ഹീമോഫിലസ് ഇൻഫ്ലുവൻസ/Haemophilus Influensa B

വാക്സിപീഡിയ:ചാപ്റ്റർ 17

ഹിബ് (HiB) ബാക്ടീരിയ മൂലം ഉണ്ടാകുന്ന രോഗങ്ങൾ, പ്രത്യേകിച്ച് കുട്ടികളെ ഗുരുതരമായി ബാധിക്കും. ഇത്തരം രോഗബാധിതരുടെ എണ്ണം വളരെ ഫലപ്രദമായ ഹിബ് വാക്സിന്റെ കണ്ടുപിടുത്തത്തോടെ ലോകവ്യാപകമായി ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും, ഇതു മൂലമുള്ള രോഗബാധയും, മരണനിരക്കുകളും ഇന്നും ഒരു പ്രധാന ആരോഗ്യപ്രശ്നമായി നിലനിൽക്കുന്നു.

ചരിത്രം
          ഇപ്പോൾ ഹീമോഫിലസ് ഇൻഫ്ലുവെൻസാ എന്നറിയപ്പെടുന്ന ഈ രോഗാണുവിന്റെ ചരിത്രത്തിൽ നിരവധി ആവേശകരമായ അദ്ധ്യായങ്ങൾ ഉണ്ട്.

1892 ൽ ജർമ്മൻ ശാസ്ത്രജ്ഞനായ Richard Friedrick Johannes Pfeiffer ആണു ഹീമോഫിലസ് ഇൻഫ്ലുവെൻസയെ കണ്ടെത്തിയത്. ഇൻഫ്ലുവെൻസാ വൈറൽ പനിയുടെ കാരണം ഈ ബാക്ടീരിയ ആണ് എന്ന തെറ്റായ നിഗമനത്തിലൂടെയാണ് ഈ രോഗാണുവിന് ഈ പേര് ലഭിച്ചത്. ആദ്യകാലങ്ങളിൽ ഇത്  “Pfeiffer’s Bacillus” അഥവാ  “ബാസില്ലസ് ഇൻഫ്ലുവെൻസെ” എന്നാണു അറിയപ്പെട്ടിരുന്നത്. 1933 വരെ ഈ തെറ്റായ നിഗമനം തുടർന്നു പോന്നു.

1970 കളിൽ തന്നെ  ഹീമോഫിലസ് അണുബാധയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പുകൾക്കുള്ള ഗവേഷണങ്ങൾ തുടങ്ങിയിരുന്നു. ആദ്യത്തെ അംഗീകൃത ഹിബ് വാക്സിൻ (Polysaccharide) 1985 ൽ അമേരിക്കയിൽ ഉപയോഗിച്ചു തുടങ്ങി. എന്നാൽ പതിനെട്ടു മാസത്തിനു താഴെ പ്രായമുള്ള കുട്ടികളിൽ ശക്തമായ രോഗപ്രതിരോധം ഉയർത്താൻ ഇതിനു കഴിഞ്ഞിരുന്നില്ല. അതിനാൽ 1988 ൽ ഇത് വിപണിയിൽ നിന്ന് പിൻവലിച്ചു. ഈ വാക്സിന്റെ പരിമിതികളാണ് പിൽക്കാലത്ത് Conjugate Vaccine ന്റെ പിറവിയിലേയ്ക്കു വഴി തെളിച്ചത്.

2006 ൽ ലോകാരോഗ്യസംഘടന ആഗോളതലത്തിൽ  ഹിബ് വാക്സിൻ ഉപയോഗിക്കുന്നതിനുള്ള നയതീരുമാനം കൈക്കൊണ്ടു. ഇന്ത്യ അടക്കമുള്ള വികസ്വര രാഷ്ട്രങ്ങളിൽ ഹിബ് അടങ്ങിയ സംയോജിത വാക്സിനുകളുടെ ഉപയോഗം ആണു ലോകാരോഗ്യസംഘടന ശുപാർശ ചെയ്യുന്നത്.

