നവമാധ്യമ ആരോഗ്യ (തട്)ടിപ്പുകൾ / Medical Internet Hoaxes


ഫ്രൂട്ടി ജ്യൂസ്‌ കമ്പനിയിലെ എയിഡ്സ് രോഗിയായ ഒരു തൊഴിലാളി എച്ച്.ഐ.വി.അണുക്കൾ കലർന്ന  തന്‍റെ രക്തം ഉൽപ്പന്നത്തിൽ കലർത്തിയിട്ടുണ്ടെന്നും അതുകൊണ്ട് അവരുടെ ഒരു ഉൽപ്പന്നവും കുറച്ചുനാളത്തേക്ക് വാങ്ങരുതെന്നും പറഞ്ഞുകൊണ്ടുള്ള ഒരറിയിപ്പ് ഫേസ്ബുക്കും വാട്സാപ്പും വഴി കറങ്ങി നടക്കാൻ തുടങ്ങിയിട്ടുകുറേ ആയി. എവിടുന്നൊക്കെയോ ഇടയ്ക്കിടയ്ക്ക് അത്  പൊങ്ങി വരികയും ചെയ്യും. ഒരാധികാരികതയുടെ പിൻബലത്തിനായി ഡൽഹി പോലീസാണ് ഈ വാർത്ത‍ പുറത്തുവിട്ടതെന്നും NDTV ഇത് റിപ്പോർട്ട്‌ ചെയ്തുവെന്നും കൂടി ചേർത്തിട്ടുണ്ട്. ഇതാ എന്‍റെ കയ്യിൽ അവസാനം വന്ന വാർത്തയിൽ ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലും ഒക്കെയായി  ഒരു അഖിലേന്ത്യാതല ബോധവൽക്കരണത്തിനുള്ള കോപ്പുകൂട്ടൽ കാണാം. ഈ സ്ക്രീൻ ഷോട്ട് കണ്ടാ  മനസിലാകും.


ഒരു കവിതയോ അനുഭവമോ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യുന്ന ലാഘവത്തോടെയാണ് HOAX എന്നറിയപ്പെടുന്ന ഇത്തരം പറ്റിപ്പ്‌ വാർത്തകൾ സോഷ്യൽ മീഡിയകളിൽ പരക്കുന്നത്. ഇവ പലപ്പോഴും നിരുപദ്രവകരമായി തോന്നാമെങ്കിലും ചിലപ്പോഴെങ്കിലും അതങ്ങനെ അല്ലാതെയും ആകും. മേൽപ്പറഞ്ഞ വാർത്തയിൽ ആരും ഫ്രൂട്ടി വാങ്ങി കുടിച്ചില്ലെങ്കിൽ ഫ്രൂട്ടി കമ്പനിക്ക് മാത്രമേ നഷ്ടമുള്ളൂ. പക്ഷെ അതിനുള്ളിലെ വിവരക്കേട് അക്ഷന്തവ്യമായ തെറ്റാണ്. ഇത്തരം HOAX കൾക്ക് മറ്റൊരു ഉദാഹരണമാണ്, നടൻ സലിം കുമാറും മാമുക്കോയയുമൊക്കെ മരിച്ചുവെന്നുള്ള വാർത്ത‍കൾ. കേട്ടപാതി കേൾക്കാത്ത പാതി സോഷ്യൽ മീഡിയകളിൽ അനുശോചനസന്ദേശങ്ങൾ വന്നു നിറയുന്നു. കുറച്ചുകഴിഞ്ഞു സലിം കുമാർ തന്നെ നേരിട്ടുവന്നു പറയുന്നു, താൻ മരിച്ചിട്ടില്ലായെന്ന്. ഫേസ്ബുക്കിലും ട്വിറ്ററിലും ആയിരക്കണക്കിന് ആൾക്കാർ പറയുന്നത് വിശ്വസിക്കണോ, അതോ സലിം കുമാർ ഒറ്റൊയൊരാൾ പറയുന്നത് വിശ്വസിക്കണോ എന്ന സംശയം അപ്പോഴും സോഷ്യൽ മീഡിയയിലാകെ നിലനിൽക്കുന്നു!

