പോളിയോ / Polio

വാക്സിപീഡിയ:ചാപ്റ്റര്‍ 8പശ്ചിമ ബംഗാളിലെ ഷാപ്പാരാ ഗ്രാമം. കൂട്ടുകാരോടൊത്ത് കളിക്കുകയാണ് റുക്സാർ ഖാത്തൂൺ എന്ന 4 വയസുകാരി. നേരിയ മുടന്തുള്ള വലതുകാൽ വലിച്ചു വച്ച് ഓടി നടക്കാൻ പാടുപെടുന്നുണ്ട് ആ പാവം. ഇടയ്ക്കിടെ ആ പരിശ്രമത്തിൽ തന്‍റെ കാൽ വേദനിക്കുന്നെന്ന് പരാതി പറയുന്നുമുണ്ട്. പറക്കാൻ തുടങ്ങും മുൻപ് ചിറകു പാതിയരിയപ്പെട്ട ആ പൂമ്പാറ്റയെ നോക്കി അവളുടെ പിതാവ് അബ്ദുൽ ഷാ നെടുവീർപ്പിടുന്നു. “എല്ലാം ഞങ്ങളുടെ തെറ്റാണ്. ഞങ്ങളുടെ ബാക്കി എല്ലാ കുട്ടികൾക്കും കൃത്യമായി പ്രതിരോധ കുത്തിവയ്പുകൾ നല്കി . ഇവൾക്കു മാത്രം ചെറുപ്പത്തിൽ കൂടെ കൂടെ ചെറിയ അസുഖങ്ങൾ വന്നിരുന്നത് കൊണ്ട് കുത്തിവയ്പുകൾ കൂടുതൽ നല്‍കേണ്ടന്നു ഞങ്ങൾ ധരിച്ചു. ഒന്നര വയസിൽ പനിയോടുകൂടെ വലതു കാൽ തളർന്നു പോയി. അസുഖം പോളിയോയാണെന്ന് കണ്ടുപിടിക്കപ്പെട്ടപ്പോൾ തകർന്നു പോയി. ഞങ്ങളുടെ അലംഭാവം അവളുടെ നല്ല ഭാവിയെ ഇങ്ങനെ ബാധിച്ചല്ലോ! ” റുക്സാറിന്‍റെ പിതാവിന്‍റെ ഈ വിലാപം ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഇന്ത്യയെ പോളിയോയ്ക്ക് മുൻപും ശേഷവും എന്നു വിഭജിക്കുന്ന കാലത്തിന്‍റെ ചുവരെഴുത്ത്. കാരണം 2011 ജനുവരി 13ന് പോളിയോ ബാധ സ്ഥിരീകരിച്ച റുക്സാറിന് ശേഷം ഇന്നേ വരെ ഇന്ത്യയിൽ പോളിയോ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗം മാത്രമല്ല രോഗകാരിയായ പോളിയോ വൈറസ് തന്നെ ഈ മഹാരാജ്യത്തു നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. 300 കോടി ജനതയുടെ ആരോഗ്യത്തിന് കാവൽ നിൽക്കുന്ന ലക്ഷക്കണക്കിന് ആരോഗ്യ പ്രവർത്തകരുടെ ശിരസിൽ പൊൻതൂവലായി ലോകാരോഗ്യ സംഘടന 2014 മാർച്ച് 27 ന് ഇന്ത്യ ഉൾപ്പെടുന്ന വടക്കു കിഴക്കൻ ഏഷ്യൻ ഭൂപ്രദേശം പോളിയോ വിമുക്തമായതായി പ്രഖ്യാപിച്ചു. ഈ നേട്ടത്തിന്‍റെ വലിപ്പവും മഹത്വവും അറിയണമെങ്കിൽ പോളിയോ ഭരിച്ച ആ ഇരുണ്ട യുഗത്തിലൂടെ നമ്മൾ അൽപദൂരം നടക്കണം.

എന്തായിരുന്നു പോളിയോ?

