ഞപ്പനി വാക്സിനുകളും എല്ലാംതന്നെ ലാബറട്ടറിയിൽ നിന്നും നേരെ സമൂഹത്തിലേക്കു  എത്തിച്ചേരുകയായിരുന്നു. ശാസ്ത്രത്തിന്‍റെ,  വിശേഷിച്ചും സ്റ്റാറ്റിസ്റ്റിക്സിന്‍റെ, രീതിശാസ്ത്രം ഉപയോഗപ്പെടുത്തിയുള്ള ഒരു ഗുണദോഷ വിചാരമോ നിയന്ത്രിത പഠനങ്ങളൊ കൂടാതെ തന്നെ ചിരപ്രതിഷ്ഠനേടിയവയായിരുന്നു എന്നർത്ഥം. എന്നാൽ ആദ്യത്തെ പോളിയോ വാക്സിനായ സാൽക് വാക്സിനിലെത്തിയപ്പോഴേക്കും സ്ഥിതി മാറി. ലാബറട്ടറിയിലോ ഗവേഷകരുടെ കുടുംബാംഗങ്ങളിലോ പരീക്ഷിച്ചറിഞ്ഞാൽ പോരാ എന്ന തിരിച്ചറിവ് ശാസ്ത്രത്തിനുണ്ടാവുന്നത് അപ്പോഴാണ്. ഏതാണ്ട് ഇരുപതുലക്ഷം പേരാണ് വാക്സിൻ ലഭിച്ചവരും ലഭിക്കാത്തവരുമായി ഈ പഠനത്തിലുണ്ടായിരുന്നത്. ഇത്രയും പേരിൽ പഠിച്ചശേഷം നടപ്പാക്കിയ പരിപാടിയിൽത്തന്നെ രണ്ടാഴ്ച്ചക്കുള്ളിൽ മാരകമായ പ്രശ്നങ്ങൾ കണ്ടെത്തി. പക്ഷെ പഠനത്തിന്‍റെ കുറവോ പരിമിതിയോ ആയിരുന്നില്ല അതിനു കാരണം, നേരെമറിച്ചു ഒരു വാക്സിൻ നിർമ്മാതാവിന്‍റെ അവധാനതയായിരുന്നു. പ്രകടമായ വീഴ്ച്ചമൂലം നിർവീര്യമാക്കപ്പെടാത്ത വൈറസുകൾ വാക്സിനിൽ കടന്നുകൂടിയതാണ് അപകടത്തിനു കാരണമായത്. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം അമേരിക്കൻ ജനതയുടെ ഒരു പൊതുവികാരമായി ആവിഷ്കൃതമായ ഒരു വാക്സിന്‍റെ കാര്യത്തിലാണിതുണ്ടായതെന്നോർക്കുമ്പോൾ ശാസ്ത്രജ്ഞരിലും ആരോഗ്യ പ്രവർത്തകരിലും അതുണ്ടാക്കിയ മോഹഭംഗവും നിരാശയും വിവരിക്കാനാകാത്തതാണ്. പക്ഷെ അവർ വാക്സിൻ പരിപാടി ഉപേക്ഷിക്കുകയല്ല, പരിമിതികളും വീഴ്ച്ചകളും പരിഹരിച്ചു മുന്നോട്ടു പോവുകയാണുണ്ടായത്. 1954ലെ ഈ സംഭവത്തിനു ശേഷം വാക്സിൻ സംബന്ധിയായ ഇത്തരം ഒരു അപകടവും ഈ അറുപതാണ്ടുകൾക്കിടയിലുണ്ടായിട്ടില്ല എന്നതാണ് വസ്തുത. തുടർന്നുണ്ടായവയൊക്കെത്തന്നെ ശാസ്ത്രത്തിന്‍റെ നിഷ്കൃഷ്ട വിലയിരുത്തലിനു മുൻപിൽ പിടിച്ചു നിൽക്കാനാകാതെ തള്ളിപ്പോയ കേവല ആരോപണങ്ങൾ മാത്രമായിരുന്നു.

