മുണ്ടിനീര് / MUMPS

വാക്സിപീഡിയ:ചാപ്റ്റര്‍ 11

കവിളിന്‍റെ സമീപത്തുള്ള പരോട്ടിഡ് ഗ്രന്ഥികൾ (parotid glands) എന്ന് പേരുള്ള ഉമിനീർ ഗ്രന്ഥികളെ കൂടുതലായി ബാധിക്കുന്ന ഒരു രോഗമാണ് മുണ്ടിനീര് അഥവാ മുണ്ടിവീക്കം(mumps). ലോകമെമ്പാടും കാണപ്പെടുന്ന ഈ രോഗം ഏപ്രിൽ, മെയ്‌ മാസങ്ങളിലാണ് കേരളത്തിൽ കണ്ടുവരുന്നത്.
ഒരു പ്രാവശ്യം ബാധിച്ചാൽ വീണ്ടും ഈ രോഗം വരാനുള്ള സാധ്യത കുറവാണെങ്കിലും, ഇതുണ്ടാക്കുന്ന അസ്വസ്ഥതയും പാർശ്വഫലങ്ങളും ഈ രോഗത്തെ ഗൗരവമുള്ളതാക്കുന്നു. മുണ്ടിനീർ സാധാരണയായി മാരകമല്ല. ലോകത്തിന്റെ ഏതു ഭാഗം എടുത്താലും, വാർഷിക രോഗ നിരക്ക് (annual incidence rate) ഒരു ലക്ഷം ജനസംഖ്യയിൽ 100-1000 രോഗികൾ എന്നതാണ്. മുണ്ടിനീര് ഓരോ 2-5 വർഷം കൂടുമ്പോൾ പകർച്ചവ്യാധിയായി പരിണമിച്ച് വളരെ അധികം ആളുകളെ ബാധിക്കുന്നതായി കാണുന്നു. എന്നാൽ ഇത് പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കാത്ത സമൂഹത്തിന്റെ കാര്യമാണ്.

രോഗകാരണം
Myxovirus parotiditis എന്ന് പേരുള്ള വൈറസുകളാണ് മുണ്ടിനീര് ഉണ്ടാക്കുന്നത്. ഉമിനീരിൽ നിന്നും, ഉമിനീർ ഗ്രന്ധികളിൽ നിന്ന് വായിലേക്ക് നീളുന്ന ഗ്രന്ഥിനാളികളിൽ നിന്നും ഈ വൈറസിനെ വേർതിരിച്ചെടുക്കാം. രോഗിയുടെ രക്തം, മൂത്രം, മുലപ്പാൽ, തലച്ചോറിലെ cerebrospinal fluid എന്നിവയിലും ഈ വൈറസ്‌ കാണപ്പെടുന്നു.

ആരിൽ നിന്ന് പകരുന്നു?
രോഗബാധിതരിൽ 30 മുതൽ 40 ശതമാനം പേരിൽ രോഗലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടെന്നു വരില്ല. എന്നാൽ ഇവരിൽ നിന്നും, രോഗലക്ഷണങ്ങൾ ഉള്ള ആളുകളിൽ നിന്നും ഈ വൈറസ്‌ മറ്റുള്ളവരിലേക്ക് പടരുന്നു.

രോഗം പകരാനുള്ള സാധ്യത:
ഉമിനീരിലൂടെയോ, നേരിട്ടുള്ള സമ്പർക്കം വഴിയോ ഈ രോഗം പകരാവുന്നതാണ്. രോഗാണു ശരീരത്തിൽ പ്രവേശിച്ചശേഷം 2-4 ആഴ്ചകള്‍ക്ക് (സാധാരണ 14-18 ദിവസം) ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാവുക.

ആദ്യ രോഗലക്ഷണം കാണുന്നതിനു 4-6 ദിവസം മുൻപ് മുതൽ, രോഗലക്ഷണം കണ്ടുതുടങ്ങി ഒരാഴ്ച വരെ ഒരു രോഗി മറ്റുള്ളവരിലേയ്ക്ക് രോഗം പരത്തും. ഇങ്ങനെ ഒരു രോഗിയിൽ നിന്നും മറ്റൊരാളിലേയ്ക്ക് രോഗം പകരാനുള്ള സാധ്യത 86% വരെയാണ്.

