റാലി ഫോർ റെസ്പോൺസിബിലിറ്റി / Rally for Responsibility


ശാസ്ത്രത്തിനു വേണ്ടിയൊരു റാലി കേരളത്തിൽ നടക്കുകയാണല്ലോ. എ റാലി ഫോർ സയൻസ്. ഈ ശാസ്ത്രത്തിന്റെ ഏറ്റവും വലിയ പരിമിതി എന്താണെന്നു വച്ചാൽ, അതു തരുന്ന വിശാലമായ സാധ്യതകളെ, അറിവുകളെ എങ്ങനെ, എന്തിനുവേണ്ടി ഉപയോഗപ്പെടുത്തണമെന്ന് പറഞ്ഞു തരാൻ അതിനാകില്ല എന്നതാണ്. അത് തീരുമാനിക്കുന്നത് നമ്മുടെ വിവേകമാണ്. ഏറ്റവും ചെറിയൊരുദാഹരണം പറഞ്ഞാൽ, നമ്മുടെയെല്ലാം വീടുകളിലുള്ള കത്തി തന്നെ എടുക്കാം. ഒരേ കത്തികൊണ്ട് നമുക്ക് കറിയ്ക്കരിയാം, വിറകു വെട്ടാം അല്ലെങ്കിൽ ആരെയെങ്കിലും വെട്ടിയോ കുത്തിയോ കൊല്ലാം. എന്തിനുപയോഗിക്കണമെന്നത് നമ്മുടെ വിവേകബുദ്ധിയാണ് തീരുമാനിക്കുന്നത്. അതുപോലെ കറിയ്ക്കരിയുമ്പോൾ തന്നെ, അശ്രദ്ധമായാണ് നമ്മളതുപയോഗിക്കുന്നതെങ്കിൽ നമുക്കുതന്നെ മുറിവേൽക്കാനും സാധ്യതയുണ്ട്. അങ്ങനെ മുറിവേൽക്കാതെ, വളരെ ശ്രദ്ധിച്ചാണ് നമ്മളീ പ്രവൃത്തികൾ ചെയ്യാറുള്ളത്. കത്തി മാത്രമല്ലാ, ഏതൊരു വസ്തു ഉപയോഗിക്കുമ്പോഴും അതാവശ്യപ്പെടുന്ന ഒരു ശ്രദ്ധ നമ്മൾ നൽകാറുണ്ട്.

ഇനി കത്തിയ്ക്കു പകരം അവിടെ നിങ്ങളുടെ ബൈക്കിനെ സങ്കൽപ്പിക്കൂ. കത്തി പോലൊന്നുമല്ലാ, ചെറിയൊരശ്രദ്ധയ്ക്ക് അവിടെ പക്ഷെ വലിയ വില കൊടുക്കേണ്ടി വരും, ഇല്ലേ? എന്നാൽ ഒരു കത്തിയുപയോഗിക്കുമ്പോൾ കൈ മുറിയാതെ നോക്കുന്നതിന്റെ പകുതി ശ്രദ്ധ നിങ്ങൾ ബൈക്കോടിയ്ക്കുമ്പോൾ കാണിക്കുന്നുണ്ടോ?

ശാസ്ത്രറാലികളും മറ്റുമായി ശാസ്ത്രീയമായ അറിവുകളും ശാസ്ത്രബോധവും നേടുന്നതോടൊപ്പം മനസിലാക്കേണ്ട, എപ്പൊഴും ഓർത്തിരിക്കേണ്ട മറ്റൊരു പ്രധാനകാര്യമാണ്, ഉത്തരവാദിത്ത ബോധത്തോടെ, തികഞ്ഞ ശ്രദ്ധയോടെ വേണം ഏതൊരു പ്രവൃത്തിയും ചെയ്യാനെന്നത്. ജീവിതം സുഗമമാക്കാനാണ് ശാസ്ത്രത്തിന്റെ ഓരോ കണ്ടുപിടിത്തവും നമ്മളുപയോഗിക്കേണ്ടത്. ജീവനും ജീവിതവും അശ്രദ്ധകൊണ്ട് നഷ്ടപ്പെടുത്താനാകരുത്.