കുടിവെള്ളം, പരിസരശുചിത്വം, പോഷകാഹാരം എന്നിവക്കൊക്കെ പകരംവെക്കാവുന്നതാണ് വാക്സിനുകൾ എന്നു ഗൗരവതരമായ വാക്സിൻ ചർച്ചയിലൊരിടത്തും ആരും തന്നെ പറഞ്ഞതായി അറിവില്ല. എന്നാൽ സാംക്രമികരോഗ നിയന്ത്രണകാര്യത്തിൽ ഇതിനൊക്കെ അനുപൂരകമായുണ്ടാകേണ്ട ഒന്നാണ് വാക്സിനുകൾ എന്നതാണ് വസ്തുത. ഇതൊക്കെ കഴിഞ്ഞിട്ടുമതി വാക്സിനുകൾ എന്ന വാദം സാംക്രമികരോഗ ചരിത്രം അറിയാവുന്ന ആരും തന്നെ ഉയർത്തുമെന്നു തോന്നുന്നില്ല. ഇപ്പറഞ്ഞ കാര്യങ്ങൾ ഒരു രാജ്യത്തിന്‍റെ ഭരണസംവിധാനത്തിന്‍റെ അനിവാര്യഘടകങ്ങളാണ്. രാജ്യരക്ഷയും അടിസ്ഥന സൗകര്യ വികസനവുമൊക്കെപ്പോലെ. ഇതുരണ്ടും കൂട്ടിക്കുഴക്കുമ്പോഴാണ് വിവാദമുണ്ടാവുന്നത്. വാക്സിൻ പ്രതിരോധ്യ രോഗങ്ങളിൽ പലതും ഉയർന്ന ജീവിതനിലവാരം കൈവരിച്ചു എന്നതുകൊണ്ട് മാത്രം അപ്രത്യക്ഷമായിട്ടില്ല എന്നത് വികസിത വ്യവസായവൽകൃത രാജ്യങ്ങളിലെ അനുഭവങ്ങളിൽ നിന്നും സുവ്യക്തമാണ്. ചിലവയുടെ സ്വാഭാവിക പ്രകൃതിയിൽ ഒട്ടേറെ മാറ്റങ്ങൾ വന്നിട്ടുണ്ട് എന്നത് ശരിയാണെങ്കിലും.

ഇന്ത്യൻ വാക്സിൻ പരിപാടി യുക്തിസഹമല്ല എന്നാണ് മറ്റൊരു വിമർശനം. പോളിയോക്കെതിരയുള്ള തുള്ളിമരുന്നു വ്യാപകമായതോടുകൂടി ക്യൂബപോലുള്ള രാജ്യങ്ങൾ അറുപതുകളിൽ തന്നെ ഈ രോഗം നിർമ്മാർജ്ജനം ചെയ്തു. ഇതു വാക്സിൻ കൊണ്ടുമാത്രം സാധിച്ച ഒന്നായിരുന്നു എന്നത് നിഷ്പക്ഷമതികളെ സംബന്ധിച്ചു നിസ്തർക്കമായ ഒന്നാണ്. പക്ഷെ വീണ്ടും വിമർശകർ പോളിയോയെ സാനിറ്റേഷൻ പ്രശ്നമായി വിലയിരുത്താനാണ് വ്യഗ്രത കാണിക്കുന്നത്. അതുപോലെ റോട്ടാവൈറസ് രോഗവും സാനിറ്റേഷൻ കൊണ്ട് പരിഹരിക്കാവുന്ന ഒന്നല്ല എന്നത് ശാസ്ത്രലോകം പരക്കെ അംഗീകരിക്കുന്ന ഒന്നാണ്. അതുകൊണ്ടാണ് ലോകത്തൊട്ടാകെയുള്ള ശിശുമരണങ്ങളിൽ നിർണ്ണായകസ്ഥാനം വഹിക്കുന്ന വയറിളക്കരോഗ നിയന്ത്രണത്തിൽ ഈ വാക്സിനുള്ള സ്ഥാനം ലോകാരോഗ്യ സംഘടന, യൂണിസെഫ് തുടങ്ങിയവയും അമേരിക്കയിലെ സാംക്രമികരോഗ നിയന്ത്രണപ്രതിരോധ കേന്ദ്രമായ സി.ഡി.സിയും ഒക്കെ  നിർദ്ദേശിക്കുന്നത്.

