ഹെപ്പറ്റൈറ്റിസ് ബി/Hepatitis B

വാക്സിപീഡിയ:ചാപ്റ്റർ 15

ഹെപ്പറ്റൈറ്റിസ് ബി എന്ന അസുഖം അതെ പേരിലുള്ള ഒരു വൈറസ് മൂലം ആണ് ഉണ്ടാകുന്നത്. 1963ൽ ആണ് ഈ രോഗാണുവിനെ കണ്ടെത്തിയത്. രക്തത്തിലൂടെ പകരുന്നതായി കണ്ടെത്തിയതിനാൽ ഇതു മുൻകാലങ്ങളിൽ  “സിറം ഹെപ്പറ്റൈറ്റിസ് ” എന്നാണ് അറിയപ്പെട്ടിരുന്നത്. രോഗ ബാധിതരിൽ ഒരു വലിയ വിഭാഗം ആളുകൾ, അവർ രോഗവിമുക്തരായാലും, രക്തത്തിലൂടെ രോഗം പരത്തുന്നു. ഇവർക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ കാണത്തിനാൽ ഇത് വളരെ വലിയ ഒരു ആരോഗ്യപ്രശ്നം ആയി കണക്കാക്കപ്പെടുന്നു.ചരിത്രം
          1950കളിൽ ഡോ. ബാരി ബ്ലംബർഗ് എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ, തന്റെ ജനിതകശാസ്ത്ര പഠനത്തിന്‍റെ ഭാഗമായി, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രക്തസാമ്പിളുകൾ പരിശോധിച്ചിരുന്നു. അതിനിടെ, തുടർച്ചയായി രക്തം സ്വീകരിക്കേണ്ടിവരുന്ന ‘ഹീമോഫീലിയ’ രോഗികളിൽ ഒരുതരം ഹെപ്പറ്റിറ്റിസ് കാണപ്പെടുന്നതായി അദ്ദേഹം ശ്രദ്ധിച്ചു. ഇതിനു കാരണം ആയ ഒരു വസ്തുവിനെ അദ്ദേഹം ഒരു ആസ്ട്രെലിയക്കാരന്റെ രക്തത്തിൽ നിന്നും വേർതിരിച്ചു. ‘ആസ്ട്രേലിയൻ ആന്റിജൻ’ എന്ന് പേരിട്ട ആ വസ്തു, ഹെപ്പറ്റൈറ്റിസ് ബി വൈറസിന്റെ പുറംചട്ടയിലെ ഒരു പദാർത്ഥം ആണെന്ന് പിൽക്കാലത്ത്‌ കണ്ടെത്തി. 1967ൽ ആണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. പ്രസ്തുത രോഗാണു കരളിലെ അർബുദത്തിനു കാരണമാകുന്നു എന്നും ഡോ. ബ്ലംബർഗ് കണ്ടെത്തി. രണ്ടു വർഷത്തിനു ശേഷം 1969ൽ, അദ്ദേഹത്തിന്‍റെ കീഴിൽ തന്നെ, ഇതിനെതിരെ ഉള്ള ഒരു വാക്സിനും വികസിപ്പിച്ചു: ക്യാൻസറിനെ പ്രതിരോധിക്കുന്ന ആദ്യത്തെ വാക്സിൻ. തന്റെ കണ്ടെത്തലുകൾക്ക് 1976 ൽ അദ്ദേഹത്തിന് വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു.

രോഗവ്യാപ്തി
               ലോകത്തിൽ ഏകദേശം 35-40 കോടി ആളുകൾ ഈ രോഗാണു വാഹകരാനെന്നാണ് കണക്കാക്കപെട്ടിട്ടുള്ളത്. ഓരോ വർഷവും 7,80,000 പേർ ഈ അസുഖം മൂലം മരണപ്പെടുന്നു.

ഇന്ത്യയിലെ കണക്കെടുത്താൽ, ജനസംഖ്യയുടെ ഏതാണ്ട് 3.5%, (4 കോടി ആളുകൾ) ഈ രോഗാണു രക്തത്തിൽ ഉള്ളവരാണ്. ഓരോ വർഷവും 10ലക്ഷം പേർക്ക് പുതിയതായി ഈ അസുഖം വരുന്നു. ഹെപ്പറ്റൈറ്റിസ് ബി മൂലം ഭാരതത്തിൽ പ്രതിവർഷം ഒരു ലക്ഷം മരണം സംഭവിക്കുന്നു.