ഈ മാസം ദിനേന 12 മണിക്കൂർ വീതമുള്ള കഴിഞ്ഞ 12 ദിവസത്തെ എന്റെ ഡ്യൂട്ടി സമയത്ത് ഞാൻ കണ്ടത് 6 യുവാക്കളുടെ ദയനീയ മരണമാണ്. ഇന്നലെ രാത്രിയും ഉണ്ടായിരുന്നു ഒരാൾ. 25 വയസ്. ആറുമാസം മുമ്പായിരുന്നു വിവാഹം. മദ്യപിച്ച് വണ്ടിയോടിച്ച്, അപകടത്തിൽപ്പെട്ടു. ആശുപത്രിയിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ മരിച്ചു. ഈ 6 പേരും മരണത്തെ ക്ഷണിച്ചു വരുത്തിയവരായിരുന്നു. 6 മരണങ്ങളും 100% വും ഒഴിവാക്കാമായിരുന്നു എന്നതാണ് സത്യം. പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റിൽ മരണകാരണം എന്തുതന്നെ എഴുതിയാലും, ഇവരുടെയെല്ലാം ശരിക്കുമുളള മരണകാരണം ഈ പറയുന്നവയാണ്,
1. തികഞ്ഞ അശ്രദ്ധ
2. ‎ഉത്തരവാദിത്തമില്ലായ്മ / വിവേകബുദ്ധിയില്ലായ്മ
3. ‎ട്രാഫിക് നിയമങ്ങൾ പാലിക്കാതിരിക്കുക.

ജീവിതത്തിൽ നാളെയെക്കുറിച്ച് കുറച്ചെങ്കിലും പ്രതീക്ഷയുമായല്ലേ നമ്മളോരോരുത്തരും ജീവിക്കുന്നത്? എത്ര പക്വത ഇല്ലാത്ത പ്രായമാണെങ്കിലും, ഇന്നത്തെ ദിവസം എത്ര സാഹസികമായി ആസ്വദിക്കുന്ന ആളാണെങ്കിലും നാളയെക്കുറിച്ചൊരു പ്രതീക്ഷയും കാഴ്ചപ്പാടും ഉണ്ടായിരിക്കും. അങ്ങനെയുള്ള നമ്മളെക്കുറിച്ച് നമ്മളെ സ്നേഹിക്കുന്നവർക്കും ചില പ്രതീക്ഷകൾ ഉണ്ടായിരിക്കും. ഒരുനിമിഷത്തെ ഒരല്പം അശ്രദ്ധകാരണം നമ്മുടെയും നമ്മളെ സ്നേഹിക്കുന്നവരുടെയും ഒക്കെ സകല പ്രതീക്ഷകളും നശിക്കുന്നത് എത്ര സങ്കടകരമാണ്.

          ഓരോ ദിവസവും നമ്മുടെ റോഡുകളിൽ പൊലിയുന്ന ജീവനുകളുടെ കണക്കെത്രയെന്നു നമുക്ക് എന്തെങ്കിലും നിശ്ചയമുണ്ടോ? ബൈക്കപകടങ്ങളിൽപ്പെട്ട് ഒരു ദിവസം നമ്മുടെ ഇടയിൽ നിന്നും എത്രപേർ അപ്രത്യക്ഷരാകുന്നു എന്ന് നമ്മൾ ചിന്തിക്കാറുണ്ടോ? കേരളത്തിൽ ഏറ്റവും അധികം ബൈക്കപകടങ്ങളിൽ പെടുന്നതും ജീവൻ നഷ്ടപ്പെടുന്നതും പതിനഞ്ചിനും മുപ്പതിനും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. മേൽപ്പറഞ്ഞ 6 പേരും ഈ പ്രായത്തിലുള്ളവരായിരുന്നു. ദാ, ഇന്നത്തെ പത്രം തുറന്നപ്പോഴും കാണുന്നത് രണ്ട് ബൈക്കപകടങ്ങളിലായി മൂന്നു യുവാക്കൾ മരിച്ചുപോയ വാർത്ത. മൂന്നും ഈ പ്രായത്തിലുള്ളവർ തന്നെ. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ തിരുവനന്തപുരം ജില്ലയിൽ മാത്രം പത്തോ പന്ത്രണ്ടോ പേരെങ്കിലും ബൈക്കപകടങ്ങളിൽ മരിച്ചുപോയിട്ടുണ്ട് എന്നാണ് എന്‍റെ ഓർമ്മ (പത്രം വായിച്ചതിൽ നിന്നും മാത്രം). ഒരാളെങ്കിലും മരിക്കുന്ന അപകടങ്ങളുടെ വാർത്ത മാത്രമേ പത്രങ്ങളിൽ വരാറുള്ളൂ. അപ്പോൾ ഓരോ ദിവസവുമെന്തുമാത്രം അപകടങ്ങൾ നടക്കുന്നുണ്ടാകും? എത്ര പേർ ഗുരുതരാവസ്ഥയിൽ മരിക്കാതെ മരിക്കുന്നുണ്ടാകും?