എക്സ്പാൻഡഡ് പ്രോഗ്രാം ഓൺ ഇമ്മ്യൂണൈസേഷൻ എന്ന പേരിൽ 1976 ൽ ആരംഭിച്ചപ്പോൾ നിലവിലിരുന്ന ഫലപ്രപ്രദമായ വാക്സിനുകൾ ക്ഷയം, ഡിഫ്തീരിയ, വില്ലൻചുമ, പോളിയൊ, അഞ്ചാമ്പനി എന്നിവക്കെതിരെയായിരുന്നു. ഇവയിലധികവും പേറ്റന്റ് സംരക്ഷണയിലായിരുന്നില്ല എന്നതുകൊണ്ട് ചെലവ് കുറഞ്ഞതുമായിരുന്നു. അന്ന് മെനിഞ്ജൈറ്റിസ്, ന്യുമോണിയ, വയറിളക്കരോഗങ്ങൾ എന്നിവ ഇല്ലാതിരുന്നതുകൊണ്ടോ ഗൗരവതരമല്ലാതിരുന്നതുകൊണ്ടോ അല്ല അവ പരിഗണനാർഹമല്ലാതിരുന്നത്. അന്നും ഇന്നും ലോകത്തൊട്ടാകെ കൂടുതൽ കുട്ടികൾ മരിക്കുന്നത് ഈ രോഗങ്ങൾ മൂലം തന്നെയാണ്. എന്നാൽ ഈ രോഗങ്ങൾക്കെതിരെ ഫലപ്രദമായ വാക്സിനുകളൊന്നും അന്ന് നിലവിലില്ലായിരുന്നു. അങ്ങനെയുള്ളവ ഉണ്ടായിരുന്നെങ്കിൽ അവ കൂടി ഉൾപ്പെടുത്തിയാകുമായിരുന്നു പദ്ധതി ആവിഷക്കരിക്കുമായിരുന്നത് എന്നുന്യായമായും ഊഹിക്കാവുന്നതാണ്. ഈ രോഗങ്ങൾക്കു വാക്സിൻ നിലവിലില്ലാതിരുന്ന ഘട്ടത്തിൽ നിലവിലുള്ള വാക്സിനുകൾ ഉൾപ്പെടുത്തി സാങ്കേതികവും സാമ്പത്തികവുമായ സാദ്ധ്യതകളുടെ അടിസ്ഥാനത്തിൽ ഒരു പദ്ധതി ആവിഷ്കരിച്ചു എന്നേ ഉള്ളു. ഇ.പി.ഐ. തുടങ്ങുമ്പോഴേക്കും അതുമൂലം തടയാവുന്ന പല രോഗങ്ങളും വികസിത രാജ്യങ്ങളിൽ നിയന്ത്രണ വിധേയമായിരുന്നു, ഒരു പക്ഷെ പോളിയോ ഒഴികെ. എന്നാൽ അവയുടെ തിരോഭാവത്തിന്‍റെ അവസാനഘട്ടത്തിനു വാക്സിനുകൾ നിർണ്ണായക സംഭാവന ചെയ്തുതാനും.

ന്യൂമോകോക്കസ്, ഹിബ്, ഹെപ്പറ്ററ്റിസ് ബി, റൊട്ടാവൈറസ് തുടങ്ങിയവക്കെതിരായ വാക്സിനുകൾ നിശ്ചയമായും നമ്മുടെ കുട്ടികളിലെ രോഗാതുരതയും മരണനിരക്കും കുറക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കാൻ കഴിയുന്നവയാണ്. ഹെപ്പറ്റൈറ്റിസ് എ, ചിക്കൻപോക്സ് എന്നിവക്കും അവയുടേതായ പ്രയോജനം സ്വീകർത്താക്കൾക്കുണ്ടാകുമെന്നത് നിസ്തർക്കമാണ്. അതുപോലെത്തന്നെ ഇന്ത്യയിലെ സ്ത്രീകളിലെ മുഖ്യക്യാൻസറുകളിലൊന്നായ ഗർഭാശയഗള (Cervix) ക്യാൻസറിനെതിരായുള്ള വാക്സിനും ഈ ഗണത്തിൽ തീർച്ചയായും പരിഗണിക്കേണ്ടതാണ്. ഇന്നത്തെ സാഹചര്യത്തിൽ ‘പാരമ്പര്യ’ വാക്സിനുകൾ മതി എന്നൊന്നും പറയുന്നതിൽ ഒരു യുക്തിയുമുണ്ടെന്നു തോന്നുന്നില്ല. പുതിയവയെ സംബന്ധിച്ചുള്ള ചർച്ചകൾ പഴയവയുടെ ഉപയോഗം കുറയാൻ കാരണമാവുന്നു എന്നതും വലിയ കഴമ്പുള്ള വിമർശനമൊന്നുമല്ല. വികസിതമായ ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യകളുടെയും പശ്ചാത്തലത്തിൽ വാക്സിനുകൾ ഏറെ ഫലപ്രദവും സുരക്ഷിതവുമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ശാസ്ത്രവിഷയങ്ങൾ വിമർശനവിധേയമാക്കുമ്പോൾ അനിവാര്യമായും വേണ്ട സന്തുലനം ഉണ്ടാവുന്നുണ്ട് എന്നുറപ്പക്കാനുള്ള ബാദ്ധ്യത നാമേവരും ഏറ്റെടുക്കണം എന്നാണ് അവസാനമായി സൂചിപ്പിക്കാനുള്ളത്.

DOWNLOAD PDF

<<<< ചാപ്റ്റർ 18:ജപ്പാൻ ജ്വരം /Japanese Encephalitis

          VACCI-PEDIA MAIN PAGE >>>>

©മനോജ്‌ വെള്ളനാട്

No comments:

Post a Comment