എന്നാൽ ആരോഗ്യരംഗത്ത് ഉണ്ടായി വരുന്ന ഇത്തരം ഹോക്സുകൾ എല്ലായ്പ്പോഴും നിഷ്കളങ്കമോ നിരുപദ്രവകരമോ ആയിരിക്കണം എന്നില്ല. കഴിഞ്ഞകൊല്ലം ആഫ്രിക്കയിൽ എബോള പടർന്നുപിടിക്കുന്ന സമയത്ത്, ഉപ്പുവെള്ളം കുടിച്ചാൽ എബോള പകരുന്നത് തടയാം എന്നൊരു വാർത്ത ആരോ സൃഷ്ടിച്ചു. സോഷ്യൽ മീഡിയ വഴി എബോളയെക്കാൾ വേഗത്തിൽ ആ ഹോക്സ് പരന്നു. സംഭവിച്ചതോ, ഉപ്പുവെള്ളം കുടിച്ചു രണ്ടുപേർ മരിച്ചു. കുറച്ചുപേർ ആശുപത്രിയിലുമായി. പല രൂപത്തിൽ ഒറ്റനോട്ടത്തിൽ തന്നെ  അപഹാസ്യമെന്നോ അവിശ്വസനീയമെന്നോ മനസിലാക്കാൻ കഴിയുന്ന  സാമാന്യബുദ്ധിക്ക് നിരക്കാത്ത അസംബന്ധങ്ങൾ മുതൽ ആധികാരികം എന്ന് തോന്നിപ്പിക്കുന്ന ’ശാസ്ത്രീയ വിവരക്കേടുകൾ' വരെ ഇങ്ങനെ പ്രചരിക്കുന്നുണ്ട്. ഫേസ്ബുക്കിലും വാട്ട്സാപ്പിലുമൊക്കെ വളരെയധികം  സ്വീകാര്യത ലഭിക്കാവുന്ന ഇത്തരം വാർത്തകളിൽ മേമ്പൊടിക്ക് ലോകാരോഗ്യസംഘടന പറഞ്ഞെന്നോ, മേയോക്ലിനിക് ഡോക്ടർമാർ, പോലീസ് വൃത്തങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും പ്രശസ്തനായ വ്യക്തിയുടെ പേര് ഒക്കെ ചേർത്ത് അങ്ങ് പ്രചരിപ്പിക്കുകയാണ്.  ഇതൊക്കെ വാസ്തവമാണോ എന്ന് പരിശോധിക്കാൻ ആർക്കാണ് നേരം? അത് തന്നെയാണ് അവരുടെ ധൈര്യവും.

ജനോപകാരപ്രദമായ നിരവധി നല്ല കാര്യങ്ങൾ ഓൺലൈൻ ആരോഗ്യവാർത്തകളിൽ വരുന്നുണ്ടെന്നത് മറന്നുകൊണ്ടല്ലാ, ചിലത് ചൂണ്ടിക്കാണിക്കേണ്ടത് ആവശ്യമാണെന്ന് തോന്നിയത് കൊണ്ടാണ് ഈ ലേഖനം. സാധാരണയായി കണ്ടുവരുന്ന ഇത്തരം തട്ടിപ്പുപോസ്റ്റുകളെ ഇങ്ങനെ തരാം തിരിക്കാം.