പോളിയോ വൈറസുകൾ ഉണ്ടാക്കിയിരുന്ന ഒരു തളർവാത രോഗമായിരുന്നു പോളിയോ . രോഗമുണ്ടാക്കിയിരുന്ന പോളിയോ വൈറസ് (വൈൽഡ് പോളിയോ വൈറസ് – wpv ) 3 തരത്തിലുണ്ട് – 1, 2, 3. മലിനമായ ജലത്തിലൂടെയോ ഭക്ഷണത്തിലൂടെയോ കുടലിലെത്തുന്ന വൈറസ്, അവിടെ നിന്ന് നാഡീവ്യൂഹത്തിലെത്തിയാണ് അസുഖത്തിന്‍റെ സവിശേഷ സ്വഭാവ പ്രത്യേകതകൾ കാട്ടിയിരുന്നത്. പരിസര മലിനീകരണവും വ്യക്തി ശുചിത്വത്തിന്‍റെ അഭാവവും വ്യാപകമായിരുന്ന കാലഘട്ടത്തിലും പ്രദേശങ്ങളിലും പോളിയോ പടർന്നു പിടിച്ചിരുന്നതും മറ്റൊന്നു കൊണ്ടല്ല.പോളിയോ വൈറസ് ശരീരത്തിൽ കടന്നു കഴിഞ്ഞാൽ, പ്രധാനമായും 4 രീതിയിൽ ശരീരം അതിനോടു പ്രതികരിക്കാം.

1) 90- 95% വരെ ആളുകളിൽ വരെ വൈറസ് ബാധയുടെ യാതൊരു ലക്ഷണവും ഉണ്ടാവുകയില്ല (അപ്രത്യക്ഷമായ അണുബാധ – inapparent infection)

2) 5 % ആളുകളിൽ പോളിയോ വൈറസ് ബാധ മറ്റു സാധാരണ വൈറൽ പനികൾ പോലെ പനി, ശരീരവേദന, വിശപ്പില്ലായ്മ, നേരിയ തൊണ്ട നൊമ്പരം , ക്ഷീണം തുടങ്ങിയവ മാത്രമായി കടന്നു പോകും (abortive Poliomyelitis)

3) 1 % ത്തിലാകട്ടെ അണുബാധ നാഡീവ്യൂഹത്തെ ബാധിച്ച്, കടുത്ത തലവേദന, പനി, പേശികളുടെ വലിഞ്ഞുമുറുകൽ തുടങ്ങിയവ ഉണ്ടാക്കുമെങ്കിലും ആത്യന്തികമായി നീണ്ടു നിൽക്കുന്ന തളർവാതം ഉണ്ടാക്കില്ല. (non – paralytic poliomyelitis)

4) എന്നാൽ നിർഭാഗ്യവാൻമാരായ 0.1% പേരിൽ, തലച്ചോറിനെയും സുഷുമ്നാ നാഡിയെയും ബാധിക്കുന്ന പോളിയോ അണുബാധ, കൈകാലുകളെ എന്നന്നേക്കുമായി തളർത്തുകയും രോഗിയെ അംഗ പരിമിതരാക്കുകയും ചെയ്യാം. ഇതു പോലെയുള്ള 8 – 10 % കേസുകളിൽ ശ്വാസതടസ്സം കൊണ്ടു രോഗി മരണപ്പെടുകയും ചെയ്യാം.(paralytic polio)

ഇപ്രകാരം അംഗ പരിമിതത്വം സംഭവിക്കുന്ന 0.1% പോളിയോ അണുബാധകളെ മാത്രമാണ് പോളിയോ രോഗം എന്ന രീതിയിൽ നമുക്ക് തിരിച്ചറിയാൻ കഴിയുകയുള്ളൂ. എന്നാൽ ഈ ചെറിയ ശതമാനം അണുബാധ ഉണ്ടാക്കിയിരുന്ന സാമൂഹ്യ വിപത്തിന്റെ ആഴമോ…..!

1950 കളിലും 60 കളിലും ബോംബയിലും വെല്ലൂരിലുമായി പ്രവർത്തനമാരംഭിച്ച പോളിയോ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പഠനമനുസരിച്ച് അന്ന് ഇന്ത്യയിൽ ഏതാണ്ട് 10,000ത്തിൽ 25 പേർക്ക് പോളിയോ ബാധിച്ചിരുന്നതായും 1000 കുട്ടികളിൽ 6 പേർക്ക് പോളിയോയുടെ ഫലമായി അംഗവൈകല്യം സംഭവിച്ചിരുന്നതായുമായാണ് കണക്കുകൾ. എന്തിനധികം പറയുന്നു, ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ പോലും ഇന്ത്യയിലെ മുഴുവൻ അംഗ പരിമിതരുടെ പകുതിയോടടുപ്പിച്ച് പോളിയോ രോഗത്തിന്‍റെ രക്തസാക്ഷികളായിരുന്നു. പോളിയോ ഒരിക്കൽ ബാധിച്ചാൽ പിന്നെ ചികിത്സയില്ല. ഫിസിയോ തെറാപ്പിയിലൂടെയും മറ്റും സംഭവിച്ച അംഗപരിമിതത്വം കുറച്ചു കൊണ്ടുവരാൻ ശ്രമിക്കാമെന്നേ ഉള്ളൂ.

