ജപ്പാൻജ്വരം/Japanese Encephalitis

വാക്സിപീഡിയ:ചാപ്റ്റർ 18

ജപ്പാൻ, ചൈന, റഷ്യ, തെക്കുകിഴക്കൻ ഏഷ്യാ രാജ്യങ്ങൾ , ഇന്ത്യ, പാകിസ്ഥാൻ ഇവ ഉൾപ്പെടുന്ന തെക്ക് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ് ജപ്പാൻ മസ്തിഷ്കജ്വരം. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരു വർഷം ഏകദേശം പതിനായിരം മുതൽ ഇരുപതിനായിരം ആളുകൾ വരെ ഈ രോഗത്താൽ ബാധിക്കപ്പെടുന്നു. സാധാരണയായി മൺസൂൺ കാലത്തോടനുബന്ധിച്ചാണ് ഈ രോഗം കൂടുതൽ ആളുകളെ ബാധിക്കുന്നത്. സ്വാഭാവികമായും രോഗവാഹകരായ കൊതുകുകളുടെ സാന്ദ്രത ഈ കാലയളവിൽ വർദ്ധിച്ചുകാണപ്പെടുന്നു.


രോഗാണുവും വാഹകരും
                     കൊതുകിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് ജപ്പാൻ മസ്തിഷ്കജ്വരം. ഫ്ലാവി വൈറസ് കുടുംബത്തിലെ ഒരിനമാണ് രോഗഹേതുവായ കീടാണു. ഇത് പന്നികളിലും ജലാശയങ്ങളോടു ചേർന്നു ജീവിക്കുന്ന പക്ഷികളിലും സാധാരണയായി കാണപ്പെടുന്നു. ഈ ജന്തുക്കളിൽ നിന്നും ക്യൂലക്സ് വർഗ്ഗത്തിൽപ്പെട്ട കൊതുകുകൾ വഴിയാണ് മനുഷ്യരിലേക്കെത്തുന്നത്. ഇത്തരം കൊതുകുകൾ മഴക്കാലത്തു പെരുകുന്നത് ഈ കാലയളവിൽ രോഗസാദ്ധ്യത പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു.

രോഗലക്ഷണങ്ങളും സങ്കീർണ്ണതകളും
                   വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നതിനും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനുമിടയിൽ അഞ്ചുദിവസം മുതൽ മൂന്ന് ആഴ്ചകൾ വരെ കടന്നുപോയേക്കാം. കുട്ടികളുടെ ആർജ്ജിത പ്രതിരോധശേഷി പൊതുവിൽ കുറവായതിനാൽ അവരെയാണ് രോഗം പെട്ടെന്നു ബാധിക്കുന്നത്. ഏതൊരു വൈറസ് രോഗത്തെയുംപോലെ കടുത്ത പനിയും പേശീവേദനയും തുടക്കത്തിൽ കണ്ടുവരുന്നു. സാധാരണ വൈറസ് രോഗങ്ങളിൽ കാണുന്ന തൊലിപ്പുറമേയുള്ള പാടുകൾ ഈ രോഗത്തിൽ കാണാറില്ല. തുടർന്ന് ശക്തിയായ തലവേദനയും പ്രകാശത്തിലേക്കു നോക്കുവാൻ ബുദ്ധിമുട്ട്, ഓക്കാനം, ഛർദ്ദി എന്നീ ലക്ഷണങ്ങൾ കണ്ടേക്കാം. എന്നാൽ തുടർന്ന് മസ്തിഷ്ക സംബന്ധമായ ലക്ഷണങ്ങളോ (സ്വഭാവത്തിലെ മാറ്റങ്ങൾ, ചുഴലി, ബോധക്ഷയം) നാഡീസംബന്ധ ലക്ഷണങ്ങളോ (കണ്ണുകളെയോ നാക്കിനെയോ ബാധിക്കുന്ന തളർച്ച, കൈകാലുകളിലെ തളർച്ച, പക്ഷാഘാതം) കണ്ടുതുടങ്ങിയാൽ രോഗം അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നതായി നാം മനസ്സിലാക്കണം. ഈ അവസ്ഥ തുടർന്നാൽ രോഗിക്കു മരണം പോലും സംഭവിക്കാവുന്നതാണ്.

മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയ രോഗികളിൽ 25% പേരും മരണത്തിനു കീഴ്പ്പെടുന്നതായി കണക്കുകൾ കാണിക്കുന്നു. രോഗത്തെ അതിജീവിക്കുന്നവരിൽ പകുതി ആളുകളിലും ഏതെങ്കിലും തരത്തിലുള്ള അവശിഷ്ടവൈകല്യങ്ങൾ കണ്ടേക്കാം.