1.ആരോഗ്യജീവിതത്തിനുള്ള (തട്)ടിപ്പുകൾ.
          കേട്ടാൽ വളരെ സിംപിളും, ‘ഇത്രയും കാലം എനിക്കീ ബുദ്ധി തോന്നിയില്ലല്ലോ.’ എന്ന് ചിന്തിപ്പിക്കുകയും ചെയ്യുന്ന രസകരമായ സംഭവങ്ങൾഇതിലുണ്ട്. എന്നാൽ ഫലത്തിൽ ഒരുപകാരമില്ലാത്ത ഇത്തരം പോസ്റ്റുകൾ മിക്കവയും  സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്. ഉദാഹരണത്തിന് ഇത് നോക്കു. അഞ്ചുമിനിറ്റിനുള്ളിൽ തലവേദന മാറ്റാം എന്ന നിഷ്കളങ്കമായ ഒരു ആരോഗ്യടിപ്പാണ്. തലവേദന വരുമ്പോൾ നിങ്ങൾ ഇടത്തെ മൂക്കിൽ കൂടി ശ്വാസം വിടുക. ക്ഷീണിക്കുമ്പോൾ വലത്തേ മൂക്ക്  ഉപയോഗിക്കുക. ഉപയോഗിക്കാത്ത നാസാരന്ധ്രം അടച്ചുപിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെ ചെയ്യുമ്പോൾ കണ്ടുനിൽക്കുന്നവർക്ക് ചിരി വരുമെന്നല്ലാതെ ഒരു ഗുണവും ഉണ്ടാകില്ല. അതുപോലെ മറ്റൊന്ന്, മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ വലത്തെ ചെവി ഉപയോഗിച്ചാൽ ഹൃദയത്തിന് നല്ലതാണെന്നും ഇടത്തെ ചെവി ഉപയോഗിച്ചാൽ തലച്ചോറിലേക്കുള്ള റേഡിയേഷൻ കുറയുമെന്നും ഏതോ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ പേരും വച്ചുള്ള പോസ്റ്റ്. മൊബൈൽ ഉപയോഗിച്ചാൽ കാൻസർ സാധ്യതയുണ്ടോ എന്നുള്ള പഠനങ്ങൾ നടക്കുന്നുണ്ട്. ഇതുവരെയും സാധൂകരിക്കാവുന്ന  തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല. പിന്നെ ഈ റേഡിയേഷൻ ഏതുചെവിയിൽ വച്ചാലും ഒരുപോലെയല്ലേ വരൂ? വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ഇങ്ങനെ കുറെയേറെ വായിച്ചതാണ്. അതിലിപ്പോഴും ഓർക്കുന്ന ഒന്നാണ്, ഭക്ഷണം കഴിക്കുമ്പോൾ തണുത്ത വെള്ളം കുടിച്ചാൽ ആ തണുപ്പിൽ ഭക്ഷണത്തിലെ എണ്ണ ഘനീഭവിച്ച് കാൻസർ വരുത്തുമെന്ന അതിശയകരമായ ഒരു കണ്ടെത്തൽ.

ഇത്തരം ടിപ്പുകളിൽ ഏറ്റവും ജനപ്രിയം ലൈംഗികബന്ധത്തെ കുറിച്ചുള്ളവയാണ്. അവയിൽ മിക്കതും  നിർദ്ദോഷവും ഉഭയസമ്മതപ്രകാരം പരീക്ഷിച്ചു  നോക്കാവുന്നതുമൊക്കെ തന്നെ. എന്നാൽ ഗർഭധാരണത്തിനു പറ്റിയ പൊസിഷൻ, ആൺകുഞ്ഞുണ്ടാകാൻ അല്ലെങ്കിൽ പെൺകുഞ്ഞുണ്ടാകാൻ സ്വീകരിക്കേണ്ട  മുൻകരുതൽ എന്നൊക്കെ പറഞ്ഞു വരുന്ന (തട്)ടിപ്പുകൾ കയ്യോടെ  പൊളിച്ചു കൊടുക്കണം.


