ഇടംകൈവഴക്കം / LEFT HANDEDNESS

ഈ ലോകം വലംകയ്യന്മാരുടെതാണ്. അവരാണ് അധികവും. അതുകൊണ്ടാണ് ഇടംകൈ കൊണ്ട് എഴുതുന്നവരെയും ഇടം കൈകൊണ്ട് കായിക വിനോദങ്ങളിലേർപ്പെടുന്നവരെയും ഒക്കെ നമ്മൾ കൗതുകത്തോടെ നോക്കുന്നത്. ഒരുപക്ഷെ സാധാരണ ജീവിതത്തിലേക്കാൾ കൂടുതൽ ഇടംകയ്യന്‍മാരെ നമ്മൾ കണ്ടിട്ടുള്ളത് ക്രിക്കറ്റ്‌  മൈതാനത്തായിരിക്കും. കളിക്കാരന്‍റെ കൈവഴക്കം  അത്രയ്ക്കും പ്രകടമാകുന്ന കായിക ഇനങ്ങൾ ക്രിക്കറ്റും ബേസ്ബോളും ടെന്നീസുമൊക്കെയാണ്. ലോകം എന്നും ഓർക്കുന്ന പലരും, ഗാംഗുലി, ജയസൂര്യ, ബ്രയാൻ ലാറ ഒക്കെ  ഇടംകയ്യന്മാരാണെന്ന് നമുക്കറിയാം. അതുപോലെ ഒബാമ, ബിൽഗേറ്റ്സ്, ആഞ്ജലീന ജോളി തുടങ്ങിയ പ്രശസ്തർ.

ലോകത്ത് 87 മുതൽ 90 ശതമാനം വരെ ആൾക്കാർ വലംകയ്യന്‍മാരാണ്. 10 -12 ശതമാനം ഇടംകയ്യന്മാരും. ഒരു  ശതമാനം ആൾക്കാർക്ക് രണ്ടുകയ്യും ഓരോ ആവശ്യത്തിനനുസരിച്ചു മാറിമാറി ഉപയോഗിക്കാൻ സാധിക്കും. നമ്മുടെ സച്ചിൻ ടെണ്ടുൽക്കർ ബാറ്റ് ചെയ്യുന്നത് വലംകയ്യനായാണെങ്കിലും എഴുതുന്നത് ഇടതുകൈ കൊണ്ടാണെന്ന് നമുക്കറിയാം. അതുപോലെ അമിതാഭ് ബച്ചൻ രണ്ടുകൈയും മാറിമാറി ഉപയോഗിക്കാൻ കഴിയുന്ന ആളാണ്. ഇതിനെ Cross dominance/ mixed handedness എന്നുപറയും. എന്നാൽ മറ്റൊരു ചെറിയ ശതമാനം ആൾക്കാർക്ക് ഏതാവശ്യത്തിനും രണ്ടുകയ്യും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും. അവരെ ആമ്പിഡെക്സ്ട്രസ് (ambidexterous) എന്നാണ് വിളിക്കുന്നത്.എന്തുകൊണ്ടാണ് ചിലർ ഇടംകയ്യന്മാരായി പോകുന്നത്?