ആൾനാശത്തെക്കാളുപരി, ഒരാളുടെ ജീവിതവൃത്തികളെ തകർത്ത് രാജ്യത്തിന്‍റെ സാമൂഹിക-സാമ്പത്തിക അന്തരീക്ഷത്തെ തന്നെ ബാധിക്കുന്ന നിലയിലേയ്ക്കു വളർന്നിരുന്ന പോളിയോ രോഗത്തെ നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്, 1988-ൽ ലോകാരോഗ്യസംഘടന ലോക പോളിയോ നിർമ്മാർജ്ജന പരിപാടി (Global Polio Eradication Imitative) ആരംഭിക്കുന്നത്.

1988–ൽ പ്രസ്തുത പരിപാടി ആരംഭിക്കുമ്പോൾ ലോകത്താകമാനം ഒരു വർഷം 350000 പോളിയോ കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിലാകട്ടെ 24000-വും. 125-ൽ പരം രാജ്യങ്ങൾ പോളിയോ ബാധിതമായിരുന്ന ആ സമയത്ത് ദിവസം ആയിരത്തിലധികം കുട്ടികൾക്കു പോളിയോ ബാധിച്ചിരുന്നതായാണ് അന്നത്തെ കണക്കുകൾ.

രോഗപ്രതിരോധം

പോളിയോ രോഗത്തിനെതിരായി 2 തരം വാക്സിനുകളാണ് നിലവിലുള്ളത്-

ജീവനുള്ള പോളിയോ വൈറസുകളെ ശക്തി കുറച്ച് ഉപയോഗിക്കുന്ന Oral Polio Vaccine (OPV) – വായിലൂടെ നല്‍കുന്നത്.

നിർജ്ജീവീകരിച്ച വൈറസുകളെ ഉപയോഗിക്കുന്ന Inactivated Polio Vaccine (IPV)- കുത്തിവയ്പ്പായി നൽകപ്പെടുന്നത്.

വായിലൂടെ, വലിയ ചെലവും ഉപകരണങ്ങളും കൂടാതെ തന്നെ കൊടുക്കാം എന്നുള്ളതു കൊണ്ടും, രോഗകാരിയായ വൈറസ് ശരീരത്തിലേയ്ക്കു കടന്നു വരുന്ന മാർഗമായ കുടലിലെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ മുൻപന്തിയിലാണെന്നുള്ളതും കൊണ്ടും, പ്രതിരോധശക്തി പ്രദാനം ചെയ്യുന്ന വാക്സിൻ വൈറസുകൾ, തുള്ളിമരുന്ന് ലഭിച്ച കുട്ടികളുടെ കുടൽ വഴി മലത്തിലൂടെ പുറത്തെത്തി പോളിയോ തുള്ളിമരുന്ന് ലഭിക്കാതെ പോകുന്ന സമീപ പ്രദേശത്തെ കുഞ്ഞുങ്ങളിലേക്ക് കൂടി കടന്നു കൂടി അവർക്കും കൂടി ‘സൗജന്യമായി’ രോഗ പ്രതിരോധ ശക്തി നൽകും എന്നുള്ളതു കൊണ്ടും, രോഗനിർമ്മാർജ്ജനത്തിലെ ആദ്യപടിയായി OPV ആണ് WHO നിർദ്ദേശിച്ചത്. OPV ഉപയോഗിച്ചു തന്നെ രണ്ട് അമേരിക്കൻ ഭൂഖണ്ഡങ്ങളും 1979-ലും യൂറോപ്യൻ യൂണിയൻ 2002 ലും പോളിയോ വിമുക്തമായി. ലോകരാജ്യങ്ങൾ ഒന്നൊന്നായി പോളിയോ ബാധയുടെ കരിമ്പട്ടികയിൽ നിന്നും പുറത്തു കടക്കുമ്പോഴും, 4 രാജ്യങ്ങളാണ് മഹാരോഗത്തിന്‍റെ ഈറ്റില്ലങ്ങളായി നിലകൊണ്ടിരുന്നത്- പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇന്ത്യ, നൈജീരിയ – ഇവയുടെ ആദ്യാക്ഷരങ്ങൾ ചേർത്ത് ലോകത്തിന്‍റെ PAlN , വേദന, എന്നു പോലും വിശേഷിപ്പിച്ചിരുന്നു. ലോക ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ ഉൾക്കൊള്ളുന്ന ഇന്ത്യയായിരുന്നു ലോക പോളിയോ നിർമ്മാർജ്ജന പ്രവർത്തനങ്ങളിലെ കീറാമുട്ടി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
പല ഭാഷയും പല ജാതിയും പല വിശ്വാസങ്ങളുമുള്ള കോടി കണക്കിന് ജനങ്ങൾ, അതിലേറെയും നിരക്ഷരരും വൃത്തിഹീനമായ ചുറ്റുപാടുകളിൽ കഴിയുന്നവരും, പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസർജനം വായുവും വെള്ളവും പോലെ അനിവാര്യമായി കൊണ്ട് നടക്കുന്ന ജനങ്ങൾ, ആരോഗ്യ സംവിധാനം ഇനിയും എത്തിപ്പെടാത്ത അനേകം ഭൂപ്രദേശങ്ങൾ – ഇന്ത്യയിൽ നിന്നും ഒരു കാലത്തും പോളിയോ അപ്രത്യക്ഷമാവാൻ പോവുന്നിലെന്നും ഇന്ത്യയുള്ളിടത്തോളം പോളിയോ നിർമ്മാർജ്ജനം അസംഭവ്യമാണെന്നും ലോകം വിധിയെഴുതി. ഈ സാഹചര്യത്തിലാണ് 1995 ൽ പൾസ് പോളിയോ പരിപാടി നിലവിൽ വരുന്നത്.