         എന്തുകൊണ്ടാണ് ഇത്രയധികം അപകടങ്ങൾ, അതും ഇത്രയധികം വിദ്യാഭ്യാസവും ബോധവൽക്കരണവും ട്രാഫിക് നിയമങ്ങളും ഒക്കെ ഉണ്ടായിട്ടും സംഭവിക്കുന്നത്? ഇവിടെ സംഭവിക്കുന്ന 99% ബൈക്കപകടങ്ങൾക്കും ഒരൊറ്റ കാരണമേ ഉള്ളു, 'തികഞ്ഞ അശ്രദ്ധ'. നമുക്കെല്ലാം അറിയാം, എന്നാലും അതൊന്നും ഞാൻ ശ്രദ്ധിക്കെണ്ടതില്ലാ എന്നുള്ള തികഞ്ഞ അലംഭാവം. അപക്വത. ഇവരുടെ അമിതവേഗത തന്നെയാണ് അപകടം സംഭവിക്കാൻ ഏറ്റവും വലിയ കാരണം. കുണ്ടുകുഴിയും നിറഞ്ഞ റോഡുകളിലേക്കാൾ കൂടുതൽ അപകടമരണങ്ങൾ നടക്കുന്നത് നല്ല നിരപ്പായ റോഡുകളിൽ ആണെന്നത് അതിനെ ശരിവയ്ക്കുന്നു. വളവിലും, ഇടത് വശത്തുകൂടിയുമുള്ള ഓവർടേക്കിംഗ് എല്ലാം അപകടങ്ങളെ ക്ഷണിച്ചു വരുത്തുന്നു.

         ഇനി അഥവാ, എന്തെങ്കിലും അപകടം ഉണ്ടായാലും നമ്മുടെ ജീവന് അത് ഹാനികരമാകരുത് എന്ന് കരുതിയാണ്, നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്ന് നിയമം മൂലം നിഷ്കർഷിക്കുന്നത്. പക്ഷെ, വഴിയിൽ പെറ്റിയടിക്കാൻ നിൽക്കുന്ന പോലീസിനെ പേടിച്ചു മാത്രം ഹെൽമെറ്റ്‌ കയ്യിൽ കരുതുന്നവരാണ് കൂടുതൽ പേരും. തലയ്ക്കു പകരം അത് ഇടത് കൈത്തണ്ടയിലാണ് ഹെൽമറ്റ് ധരിക്കുന്നത് എന്ന് മാത്രം. ബൈക്കപകടങ്ങളിൽ മരണപ്പെടുന്ന 90% പേരും തലച്ചോറിന് ഗുരുതരമായി പരിക്കേറ്റവരാണ്. അതൊഴിവാക്കാൻ ഹെൽമെറ്റ്‌ 'തലയിൽ' ധരിക്കുക മാത്രമേ വഴിയുള്ളൂ. അതുപോലെ ഇത്തരം അപകടങ്ങളിൽപ്പെട്ട് രക്ഷപ്പെടുന്നവരിൽ 90% പേരും, രക്ഷപെടാൻ കാരണം അപകടസമയത്ത് ഈ ഹെൽമെറ്റ്‌ തലയിലുണ്ടായിരുന്നു എന്നത് തന്നെയാണ്.

