മീസില്‍സ്/MEASLES

വാക്സിപീഡിയ:ചാപ്റ്റര്‍ 9

ജർമ്മൻ ഭാഷയിലെ “എടുത്തു കാണപ്പെടുന്ന പാടുകൾ” എന്നർത്ഥം വരുന്ന മസേൽ (masel) എന്ന വാക്കിൽ നിന്നാണ് ഈ രോഗത്തിന്റെ പേരിന്റെ ഉത്ഭവം. ഈ രോഗത്തിന്റെ മറ്റൊരു പേരായ റൂബിയോള എന്ന പദത്തിന്റെ അർത്ഥം ചുവന്ന കുത്തുകൾ എന്നാണ്. ലോകമാകമാനം ഏകദേശം രണ്ടുകോടി ആളുകളെ ബാധിക്കുന്ന, വളരെയധികം സാംക്രമിക ശേഷിയുള്ള ഈ രോഗം പ്രധാനമായും ബാധിക്കുന്നതു കുട്ടികളെയാണ്. വികസ്വരരാജ്യങ്ങളിൽ ഈ രോഗം കാരണമുള്ള മരണനിരക്ക് രണ്ടു മുതൽ പതിനഞ്ചു ശതമാനം വരെയാണ്. 1960 കളിൽ വാക്സിൻ ലഭ്യമാകുന്നതിനു മുൻപ് ഈ രോഗം ലോകത്താകമാനം ഏകദേശം 1350,00,000 ആളുകളെ കൊന്നൊടുക്കിയിട്ടുള്ളതായാണു കണക്കുകൾ.



ചരിത്രം
മനുഷ്യരെ ബാധിക്കുന്ന ഒരു രോഗം എന്ന നിലയിൽ അഞ്ചാംപനി അറിയപ്പെട്ടു തുടങ്ങുന്നത് ക്രിസ്തുവർഷം 500 മുതൽക്കാണ്. ഈ അസുഖത്തെപ്പറ്റി ചരിത്രത്തിൽ എഴുതപ്പെട്ട രേഖകൾ ഉള്ളത് എ.ഡി. 865-925 കാലഘട്ടത്തിൽ ജീവിച്ചിരുന്ന അബു ബക്കാർ എന്ന അറബി ഭിഷഗ്വരന്റെ ലിഖിതങ്ങളിലാണ്. A.D. 1529 ൽ ക്യൂബയിൽ ആകമാനം പൊട്ടിപ്പുറപ്പെട്ട ഈ രോഗം അന്നത്തെ ജനസംഖ്യയുടെ വലിയൊരുവിഭാഗത്തെ കൊന്നൊടുക്കി. രണ്ടു വർഷങ്ങൾക്കുശേഷം ഹോണ്ടുറാസ് എന്ന രാജ്യത്തിലെ പകുതി ജനതയെ ആണു അഞ്ചാംപനി നാമാവശേഷമാക്കിയത്. 1846 ൽ പാനം എന്ന ഗവേഷകനാണു ഈ രോഗത്തിന്റെ പകർച്ചാശേഷിയെ കുറിച്ചും മറ്റും ആദ്യമായി പഠനങ്ങൾ നടത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിൽ ആന്തമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ പകുതിയോളം ജനതയെ ഇല്ലാതാക്കി സംഹാരതാണഡവമാടാൻ ഈ അസുഖത്തിനായി. 1958ൽ എൻഡേഴ്സ് എന്ന അമേരിക്കൻ ഗവേഷകനാണ് ഈ രോഗാണുവിനെ ആദ്യമായി വേർതിരിച്ചെടുക്കുന്നതിൽ വിജയിച്ചത്. 2006 ൽ മാത്രം ലോകത്താകമാനം 2,42,000 ജീവനുകൾ ഈ രോഗം കവർന്നെടുത്തിട്ടുണ്ട്. ഇതിനുള്ള പ്രധാന കാരണമായി ലോകാരോഗ്യസംഘടന കാണുന്നത്, എല്ലാ കുട്ടികൾക്കും ഒരു ഡോസ് മീസിൽസ് വാക്സിൻ എങ്കിലും കൊടുക്കുവാൻ സാധിക്കാത്തതിനെയാണ്.

രോഗകാരണം
ഇത് ഒരു പാരാമിക്സോ വൈറസ് (virus) മൂലമുണ്ടാകുന്ന ഒരു സാംക്രമികരോഗം ആണ്. മണ്ണൻ, പൊങ്ങൻപനി, കരുവൻ എന്നീ പേരുകളിലും അറിയപ്പെടുന്നു.