5 വയസിൽ താഴെയുള്ള മുഴുവൻ കുഞ്ഞുങ്ങൾക്കും പോളിയോ ചംക്രമണം ഏറ്റവും കുറഞ്ഞിരിക്കുന്ന ജനുവരി–ഫെബ്രുവരി മാസങ്ങളിലെ 2 ദിവസങ്ങളിലായി 2 അധിക ഡോസ് പോളിയോ തുള്ളിമരുന്ന്. ആ വലിയ ചൂലു കൊണ്ട് പോളിയോ വൈറസുകളെ ഒറ്റയടിക്ക് വലിയ അളവിൽ തൂത്തെറിയുക. ഇതായിരുന്നു പൾസ് പോളിയോയുടെ കാതൽ. പറയാൻ വളരെ എളുപ്പം, എന്നാൽ നടക്കേണ്ടിയിരുന്നത് ഇതാണ്. 170 ദശലക്ഷം കുട്ടികൾക്ക് പ്രതിവർഷം തുള്ളിമരുന്ന് നൽണം: ഇതിനു വേണ്ടിയിരുന്നത് 26 ലക്ഷം ആരോഗ്യ പ്രവർത്തകരുടെ നിസ്വാർത്ഥമായ അദ്ധ്വാനം, 2.4 ബില്യൺ ഡോളർ ചെലവ്! വൈകല്യത്തിന്‍റെ പിടിയിൽ നിന്നും ഒരു ജനതയെ മുഴുവൻ മോചിപ്പിക്കാനുള്ള ഈ ചരിത്ര പരിശ്രമത്തെ കൊഞ്ഞനം കുത്തിയവരും, സാമ്രാജ്യത്ത്വ ശക്തികൾ ഒരു മതത്തെ തകർക്കാൻ പ്രയോഗിക്കുന്ന ആയുധമാണ് O.P.V. എന്ന ശുദ്ധ വിഡ്ഡിത്തം വരെ കൈയ്-മെയ് മറന്നു പ്രചരിപ്പിച്ചവരും അനവധി. എന്നാൽ കാലത്തിന്‍റെ കുത്തൊഴുക്കിനെയും നിശ്ചയദാർഡ്യത്തിന്‍റെ ഉറപ്പിനെയും ശാസ്ത്രത്തിന്‍റെ വെളിച്ചത്തെയും തടയുന്ന പിന്തിരിപ്പൻ ശക്തികൾക്കും മുകളിലേക്ക്, ഈ രാജ്യവും സംസ്കാരവും വളർന്നു കഴിഞ്ഞു എന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു കൊണ്ട് 2014 മാർച്ച് 27 ന് ലോകത്തിന്‍റെ PAIN ലെ “I” മാഞ്ഞു പോയി; ഇന്ത്യ പോളിയോ വിമുക്തമായി.

പോളിയോ രോഗം പടർന്നു പിടിക്കൂന്ന ഭൗതിക സാഹചര്യങ്ങൾ നിലനിൽക്കെ തന്നെ, രോഗകാരിയായ വൈറസിനെ നാം നിർമാർജനം ചെയ്തു എന്നത് വാക്സിന്‍റെ അനിഷേധ്യമായ ശക്തിയെയും രോഗനിർമാർജന പരിപാടിയുടെ കാര്യക്ഷമതയെയും അടിവരയിട്ടുറപ്പിക്കുന്നു.