കരളിലെ അർബുദം മൂലം ഉള്ള മരണങ്ങളിൽ 60-80% സംഭവിക്കുന്നത് ഹെപ്പറ്റൈറ്റിസ് ബി മൂലമാണ്.

രോഗകാരണം
              ഹെപ്പറ്റൈറ്റിസ് ബി ഒരു DNA വൈറസ് ആണ്. അത് രക്തതിലൂടെയും മറ്റു ശരീര സ്രവങ്ങളിലൂടെയും പകരുന്നു.

രോഗബാധ ഉണ്ടാവുന്ന സാഹചര്യങ്ങൾ:

              1.ആരോഗ്യകേന്ദ്രങ്ങളിൽ രക്തവുമായി അടുത്ത പ്രവർത്തിക്കുന്നവർ; ഡോക്ടർ, നേഴ്സ്, ലാബ് പ്രവർത്തകർ, മുറിവ് വച്ച് കെട്ടുന്നവർ, മുതലായവർ.

              2.സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം

              3.അണുവിമുക്തമാക്കാതെയുള്ള സൂചി, സിറിഞ്ച് എന്നിവയുടെ ഉപയോഗം.

              4.മയക്കുമരുന്ന്‍ ഉപയോഗിക്കുമ്പോൾ ഒരേ സൂചി പങ്കുവയ്ക്കുമ്പോൾ

              5.അണുവിമുക്തമാക്കാതെയുള്ള പച്ചകുത്തൽ.

               6.രോഗബാധിതയായ മാതാവിൽ നിന്നും കുഞ്ഞിലേക്ക്.

 രക്തം പറ്റിയ സൂചിയിൽ നിന്നും പകരാനുള്ള സാധ്യത, HIV യുമായി താരതമ്യം ചെയ്യുമ്പോൾ ഹെപ്പറ്റൈറ്റിസ് ബിക്ക് വളരെ അധികം ആണ്. സൂചി കൊണ്ടുള്ള ഒറ്റ മുറിവിൽ നിന്നും HIV പകരാനുള്ള സാധ്യത 0.3% ആണെന്നിരിക്കെ,  ഹെപ്പറ്റൈറ്റിസ് ബിയ്ക്ക് അത് 6-30% ആണ്.

വായു, ജലം, ഭക്ഷണം, സാധാരണ ഇടപഴകൽ, കീടങ്ങൾ, എന്നിവയിലൂടെ ഈ അസുഖം പകരില്ല.രോഗലക്ഷണങ്ങൾ
               അണുബാധ ഉണ്ടായ ശേഷം 1-6 മാസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. വിശപ്പില്ലായ്മ, ഛർദ്ദി, ശരീരവേദന, പനി, എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ക്രമേണ മഞ്ഞപ്പിത്തം കണ്ടുതുടങ്ങുന്നു: മൂത്രത്തിന്, കണ്ണുകൾക്ക്, മറ്റു ശരീരഭാഗങ്ങൾക്ക് ഒക്കെ മഞ്ഞ നിറം ആകുന്നു. രോഗത്തിന്റെ ഒരു അവസ്ഥയിൽ അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെടാം.

6 മുതൽ 8 ആഴ്ച കൊണ്ട് 95-99% പേരിൽ അസുഖം പൂർണമായി മാറുന്നു. എന്നാൽ 1% രോഗികളിൽ അസുഖം വളരെ അധികം മൂർച്ഛിച്ചു, മരണം വരെ സംഭവിക്കാവുന്ന, acute liver failure എന്ന സ്ഥിതി ഉണ്ടാവുന്നു. അവരിൽ, കരളിന്റെ പ്രവർത്തനം പൂർണമായി നിലയ്ക്കുകയും, തന്മൂലം രക്തം കട്ടപിടിക്കാതിരിക്കൽ, രക്തത്തിൽ ബിലിറൂബിന്‍റെ അളവ് ക്രമാതീതമായി വർദ്ധിച്ച് അത് തലച്ചോറിനെ ബാധിക്കുക, എന്നിവ ഉണ്ടാവുന്നു. ഈ സ്ഥിതിയിൽ മരണ സാധ്യത 30% ആണ്.