അതൊരു രോഗമോ അപകർഷത തോന്നേണ്ട ഒരു കുറവോ അല്ലെന്ന് മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ തന്നെ സാക്ഷ്യം. നിരവധി ഘടകങ്ങൾ ഒരാളുടെ കൈവഴക്കത്തെ നിർണയിക്കുന്നതായുണ്ട്. നമ്മുടെ ശരീരത്തിന്‍റെ വലതുഭാഗത്തെ നിയന്ത്രിക്കുന്നത് തലച്ചോറിന്‍റെ ഇടതുഭാഗവും ഇടതുഭാഗത്തെ നിയന്ത്രിക്കുന്നത് തലച്ചോറിന്‍റെ വലതുഭാഗവുമാണ്. ഭൂരിഭാഗം മനുഷ്യരിലും ഇടത് തലച്ചോറായിരിക്കും വലതിനേക്കാൾ ആധിപത്യസ്വഭാവം (DOMINANCE) ഉള്ളത്. തലച്ചോറിന്‍റെ വളർച്ചയിൽ സംഭവിക്കുന്ന ഈ നേരിയ വ്യത്യാസമാണ് ഒരാൾ ഇടംകയ്യനോ വലംകയ്യനോ ആകാൻ കാരണം. എന്നാൽ പൂർണ്ണമായും അത് തലച്ചോറിന്‍റെ ആധിപത്യവ്യത്യാസം കൊണ്ടാണെന്നും പറയാൻ പറ്റില്ല. കാരണം 60 ശതമാനം ഇടംകയ്യന്മാരിലും ഇടത് തലച്ചോറു തന്നെയാണ് പ്രമാണി. ജനിതകപരമായതും ചില ഹോർമോണുകളുടെ സ്വാധീനവും കൂടി ഇക്കാര്യത്തിലുണ്ടെന്നതാണ് വസ്തുത. ഒരാളിൽ തന്നെയുള്ള ഒന്നിലധികം ജനിതകഘടകങ്ങളുടെ വ്യതിയാനം അയാളുടെ കൈവഴക്കത്തെ സ്വാധീനിക്കുന്നുണ്ടെന്നാണ് (Polygenic inheritance) മനസിലാകുന്നത്.  അച്ഛനുമമ്മയും ഇടം കൈയരാണെങ്കിൽ അവരുടെ കുട്ടികൾ ഇടം കയ്യരാകാനുള്ള സാധ്യത 26% മാണെന്നും പഠനങ്ങളിൽ പറയുന്നു. ഇടംകൈ വഴക്കമുള്ളവർ കൂടുതലും ആണുങ്ങളാണെന്നത് ഹോർമോണിന്റെ സ്വാധീനത്തിലേയ്ക്കും ശ്രദ്ധ ക്ഷണിക്കുന്നുണ്ട്.

ഒരു കുട്ടി വലംകയ്യനാണോ ഇടംകയ്യനാണോ എന്ന് കൃത്യമായി അറിയാൻ മൂന്നു നാല് വയസ്സെങ്കിലുമാകണം. ചില പഠനങ്ങളിൽ ഇടംകൈവഴക്കമുള്ളവർ ബുദ്ധിശക്തി കൂടിയവരാണെന്നൊക്കെ പറയുന്നുണ്ട്. പക്ഷെ ഒരാളെ നിർബന്ധിച്ചു ഇടംകയ്യനോ വലംകയ്യനോ ആക്കാൻ സാധിക്കില്ല. പല അച്ഛനമ്മമാരും ഇടംകൈയരായ കുട്ടികളെ നിർബന്ധിച്ച് വലം കൈയരാക്കാൻ ശ്രമിക്കുന്നത്  കണ്ടിട്ടുണ്ട്. അതൊരിയ്ക്കലും ശരിയല്ല.

ആഗസ്റ്റ് 13 ആണ് ഇടംകൈയ്യരുടെ അന്താരാഷ്ട്രദിനം (World Left handers day)

©മനോജ്‌ വെള്ളനാട്

2 comments:

  1. ഞാൻ ഇടംകൈയ്യനായിരുന്നു. സ്ക്കൂളിൽ എഴുതാൻ തുടങ്ങിയപ്പോൾ അദ്ധ്യാപകർ നിർബന്ധപൂർവ്വം ഇടംകൈകൊണ്ട് എഴുതിപ്പിക്കാതെ വലംകൈകൊണ്ട് എഴുതിപ്പിച്ച് ശീലിച്ചു. ഭക്ഷണം കഴിക്കുന്നതും വലംകൈകൊണ്ട്. എന്നാൽ ഒരു സ്പൂൺ കിട്ടിയാൽ ചിലപ്പോൾ ഇപ്പോഴും ഇടംകൈ ആവും ആദ്യം ഉപയോഗിക്കുക. ഷട്ടിൽബാറ്റ് ഇടംകൈ ആണ്. എന്തെങ്കിലും എറിയുന്നു എങ്കിൽ ഇടംകൈ.

    ReplyDelete
  2. ഞാനും ഒരു ഇടം കയ്യത്തി. പക്ഷെ എഴുതി തുടങ്ങിയ നാളിൽ നിർബന്ധിച്ചു വലം കൈയാക്കി. പക്ഷെ മറ്റെല്ലാം ഇടം കൈ

    ReplyDelete