ഇന്ന് പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നൈജീരിയ, എന്നീ രാജ്യങ്ങളിൽ മാത്രമേ രോഗകാരിയായ പോളിയോ വൈറസുകളുടെ സാന്നിധ്യമുള്ളൂ. അതിൽ തന്നെ ടൈപ്പ് – 1 പോളിയോ വൈറസിലേക്ക് മാത്രമായി രോഗം ചുരുങ്ങിയിരിക്കുന്നു. നമ്മുടെ അയൽ രാജ്യങ്ങളിൽ പോളിയോ നിലവിലുള്ളിടത്തോളം രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ നമുക്കു പിന്നോക്കം പോകാൻ കഴിയില്ല. അതിനാലാണ് പോളിയോ തുള്ളിമരുന്ന് നാം ഇപ്പോഴും തുടർന്നു കൊണ്ടു പോകുന്നത്. ദേശീയ പ്രതിരോധ കുത്തിവയ്പ്പു പട്ടിക പ്രകാരം 5 ഡോസ് O.P.V. നൽകപ്പെടുന്നു – ജനിച്ചയുടനെ, 6, 10, 14, ആഴ്ചകളിൽ പിന്നെ ഒന്നര വയസിലും.

എന്നാൽ പോളിയോ തുള്ളിമരുന്നിൽ (O.P.V. ) ശക്തി കുറഞ്ഞ ജീവനുള്ള വൈറസുകളെ ഉപയോഗിക്കുന്നതിനാൽ ,അതിന് രൂപമാറ്റം സംഭവിച്ച് വീണ്ടും രോഗമുണ്ടാക്കാൻ സാധിക്കുന്ന നിലയിലേക്ക് മാറാനുള്ള ചെറിയ സാധ്യത നിലനിൽക്കുന്നു. VDPV എന്ന ഈ അവസ്ഥയ്ക്കുള്ള സാധ്യത 2.5 മില്യൺ വാക്സിന് ഒന്ന് എന്ന വളരെ ചെറിയ അളവിലും. എങ്കിലും രോഗം ഏതാണ്ട് നിർമാർജന അവസ്ഥയിലെത്തുകയും മിക്കവാറും കുട്ടികൾക്ക് പോളിയോ തുള്ളി മരുന്നു നൽകപ്പെട്ടെന്ന് ഉറപ്പാക്കുകയും ചെയ്തതിന് ശേഷം OPV പൂർണ്ണമായി നിർത്തി IPV യിലേയ്ക്കു മാറുക എന്നതാണ് WHO നിർദ്ദേശിക്കുന്ന രീതി. നിർജ്ജീവ വൈറസിനെ ഉപയോഗിക്കുന്നതിനാൽ I.P.V. യ്ക്ക് ഈ പ്രശ്നം ഉണ്ടാവില്ല. നമ്മുടെ ശരീരത്തിൽ നിന്ന് മാത്രമല്ല പ്രകൃതിയിൽ നിന്നു തന്നെ പോളിയോ വൈറസുകളെ തുടച്ച് നീക്കാൻ IPV യിലേക്ക് മാറേണ്ടത് ആവശ്യമാണ്. പോളിയോ വിമുക്തമായ ഭൂഖണ്ഡങ്ങളിൽ ഇപ്പോൾ I.P.V. ഉപയോഗിക്കുന്നതും, ഇന്ത്യ 2015 നവംബറോടെ I.P.V. കൂടി ദേശീയ പ്രതിരോധ കുത്തിവയ്പ് ശ്രേണിയിൽ ഘട്ടം ഘട്ടമായി IPV കൊണ്ടു വരുന്നതും ഇതിന് വേണ്ടിയാണ്. (2016 മാർച്ചോടെ കേരളത്തിൽ IPV നിലവിൽ വന്നു).

2014 ആകുമ്പോൾ Global Polio Eradication Initiative ആരംഭിച്ചിട്ട് 16 വർഷം! ലോകത്താകമാനമുള്ള പോളിയോ 350000 ത്തിൽ നിന്നും 359 ആയി കുറഞ്ഞു. ഇന്ത്യ 24000- ത്തിൽ നിന്ന് പൂജ്യത്തിലെത്തി. പോളിയോ ഉള്ള രാജ്യങ്ങൾ 125-ൽ നിന്ന് 3 ആയി കുറഞ്ഞു. (Pakistan, Afghanistan, Nigeria) ഈ വർഷങ്ങളിൽ 3.5 Million കുട്ടികളെ അംഗവൈകല്യത്തിൽ നിന്നും രക്ഷിച്ചു OPV.

ഇത്രയും പരന്ന ഭൂപ്രദേശത്ത് പോളിയോ വൈറസുകൾ ഇല്ലേയില്ല എന്ന് എങ്ങനെ ഉറപ്പാക്കും?