ചുരുക്കം ചില രോഗികളിൽ, അസുഖം പൂർണമായി മാറാതെ, വളരെ നാൾ നീണ്ടുനിൽക്കുന്ന ഒരു സ്ഥിതി ഉണ്ടാകുന്നു (chronic hepatitis).  ഒരു വയസ്സിനു താഴെയുള്ള രോഗികളിൽ 90%, ഒന്ന് മുതൽ അഞ്ചു വയസ്സ് വരെ 50%, മുതിർന്നവരിൽ 5% ൽ താഴെ, എന്നിങ്ങനെയാണ് ഇതിനുള്ള സാധ്യത. ഈ സ്ഥിതി കുറെ നാൾ കഴിയുമ്പോൾ സിറോസിസ് എന്ന അവസ്ഥയിലേക്ക് എത്തുന്നു. കരൾ മാറ്റിവയ്ക്കൽ അല്ലാതെ മറ്റൊരു ചികിത്സയും ഫലപ്രദമല്ല, ഈ ഘട്ടത്തിൽ. സിറോസിസ് വരുന്ന രോഗികളിൽ ചിലർക്കാണ് കരളിലെ അർബുദം ഉണ്ടാകുന്നത്.

രോഗനിർണ്ണയം
              രക്തത്തിലെ ബിലിറൂബിൻ എന്ന പദാർഥത്തിന്റെ അളവ് ഏതൊരു ഹെപ്പറ്റൈറ്റിസിലും കൂടുതൽ ആയിരിക്കും. കരളിനു ബിലിരൂബിനെ പുറന്തള്ളാനുള്ള കഴിവ് നശിക്കുന്നതാണ് ഇതിനു കാരണം. രോഗബാധ കരൾ കോശങ്ങളെ നശിപ്പിക്കുന്നതിനാൽ, കോശങ്ങളിലെ ട്രാൻസ് അമിനേസ് എന്ന എൻസൈമുകൾ അധികമായി രക്തത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ഇവയുടെ (SGOT, SGPT) അളവ് രോഗത്തിന്റെ ആദ്യകാലങ്ങളിൽ ഉയർന്നിരിക്കും.

ഇതുകൂടാതെ, ബി ടൈപ്പ് ഹെപ്പറ്റൈറ്റിസ് ആണെന്ന് തീർച്ചപ്പെടുത്താൻ ചില രക്തപരോശോധനകളുണ്ട്.

           HBsAg: ഹെപ്പറ്റൈറ്റിസ് ബി സർഫസ് ആന്റിജൻ; വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന്റെ ആദ്യ അടയാളം; 1-2 മാസത്തിനുള്ളിൽ കാണപ്പെടുന്നു.

           Anti HBc ആൻഡിബോഡി: ഹെപ്പറ്റൈറ്റിസ് ബി കോർ ആൻഡിബോഡി നിർണ്ണയം; HBsAg പ്രത്യക്ഷപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ കണ്ടെത്താൻ കഴിയുന്നു.

            Anti HBs ആൻഡിബോഡി: വാക്സിനിലൂടെയോ, രോഗമുക്തിയിലൂടെയോ പ്രതിരോധശേഷി കൈവരിച്ചവരിൽ കാണപ്പെടുന്നു.

            HBeAg: HBsAg പ്രത്യക്ഷപ്പെട്ടതിനു ശേഷം ചില രോഗികളിൽ മാത്രം കണ്ടുവരുന്ന ഈ പദാർത്ഥം, രക്തത്തിൽ വൈറസിന്റെ ആധിക്യം ചൂണ്ടിക്കാണിക്കുന്നു. തന്മൂലം, HBeAg ഉള്ള രോഗികളിൽ നിന്ന് രോഗം പകരാനുള്ള സാധ്യത ഏറെയാണ്‌.

 Carrier stage എന്ന അവസ്ഥയിലുള്ള ചില രോഗികളുണ്ട്. അവരുടെ ശരീരത്തിൽ അസുഖലക്ഷണങ്ങൾ എല്ലാം മാറിയാലും HBsAg രക്തത്തിൽ നിലനിൽക്കുന്നു (ആറുമാസത്തിൽ കൂടുതൽ). യാതൊരു രോഗലക്ഷണവും കാണിക്കാത്ത ഇവർ പക്ഷെ, രോഗം പരത്താൻ കഴിയുന്നവരാണ്.ചികിത്സ:
              പൊതുവായി ഹെപ്പറ്റൈറ്റിസ് ബിയുടെ ചികിത്സ ഇതൊരു മഞ്ഞപ്പിത്തത്തെയും പോലെ ആണ്. രോഗത്തിന്റെ അവസ്ഥ അനുസരിച്ച് ചികിത്സ മാറുന്നു. കരളിന്റെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്ന സ്ഥിതി (fulminant hepatic failure) ആയാൽ കരൾ മാറ്റിവയ്ക്കൽ കൊണ്ട് മാത്രമേ രോഗിയെ രക്ഷിക്കാൻ സാധ്യതയുള്ളൂ.