2. തട്ടിപ്പുകൾ ചൂണ്ടിക്കാട്ടുന്നു എന്ന ലേബലിൽ ഉള്ള തട്ടിപ്പുകൾ 
            ആധുനിക വൈദ്യശാസ്ത്രത്തിലെ ചൂഷണം ചൂണ്ടിക്കാട്ടുന്നു എന്ന പേരിൽ അശാസ്ത്രീയമായ സ്വന്തം ചികിത്സാരീതികൾ പ്രചരിപ്പിക്കുന്ന വിരുതന്മാർ കേരളത്തിൽ ധാരാളം. സോഷ്യൽ മീഡിയ നൽകുന്ന  സ്വാതന്ത്ര്യവും കുടിലബുദ്ധിയും കൊണ്ട് അവർ മെനഞ്ഞുണ്ടാക്കുന്ന ചില കഥകളുണ്ട്. വാക്സിൻ വിരുദ്ധ കോലാഹലങ്ങളും രോഗാണുക്കളേ നിലവിലില്ലായെന്നുള്ള നിലവിളികളും  ചില പഴയ  ഉദാഹരണങ്ങൾ മാത്രം. അത്തരക്കാരുടെ പുതിയ ചില വാദങ്ങൾ ഈയിടെ വീഡിയോ ദൃശ്യങ്ങളായി ഓടിനടക്കുന്നുണ്ടായിരുന്നു. സ്കാനിംഗ് മെഷീനുകളിലെ തട്ടിപ്പാണ് വിഷയം. സ്കാനിംഗ് മെഷീനുകൾക്കുള്ളിൽ (MRI, CT, ULTRA SOUND തുടങ്ങിയവ) ഓരോ രോഗത്തിനും  കാണിക്കേണ്ട ചിത്രങ്ങൾ നേരത്തെ സ്റ്റോർ ചെയ്തിട്ടുണ്ടെന്നും നമ്മൾ സ്കാൻ ചെയ്യുമ്പോൾ നമ്മുടെ അവയവങ്ങളുടെ ചിത്രമല്ല, പകരം ഉപകരണം  ഉണ്ടാക്കിയ രാജ്യത്തിലെ ഏതോ രോഗിയുടെ അവയവചിത്രമാണ് തെളിയുന്നതെന്നുമാണ് വാദം. എന്നുവച്ചാൽ, സോണിയുടെ ക്യാമറകൊണ്ട് നമ്മുടെ  ഫോട്ടോ എടുത്താൽ പതിയുന്നത് ഏതെങ്കിലും ജപ്പാൻകാരന്‍റെ മുഖമായിരിക്കും എന്നും മറിച്ചു ആപ്പിളിന്‍റെ ക്യാമറയാണെങ്കിൽ അമേരിക്കക്കാരന്‍റെതായിരിക്കുമെന്നും  വാദിക്കുന്ന അതേ ലോജിക്കാണ് പാവങ്ങൾക്ക്.  ഇതൊക്കെ അവരുടെ നിഷ്കളങ്കമായ വിവരക്കേടുകളായോ  അറിവില്ലായ്മകൊണ്ട് പറയുന്നതായോ കരുതാൻ വയ്യ. പിന്നിൽ കൃത്യമായ ഉദ്ദേശങ്ങളോടെയുള്ള ക്രിമിനൽ കുറ്റങ്ങൾ തന്നെയാണ് ഇത്തരം  ബോധപൂർവമായ തെറ്റിദ്ധരിപ്പിക്കൽ. ഇതൊക്കെ വിശ്വസിക്കാനും പ്രചരിപ്പിക്കാനും വരെ കേരളത്തിൽ ആളുണ്ടെന്നത് തികച്ചും ലജ്ജാവകം തന്നെ.


3.  അത്ഭുത ഒറ്റമൂലികൾ, സർവ്വരോഗസംഹാരികളായ സസ്യങ്ങൾ, അവിശ്വസനീയ സൗഖ്യം

ഇന്നിപ്പോൾ പ്രത്യേകിച്ചൊരു എക്സ്പ്ലനേഷൻ വേണ്ടാത്ത വിഷയമാണിത്. ലക്ഷ്മി തരുവും മുള്ളാത്തയും അത്ഭുതസസ്യങ്ങൾ അല്ലായെന്നും അറിവില്ലായ്മയും തെറ്റിദ്ധരിപ്പിക്കലും കാരണം ജീവൻ നഷ്ടപ്പെടുന്നവരോട് സഹതപിക്കാനല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ലെന്നും ഇപ്പോൾ നമുക്കറിയാം. ഇവയൊക്കെ കാരണം അകാലത്തിൽ പൊലിഞ്ഞ സെബിയേയും ജിഷ്ണുവിനെയും മാത്രമേ നമുക്കറിയൂ. അറിയപ്പെടാത്ത എത്രയോ പേർ വേറെയുണ്ടാകും!!