1997 നു മുൻപ് ഇന്ത്യയുൾപ്പെടെ ഒട്ടുമിക്ക രാജ്യങ്ങളിലും പോളിയോ രോഗനിർണ്ണയം പ്രധാനമായും രോഗിയുടെ ലക്ഷണങ്ങൾ വച്ചിട്ടായിരുന്നു. ഇതോടൊപ്പം രോഗിയുടെ മലത്തിൽ നിന്നും പോളിയോ ബാധിതമായ ചുറ്റുപാടുകളിലെ വിസർജ്യടാങ്കുകളിൽ നിന്നും വൈറസുകളെ കണ്ടെത്താറുണ്ടായിരുന്നെങ്കിലും ഇതിന് വ്യക്തമായ ഒരു മാർഗ്ഗനിർദ്ദേശമോ ചിട്ടയോ ഉണ്ടായിരുന്നില്ല. രോഗം ഏതാണ്ട് നിർമ്മാർജ്ജന ഘട്ടത്തിലേക്കെത്തുന്നു എന്നായപ്പോൾ, ഏറ്റവും പ്രധാന വെല്ലുവിളി WHO യുടെയും ആരോഗ്യ സംവിധാനങ്ങളുടെയും മുൻപിലുണ്ടായിരുന്നത്. ഏത് കോണിലും ഉണ്ടാകുന്ന പോളിയോ രോഗം കൃത്യമായി റിപ്പോർട്ട്‌ ചെയ്യുകയും അവിടെ പോളിയോ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുകയും ചെയ്യുക എന്നുള്ളതായിരുന്നു. ഇതിനായാണ് 1997 ൽ AFP Surveillance Program നിലവിൽ വരുന്നത്.

എന്താണ് AFP ?

AFP എന്നാൽ അക്യൂട്ട് ഫ്ലാസിഡ് പരാലിസിസ്. പെട്ടെന്നുണ്ടാകുന്ന തളർച്ച ( അത് കൈയോ കാലോ ശരീരം മുഴുവനോ എന്തിന് മുഖത്തെ പേശികളിൽ മാത്രം വരെയാകാം). പനി എന്നു പറഞ്ഞാൽ ഒരു രോഗമല്ല എന്ന് നിങ്ങൾക്കു മിക്കവാറും പേർക്കും അറിയാം. ഒരുപാടു രോഗങ്ങളുടെ ഒരു ലക്ഷണമാണത്. അതുപോലെ തന്നെയാണ് ഈ AFP, അത് ഒരു രോഗമല്ല, രോഗലക്ഷണമാണ്.

എന്താണ് AFP യും പോളിയോയും തമ്മിലുള്ള ബന്ധം?

പോളിയോ രോഗം AFP യുടെ ഒരു കാരണമാണ്. അതായത് കുഴഞ്ഞ തളർച്ച ഉണ്ടാക്കുന്ന ഒരു രോഗം. ഇതേപോലെ തന്നെ AFP യായി, തളർച്ചയായി വരാവുന്ന ഒരുപിടി രോഗങ്ങളുണ്ട് – Guillein Barrie Syndrome, Transverse Myelitis, പോളിയോ പോലുള്ള മറ്റു വൈറസുകൾ ഉണ്ടാക്കുന്ന ചില രോഗങ്ങൾ, നാഡികളുടെ ക്ഷതം അങ്ങനെ അനവധി.

പിന്നെ എന്തുകൊണ്ടാണ് പോളിയോ കണ്ടുപിടിക്കുന്ന പരിപാടിയ്ക്ക് Polio Surveillance എന്ന് പേരിടാതെ AFP Surveillance എന്ന് പേരിട്ടത്? AFP ഉണ്ടാക്കുന്ന രോഗങ്ങളിൽ പോളിയോ രോഗം ഏതെന്ന് കൃത്യമായി കണ്ടുപിടിക്കാൻ വലിയ സംവിധാനങ്ങളില്ലാത്ത ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും പോതുജനാരോഗ്യപ്രവർത്തകർക്കും താരതമേന്യ വിഷമമാണ്.

അതുകൊണ്ട് WHO നിർദ്ദേശിച്ച മാർഗ്ഗമാണ് 15 വയസിനു താഴെയുള്ള കുട്ടികളിൽ തളർച്ചയായി വരുന്ന എല്ലാ രോഗങ്ങളും AFP യായി റിപ്പോർട്ട്‌ ചെയ്യുക. അത് വളരെ എളുപ്പവും പഴുതുകളില്ലാത്തതുമായതിനാൽ ഇതിനിടയിൽ ഒരു പോളിയോ കാണാതെ പോവുക എന്നത് ഏറെക്കുറെ അസംഭവ്യമാണ്.