എന്നാൽ ഹെപ്പറ്റൈറ്റിസ് ബി വൈറസിനെതിരെ പ്രവർത്തിക്കുന്ന ലാമിവുഡിൻ, അഡിഫോവിർ, റെനോഫോവിർ, എന്നീ മരുന്നുകളും, ചില ഇന്റെ ർഫെരോണുകളും  ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

ഹെപ്പറ്റൈറ്റിസ് ആണെന്ന് തീർച്ചയായാൽ സാധാരണ കാണുന്ന ഒരു പ്രവണതയാണ് ഉടനെ പച്ചമരുന്നോ, അതുപോലുള്ള ഇതര ചികിത്സാ സമ്പ്രദായങ്ങളെ ആശ്രയിക്കുക എന്നത്. മേൽ സൂചിപ്പിച്ചപോലെ, ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന രോഗികളിൽ ഒരു വലിയ ശതമാനം തനിയെ രോഗമുക്തി നേടുന്നു. ഇത്തരക്കാരിൽ രോഗം ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ  (ക്ഷീണം, ഛർദ്ദി മലബന്ധം, ചൊറിച്ചിൽ മുതലായവ ) കുറയ്ക്കാനുള്ള ചികിത്സാ മാർഗങ്ങൾ മാത്രം മതിയാവും. അതാണ്‌ ആധുനിക ചികിത്സാ ശാസ്ത്രം പറയുന്നതും. ഇവരുടെ ചികിത്സയിൽ പച്ചമരുന്ന് ഉപയോഗം പ്രത്യേകിച്ച് ഗുണം ചെയ്യുന്നതായി തെളിവില്ല. സ്റ്റിറോയിഡ് പോലുള്ള പദാർത്ഥങ്ങൾ അടങ്ങിയ മരുന്നുകൾ ഉപയോഗിച്ചാൽ താൽക്കാലിക രോഗശാന്തി ലഭിച്ചേക്കാമെങ്കിലും , അവ അധികകാലത്തേക്കും അധികമാത്രയിലും ഉപയോഗിക്കുന്നതിന്റെ ഫലങ്ങൾ ഭീകരവും മാരകവും ആണ് . ഇതൊരു രോഗിക്കും, ഹെപ്പറ്റൈറ്റിസ് ചികിത്സയുടെ ഒപ്പം ആവശ്യം ചെയ്യേണ്ട  ഒരു കാര്യം, രോഗം മൂർച്ചിക്കുന്നുണ്ടോ എന്നറിയാനുള്ള പരിശോധനകളാണ്. ചുരുക്കം ചിലരിൽ മാത്രമേ ഈ സ്ഥിതി വരികയുള്ളു എങ്കിലും, നേരത്തെ കണ്ടുപിടിച്ചു ചികിത്സിച്ചില്ലെങ്കിൽ ഫലം മോശമാകാനിടയുണ്ട്. ഇതര ചികിത്സാമാർഗങ്ങൾ തേടുന്നവർ പലപ്പോഴും അവ 100% സുരക്ഷിതവും ഫലപ്രദവും ആണെന്ന ഉറച്ച വിശ്വാസത്തിൽ, ഇത്തരം പരിശോധനകളെ അവഗണിക്കുകയും, തൽഫലമായി രോഗസ്ഥിതി മൂർച്ഛിക്കുന്നത് അറിയാൻ വൈകുകയും ചെയ്യുന്നു. ഇതിനാൽ, ഹെപ്പറ്റൈറ്റിസ് ചികിത്സയിൽ മറ്റു സമ്പ്രദായങ്ങളെ ആശ്രയിക്കുന്നത് കഴിവതും ഉപേക്ഷിക്കുക. അങ്ങനെ ചെയ്യുകയാണെങ്കിൽ തന്നെ, അത് ചികിത്സിക്കുന്ന ഡോക്ടറുടെ അറിവോടുകൂടെ മാത്രം.

