റുബെല്ല / RUBELLA

വാക്സിപീഡിയ:ചാപ്റ്റര്‍ 10കുട്ടികളിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒരുതരം പൊങ്ങൻ പനിയാണ് റുബെല്ല അഥവാ ജർമ്മൻ മീസൽസ്. ഇത് ഒരു സാംക്രമികരോഗമാണ്. പൊതുവെ പറഞ്ഞാൽ ഒരു നിസ്സാര രോഗമാണിത്. പക്ഷേ ഗർഭിണികളെ ബാധിക്കുമ്പോൾ റുബെല്ല ‘കൺജെനിറ്റൽ റുബെല്ല സിൻഡ്രോം’ ( Congenital Rubella Syndrome – CRS ) എന്ന ആസുരഭാവം കൈവരിക്കുന്നു. ഗർഭഛിദ്രത്തിനു പുറമേ നവജാതശിശുക്കളുടെ മരണത്തിനും ഗുരുതരമായ വൈകല്യങ്ങൾക്കും കാരണമാകുന്നു, അമ്മമാരുടെ കണ്ണുനീര്‍ വീഴ്ത്തുന്നു.

ചരിത്രം
18-ാം നൂറ്റാണ്ടിൽ ജർമ്മൻ ഡോക്ടർമാരാൽ കണ്ടുപിടിക്കപ്പെടുകയും സ്ഥിരീകരിക്കപ്പെടുകയും ചെയ്ത രോഗമാണ് റുബെല്ല. ആയതിനാൽ ജർമ്മൻ മീസൽസ് എന്നും അറിയപ്പെടുന്നു. ‘ലിറ്റിൽ റെഡ്' എന്നാണ് റുബെല്ല എന്ന വാക്കിന്റെ അർത്ഥം. 1914ൽ ആൽഫ്രഡ് ഫാബിയൻ ഹെസ് ഇത് ഒരു വൈറൽ രോഗമാണെന്ന് കണ്ടെത്തുകയും പ്രസ്തുത കണ്ടെത്തൽ 1938ൽ സ്ഥിരീകരിക്കപ്പെടുകയും ചെയ്തു.

1940ൽ ഓസ്ട്രേലിയയിൽ ഉണ്ടായ റുബെല്ല വ്യാപകരോഗബാധ ( Rubella Epidemic ) പ്രസ്തുതരോഗചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറി. കാരണം ഇതിനെത്തുടർന്ന് 1941ൽ നോർമൻ മക്അലിസ്റ്റർ ഗ്രെഗ് എന്ന ഓസ്ട്രേലിയൻ നേത്രരോഗവിദഗ്ദ്ധൻ ജൻമനാ തിമിരം ബാധിച്ച 78 കുട്ടികളെ പരിശോധിച്ചപ്പോൾ 68 പേരുടെയും അമ്മമാർക്ക് ഗർഭാവസ്ഥയിൽ റുബെല്ല രോഗം ബാധിച്ചിരുന്നുവെന്ന് തെളിഞ്ഞു. പ്രസ്തുത കുട്ടികൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും കേൾവിയില്ലായ്മയും ബാധിച്ചിരുന്നുവെന്നും മറ്റനവധി അസുഖങ്ങൾ അവർക്കുണ്ടായിരുന്നുവെന്നും ഗ്രെഗ് നിരീക്ഷിക്കുകയും തന്റെ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതാണ് ‘കൺജെനിറ്റൽ റുബെല്ല സിൻഡ്രോം’ ( Congenital Rubella Syndrome – CRS ) എന്ന് പിൽക്കാലത്ത് അറിയപ്പെട്ടത്.

1962ൽ ടിഷ്യു കൾച്ചർ ( Tissue Culture ) സങ്കേതമുപയോഗിച്ച്‌ റുബെല്ല വൈറസിനെ വേർതിരിച്ചെടുക്കുന്നതിൽ ശാസ്ത്രലോകം വിജയിച്ചു.

1962ൽ യൂറോപ്പിൽ ആരംഭിച്ച് 1964ൽ അമേരിക്കയിൽ എത്തിയ Rubella Pandemic അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിച്ചു. 1964-65 കാലഘട്ടത്തിൽ അമേരിക്കയിൽ മാത്രം ഒന്നേകാൽക്കോടിയോളം പേർക്ക് റുബെല്ല രോഗം ബാധിച്ചു. രണ്ടായിരത്തി ഒരുനൂറ് നവജാതശിശുമരണങ്ങൾ ഉണ്ടായി. രണ്ടായിരം പേർക്ക് മസ്തിഷ്കജ്വരം ബാധിച്ചു. ആറായിരത്തിൽപ്പരം സ്വാഭാവികഗർഭഛിദ്രങ്ങളും അയ്യായിരത്തിൽപ്പരം ചികിൽസാഗർഭഛിദ്രങ്ങളും സംഭവിച്ചു. ഇരുപതിനായിരം CRS കേസുകൾ ഉണ്ടായി. പതിനൊന്നായിരം കുട്ടികൾക്ക് കേൾവിയും മൂവായിരത്തിയഞ്ഞൂറ് കുട്ടികൾക്ക് കാഴ്ചയും നഷ്ടപ്പെട്ടു. ആയിരത്തിയെണ്ണൂറോളം കുട്ടികൾക്ക് ബുദ്ധിമാന്ദ്യമുണ്ടായി.