അങ്ങനെ ഒരു AFP കേസ് റിപ്പോർട്ട്‌ ചെയ്യപ്പെടുമ്പോൾ, പ്രത്യേകം നിയുക്തനായ ഒരു ഓഫീസർ (DIO) രോഗബാധിതരെ സമീപിച്ച് വിവരങ്ങൾ ശേഖരിക്കും. ഒപ്പം തളർച്ച ബാധിച്ച് 14 ദിവസങ്ങൾക്കുള്ളിൽ മലത്തിന്‍റെ രണ്ടു സാമ്പിളുകൾ ശേഖരിച്ച് അംഗീകൃത ലാബുകളിലെത്തിക്കും. അവിടെ അവ പരിശോധിച്ച് പോളിയോയുടെ അണുക്കളുണ്ടോ എന്ന് കണ്ടുപിടിക്കും.

AFP-യായി വരുന്ന ഒരു രോഗിയുടെ മലത്തിൽ നിന്നും Polio വൈറസ് കണ്ടെടുത്താൽ അയാൾ പോളിയോ ബാധിതനായാണ് നിർണ്ണയിക്കപ്പെടുക. കൂടുതൽ ആളുകളിലേയ്ക്ക് രോഗം പകരാതിരിക്കാൻ നടപടികൾ സ്വീകരിക്കും .Polio വൈറസിനെ കണ്ടെത്താനായില്ലെങ്കിൽ അതിനെ Non Polio AFP – പോളിയോ അല്ലാതെ AFP ഉണ്ടാക്കുന്ന മേൽപറഞ്ഞ മറ്റ് രോഗങ്ങളിലൊന്നായി കൂട്ടും.

എല്ലാ പഴുതുകളും അടയ്ക്കാനായി, അഥവാ AFP ബാധിച്ച ഒരു രോഗിയുടെ മലത്തിന്‍റെ സാമ്പിളുകൾ സമയപരിധിക്കുള്ളിൽ ലാബിൽ എത്തിച്ച് പരിശോധിക്കാൻ കഴിഞ്ഞില്ലെങ്കിൽ 60 ദിവസത്തിനു ശേഷം ഒരു വിദഗ്ദ്ധൻ രോഗിയെ പരിശോധിച്ച് രോഗ ലക്ഷണങ്ങളും അടിസ്ഥാനപ്പെടുത്തി അത് പോളിയോ ആകാൻ സാധ്യതയുണ്ടോ എന്ന് നിജപ്പെടുത്തും (Compatible with Polio) (ഇന്ന് ഇന്ത്യയില് AFP കേസുകളില് മലപരിശോധന കൃത്യമായി നടത്തുന്നത് 85% ത്തിനുമേൽ കേസുകളിലാണ്. അതിനാൽ തന്നെ മൂന്നാമത്തെ അവ്യക്തത ഏറെക്കുറെ ഇല്ല എന്ന് തന്നെ പറയാം).

ചുരുക്കത്തിൽ, എല്ലാ AFP കളും പോളിയോ അല്ല. പോളിയോ രോഗത്തിന്‍റെ റിപ്പോർട്ടിങ്ങ് ശക്തമാക്കാൻ ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച ഒരു സംവിധാനം മാത്രമാണ് AFP Surveillance. റിപ്പോർട്ടിംഗ് സംവിധാനം കാര്യക്ഷമമാണെങ്കിൽ പോളിയോ അല്ലാത്ത AFP കുറഞ്ഞത് 1,00,000 ജനസംഖ്യയ്ക്ക് 1 എന്ന കണക്കിലെങ്കിലും ഉണ്ടായിരിക്കണം. കുറഞ്ഞാൽ, നമ്മുടെ റിപ്പോർട്ടിംഗ് കാര്യക്ഷമമല്ലെന്നും പോളിയോ ആകാൻ സാധ്യതയുള്ള പല കേസുകളും നമ്മൾ കാണുകയോ പരിശോധിക്കുകയോ ചെയ്യാതിരിക്കുന്നുണ്ടെന്നുമാണ് സാരം.

2015 ഫെബ്രുവരിയിൽ American Academy of Pediatrics –ന്‍റെ മുഖപത്രമായ Pediatrics ൽ ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഡെൽഹി സെന്‍റ് സ്റ്റീഫൻ കോളേജിലെ ഡോ. നീതുവും ഡോ. ജേക്കബ് പുളിയിലും ചേർന്നു നടത്തിയ പഠന പ്രകാരം AFP Surveillance തുടങ്ങിയതിനു ശേഷം ഇന്ത്യയിലെ Non Polio AFP നിരക്ക് 1.45/100000 ൽ നിന്നും 8.45/1 lakh ആയി ഉയർന്നു. ഈ ഉയർച്ച ഈ കാലയളവിൽ കൊടുത്ത OPV ഡോസുകളുടെ എണ്ണത്തിന് അനുപാതമാണ്, ഇത് പഠനവിഷയമാക്കണം എന്നതാണ്.