         ജീവിതത്തിൽ ഏറ്റവും പ്രതീക്ഷകളുള്ള കാലം, ഏറ്റവും പ്രായോഗിക ബുദ്ധിയും ഊർജ്ജവും ഉള്ള കാലം, യൗവനത്തിന്‍റെ ഏറ്റവും മനോഹരമായ കാലഘട്ടം, ആ സമയത്ത് തന്നെയാണ് ഏറ്റവും അധികം അശ്രദ്ധ എന്നതും ശ്രദ്ധേയം. മാധ്യമങ്ങൾ ഇത്തരം വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുമ്പോൾ മരണപ്പെട്ട ആളിന്‍റെ കുടുംബത്തെ പറ്റിയും മറ്റും അന്വേഷിക്കുന്ന കൂട്ടത്തിൽ, ആ അപകട കാരണം കൂടി കണ്ടെത്തി അതുകൂടി ആ വാർത്തയ്ക്കൊപ്പം ചേർക്കാൻ ശ്രമിക്കണം. അമിതവേഗത ആയിരുന്നു കാരണമെങ്കിൽ, മദ്യപിച്ചിട്ട് വണ്ടിയോടിച്ചതാണ് കാരണമെങ്കിൽ, ഹെൽമറ്റ് വച്ചിട്ടില്ലായിരുന്നുവെങ്കിൽ അതുകൂടി വാർത്തയിൽ ചേർക്കണം. അങ്ങനെ ചേർക്കുമ്പോൾ, വായിക്കുന്ന ചുരുക്കം ചിലരെയെങ്കിലും മാറ്റി ചിന്തിപ്പിക്കാൻ കാരണമാകും. അതും ഒരുതരം ബോധവൽക്കരണത്തിന്‍റെ ഭാഗമാണ്.

         2013 ൽ മാത്രം കേരളത്തിൽ ഉണ്ടായ അപകടങ്ങളുടെ രേഖപ്പെടുത്തപ്പെട്ട കണക്കുകൾ ഇങ്ങനെയാണ്. (ലേറ്റസ്റ്റ് കണക്കുകൾ തപ്പിയിട്ട് കിട്ടിയില്ലാ.) മൊത്തം അപകടങ്ങളുടെ മൂന്നിലൊന്നിൽ അധികവും ബൈക്കപകടങ്ങൾ. അതിൽ ജീവൻ നഷ്ടപ്പെട്ടവർ 1289 പേർ. ഗ്രീവസ് ഇഞ്ചുറി സംഭവിച്ചവർ, എന്നുവച്ചാൽ അംഗഭംഗമോ, ഏതെങ്കിലും അവയവത്തിന്‍റെ പ്രവർത്തനം സ്ഥായിയായി നഷ്ടപ്പെട്ടതോ, ജീവൻ തിരിച്ചു കിട്ടിയെങ്കിലും പരസഹായമില്ലാതെ ജീവിക്കാൻ സാധിക്കാത്തതോ ആയവർ 8939 പേരാണ്. അപകടങ്ങളും അപകടമരണങ്ങളും ദിനം പ്രതി വർദ്ധിച്ചു വരുന്നതായാണ് കണക്കുകൾ പറയുന്നത്.        നിങ്ങൾക്കെല്ലാം ഇതൊക്കെ അറിയാം, എന്നാലും ദിവസം ഒരു മരണമെങ്കിലും നേരിൽ കാണുന്നതുകൊണ്ട് ഒന്നോർമ്മിപ്പിച്ചതാണ്. വേണ്ടത് ഇത്രമാത്രം, ഒരൽപ്പം ശ്രദ്ധ, ഉത്തരവാദിത്തബോധം, നിയമങ്ങൾ പാലിക്കാനുള്ള മനസ്. വണ്ടികളുടെ ശാസ്ത്രം പഠിക്കുന്നതു പോലെ, ശാസ്ത്രീയമായ റോഡു നിർമ്മാണത്തിന് വേണ്ടി വാദിക്കുന്നതു പോലെ പ്രധാനമാണ്, റോഡുകളിൽ പാലിക്കേണ്ട അച്ചടക്കത്തെ പറ്റിയുള്ള ബോധം. അതാണ് ഉത്തരവാദിത്തത്തിന്റെ ശാസ്ത്രം. അതിനും വേണം, ഒരു റാലി. എ റാലി ഫോർ റെസ്പോൺസിബിലിറ്റി

DOWNLOAD PDF

©മനോജ്‌ വെള്ളനാട്

No comments:

Post a Comment