ഇതിന്‍റെ ഉദ്ഭവനകാലം (incubation period) 10-14 ദിവസങ്ങളാണ്. പ്രായമായവരെയും ഈ രോഗം ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ഇതു ബാധിക്കുന്നു. ശ്വസനവ്യൂഹത്തിലെ ശ്ളേഷ്മസ്തരം (mucosa), ത്വക്ക്, നേത്രശ്ളേഷ്മസ്തരം (conjunctiva), വായ് എന്നീ ഭാഗങ്ങളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്.




ഈ അസുഖം രോഗിയുടെ തുമ്മൽ, ചുമ എന്നിവയിലൂടെയും അടുത്ത് ഇടപഴകുന്നതിലൂടെയും വായുവിലൂടെ പകരുന്നു. വളരെ സാംക്രമിക ശേഷിയുള്ള ഈ രോഗാണുവിന് ഏകദേശം 2 മണിക്കൂർ വരെ വായുവിലും പ്രതലങ്ങളിലും അതിജീവിക്കുവാനുള്ള കഴിവുണ്ട്. രോഗിയിൽ തൊലിപ്പാടുകൾ പ്രത്യക്ഷപ്പെടുന്നതിനു 4 ദിവസം മുമ്പ് മുതൽ 4 ദിവസങ്ങൾക്ക് ശേഷം വരെ രോഗം പകരുവാനുള്ള സാദ്ധ്യത നിലനിൽക്കുന്നു.

രോഗലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ കടന്നതിനു ശേഷം ഏകദേശം 10 മുതൽ 12 ദിവസം ശേഷം ആരംഭിക്കുന്ന ഉയർന്ന പനി ആണ് സാധാരണയായി അഞ്ചാംപനിയുടെ ആദ്യ ലക്ഷണം, ഇത് 4 മുതൽ 7 ദിവസം വരെ നീണ്ടുനിൽക്കാം. കണ്ണിൽനിന്നും മൂക്കിൽ നിന്നും വെള്ളമെടുപ്പ്, ചുമ, ശബ്ദമടപ്പ് തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങൾ. ഏകദേശം 3 ദിവസങ്ങൾക്കകം, ത്വലിപ്പാടുകൾ പ്രത്യക്ഷമാകുന്നു. ഇത് മുഖം, കഴുത്ത് എന്നിടങ്ങളിൽ ആരംഭിച്ചു ക്രമേണ ശരീരം ആസകലം വ്യാപിക്കുന്നു. ഇത് 5 മുതൽ 6 ദിവസം വരെ നീണ്ടുനിൽക്കുന്നു. വായ്ക്കകത്ത് വെളുത്ത പാടുകൾ (koplick’s spots) ഇതിനു മുമ്പുതന്നെ പ്രത്യക്ഷമായിട്ടുണ്ടായിരിക്കും. രോഗത്തിന്റെ തീവ്രത കുറയുന്നതോടെ ഈ പുള്ളികൾ മങ്ങി തവിട്ടുനിറമാകുകയും ക്രമേണ മായുകയും ചെയ്യുന്നു.

സാധാരണഗതിയിൽ മാരകമല്ലെങ്കിലും പ്രതിരോധശേഷി കുറഞ്ഞവരിലും പോഷകാഹാരക്കുറുളളവരിലും പ്രതിരോധകുത്തിവയ്പുകൾ യഥാസമയം എടുക്കാത്തവരിലും ശ്വേതമണ്ഡലത്തിലെ പുണ്ണ് (corneal ulcer), വായ്പ്പുണ്ണ്, ബ്രോങ്കോന്യൂമോണിയ (bronchopneumonia), ചെവിക്കുള്ളിൽ പഴുപ്പ് (otitis media), വയറിളക്കരോഗങ്ങൾ, തലച്ചോറിനെ ബാധിക്കുന്ന എൻസെഫലൈറ്റിസ്‌ (SSPE), മയോകാർഡൈറ്റിസ്‌ എന്നിവ സങ്കീർണതകളായി ഇതിനോടൊപ്പം ഉണ്ടാകാറുണ്ട്. 5 വയസ്സിൽ താഴെയുള്ള കുട്ടികളിലും 20 വയസ്സിനു മേലെ പ്രായമുള്ളവരിലും മേൽപ്പറഞ്ഞ സങ്കീർണതകൾക്കുള്ള സാദ്ധ്യത ഏറെയാണ്‌. യഥാസമയം വിദഗ്ദ്ധ ചികിത്സ നല്‍കാത്തപക്ഷം മരണം വരെ സംഭവിക്കാം. വർഷംതോറും ഏകദേശം രണ്ടുലക്ഷം പേരെ ഈ രോഗം കൊന്നോടുക്കുന്നുണ്ട്.