ദൗർഭാഗ്യകരമായ ഈ സംഭവം റുബെല്ലക്കെതിരായ വാക്സിനുവേണ്ടിയുള്ള ഗവേഷണം ത്വരിതപ്പെടുത്തി. 1969ൽ വിഖ്യാത അമേരിക്കൻ മൈക്രോബയോളജിസ്റ്റായ മോറിസ് ഹിൽമാൻ റുബെല്ല വാക്സിൻ കണ്ടുപിടിച്ചു. 1971ൽ അദ്ദേഹം തന്നെ അഞ്ചാം പനിക്കും മുണ്ടിനീരിനും റുബെല്ലയ്ക്കും എതിരായ സംയോജകവാക്സിനായ എം. എം. ആർ ( MMR – Measles Mumps Rubella ) വാക്സിനും കണ്ടുപിടിച്ചു. പിൽക്കാലത്ത് റുബെല്ലയ്ക്കും CRSനും എതിരായ പോരാട്ടത്തിന് കരുത്തുപകർന്നത് MMR വാക്സിന്റെ കണ്ടുപിടിത്തമാണ്.

രോഗകാരണം
ടോഗാ വൈറസ്‌ ഗ്രൂപ്പിൽപ്പെടുന്ന റുബെല്ല വൈറസാണ് ഈ രോഗം പരത്തുന്നത്. മനുഷ്യരിൽ മാത്രം വരുന്ന ഒരു അസുഖമാണിത്. ബീജഗർഭകാലം ( Incubation Period ) 2 മുതൽ 3 ആഴ്ച വരെയാണ്. സാംക്രമികകാലഘട്ടം ( Communicability Period ) പാടുകൾ വരുന്നതിന് ഒരു ആഴ്ച മുമ്പ് മുതൽ ഒരു ആഴ്ച ശേഷം വരെയാണ്.

വാക്സിൻ കണ്ടുപിടിക്കുന്നതിന് മുമ്പുള്ള കാലഘട്ടങ്ങളിൽ ആയിരം ശിശുജനനങ്ങളിൽ 4 പേർക്ക് എന്ന തോതിൽ CRS പിടിപെട്ടിരുന്നു. റുബെല്ല പകർച്ചവ്യാധി എല്ലാ ഒമ്പത് മുതൽ ആറ് വർഷത്തിലൊരിക്കൽ വന്നിരുന്നു. മൂന്ന് നാല് വർഷത്തിലൊരിക്കൽ റുബെല്ല പകർച്ചവ്യാധി മൂർദ്ധന്യാവസ്ഥ പ്രാപിച്ചിരുന്നു.

ലസീകാവ്യവസ്ഥയെയാണ് റുബെല്ല രോഗം ബാധിക്കുന്നത്. CRS ഉണ്ടാക്കുന്നത് കോശ ആത്മഹത്യയാണ്. CRS ഏത് അവയവത്തെയും ബാധിക്കാം.

രോഗലക്ഷണങ്ങൾ
ഉദ്ഭവനകാലം 10 മുതൽ 20 ദിവസങ്ങളാണ്. ശരീരത്തിൽ തടിപ്പ് (rash) ആണ് ആദ്യം പ്രകടമാകുന്ന രോഗലക്ഷണം, അതു തന്നെ എൺപത് ശതമാനം രോഗികളിൽ മാത്രമേ കാണപ്പെടുകയുള്ളൂ. തടിപ്പുകൾക്ക് അഞ്ചാംപനിയിലുള്ളതിനേക്കാൾ മങ്ങിയ നിറമേ കാണാറുള്ളു. ഇത് ഒരു ദിവസത്തിനുള്ളിൽതന്നെ പ്രത്യക്ഷപ്പെടുകയും രണ്ടു ദിവസങ്ങൾക്കുശേഷം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ചെറിയ തോതിലുള്ള പനി മാത്രമേ കാണാറുള്ളൂ. റുബെല്ല മൂലമുള്ള പനി സാധാരണയായി 5 ദിവസമേ നീണ്ടുനിൽക്കുകയുള്ളൂ. കഴുത്തിൽ ചെവിക്കു പുറകിലായി ലസികാഗ്രന്ഥി (lymphgland) വീർത്തുവരുന്നു. ഇതോടൊപ്പം അപൂർവ്വമായി മൂക്കൊലിപ്പ്, സന്ധിവേദന, തലവേദന, ചെങ്കണ്ണ് എന്നീ ലക്ഷണങ്ങളും കാണാറുണ്ട്‌.