രോഗകാരണം:
                 രക്തത്തിലെ  V, X (രക്തം കട്ട പിടിക്കുവാൻ സഹായിക്കുന്ന പദാര്‍ത്ഥങ്ങൾ) എന്നീ ഘടകങ്ങൾ, സ്വന്തം വളർച്ചയ്ക്കായി ഉപയോഗിക്കുന്ന ഒരു തരം ഗ്രാം നെഗറ്റീവ് വിഭാഗത്തിൽപ്പെട്ട ബാക്ടീരിയയാണ് ഹിബ് രോഗബാധയ്ക്ക് കാരണമാകുന്ന രോഗാണുക്കൾ.

ഇപ്പോൾ നിലവിലുള്ള വളരെ ഫലപ്രദമായ ഹിബ് വാക്സിൻ 1988ൽ ആണു കണ്ടുപിടിച്ചത്. അതുവരെ ലോകവ്യപകമായി കുട്ടികളിൽ കണ്ടുവരുന്ന മാരകരോഗങ്ങൾക്ക് പ്രധാനകാരണം ഹിബ് രോഗബാധയായിരുന്നു. ഇതിൽ ഏകദേശം 90% പേരും 5 വയസ്സിനു താഴെയുള്ള കുട്ടികളായിരുന്നു. അതിൽ തന്നെ കൂടുതലും 2 വയസ്സിനു താഴെയുള്ള കുട്ടികളായിരുന്നു എന്ന കണക്കുകൾ രോഗത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.

വീടിനുപുറത്തുള്ള കുട്ടികളുടെ സംരക്ഷണകേന്ദ്രങ്ങൾ, വളരെ കുറഞ്ഞ കാലയളവു മാത്രം മുലപ്പാൽ ലഭിച്ച കുട്ടികൾ, മാതാപിതാക്കളുടെ പുകവലി എന്നിവ ഈ രോഗവ്യാപനത്തെ സ്വാധീനിക്കുന്ന സാമൂഹിക സാമ്പത്തിക ഘടകങ്ങൾ ആണ്.

പകരുന്ന രീതി:
                 രോഗം ബാധിച്ചവരുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗണുക്കൾ അടങ്ങിയ കണികകൾ കൊണ്ട് മലിനമായ വായു ശ്വസിക്കുന്നതു വഴിയും സാധാരണയായി ഈ രോഗം പകരുന്നു. ഇന്ത്യയിൽ 1993-97 കാലയളവിൽ നടത്തിയ പഠനങ്ങൾ അനുസരിച്ച് 97% ഹീമോഫിലസ് ഇൻഫ്ലുവെൻസാ രോഗബാധയും ഹീമോഫിലസ്  ഇൻഫ്ലുവെൻസാ ബി മൂലമായിരുന്നു.

2008 ലെ ലോകാരോഗ്യസംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യയിൽ മാത്രം 5 വയസ്സിനുതാഴെയുള്ള കുട്ടികളിലെ 20.3% പേരുടേയും മരണത്തിന് പ്രധാന കാരണം ഹിബ്  മൂലമുള്ള ന്യൂമോണിയ ആണെന്നാണ്‌.

രോഗനിർണ്ണയം
          *ശാരീരിക പരിശോധന (ലക്ഷണങ്ങൾ അനുസരിച്ച്)
           *ലാബോറട്ടറി മൈക്രോസ്കോപ്പി വഴിയുള്ള സൂക്ഷ്മപരിശോധന, കൾച്ച൪
           *നട്ടെല്ലിലെ ദ്രാവകം (CSF) കുത്തിയെടുത്തുള്ള പരിശോധന

 അണുബാധ ലക്ഷണങ്ങളും ചികിത്സയും
               മെനിഞ്ചൈറ്റിസ് (തലച്ചോറിനെ മൂടിയിരിക്കുന്ന ആവരണത്തിന് അണുബാധ): പനി, കഠിനമായ തലവേദന, ഛർദ്ദി, ജന്നി, കഴുത്ത് വേദന, കഠിനമായ മയക്കം, ബോധം നഷ്ടപ്പെടുക.