രോഗസാധ്യത ആർക്കെല്ലാം?
5-9 വയസ്സിൽ പരോട്ടിഡ് ഗ്രന്ധിക്ക് കാണുന്ന വീക്കം മുഖ്യമായും മുണ്ടിനീര് മൂലമാണ് ഉണ്ടാകുന്നത്. സാധാരണ കുട്ടികളില്‍ കാണുന്ന ഈ അസുഖം, പ്രതിരോധശേഷി കുറഞ്ഞ ആളുകളിൽ ഏതുപ്രായത്തിലും ബാധിക്കാം. എന്നാൽ പ്രായം കൂടിയവരിൽ അസുഖത്തിന്റെ തീവ്രത കനത്തതായിരിക്കും. രോഗത്തിന്റെ സങ്കീർണതകളും ഇവരിൽ കൂടുതലായി കാണപ്പെടാം.

മുലപ്പാലിൽ നിന്ന് രോഗപ്രതിരോധശേഷിക്കുതകുന്ന ആന്റിബോഡികൾ ലഭിക്കുന്നതിനാൽ, ആറുമാസത്തിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങളിൽ മുണ്ടിനീരു സാധാരണയായി കണ്ടുവരുന്നില്ല.

രോഗലക്ഷണങ്ങൾ
30-40 ശതമാനം പേർക്ക് യാതൊരുവിധ രോഗലക്ഷണങ്ങളും ഉണ്ടാവില്ല.
പ്രധാന ലക്ഷണമായി, വേദനയോടുകൂടിയ പരോട്ടിഡ് ഗ്രന്ധിയുടെ വീക്കം ആണ് ഉണ്ടാവുക. ഇത് ഒരുവശത്തോ , ഇരുവശങ്ങളിലുമോ ആവാം. മറ്റ് ഉമിനീര്‍ ഗ്രന്ധികളെയും ഈ അസുഖം ബാധിക്കാം. സാധാരണയായി ആദ്യ ലക്ഷണമായി ചെവി വേദനയാണ് ഉണ്ടാവുക. വീക്കം പ്രത്യക്ഷപ്പെടുന്നതിനു മുൻപ്, ചിലർക്ക് വായ തുറക്കാനുള്ള വിഷമവും, വേദനയും ഉണ്ടാകുന്നു. ചിലരിൽ പനി, തലവേദന, ജലദോഷം എന്നിവയും കാണുന്നു. ഉമിനീർ ഗ്രന്ധിവീക്കം 1-2 ആഴ്ചകൊണ്ട് മാറുന്നു. ഇവയ്ക്കുപുറമേ, ഈ വൈറസ്‌ ബാധിക്കാൻ സാധ്യതയുള്ള മറ്റ് അവയവങ്ങളാണ് വൃഷണം, പാൻക്രിയാസ്, തലച്ചോർ, അണ്ഡാശയം, പ്രോസ്റ്റേറ്റ് എന്നിവ.

പാർശ്വഫലങ്ങൾ/ പ്രത്യാഘാതങ്ങൾ

1.വൃഷണ വീക്കം: ഉമിനീർ ഗ്രന്ധിക്ക് പുറമേ ഈ രോഗാണു ഏറ്റവുമധികം ബാധിക്കുന്നത് വൃഷണങ്ങളെയാണ്. വേദന, വീക്കം എന്നിവയാണ് ലക്ഷണം. മുണ്ടിനീര് ബാധിക്കുന പ്രായപൂർത്തിയായ പുരുഷന്മാരിൽ 20-40% പേർക്ക് വൃഷണവീക്കം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതുണ്ടാകുന്ന 75% പേർക്കും ഒരു വശത്ത് മാത്രമേ വീക്കം ബാധിക്കുകയുള്ളൂ. മുണ്ടിനീരുമൂലം ഉണ്ടാകുന്ന വൃഷണവീക്കം, വന്ധ്യതയിലേയ്ക്കു നയിക്കുന്നതായി നാളിതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

2.അണ്ഡാശയത്തിലെ വീക്കം: അസുഖം ഉണ്ടാകുന്ന പ്രായപൂർത്തിയായ സ്ത്രീകളിൽ 5% പേർക്ക് ഇതുണ്ടാകുന്നു. അടിവയറ്റിൽ വേദനയാണ് ലക്ഷണം.