പ്രതിരോധമാർഗം:
             ചികിത്സ ബുദ്ധിമുട്ടാണെങ്കിലും, ഈ അസുഖത്തെ പ്രതിരോധിക്കാൻ വളരെ ഫലപ്രദമായ വാക്സിൻ നിലവിലുണ്ട്. 1981ൽ വികസിപ്പിച്ച ഈ വാക്സിൻ, 1991 മുതൽ പൊതുജനങ്ങളിൽ ഉപയോഗിച്ച് തുടങ്ങി. എന്നാൽ ഭാരതത്തിലെ പ്രതിരോധകുത്തിവയ്പ് പരിപാടിയിൽ 2002 മുതൽ ആണ് ഇത് ഉപയോഗിക്കാൻ തുടങ്ങിയത്. 2011 മുതൽ ഇത് രാജ്യവ്യാപകമായി കൊടുത്തു വരുന്നു.
             ‎
കേരളത്തിൽ, 2011 മുതൽ ഹെപ്പറ്റൈറ്റിസ്  ബിയോടൊപ്പം, ഹീമോഫിലസ് ഇൻഫ്ലുവൻസ, ഡിഫ്തീരിയ, ടെറ്റനസ്, വില്ലൻചുമ, എന്നിവയുടെ ഒരൊറ്റ സംയോജിത വാക്സിനാണ് (Pentavalent vaccine) ഉപയോഗിക്കുന്നത്.

ഹെപ്പറ്റൈറ്റിസ് ബി വക്സിന്റെ സാധാരണയായി നൽകുന്നത് ഈ മുറയ്ക്കാണ്:

        ജനിച്ചയുടൻ (24 മണിക്കൂറിനുള്ളിൽ):  ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ.
        6 ആഴ്ച: പെന്‍റാവാലന്‍റ്  വാക്സിൻ- 1
        10 ആഴ്ച: പെന്‍റാവാലന്‍റ്  വാക്സിൻ- 2
        14 ആഴ്ച: പെന്‍റാവാലന്‍റ്  വാക്സിൻ- 3

കുത്തിവയ്പ്പ് എടുക്കാത്ത മുതിർന്നവർക്ക്, “0 മാസം-1 മാസം-6 മാസം” എന്ന കാലയളവിൽ ഇതേ വാക്സിൻ ഇരട്ടി ഡോസിൽ കൊടുക്കാവുന്നതാണ്. ജോലിസംബന്ധമായി രകതവുമായി കൂടുതൽ ഇടപെടേണ്ട ഡോക്ടർ, നേഴ്സ്, ലാബ്‌ ജോലിക്കാർ, എന്നിവർ ഇത് എടുക്കുന്നു.

രോഗമുള്ള മാതാവിന് പിറക്കുന്ന കുഞ്ഞിന്, ജനനത്തിന് 24 മണിക്കൂറിനുള്ളിൽ, വാക്സിനു പുറമേ, ഈ രോഗത്തെ ചെറുക്കാനുള്ള ‘ഇമ്മ്യുണോഗ്ലോബുലിൻ’ കൂടെ നൽകണം. അതുപോലെ തന്നെ, ഏതെങ്കിലും കാരണത്താൽ രോഗബാധയ്ക്ക് സാധ്യത ഉണ്ടായാലും (രോഗിയുടെ രക്തവുമായി സമ്പർക്കം, രോഗിയുമായി ലൈംഗികബന്ധം, മുതലായവ) ഈ  ‘ഇമ്മ്യുണോഗ്ലോബുലിൻ’ നൽകേണ്ടി വരും. 3 മുതൽ 6 മാസം വരെ രോഗത്തെ ചെറുക്കാൻ ഇതിനു സാധിക്കും. ഈ സമയത്തിനുള്ളിൽ ശരീരം വക്സിനുമായി  പ്രവർത്തിച്ച്‌ അതിന്റെ സ്വന്തം പ്രതിരോധശേഷി നേടുന്നു.

DOWNLOAD PDF

<<<< ചാപ്റ്റർ 14:വില്ലൻചുമ / PERTUSSIS

         ചാപ്റ്റർ 16:ക്ഷയരോഗം /Tuberculosis >>>>

(കടപ്പാട് - അമൃതകിരണം)
മനോജ്‌ വെള്ളനാട്


No comments:

Post a Comment