ഇത്തരം വ്യാജ-അത്ഭുതചികിത്സകളുടെ മരണവലകളിൽ ഏറ്റവുമധികം പെട്ടുപോകുന്നതും കാൻസർ രോഗികൾ തന്നെയാണ്. ഇടയ്ക്ക് എന്‍റെയൊരു ഫേസ്ബുക്ക്‌ പോസ്റ്റിനുകീഴിൽ നല്ല വിദ്യാഭ്യാസവും സമൂഹത്തിൽ ബഹുമാന്യസ്ഥാനവുമുള്ള ഒരു സുഹൃത്ത് ആവർത്തിച്ച ഒരു ചോദ്യമുണ്ട്, “കാൻസറിനു ചികിത്സയുണ്ട്, പക്ഷെ മരുന്നുണ്ടോ?” എന്ന്. അദ്ദേഹം  ഏതെങ്കിലും ഒറ്റമൂലി ആയിരിക്കും ഉദ്ദേശിച്ചതെന്നു ഞാൻ കരുതുന്നു. ഇവരെപ്പോലെയുള്ളവരും ചേർന്നാണ് മേൽപ്പറഞ്ഞവ പോലുള്ള പൊട്ടത്തരങ്ങൾക്ക് പ്രചാരം നൽകുന്നത് എന്നത് വേദനാജനകം.

കാൻസർ രോഗം എന്താണെന്നു ജനങ്ങൾ മനസിലാക്കാത്തതാണ് ഇത്തരം വ്യാജവിദ്യകളുമായി ഓരോരുത്തർ രംഗപ്രവേശം ചെയ്യാൻ കാരണം. ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ചികിത്സാരീതികൾക്കൊപ്പം ആന്‍റിഒക്സിഡന്റുകൾ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് രോഗശമനത്തിന് സഹായകരം ആയിരിക്കും. എന്ന് കരുതി അവമാത്രം  ഉപയോഗിച്ച് കാൻസർ മുക്തിനേടാം എന്നത് വ്യാജപ്രചരണം മാത്രം. ഇന്ന് കാൻസർ കീമോതെറാപ്പിയ്ക്ക് ഉപയോഗിക്കുന്ന പല മരുന്നുകളും സസ്യങ്ങളിൽ   നിന്നും വേർതിരിച്ചു എടുത്തിട്ടുള്ളതാണ്. എന്നുകരുതി ആ  സസ്യങ്ങൾ അതുപോലെ ഉപയോഗിച്ചാൽ ഈ പറയുന്ന ഗുണമുണ്ടാകില്ല. എന്ന് മാത്രമല്ല, അനാവശ്യമായതും പരസ്പരം പ്രതിപ്രവർത്തിക്കുന്നതുമായ അനവധി രാസപദാർത്ഥങ്ങൾ അതിൽ വേറെയുമുണ്ടാകും. അതുകൊണ്ട്, ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളവയെ എന്തെങ്കിലും പാർശ്വഫലങ്ങളുടെ പേരിൽ അവഗണിച്ചു, ഏതെങ്കിലും വ്യാജന്മാരുടെ ഊഹാപോഹങ്ങൾക്ക്  ചെവികൊടുത്ത്‌ പാഴാക്കി കളയാനുള്ളതല്ല നമ്മുടെ ജീവിതം.