ഈ വർദ്ധന മനസിലാക്കാൻ ഒരു സാമാന്യ ബുദ്ധി മതി. നിങ്ങളുടെ കുടുംബത്തിൽ ഹൃദ്രോഹം ബാധിച്ച എത്ര പേരുണ്ട് എന്ന് ഞാൻ ചോദിച്ചെന്നിരിക്കട്ടെ –കുറച്ചാലോചിച്ച് നിങ്ങൾ ഒരു സംഖ്യ പറയും. നിങ്ങൾ കുറച്ചൂടെ അന്വേഷിച്ചിട്ട് പറയൂ എന്ന് ഞാൻ ബന്ധുക്കളോടു കുറച്ചു കാര്യമായി അന്വേഷിച്ച് ഈ അന്വേഷണത്തിന് ശേഷം സംഖ്യ കൂടുമോ കുറയുമോ? ഈ അന്വേഷണമാണ് മെഡിക്കൽ ഭാഷയിലെ Surveillance. വ്യക്തമായും കാര്യക്ഷമമായും അന്വേഷിച്ചാൽ ലഭിക്കുന്ന വിവരങ്ങളുടെ എണ്ണം കൂടും ഒന്നു കൂടി പറഞ്ഞാൽ ജീവിതത്തിൽ എന്നെങ്കിലും നെഞ്ചുവേദന വന്നിട്ടുള്ളവർ എല്ലാം താൻ ഹൃദ്രോഹിയാണെന്ന് പറഞ്ഞാൽ നിങ്ങൾക്കു ലഭിക്കുന്ന കണക്കിൽ കുറച്ച് തെറ്റും കാണും, ശരിയല്ലേ? അതുപോലെ വ്യക്തമായ രീതിയിൽ AFP അല്ലാത്ത പല കേസുകളും ആ പേരിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ടാവാം. ഈ റിപ്പോർട്ട് ചെയ്യപ്പെട്ട AFP കളിലൊന്നും പോളിയോ വൈറസ് കണ്ടെടുത്തിട്ടില്ല.

രോഗികളുടെ മലത്തിൽ നിന്ന് മാത്രമല്ല. നമ്മുടെ മലവിസർജ്ജന ടാങ്കുകളിൽ പോലും ഇന്ന് പോളിയോ വൈറസ് ഇല്ല. ഇത് വസ്തുതയാണ് പകൽ പോലെ വ്യക്തമായ കാഴ്ച. കണ്ണുകളിലെ തിമിരം തുടച്ച് നീക്കി ചുറ്റും നോക്കൂ. കഴിഞ്ഞ 10 വർഷത്തിനിടയിൽ പോളിയോ ബാധിച്ച് അംഗപരിമിതനായ ആരെങ്കിലുമുണ്ടോ നിങ്ങൾക്കു ചുറ്റും?

അഭിമാനത്തോടെ എഴുന്നേറ്റുനിന്നു പറയൂ, ഈ രാജ്യത്തെ പോളിയോ വിമുക്തമാക്കിയതിൽ ഞാനും പങ്കാളിയാണ്. ഒരിക്കലും ഇതിനു കഴിയില്ലെന്നു പറഞ്ഞ് ഒരിക്കൽ നമ്മളെ പരിഹസിച്ച വൻകിട ലോകരാഷ്ട്രങ്ങളൊക്കെ ഇന്ന് എഴുന്നേറ്റ് നിന്ന് നമ്മളെ കയ്യടിച്ച് അഭിനന്ദിക്കുകയാണ്.

മതിമറക്കാൻ സമയമായിട്ടില്ല. നിർമ്മാർജ്ജനം ചെയ്യാൻ ഇനിയുമുണ്ട് രോഗങ്ങൾ ചുറ്റിലും. നിങ്ങളുടെ കുഞ്ഞുങ്ങൾക്ക്‌ പ്രതിരോധ കുത്തിവെയ്പ്പുകൾ നൽകൂ, നല്ലൊരു നാളേയിലേക്ക് അവരും കണ്ണുതുറക്കട്ടെ.

download pdf

<<<< ചാപ്റ്റർ 7: വസൂരി / small pox


ചാപ്റ്റര്‍ 9:മീസില്‍സ് / MEASLES >>>>
മനോജ്‌ വെള്ളനാട്

No comments:

Post a Comment