ഗർഭിണികളിൽ അഞ്ചാംപനി കഠിനമായ സങ്കീർണതകൾ ഉണ്ടാക്കുന്നു. ഇവരിൽ ഗർഭച്ഛിദ്രമോ മാസം തികയാതെയുള്ള പ്രസവമോ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്‌.

ചികിത്സ
പ്രത്യേക ചികിത്സ ഇല്ല. ലാക്ഷണിക പ്രതിവിധികൾ സ്വീകരിക്കുകയും സങ്കീർണത വരാതെ സൂക്ഷിക്കുകയും ആണ് ചെയ്യേണ്ടത്. സങ്കീർണതകൾ ഒഴിവാക്കുവാനായി അഞ്ചാംപനിയുടെ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് വിറ്റാമിൻ എ നൽകാറുണ്ട്. രോഗിയെ കാണുന്ന ആദ്യ ദിനം, 6 മാസം വരെ പ്രായം ഉള്ളവർക്ക് 50,000 IU (International Units), 6 മാസം മുതൽ ഒരു വയസുവരെ 100,000 IU, ഒരു വയസിനു മുകളിൽ പ്രായം ഉള്ളവർക്ക് 200,000 IU എന്നിങ്ങനെ നൽകുന്നു. ഇതേ ഡോസ് 24 മണിക്കൂറുകൾക്കു ശേഷവും നൽകുന്നു. വിറ്റാമിൻ എ രോഗികളുടെ ശ്ലേഷ്മസ്തരത്തിന്റെ വേഗത്തിലുള്ള വീണ്ടെടുക്കലിന്(Rapid Recovery) സഹായകമാകുന്നു. ഈ മുൻകരുതൽ അഞ്ചാംപനിയുടെ മരണനിരക്കു 50% കണ്ടു കുറയ്ക്കുന്നു.

രോഗിയെ രോഗാരംഭം മുതല്‍ മാറ്റിത്താമസിപ്പിക്കേണ്ടതാണ്.

രോഗപകര്‍ച്ച ഒഴിവാക്കുവാനായി രോഗിയെ വീട്ടിനുളളില്‍ കിടത്തി വേണ്ടത്ര വിശ്രമം നല്‍കണം. ആവശ്യാനുസരണം വെളളവും പഴവര്‍ഗ്ഗങ്ങളും നല്‍കണം. മീസില്‍സ്‌ വാക്സിന്‍ കൊടുത്ത്‌ പ്രതിരോധിക്കാവുന്ന ഈ രോഗം ഉണ്ടായാല്‍ ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച്‌ വേണ്ട മുന്‍കരുതല്‍ നടപടികള്‍ എടുക്കണം.



രോഗപ്രതിരോധം
ആന്റിമീസില്‍സ് വാക്സിന്‍ സജീവരോഗപ്രതിരോധമായും, ഗാമാഗ്ളോബുലിന്‍ നിഷ്ക്രിയപ്രതിരോധമായും ഉപയോഗിക്കുന്നു. 1958-ല്‍ എന്‍ഡേഴ്സ് എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞനും സഹപ്രവര്‍ത്തകരും കൂടിയാണ് ആന്റിമീസില്‍സ് വാക്സിന്‍ ആദ്യമായി പരീക്ഷിച്ചുനോക്കിയത്. മറ്റൊരു മൃതവൈറസ് വാക്സിനും (killed -virus vaccine) ലഭ്യമാണ്. ആജീവനാന്തപ്രതിരോധത്തിന് ജീവനുള്ള നിഷ്ക്രിയവൈറസുകളുടെ വാക്സിനാണ് യോജിച്ചത്. മൃതവൈറസ്‍വാക്സിന്‍ താത്കാലികപ്രതിരോധശക്തി മാത്രമേ നല്കുന്നുള്ളു. ഈ വാക്സിനുകള്‍ എല്ലാം 1963 മുതല്‍ ഉപയോഗത്തിലുള്ളതാണ്.

ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ മുഖേന നല്‍കി വരുന്നത് നിഷ്ക്രിയവൈറസുകള്‍ അടങ്ങിയ വാക്സിനാണ്. ഒന്‍പതാം മാസത്തിലും, 15 മുതല്‍ 18 മാസം വരെയുള്ള കാലഘട്ടത്തിലുമായി രണ്ടു ഡോസ് വാക്സിന്‍ ആണു നല്‍കേണ്ടത്.

DOWNLOAD PDF

<<<< ചാപ്റ്റര്‍ 8:പോളിയോ / POLIO

ചാപ്റ്റര്‍ 10:റുബെല്ല / RUBELLA >>>>


Comments