കാൻസർ പോലെ ഇത്തരക്കാർക്ക് പ്രിയപ്പെട്ട മറ്റൊരു വിഷയമാണ് ഹൃദ്രോഗം. ഹൃദയത്തിലെ ബ്ലോക്ക് ഓപറേഷൻ കൂടാതെ മാറ്റാം, ഈ പഴം കഴിക്കൂ  എന്നൊക്കെ പറഞ്ഞുകൊണ്ട് ധാരാളം ലിങ്കുകൾ കറങ്ങി നടക്കുന്നുണ്ട്. തീർച്ചയായും അതൊരു ജീവിതശൈലീ രോഗം തന്നെയാണ്. പുകവലി  ഉപേക്ഷിക്കുക, കൃത്യമായ് വ്യായാമം ചെയ്യുക, മാനസിക സമ്മർദ്ദം കുറയ്ക്കുക, ശരീരഭാരം നിയന്ത്രിക്കുക, രക്തസമ്മർദ്ദം നിയന്ത്രിക്കുക  എന്നിവയൊക്കെയാണ് ഹൃദ്രോഗം വരാതിരിക്കാനുള്ള ‘ഒറ്റമൂലികൾ'. അല്ലാതെ മാതളവും വെളുത്തുള്ളിയും കാന്താരിമുളകും ചവച്ചുകഴിച്ചാൽ ഹൃദയത്തിലെ ബ്ലോക്ക് അലിഞ്ഞുപോകും എന്നുപറയുന്നത് മണ്ടത്തരം മാത്രം. ഇതൊന്നും കഴിക്കുന്നതിൽ തെറ്റില്ലാ, പക്ഷെ ആദ്യം ചെയ്യേണ്ടത് ആദ്യം  പറഞ്ഞ കാര്യങ്ങളാണ്.

4. ‘നീ തീർന്നെടാ, തീർന്നു' എന്ന മട്ടിലുള്ള ബോധവൽകരണ പരിപാടികൾ
           നമ്മൾ നിത്യേന, അല്ലെങ്കിൽ സർവവ്യാപകമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ, നമ്മുടെ ശീലങ്ങൾ എന്നിവയിൽ ആസന്നവും ഭയപ്പെടുത്തുന്നതുമായ അപകടഭീതി ആരോപിക്കുന്ന ധാരാളം പോസ്റ്റുകൾ ദിവസേന പ്രത്യക്ഷപ്പെടുന്നുണ്ട്. ഏറ്റവും ഭയം സൃഷ്ടിക്കുന്ന കാൻസർ, എയിഡ്സ്, മരണം മുതലായ ഭവിഷ്യത്തുകൾ ആണ് ഇത്തരക്കാർക്ക് ഏറെ പ്രിയം.കിൻഡർ ജോയ് കഴിച്ചാൽ, അതിൽ വാക്സ്  അടങ്ങിയിട്ടുള്ളതിനാൽ കാൻസർ വരും എന്നുള്ള  ഈ പോസ്റ്റ്‌ നോക്കുക. ഫുഡ്‌ ഗ്രേഡ് പാരഫിൻ വാക്സ് പല ചോക്കലേറ്റുകളിലും ഉള്ളതാണ്. അവ മനുഷ്യശരീരത്തിനു ഗുണകരമോ ആവശ്യമുള്ളതോ അല്ല എന്നതും സത്യം. എന്നാൽ യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലാതെ അത് കാൻസർ ഉണ്ടാക്കും എന്ന് പറഞ്ഞുപരത്തുന്നത് അനാവശ്യമായ പരിഭ്രാന്തി ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ. അതുപോലെ മക് ഡോണാൾഡ്സ് ബർഗറിൽ ശുക്ലത്തിന്‍റെ അംശം  കണ്ടെത്തി എന്നൊക്കെയുള്ള വാർത്തകൾ. മക് ഡോണാൾഡ്സ് പോലുള്ളവയ്ക്കെതിരെ വരുന്ന ഇത്തരം പോസ്റ്റുകൾ ജങ്ക് ഫുഡിനെതിരെയുള്ള സ്വാഗതാർഹമായ നീക്കങ്ങളായിക്കണ്ട് ചിലർ ഷെയർ ചെയ്യുന്നതും കണ്ടിട്ടുണ്ട്. എന്നാൽ യുക്തിയ്ക്ക് നിരക്കാത്ത  അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പരക്കെ ഷെയർ ചെയ്യുന്നതിലൂടെയുള്ള ഇത്തരം നീക്കങ്ങൾ വിപരീതഫലമാണ് പലപ്പോഴും ഉണ്ടാക്കുക.