സങ്കീർണ്ണതകൾ (Complications):


            *പെരുമാറ്റ–സംസാര വൈകല്യങ്ങൾ, കാഴ്ചയിലുള്ള വ്യത്യാസം, ബുദ്ധിമാന്ദ്യം, ജന്നി, തലച്ചോറിൽ നീർക്കെട്ട്, കേൾവിക്കുറവ്

            *എപ്പിഗ്ലോട്ടൈറ്റിസ് –ശ്വാസനാളിയിലെ വീക്കം മൂലം ശ്വസിക്കാൻ പ്രയാസം ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം.

            *ന്യൂമോണിയ – പനി, ചുമ, ശ്വാസംമുട്ടൽ

            *ഒട്ടൈറ്റിസ്മീഡിയ – (ചെവിപഴുപ്പ്)

            *സെപ്റ്റിസീമിയ

            *സെല്ലുലൈറ്റിസ്

 ചികിത്സ :
         ആമ്പിസിലിൻ, സെഫിക്സിം, അമോക്സിലിൻ-ക്ലാവുലെനേറ്റ്, സെഫ്ട്രിയാക്സോൺ, സെഫോട്ടാക്സിം തുടങ്ങിയ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് രോഗം സുഖപ്പെടുത്താം.

പ്രതിരോധം :
                  ചികിത്സയേക്കാൾ പ്രധാനം പ്രതിരോധം തന്നെയാണ്. രോഗപ്രതിരോധ പട്ടികപ്രകാരം ലോകവ്യാപകമായി നൽകി വരുന്ന ഹിബ് വാക്സിൻ ഈ രോഗബാധക്കെതിരെ സമ്പൂർണ്ണ സംരക്ഷണം നൽകുന്നു.

2011 ൽ ആണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിലും തമിഴ്നാട്ടിലുമായി ഹിബ് അടങ്ങിയ പെന്റാവാലന്റ് വാക്സിനുകൾ ഉൾപ്പെടുത്തിയത്. 2012-13 ആയപ്പോഴേയ്ക്കും ഗോവ, പോണ്ടിച്ചേരി, ഹരിയാന, ജമ്മുകാശ്മീർ, ഗുജറാത്ത്, ഡെല്‍ഹി എന്നിവിടങ്ങളിലും നിലവിൽ വന്നു. പുതുക്കിയ ദേശീയ രോഗപ്രതിരോധ വാക്സിനേഷൻ പട്ടിക പ്രകാരം ഒരു കുഞ്ഞ് ജനിച്ച് 6, 10, 14 എന്നീ ആഴ്ചകളിലായി 0.5 മില്ലി വീതം 3 ഡോസുകൾ ആണ് നല്കി വരുന്നത്. പെന്റാവാലന്റ് വാക്സിനേഷൻ എടുക്കാത്തതോ, ഭാഗികമായി എടുത്തതോ ആയ ഒരു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും ഹിബ് വാക്സിനേഷൻ തുടർന്ന് നൽകാവുന്നതാണ്.

പ്രൊഫൈലാക്സിസ്  (രോഗനിവാരണം)
               പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത 48 മാസത്തിനു താഴെയുള്ള കുട്ടികൾ രോഗബാധിതരുമായി അടുത്തിടപഴകുന്നത് രോഗം വളരെ വേഗം പകരുന്നതിന് ഇടയാകുന്നു. രോഗബാധയുള്ളവരുമായുള്ള സമ്പർക്കം വഴിയുണ്ടാകുന്ന രോഗസംക്രമണം തടയുന്നതിന് കുട്ടികൾക്ക് റിഫാമ്പിസിൻ നൽകുന്നത് രോഗപകർച്ചയും അതുവഴിയുള്ള സങ്കീർണ്ണതകളും ഒഴിവാക്കാ൯ സഹായിക്കും.

DOWNLOAD PDF

<<<< ചാപ്റ്റർ 16:ക്ഷയരോഗം /Tuberculosis

          ചാപ്റ്റർ 18:ജപ്പാൻ ജ്വരം / Japanese Encephalitis >>>>

(കടപ്പാട് - അമൃതകിരണം)
മനോജ്‌ വെള്ളനാട്

No comments:

Post a Comment