രോഗനിർണ്ണയം
             രോഗനിർണ്ണയത്തിനുപയോഗിക്കുന്ന മാർഗ്ഗങ്ങൾ ഇവയാണ്.
             1.ജപ്പാൻ ജ്വര വൈറസിനെയുള്ള IgM ആന്‍റിബോഡി രക്തത്തിലോ തലച്ചോര്‍-സുഷുമ്ന ദ്രവത്തിലോ കണ്ടെത്തൽ

             2. അനുക്രമമായ രക്തസാമ്പിളുകളിൽ വൈറസിനെതിരെയുള്ള IgG ആന്‍റിബോഡി നാലു മടങ്ങിലേറെ വർദ്ധിക്കൽ

             3.രോഗം ബാധിച്ച തലച്ചോറിൽ നിന്നും വൈറസിനെ വേർതിരിച്ചെടുക്കൽ

             4.ഇമ്മ്യൂണോഫ്ളൂറസെൻസ് വഴി രക്തത്തിൽ വൈറസ് ആന്‍റിജനെ കണ്ടെത്തൽ

              5.പോളിമറേസ് ചെയിൻ റിയാക്ഷൻ (പി.സി.ആർ.) വഴി

 ചികിത്സ
            ഭൂരിഭാഗം വൈറസ് രോഗങ്ങൾക്കും കൃത്യമായ മരുന്നുകൾ കണ്ടെത്താൻ ശാസ്ത്രത്തിന് ഇന്നും സാധിച്ചിട്ടില്ല. ഈ വിഭാഗത്തിലാണ് ജപ്പാൻ ജ്വരവും. ഈ വൈറസിനെതിരെ കൃത്യമായ ആന്‍റിവൈറൽ മരുന്നുകൾ ലഭ്യമല്ല. എന്നിരുന്നാലും രോഗലക്ഷണ ചികിത്സയും (SYMPTOMATIC TREATMENT) കൃത്യമായ സഹായചികിത്സയും (SUPPORTIVE TREATMENT) മുഖേന നമുക്ക് രോഗം കൂടുതൽ സങ്കീർണ്ണാവസ്ഥയിലേക്ക് പോകുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കും.

രോഗവ്യാപനം തടയലും രോഗപ്രതിരോധവും
                  മാരകമായ ഈ രോഗത്തിൽ നിന്നു രക്ഷപെടുവാനുള്ള മാർഗ്ഗങ്ങൾ താരതമ്യേന ലളിതമാണ്. രോഗാണുവാഹകരായ കൊതുകുകളുടെ പ്രജനന താവളങ്ങൾ നശിപ്പിക്കലാണ് ഒന്നാം ചുവട്.

കൊതുകുകളുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുന്നതിനുള്ള മാർഗ്ഗങ്ങൾ (ക്രീമുകൾ, കൊതുകിനെ തുരത്തുന്ന മരുന്നുകൾ, കൊതുകുവലകൾ) കുറഞ്ഞപക്ഷം മഴക്കാലത്തെങ്കിലും ഉപയോഗിക്കുന്നത് രോഗവ്യാപനം തടയും.

എന്നാൽ ഏറ്റവും നല്ല മാർഗ്ഗം ഫലപ്രദമായ ഒരു പ്രതിരോധ കുത്തിവയ്പ് ആണ്. വിദേശങ്ങളിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിലേക്ക് മണ്സൂൺ കാലത്ത് യാത്രചെയ്യുന്നവർക്ക് ജപ്പാൻ ജ്വര വാക്സിൻ നൽകിവരുന്നുണ്ട്.

ഇന്ത്യയിൽ ശിശുരോഗ വിദഗ്ധരുടെ സംഘടനയായ IAP നമ്മുടെ കുട്ടികൾക്ക് രണ്ടുഡോസുള്ള വാക്സിൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യ ജപ്പാൻ ജ്വര മേഖലയിലുള്ള രാജ്യമായതിനാൽ ഒൻപതാം മാസത്തിൽ ആദ്യഡോസും പിന്നീട് ഒന്നര വയസ്സിനു മുമ്പ് രണ്ടാമത്തെ ഡോസും IAP നിർദ്ദേശിക്കുന്നു.

സംഗ്രഹം
            രോഗാണുവിന്റെ സാന്നിദ്ധ്യം മൂലവും രോഗവാഹകരായ ക്യൂലക്സ് കൊതുകുകളുടെ ധാരാളിത്തം മൂലവും ജപ്പാൻ മസ്തിഷ്കജ്വരമെന്ന മാരകരോഗം നമ്മുടെ കുഞ്ഞുങ്ങളെ ബാധിച്ചേക്കാം. ഇതുമൂലമുള്ള  മരണത്തിൽ നിന്നും ജീവിതകാലം മുഴുവൻ നിലനിൽക്കാവുന്ന കഷ്ടതകളിൽ നിന്നും അടുത്ത തലമുറയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

കൃത്യമായ പ്രതിരോധ കുത്തിവയ്പുകളിലൂടെയും പാരിസ്ഥിതിക ദൂഷ്യങ്ങളെപ്പറ്റിയുള്ള അവബോധം പ്രചരിപ്പിക്കുന്നതിലൂടെയും നമ്മുടെ കടമ ഉത്തമമായി നമുക്കു നിർവ്വഹിക്കാനാകും.

DOWNLOAD PDF

<<<< ചാപ്റ്റർ 17: ഹീമോഫിലസ് ഇൻഫ്ലുവൻസ /HiB

         ചാപ്റ്റർ 19: ശാസ്ത്രത്തിന്റെ അമൂല്യ സംഭാവന >>>>

(കടപ്പാട്- അമൃതകിരണം)

മനോജ്‌ വെള്ളനാട്

No comments:

Post a Comment