ആദ്യം സൂചിപ്പിച്ച ഫ്രൂട്ടിയിൽ എച്ച്.ഐ.വി. വൈറസ് കലർന്നിട്ടുണ്ട് എന്ന പോസ്റ്റും ഇതിനുദാഹരണമാണ്. എയിഡ്സ് രോഗിയുടെ രക്തം സിറിഞ്ചുവഴി കുത്തിവച്ച ഓറഞ്ചുകൾ വിപണിയിലെത്തിയെന്നും പറഞ്ഞു മറ്റൊരു വാർത്തയും, ചിത്രങ്ങൾ സഹിതം ഇടയ്ക്ക് കണ്ടിരുന്നു. മനുഷ്യശരീരത്തിന് പുറത്തു നിമിഷങ്ങൾക്കപ്പുറം ഈ വൈറസ് വളരില്ലായെന്നും ഭക്ഷണത്തിലൂടെ എയിഡ്സ് പകരില്ലായെന്നും നമ്മൾ  മനസിലാക്കിയാൽ ഇത്തരം ഹോക്സുകൾ സൃഷ്ടിക്കുന്ന അനാവശ്യഭീതി ഉണ്ടാകില്ല.

ഓർമ്മ വന്നതും, പെട്ടന്ന് കൈയ്യിൽ തടഞ്ഞതുമായ  കുറച്ചു വാർത്തകൾ മാത്രമേ ഇവിടെ പരാമർശിച്ചിട്ടുള്ളൂ. നിരവധി പോസ്റ്റുകൾ ഇനിയുമുണ്ട്. ഉറങ്ങാനുള്ള ജ്യൂസ്‌, പങ്കാളിയുടെ മുഖം നോക്കി ലൈംഗിക  സംപ്തൃപ്തി  അറിയാനുള്ള പൊടിക്കൈകൾ എന്നൊക്കെ പറഞ്ഞു പുതിയവ ഓരോ ദിവസവും വരുന്നുമുണ്ട്.

ഇനി ഇത്തരം വാർത്തകൾ കാണുമ്പോൾ നമുക്കെന്ത് ചെയ്യാൻ കഴിയും?

ശാസ്ത്രീയമായി ചിന്തിക്കുകയും ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യണം. അനുഭവസാക്ഷ്യങ്ങളും അവകാശവാദങ്ങളും ആയി  അവതരിപ്പിക്കുന്ന ചികിത്സാരീതികൾക്ക് ശാസ്ത്രീയം എന്ന് കരുതാവുന്നഎന്തെങ്കിലും അടിസ്ഥാനം, കാര്യകാരണബന്ധം എന്നിവ അതിന്‍റെ പ്രചാരകർ പറയുന്നുണ്ടോ എന്ന് നോക്കുക.

സര്‍വരോഗശമനിയായ ഒരു മരുന്നോ സസ്യമോ ഇതുവരെയും ആരും  കണ്ടെത്തിയിട്ടില്ല. ഇനി അതിനുള്ള സാധ്യതയും കുറവാണ്.

ഇങ്ങനെ എന്തെങ്കിലും കണ്ടാൽ അത് സാമാന്യയുക്തിയ്ക്ക് നിരക്കുന്നതാണോ എന്ന് ഒരുനിമിഷം ചിന്തിച്ചു നോക്കുക. കുളിക്കുമ്പോൾ ആദ്യം തലയിൽ വെള്ളമൊഴിക്കരുത്, അത് തലച്ചോറിന് കേടാണെന്നൊക്കെ പറഞ്ഞുകൊണ്ടുള്ള മനുഷ്യനെ മണ്ടരാക്കുന്ന പോസ്റ്റുകൾ പോലും വിശ്വസിക്കുന്നവർ ഇവിടെയുണ്ട്.

എന്തെങ്കിലും സംശയമുണ്ടെങ്കിൽ ആ വിഷയത്തിൽ ശാസ്ത്രീയമായ അവഗാഹമുള്ള ആരോടെങ്കിലും ചോദിച്ചു ആശങ്കകൾ അകറ്റുക.


കാപ്പാട്- നമ്മുടെ ആരോഗ്യം, Dr Anjit unni
ചിത്രങ്ങൾ- ഗൂഗിൾ, ഫേസ്ബുക്ക്‌

©മനോജ്‌ വെള്ളനാട്

No comments:

Post a Comment