ഇതിൽ തന്നെ 20 മുതല്‍ 50 ശതമാനം വരെ കേസുകൾ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഇല്ലാത്തതായിരിക്കും (സബ് ക്ലിനിക്കൽ).

സങ്കീർണ്ണതകൾ

*കൺജെനിറ്റൽ റുബെല്ല സിൻഡ്രോം (CRS)
*മസ്തിഷ്കവീക്കം
*കഫവാതജ്വരം അഥവാ ന്യുമോണിയ
*ഉപശ്വാസനാളവീക്കം അഥവാ ബ്രോങ്കൈറ്റിസ്
*ഹൃദയപേശിവീക്കം അഥവാ മയോകാർഡൈറ്റിസ്
*രക്തസ്രാവം ( Platelet കുറയുന്നത് മൂലം )

കൺജെനിറ്റൽ റുബെല്ല സിൻഡ്രോം ( Congenital Rubella Syndrome – CRS )
ഗർഭിണികളെ ബാധിക്കുമ്പോഴാണ് റുബെല്ല തന്റെ സംഹാരഭാവം പൂകുന്നത്, പ്രത്യേകിച്ചും ഗർഭിണിയാകുന്നതിന് ഒരു മാസം മുമ്പ് തൊട്ട് ഗർഭത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലെപ്പോഴെങ്കിലുമാണ് രോഗം പിടിപെടുന്നതെങ്കിൽ. ഈ കാലഘട്ടത്തിൽ രോഗം വന്നാൽ 85 – 100% ഭ്രൂണങ്ങളും സ്വാഭാവികഗർഭച്ഛിദ്രത്തിനിരയാകുകയോ CRS ബാധിച്ചതുകൊണ്ട് ചികിൽസാഗർഭച്ഛിദ്രം ചെയ്യേണ്ടിവരികയോ ചെയ്യുന്നു. CRS എന്നത് കേൾവിയില്ലായ്മ, ജൻമനാലുള്ള ഹൃദയരോഗങ്ങൾ, ജൻമനാലുള്ള തിമിരം എന്നിവയുടെ ഒരു ത്രയം ആണ്, അതിഭയാനകമായ ഒരു ത്രയം. CRS ബാധിക്കുന്ന മൂന്നിലൊന്ന് കുട്ടികൾ മരിച്ചുപോകുന്നു, മൂന്നിലൊന്ന് കുട്ടികൾ കിടപ്പിലാകുന്നു, മൂന്നിലൊന്ന് കുട്ടികൾക്ക് പ്രത്യേക സഹായം വേണ്ടിവരുന്നു. തുടര്‍ന്നുള്ള ജീവിതം തന്നെ ദുസ്സഹമാക്കുന്ന തരത്തില്‍ ഇവർക്ക് പ്രമേഹം, ഓട്ടിസം , തൈറോയിഡ് രോഗങ്ങൾ എന്നിവയ്ക്കുള്ള സാദ്ധ്യത വളരെയധികമാണ്. അമ്മമാരിലെ വാക്സിനേഷൻ കൊണ്ട് പൂർണ്ണമായും തടയാവുന്ന അവസ്ഥയാണിത്.രോഗപ്രതിരോധം
പ്രതിരോധത്തിന് MMR എന്ന സംയോജിത വാക്സിനും റുബെല്ല വാക്സിനുമാണ് പ്രചാരത്തിലുള്ളത്. ഒരു വയസ് മുതൽ MMR വാക്സിന്റെ ആദ്യത്തെ ഡോസ് എടുക്കാവുന്നതാണ്. 3 വർഷം കഴിഞ്ഞ് രണ്ടാമത്തെ ഡോസും. ഏതെങ്കിലും കാരണം കൊണ്ട് വാക്സിൻ എടുക്കാൻ സാധിക്കാത്തവർക്ക് രോഗപ്രതിരോധശേഷി കിട്ടുവാൻവേണ്ടി ഒരു മാസം ഇടവിട്ട് MMR വാക്സിനോ Rubella വാക്സിനോ രണ്ട് ഡോസ് എടുക്കാവുന്നതാണ്


DOWNLOAD PDF

<<<< ചാപ്റ്റര്‍ 9: മീസില്‍സ് / MEASLES

         ചാപ്റ്റര്‍ 11:മുണ്ടിനീര് / MUMPS >>>>
മനോജ്‌ വെള്ളനാട്

2 comments:

 1. ആദ്യ പ്രസവത്തിനു ശേഷം സ്ത്രീകൾക്ക് ഈ വാക്സിൻ എടുക്കേണ്ട ആവശ്യമുണ്ടോ?

  ReplyDelete
  Replies
  1. 1.രണ്ടാമതൊരു പ്രഗ്നൻസി പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ എടുക്കുന്നതാണ് നല്ലത്.
   2.അല്ലെങ്കിൽ റുബെല്ല IgG ടെസ്റ്റ് ചെയ്ത് നോക്കി, നെഗറ്റീവാണെങ്കിൽ എടുത്താമതി.

   Delete