3.പാൽക്രിയാസ് ഗ്രന്ഥിയുടെ വീക്കം: വയറിനു മുകൾഭാഗത്തെ വേദന, ഓക്കാനം, ചർദ്ദി എന്നിവ ഉണ്ടായാൽ ഈ സങ്കീർണ്ണത ഇല്ലെന്നു പരിശോധിച്ച് ഉറപ്പുവരുത്തണം.

4.മെനിഞ്ചൈറ്റിസ്: തലച്ചോറിന്റെ ആവരണത്തിന്റെ അണുബാധ. 15% പേരിൽ കാണുന്നു.

5.എൻസെഫലൈറ്റിസ്: തലച്ചോറിൽ തന്നെയുള്ള അണുബാധ. 0.02-0.03% പേർക്കെ ഈ സ്ഥിതി ഉണ്ടാകാൻ സാധ്യത ഉള്ളു.

6.ബധിരത: ഒരുലക്ഷം രോഗികളിൽ അഞ്ചുപേർക്ക് സാധ്യത.

7.സന്ധിവീക്കം/arthritis

8.ഹൈഡ്രോകെഫാലസ്: തലച്ചോറിന്റെ അറകളിൽ വെള്ളം കെട്ടുന്ന അവസ്ഥ.

9.മറ്റു ഞരമ്പുകളെ ബാധിച്ച് cerebellar ataxia, facial palsy, transverse myelitis എന്നിങ്ങനെ പല അവസ്ഥകളും ഉണ്ടാകാം.
ഗർഭിണികളിൽ മുണ്ടിനീരുണ്ടായാൽ, ഗർഭസ്ഥ ശിശുവിൽ അംഗവൈകല്യങ്ങൾ ഉണ്ടാകുന്നതായി തെളിവില്ലെങ്കിലും, ഗർഭാവസ്ഥയുടെ ആദ്യ മൂന്ന് മാസത്തിൽ ആണെങ്കിൽ ഗർഭം അലസാനുള്ള സാധ്യത 25% ആണ്.

ചികിത്സ
പ്രത്യേക ചികിത്സ ഇല്ല. രോഗലക്ഷണങ്ങൾക്ക് അനുസരിച്ച് പ്രതിവിധി സ്വീകരിക്കുകയും, സങ്കീർണതകളെ തടയുകയും അവയെ നേരത്തെ കണ്ടുപിടിച്ചു ചികിത്സിക്കുകയും വേണം. രോഗപകർച്ച തടയാൻ, രോഗിയെ വീടിനുള്ളിൽ തന്നെ പരിചരിക്കണം. വേണ്ടത്ര വിശ്രമം, ധാരാളം ജലം, ലഘുഭക്ഷണം എന്നിവ ആവശ്യം ഒരുക്കണം. പ്രത്യേക ഭക്ഷണ നിയന്ത്രണങ്ങൾ ഒന്നുമില്ല.

രോഗപ്രതിരോധം
രോഗപ്രതിരോധത്തിന് ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്. 1940 കളിൽ ഉപയോഗിച്ചിരുന്ന മൃതവൈറസ്‌ വാക്സിന്‍ പകരം ഇപ്പോൾ ജൈവ നിഷ്ക്രിയ വാക്സിൻ ലഭ്യമാണ്. MMR എന്ന ഈ വാക്സിൻ അഞ്ചാം പനി, റുബെല്ല , എന്നിവയ്ക്ക് പുറമേ മുണ്ടിനീരിനെയും പ്രതിരോധിക്കുന്നു. ഒന്നേകാൽ മുതൽ ഒന്നര വയസ്സുള്ള കുട്ടികൾക്കാണ് ഇത് നൽകേണ്ടത്. നാല് മുതൽ ആറു വയസ്സിൽ ഒരു അധിക ഡോസ് കൂടെ അവശ്യമാണ്.

ജൈവ വാക്സിനായതിനാൽ, ഇത് ഗർഭിണികൾക്കും, പ്രതിരോധശേഷി കുറഞ്ഞ എയിഡ്സ്, കാൻസർ മുതലായ രോഗികൾക്കും നൽകരുത്

DOWNLOAD PDF

<<<< ചാപ്റ്റര്‍ 10:റുബെല്ല / RUBELLA

         ചാപ്റ്റർ 12:ഡിഫ്തീതീരിയ /DIPHTHERIA >>>>
മനോജ്‌ വെള്ളനാട്

No comments:

Post a Comment